ഇനി മുതൽ
ഒരു കുലസ്ത്രീ ആയി
തുടരേണ്ടതില്ലെന്ന്
ഒരു നാൾ ഭൂമിയൊരു
തീരുമാനത്തിലെത്തി.
അതിന്റെ ആദ്യപടി
എന്ന നിലയ്ക്ക്
അവൾ ഗുരുത്വാകർഷണത്തിന്റെ
ഭാരം
വേണ്ടെന്ന് വച്ചു.

അത് കൊണ്ട് മാത്രം
ശരീരത്തോട് ഒട്ടി നിന്നിരുന്ന
വായുമണ്ഡലത്തിന്റെ ഉടുപുടവ ഊർന്നഴിഞ്ഞ് പോയി, അപ്പോൾ

അനന്തരം
ഒരേ ഭ്രമണപഥത്തിന്റെ
ചെടിപ്പിക്കുന്ന ഏകതാളം വിട്ട്
അവൾ ആകാശഗംഗയിലൂടെ
ക്രമമേതുമില്ലാതെ
നീന്തിത്തുടിയ്ക്കാൻ തുടങ്ങി.

മണ്ണും മരങ്ങളും മനുഷ്യരും
പ്രകൃതിയപ്പാടെയും
ആ ഭാരമില്ലായ്മയുടെ
ഞെട്ടലിൽ
ശൂന്യതയിലേക്ക് ചിതറിയകന്നു പോയി

ഇത്രനാൾ
അവളവളിലേയ്ക്ക്
അടക്കിപ്പിടിച്ച
അവളുടെ ആകർഷണം
കരുതലോ
തടവറയോ
എന്തായിരുന്നു
തങ്ങൾക്ക്?
എന്തായിരുന്നു അവൾക്ക്?

ഗുരുത്വമില്ലാത്ത
ഫെമിനിച്ചി

അതുകേട്ട്
ഭൂമിക്ക് ചിരി പൊട്ടി.

പ്രപഞ്ച നിയമങ്ങളെ ധിക്കരിക്കുക വഴി
എന്തെന്ത് സാധ്യതകളാണ്
പെണ്ണുങ്ങളേ നിങ്ങളെക്കാത്തിരിക്കുന്നത്
എന്നവൾ
സഹഗ്രഹങ്ങളോട്
സപ്രേമം മൊഴിഞ്ഞു

ആകാശഗംഗ
ആ സാധ്യതകളിലെ
ആദ്യ കണികമാത്രമെന്ന്
അനന്തരമവൾ
അനന്തപ്പെട്ടു

കൂടുതൽ വായനയ്ക്ക്