എഴുതി ഉണ്ടാക്കിയ കത്തുകൾ വിരളമായിക്കൊണ്ടിരിക്കുന്ന ഈ കാലത്തു ഞങ്ങളുടെ ഗ്രാമത്തിലെ പണ്ടത്തെ പോസ്റ്റൽ സർവീസുകൾ ഓർത്തുപോകുന്നു. ഞാൻ പ്രൈമറി സ്കൂളിൽ പഠിക്കുന്ന കാലം. പല ദിവസങ്ങളിലും വൈകിട്ട് വീട്ടിലേക്കു കൂട്ടുകാരോടൊത്തു തിരിച്ചു പോകുന്ന വഴിയിൽ ഞങ്ങളുടെ പോസ്റ്റ്മാനെ കണ്ടുമുട്ടാറുണ്ടായിരുന്നു.

അദ്ദേഹം പാതയോരത്തു ചിതറിക്കിടക്കുന്ന കത്തുകളുടെ മുകളിൽ 'അനന്ത' ശയനത്തിലായിരിക്കും. ഒരുപക്ഷേ മദ്യപിക്കേണ്ട സമയത്തു ജോലികൂടി ചെയ്യേണ്ടി വരുന്നതുകൊണ്ട് ഇങ്ങനെ ചില നീക്കു പോക്കുകൾ അനിവാര്യമായിരുന്നിരിക്കാം. അച്ഛനുള്ള കത്തുകൾ അവിടെ നിന്നും ഞാൻ പെറുക്കി എടുത്തു വീട്ടിലെത്തിക്കും. മദ്യപിച്ചു വഴിയിൽ കൂടി അസഭ്യം പറഞ്ഞുകൊണ്ടും വഴക്കുണ്ടാക്കിയും പോകുന്നവരിൽ നിന്നും എത്രയോ വ്യത്യസ്തനായിരുന്നു ഞങ്ങളുടെ പ്രിയപ്പെട്ട പോസ്റ്റുമാൻ. മദ്യപിക്കുന്നവരെ പൊതുവെ ഭയമായിരുന്നെകിലും അദ്ദേഹത്തെ എനിക്കു ഒട്ടും പേടിയില്ലായിരുന്നു. നോർമൽ ആയിരിക്കുമ്പോൾ കൊച്ചു കുട്ടിയായ എന്നോടുപോലും അദ്ദേഹം എവിടെ വച്ചു കണ്ടാലും കുശലാന്വേഷണങ്ങൾ നടത്തിയിരുന്നു. വളരെ സൗമ്യമായി പെരുമാറിയിരുന്നു. എല്ലാവരോടും അദ്ദേഹം അങ്ങനെ തന്നെ ആയിരുന്നു.

 

അദ്ദേഹം കിടക്കുന്ന ലൊക്കേഷൻ അനുസരിച്ചു കത്തുകൾക്ക് പലതും സംഭവിക്കാം. അങ്ങിനെ എത്രയോ കത്തുകൾ തോട്ടിൽ കൂടി ഒഴുകി കല്ലടയാറ്റിൽ എത്തിയിരിക്കാം. ചില വില്ലന്മാർ മറ്റുള്ളവർക്കുള്ള കത്തുകൾ അടിച്ചു മാറ്റിയിരിക്കാം. നഷ്ടപ്പെട്ട കത്തുകളെപ്പറ്റി അച്ഛൻ പോസ്റ്റുമാനോട് പരാതി പറയുമ്പോൾ ക്രൂശിത രൂപം പോലെ ലോകത്തിന്റെ എല്ലാ തെറ്റുകൾക്കും ശിക്ഷ ഏറ്റു വാങ്ങിയ മട്ടിൽ ഒരു നിപ്പു നിൽക്കും. ഒന്നും മിണ്ടില്ല. അച്ഛൻ ഒരിക്കൽ പോലും പരാതി മുകളിലേക്ക് വിട്ടിട്ടുമില്ല.

 

കത്തുകൾക്ക് ഇങ്ങിനെ നഷ്ടം സംഭവിക്കുന്നതു കൊണ്ടാവാം അതിനൊരു പരിഹാരം ഒരു നല്ല ശമരിയാക്കാരൻ  സ്ഥിരമായി ചെയ്യുന്നുണ്ടായിരുന്നു. അദ്ദേഹത്തിന്റെ പെട്ടിക്കടയിൽ അടുത്തള്ള വീടുകളിലെ കത്തുകൾ പോസ്റ്റുമാൻ ഏൽപ്പിക്കുമായിരുന്നു. പലപ്പോഴും അവിടെ എത്തുമ്പോളേക്കും മുന്നോട്ടുള്ള പ്രയാണം അസാധ്യമായ നിലയിൽ ആയിരിക്കും പോസ്റ്റുമാൻ. നല്ല ശമരിയാക്കാരൻ സ്വന്തമായി എഴുതി ഉണ്ടാക്കുന്ന കത്തുകൾ മറ്റുള്ളവരുടെ പേരിൽ പലർക്കും അയയ്ക്കുമായിരുന്നു. കൃത്യമായ ടാർഗെറ്റിൽ അതെത്തിയാൽ അവിടെ ചെറിയ ഒരു ഭൂകമ്പം ഉണ്ടാകും എന്നത് ഉറപ്പാണ്. അങ്ങിനെയുള്ള ഡ്രോൺ അറ്റാക്കുകളിൽ  എത്ര വിവാഹാലോചനകൾ ഞങ്ങളുടെ നാട്ടുമ്പുറത്തു മുടങ്ങിയിട്ടുണ്ട്! എത്ര ബന്ധങ്ങൾ മുറിഞ്ഞിട്ടുണ്ട്! നല്ല ശമരിയാക്കാരന്റെ സമാന്തര പോസ്റ്റൽ സർവീസ് ഗ്രാമത്തിലെ പരസ്യമായ രഹസ്യമായിരുന്നു. എന്റെ വിവാഹാലോചന നടക്കുന്ന കാലത്തു, പ്രതിശ്രുത അമ്മാവിയപ്പനും കിട്ടി അദ്ദേഹത്തിൽ നിന്നും ഒരു അനോണിമസ് കത്ത്. അച്ചാച്ചൻ അതു കേടു വരുത്താതെ എന്റെ അച്ഛനെ ഏൽപ്പിച്ചു. ചത്തതു കീചകനെങ്കിൽ കൊന്നത് മറ്റേ പുള്ളി തന്നെ ആയിരിക്കുമല്ലോ? അതും പോരാഞ്ഞു handwriting recognition app അച്ഛന്റെ കയ്യിൽ അന്നേ ഉണ്ടായിരുന്നു.