“സീതെ, ചായ ഇത് വരെ ആയില്ലേ, എത്ര നേരമായി?”

ശിവന്റെ വിളി കേട്ട് ഞെട്ടലോടെ അവൾ സ്റ്റൗവിൽ ഇരുന്ന പാത്രത്തിലേക്ക് നോക്കി. ചായ തിളച്ചിരുന്നു. വേഗം അത് വേറൊരു പാത്രത്തിലേക്ക് അരിച്ചൊഴിച്ച് പഞ്ചസാരയും ചേർത്ത് ചൂടോടെ ഗ്ലാസിലേക്ക് പകർന്നു.

ശിവന്റെ കയ്യിലേക്ക് ചായ എന്ന് പറഞ്ഞു ഗ്ലാസ് നീട്ടിയപ്പോൾ അയാൾ അവളുടെ മുഖത്തേക്ക് പോലും നോക്കാതെ അത് വാങ്ങി. അതിൽ ഒരു പരിഭവവും ഇല്ലാതെ സീത വേഗം അടുക്കളയിലേക്ക് പോയി. ദോശക്കുള്ള മാവിൽ ഉപ്പും ചേർത്ത് അവൾ ദോശക്കല്ല് അടുപ്പിൽ വെച്ചു. പിന്നീട് ഒരു യന്ത്രം പോലെ ബാക്കി കാര്യങ്ങൾ ചെയ്തു തീർത്തു. വർഷങ്ങളായിട്ടുള്ള ശീലമാണല്ലോ. മനസ്സ് മരവിച്ചിട്ടും കൈകൾ യാന്ത്രികമായി പ്രവർത്തിക്കുന്നുണ്ട്. ദോശയും ചട്ണിയും തയ്യാറാക്കി മേശപ്പുറത്ത് വെച്ചിട്ട് സീത മകനെ വിളിക്കാനായി പോയി. അവൾ ചെന്നു കതകിൽ തട്ടിയിട്ടും ആദിത്യൻ അറിഞ്ഞില്ല.

“ആദി, നിനക്ക് ക്ലാസ് ഉള്ളതല്ലേ, എഴുന്നേറ്റ് കുളിച്ചിട്ട് വന്നു കഴിച്ചേ.” അതും പറഞ്ഞ് അവർ വീണ്ടും അടുക്കള ലക്ഷ്യമാക്കി നടന്നു. അവൾക്കുള്ള ചായ തണുത്തു പോയിരുന്നു. ഭക്ഷണം ഉണ്ടാക്കുന്ന തിരക്കിൽ അതും താൻ മറന്നല്ലോ എന്ന് പറഞ്ഞ് അവള് ആ ചായ കുടിച്ചു.
അങ്ങനെ അടുക്കളയിലെ പാചകം കഴിഞ്ഞ് അവൾ ശിവനും ആദിക്കും കഴിക്കാനുള്ളത് പാത്രങ്ങളിൽ ആക്കി മേശപ്പുറത്ത് വെച്ചു. അപ്പോഴേക്കും ശിവൻ കഴിച്ച് കഴിഞ്ഞ് കൈ കഴുകാൻ എണീറ്റിരുന്നു. ആ സമയത്താണ് ആദി കുളിച്ച് റെഡിയായി വന്നത്. സീത അവനുള്ള ചായ ചൂടാക്കി കൊണ്ടു കൊടുത്തു. ശിവൻ കുറച്ച് അകലെയുള്ള ഒരു സ്കൂളിൽ സ്റ്റോർ കീപ്പറാണ്. മകൻ ആദിത്യൻ ബികോം ഫൈനൽ ഇയർ വിദ്യാർത്ഥിയും. എല്ലാ ജോലികളും തീർക്കാനായി സീത അടുക്കളയിലേക്ക് പോയി.

ഭർത്താവും മകനും ഇറങ്ങിയ ശേഷം അവർ കഴിച്ച പാത്രങ്ങൾ എല്ലാം കഴുകിവെച്ച് ബാക്കി അവിടുത്തെ അല്ലറ ചില്ലറ ജോലികളും തീർത്ത് സീത കഴിക്കാനായി ഇരുന്നു. രണ്ടു ദോശയും എടുത്ത് ചട്ണിയും കൂട്ടി എന്തിനോ വേണ്ടി എന്ന പോലെ കഴിച്ചു തീർത്ത് എഴുന്നേറ്റ് പാത്രം കഴുകി വെച്ചു. ആദിയുടെയും ശിവന്റെയും വസ്ത്രങ്ങൾ എടുത്ത് നനച്ചുവെച്ച ശേഷം മുറ്റം അടിച്ചു. അത് കഴിഞ്ഞ് നനച്ചു വെച്ചയൊക്കെ കഴുകി ഉണക്കാനിട്ടു. വീടിനകവും വൃത്തിയാക്കി കുളിച്ച് വന്നപ്പോഴേക്കും ഉച്ച കഴിഞ്ഞു. ചോറ് വിളമ്പി കഴിക്കാൻ ഇരുന്നപ്പോ ആകെ ഒരു ക്ഷീണം അനുഭവപ്പെട്ടു. അത് കാര്യമാക്കാതെ ആഹാരം കഴിച്ചു എന്ന് വരുത്തി എഴുന്നേറ്റപ്പോൾ അതേ തളർച്ച വീണ്ടും തോന്നി. റൂമിലേക്ക് പോയി കിടന്ന അവൾ എപ്പോഴോ മയങ്ങിപ്പോയി.

വൈകുന്നേരം ആയപ്പോഴേക്കും എന്തോ ഓർത്തിട്ടെന്ന പോലെ സീത എഴുന്നേറ്റു. അടുക്കളയിൽ കയറി ചായക്കുള്ള പാൽ അടുപ്പിൽ വെച്ചു. മുഖം കഴുകി വന്ന ശേഷം ചായയും പലഹാരവും തയ്യാറാക്കി മേശമേൽ വെച്ചു. അപ്പോഴേക്കും ആദി വന്നു. കുറച്ച് കഴിഞ്ഞപ്പോൾ ശിവനും എത്തി. എല്ലാവരും ചായ കുടിച്ചു കഴിഞ്ഞ് പാത്രങ്ങൾ കഴുകി വന്ന ശേഷം അവള് തന്റെ ഡയറി എടുത്തു. ഇടയ്ക്ക് എന്തെങ്കിലും ഒക്കെ എഴുതുന്ന ശീലം ഉണ്ടായിരുന്നു. അതിൽ എന്തൊക്കെയോ കുത്തിക്കുറിച്ചിരുന്നപ്പോഴേക്കും സന്ധ്യാസമയം അടുത്തിരുന്നു. ഡയറി മടക്കിവച്ചിട്ട് പൂജാമുറിയിൽ ചെന്ന് വിളക്ക് കത്തിച്ചു വെച്ച് പ്രാർത്ഥിച്ചു.

രാത്രിയിലെ ഭക്ഷണവും കഴിഞ്ഞ് അടുക്കളയിൽ പാത്രങ്ങൾ എല്ലാം കഴുകുമ്പോഴേക്കും അച്ഛനും മകനും കൂടി ടിവി കാണാൻ ഇരുന്നു. പിറ്റേദിവസത്തേക്കുള്ള പച്ചക്കറികൾ അരിഞ്ഞ് ഫ്രിഡ്ജിൽ വെച്ച് അടുക്കള വൃത്തിയാക്കി വരുമ്പോഴേക്കും രണ്ടുപേരും ഉറങ്ങിയിരുന്നു. ശബ്ദമുണ്ടാക്കാതെ സീത ഡയറി എടുത്ത് അലമാരയിൽ വെച്ചിട്ട് കിടന്നു.

രാവിലെ എഴുന്നേറ്റ് വീണ്ടും ജോലിത്തിരക്കുകളിൽ മുഴുകുമ്പോൾ തലേദിവസം അനുഭവപ്പെട്ട ക്ഷീണവും തളർച്ചയും തോന്നി. പതിവുപോലെ ജോലിയൊക്കെ തീർത്ത് ഡയറി എടുക്കാനായി അലമാര തുറക്കാൻ നേരമാണ് സീത കണ്ണാടിയിൽ അവളുടെ മുഖം ശ്രദ്ധിക്കുന്നത്, അതും ഏറെ നാളിനു ശേഷം. പിന്നെ അവൾ ഡയറി എടുത്തു. ഇരുപതാമത്തെ വയസ്സിൽ കല്യാണം കഴിഞ്ഞ് ആ വീട്ടിൽ വന്നത് അവളോർത്തു. ഒരുപാട് കുഞ്ഞ് സ്വപ്നങ്ങളും നല്ലൊരു കുടുംബജീവിതവും ആഗ്രഹിച്ച് ഇവിടേക്ക് വലതുകാൽ വെച്ച് കയറിവന്ന താൻ ഇന്ന് ഒരുപാട് മാറിപ്പോയിരിക്കുന്നു, നര വീണു തുടങ്ങിയ മുടിയിഴകൾ ഇന്നാണല്ലോ ശ്രദ്ധിക്കുന്നത് എന്നവൾ ഓർത്തു.

ദിവസങ്ങൾ ശരവേഗത്തിൽ കടന്നുപോയി. ഒപ്പം അവളുടെ ക്ഷീണവും അസ്വസ്ഥതകളും കൂടിവന്നു. ഒട്ടും വയ്യ എന്ന അവസ്ഥയിൽ ഒരു ദിവസം ഹോസ്പിറ്റലിൽ പോയെങ്കിലും ചെയ്ത് കൂട്ടിയ ടെസ്റ്റുകളുടെ റിസൽട്ട് വാങ്ങാനായി സീത പിന്നീട് അങ്ങോട്ട് പോയില്ല. ദിവസങ്ങൾ വീണ്ടും കടന്നുപോയിക്കൊണ്ടിരുന്നു.


ദിവസങ്ങൾക്ക് ശേഷം,
അലമാരയിൽ സൂക്ഷിച്ചിരുന്ന അവളുടെ ഡയറി കണ്ട് ശിവൻ അതെടുത്തു. പല തവണ മേശമേൽ ഇരുന്നിട്ടും നോക്കാതെ പോയ ആ ഡയറിയുടെ താളുകൾ ഓരോന്നായി വായിച്ചു. അത് മുഴുവൻ അവളുടെ ജീവിതം ആയിരുന്നു, സ്വപ്നങ്ങളും ചെറിയ ചെറിയ ചെറിയ ആഗ്രഹങ്ങളുമായിരുന്നു. വായിച്ചുതീർന്ന ഡയറി നിറകണ്ണുകളോടെ അയാൾ നെഞ്ചോട് ചേർത്ത് പിടിക്കുമ്പോഴേക്കും സീതയുടെ ചിത എരിഞ്ഞ് തീർന്നിരുന്നു.