ഡോർ ബെൽ തുടർച്ചയായി മുഴങ്ങുന്നതു കേട്ടപ്പോൾ വല്ലാത്ത ദേഷ്യമാണ് വന്നത്. ആരാണീ രാവിലെ? ആരായാലും ഒരു മര്യാദയില്ല. ക്ഷമയുമില്ല. തലച്ചോറിലേക്ക് അനസ്യൂതം പ്രവഹിച്ചുകൊണ്ടിരുന്ന

കൃഷ്ണ നീ ബേഗനെ ബാരോ..പെട്ടെന്നു നിലച്ചു. ഡോർബെല്ലിന്റെ ശബ്ദം വളരെ അരോചകമായി.

വാതിൽ തുറക്കാൻ പുറപ്പെട്ട ശ്യാമയെ തടഞ്ഞു കൊണ്ടു പറഞ്ഞു. വേണ്ട. ഞാൻ പോകാം. അവൾ മിണ്ടാതെ അടുക്കളയിലേക്ക് പിൻവാങ്ങി. ഡോർ തുറന്നു. അപ്പോഴും ബൽ സ്വിച്ചിൽ നിന്ന് കയ്യെടുക്കാതെ നിന്ന ചെറുപ്പക്കാരനെ അല്പം കടുപ്പിച്ചൊന്ന് നോക്കി.

എന്തു വേണം?

മുഴുവൻ ദേഷ്യവും കലർത്തി അല്പം ഉച്ചത്തിൽ ചോദിച്ചു.

ഓ.. നമസ്കാരം. മുഖത്ത് വിടർന്ന ചിരിയോടെ അവൻ നമസ്കാരം പറഞ്ഞു.

ആരാണ്? മയം ഒട്ടുമില്ലാതെ വീണ്ടും ചോദിച്ചിട്ടും ഒരു കൂസലുമില്ലാതെ അവന്റെ ആവശ്യം "അകത്തേക്ക് വരാൻ പറയൂ. നമുക്ക് അകത്തിരുന്ന് സംസാരിക്കാം."

ആ അഹങ്കാരം കണ്ടില്ലെന്നു നടിക്കാൻ പറ്റിയില്ല.  അകത്ത് കയറി വാതിൽ വലിച്ചടയ്ക്കുമ്പോൾ അവൻ പറഞ്ഞു.

"സോറി മാഡം. ഇങ്ങനെ മുന്നിൽ കണ്ടപ്പോൾ മര്യാദ മറന്നു പോയി. ഞാൻ മാപ്പു ചോദിക്കുന്നു. ക്ഷമിക്കൂ."

വാതിൽ വലിച്ചടച്ച് അകത്തേക്ക് പോകുമ്പോഴും അവൻ പറയുന്നുണ്ടായിരുന്നു "മാഡം ഞാൻപോകില്ല. കണ്ടിട്ടേ പോകൂ."

പിന്നീട് അവനെ മറന്നു.

പതിവു പോലെ ശ്യാമയോടൊപ്പം ഒന്ന് നടക്കാം എന്നു കരുതി വൈകിട്ട് പുറത്തേക്ക് ഇറങ്ങുമ്പോൾ കണ്ടു അവൻ തന്റെ ചെറിയ പൂന്തോട്ടത്തിലെ ബഞ്ചിൽ ചാഞ്ഞിരുന്നുറങ്ങുന്നു.

ശ്യമ പറഞ്ഞു. "നോക്കു ചേച്ചി അയാൾ ഇപ്പോഴും അവിടെ തന്നെ ഇരിക്കുന്നു."

തലയ്ക്ക് സുഖമില്ലാത്തവനാണെന്നാ തോന്നുന്നെ. അല്ലെങ്കിൽ ഈ നേരമത്രയും ഇവിടിരിക്കുമോ?

ശ്യാമയെ അവിടെ നിർത്തി അവന്റരികിലേക്ക് പോകുമ്പോൾ ശ്യാമ ചോദിച്ചു, "ചേച്ചീ പോകണോ? പോലീസിനെ വിളിക്കണതല്ലെ നല്ലത്?"

വരട്ടെ. ഞാനൊന്നു നോക്കട്ടെ.

അവനടുത്തെത്തുമ്പോൾ അവനുറക്കമായിരുന്നു.

'എന്താണ് പോകാഞ്ഞത്?"

തന്റെ ശബ്ദം കേട്ടതും അവൻ ചാടിയെണീറ്റു. "സോറി മാഡം...അപ്പോഴത്തെ എക്സൈറ്റ്മെന്റിന് എന്തൊക്കെയോ കാട്ടിക്കൂട്ടി."

മ്ം. 

"മാഡം ഞാൻ അഭിജിത്. അഭി എന്നും ജിത്തെന്നും വിളിപ്പേര്."

മ്ം. ഞാൻ വെറുത മൂളി.

"വന്നത് മാഡത്തിനെ കാണാൻ, മാഡത്തിനോടൊപ്പം അല്പം സമയം ചിലവഴിക്കുക ഒരു ചായകുടിച്ച് പിരിയുക."

എന്തിന്റെ പേരിൽ? നമ്മൾ തമ്മിൽ ഒരു പരിചയവും ഇല്ല.

"ഞാൻ മാഡത്തിന്റെ ബുക്കുകൾ എല്ലാം വായിച്ചിട്ടുണ്ട്. എനിക്ക് മാഡത്തോട്  കടുത്ത ആരാധനയാണ്."

പെട്ടന്നവൻ തിരുത്തി. "മാഡത്തിന്റെ എഴുത്തിനോട്."

"മാഡത്തിന് ഞാൻ പരിചയം ഇല്ലാത്തവനാണ്.  എനിക്ക് മാഡത്തിനെ നല്ല പരിചയമാണ്. ഒരുപാട് ഇഷ്ടമാണ് എഴുത്തിനോടും എഴുത്തു കാരിയോടും. എന്നെ വീട്ടിൽ കയറ്റണ്ട. ഈ പൂന്തോട്ടത്തിൽ, അല്ലെങ്കിൽ നടക്കാം. എന്തായാലും എനിക്ക് വിരോധമില്ല."

എനിക്കുണ്ട്. ഞാൻ പറഞ്ഞു.

"ഓക്കെ എനിക്കറിയാം."

ഞാനിതുവരെ പറഞ്ഞത് എന്റെ പേഴ്സണൽ കാര്യം.

"ഞാൻ ഒരു പ്രമുഖ വാരികയിൽ എഴുതുന്നുണ്ട്. ജീവിതത്തിന്റെ പലമേഖലകളിൽ വിജയിച്ചവരെക്കുറിച്ച്"

പേരെന്താണെന്നാണ് പറഞ്ഞത്? ഞാൻ

"അഭിജിത്ത്. അതെന്റെ ഒഫിഷ്യൽ പേര്. ഞാനെഴുതുന്നത് എ ജെ കൃഷ്ണ എന്ന പേരിൽ."

ഒരു നിമിഷം ഞാനവന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി.

അതേ എ ജെ കൃഷ്ണ. പലരുടെയും പ്രീയപ്പെട്ട കോളമിസ്റ്റ്. ജേർണലിസത്തോടൊപ്പം മറ്റു ചില കാര്യങ്ങളിലും പ്രശസ്തനാണ്.

"മാഡം എന്താ ആലോചിക്കുന്നത്."

അവൻ ഷർട്ടിന്റെ പോക്കറ്റിൽ നിന്നും അവന്റെ ഐഡി ഉയർത്തിക്കാട്ടി.

"എനിക്ക് മാഡത്തിനോട് സംസാരിക്കണം. അടുത്ത എന്റെ എഴുത്ത് മാഡത്തിനെ കുറിച്ചാകണം എന്ന് ഒരുപാട് കാലമായി ആഗ്രഹിക്കുന്നു. വായനക്കാരിൽ ബഹുഭൂരിപക്ഷവും ആഗ്രഹിക്കുന്നു മാഡത്തിൽ നിന്ന് ചിലകാര്യങ്ങൽ അറിയാൻ."

ഞാൻ ഒരു നിമിഷം ആലോചിച്ചു.

പിന്നെ പറഞ്ഞു. ശരി ഒരു കോഫി കുടിച്ചിട്ട് നടക്കാം. കടൽക്കരയിലേക്ക്. 

"മാഡം കോഫി ഒന്നും വേണ്ട, സമ്മതിച്ചല്ലോ അതുമതി".

കോഫി കുടിക്കില്ലെ? 

തന്റെ ശബ്ദത്തിലെ മയമില്ലായ്മ തിരിച്ചറിഞ്ഞതിനാലാകാം അവൻ തിടുക്കപെട്ടു പറഞ്ഞു. 

"കുടിക്കും.. കുടിക്കാം."

'ശ്യാമ ഒരു കോഫീ ഇവിടേയ്ക്കെടുത്തോളു.' തിരിഞ്ഞു ശ്യാമയോടായി പറഞ്ഞു.

അവിടെ മറ്റൊരു ബഞ്ചിൽ അവനഭിമുഖമായി ഇരുന്ന് അവനെ നോക്കുമ്പോൾ കണ്ടു അവന് ആകെ ഒരു പരുങ്ങൽ. വന്നപ്പോൾ കണ്ട ഓവർ സ്മാർട്ടനസ് ഒന്നും ഇല്ല.അവനെ വീട്ടിലേക്ക് മന:പ്പൂർവം ക്ഷണിക്കാഞ്ഞതാണ്. രാവിലെ കാണിച്ച ഓവർ സ്മാർട്ടനസ്സിന് ഒരു ഷോക്ക് ട്രീറ്റ്മെന്റ് ആവശ്യമാണ്.

ശ്യാമ കോഫിയുമായെത്തി.

അവനോട് പറഞ്ഞു, എടുക്കൂ.

നല്ല ചൂടുണ്ടായിരുന്നിട്ടും അവൻ വേഗം കുടിച്ചു തീർത്തു.

ശ്യാമ കപ്പുമായി തിരിച്ചു പോകുമ്പോൾ പറഞ്ഞു "കതക് അടച്ചിട്ട് വരൂ. നമുക്ക് നടക്കാം. ഇയാളും കൂടെ ഉണ്ടാവും." ശ്യാമയ്ക്ക് അത് തീരെ ഇഷ്ടമായില്ലയെന്ന് അവളുടെ മുഖം വിളിച്ചു പറയുന്നുണ്ടായിരുന്നു. കടൽക്കരയിലൂടെ സുഖകരമായ കാറ്റേറ്റ് നടക്കുമ്പോൾ അവനോടു ചോദിച്ചു. 

എന്താണ് അറിയേണ്ടത്?

"മാഡത്തിന്റെ എഴുത്തിനെക്കുറിച്ച് വായനക്കാർക്ക് നന്നായി അറിയാം. അറിയേണ്ടത് ആ എഴുത്തുകളിലെല്ലാം പ്രതിഫലിക്കുന്ന പ്രണയത്തെ കുറിച്ചാണ്."

മ്ം, എന്തറിയാൻ?

ആ ചോദ്യം അവനിൽ ഊർജ്ജം പകർന്ന പോലെ ചോദ്യമെത്തി.

"മാഡം ആരെയെങ്കിലും പ്രണയിക്കുന്നുണ്ടോ? അല്ലെങ്കിൽ പ്രണയിച്ചിരുന്നോ? മാഡം എന്തു കൊണ്ടാണ് ഇതുവരെ വിവാഹം കഴിക്കാതിരുന്നത്?"

"ഇതറിയാനാണോ നീ വന്നത്"? എത്രയോ തവണ പലരും ചോദിച്ച ചോദ്യം. 

"ബട്ട് മാഡം... ഒരിക്കലും വ്യക്തമായ ഉത്തരം നല്കിയില്ലല്ലോ? ഇപ്പോഴും അതറിയാൻ വായനക്കാർക്ക് ആകാംക്ഷയുണ്ട്."

ഓഹോ.. എന്റെ പ്രൈവസിയാണ് വായനക്കാരന്റെ ആകാംക്ഷ.

ശബ്ദം അല്പം ഉയർന്നു. "ഏയ്!!! മാഡം അങ്ങനെയല്ല. മാഡത്തിന്റെ പല രചനകളിലും അനന്തമായ പ്രണയത്തെ കുറിച്ചും പ്രേമത്തെ കുറിച്ചും പറയുന്നു. ഇത് രണ്ടും തമ്മിലെന്താണ് വ്യത്യാസം എന്നറിയാനാണ്."

"കൃഷ്ണനോട് രാധയ്ക്കും മീരയ്ക്കും പ്രണയമായിരുന്നു. അത് രണ്ടു വിധത്തിലാണെന്നും പറയുന്നു."

ഓക്കെ ഞാൻ അങ്ങോട്ടു ചോദിക്കുന്നു. നീ ആരൊയെങ്കിലും പ്രണയിച്ചിട്ടുണ്ടോ?

അവൻ ഒരു നിമിഷം പകച്ചു പോയി. എനേറ മുഖത്തേക്ക് ചോദ്യഭാവത്തിൽ നോക്കി.

മ്ം പറയൂ...

"അത്... ഇല്ലെന്ന് പറയില്ല... എന്നാലും ..."

എണ്ണമില്ലെ?

"അതല്ല. ഞാൻ പറയാം. അവനെന്റെ മുഖത്തു നിന്നും മിഴികൾ ദൂരേക്കെറിഞ്ഞ് പറഞ്ഞു തുടങ്ങി. ഒന്നല്ല ഒരുപാട് പേരെ. അതെല്ലാം ഒരേ വേവ് ലങ്തിൽ ആയിരുന്നില്ല. ചിലരോട് വെറും ഒരു താൽക്കാലിക ഇഷ്ടം.. ചിലരോട് ശാരീരികമായ ആട്രാക്ഷൻ... ചിലരെ ഒന്ന് തൊട്ട് തലോടി സംതൃപ്തിയടഞ്ഞു."

ആരെയെങ്കിലും ആത്മാവിൽ ചേർത്ത് നിർത്തിയോ? ഒരിക്കലും പിരിയാനാകാത്ത ഒരു അടുപ്പം?

അവൻ വീണ്ടും ആലോചനയിലായി. 

"ഇല്ല.. ആരുമില്ല."

അതിനാൽ നീയിന്നും ഒറ്റയ്ക്കാണ്. ഒരുപാട് പേരുടെ ഇടയിൽ ഒറ്റപ്പെട്ടവൻ. ആ ഒറ്റപ്പെടലിൽ നിന്ന് രക്ഷപ്പെടാൻ നിന്റെ കണ്ണുകൾ ഇണകളെ തിരഞ്ഞു കൊണ്ടേയിരിക്കുന്നു. ഇത് നിന്റെ മാത്രമല്ല, നിന്നെപ്പോലെ പലരും അനുഭവിക്കുന്ന ദാരിദ്യം. ഇഷ്ടവും, സ്നേഹവും എന്താണെന്ന് വിവേചിച്ചറിയണം ആദ്യം. ഇഷ്ടം തോന്നിയാൽ അവിടെ കെയറിംഗ് ഉണ്ടാവണം എന്നില്ല. എന്നാൽ സ്നേഹം എന്നത് ഇഷ്ടം പ്ലസ് കെയറിംഗ് ആണ്. അവിടെ നഷ്ടപ്പെടുത്താനും പെടാനും ആഗ്രഹിക്കില്ല.  സ്നേഹം എന്ന വികാരങ്ങളിൽ കാമം മാത്രം കാണുന്നവർ ഉണ്ട്. ഒന്നിനെയും ചേർത്തു നിർത്താനാവാത്തവർ. എന്നിട്ടും അവർ പറയുന്നു ഞങ്ങൾ പ്രാക്ടിക്കലാണ്... കൂടുതലും ഇന്നത്തെ തലമുറ ചിന്തിക്കുന്നത് നിന്നെപ്പോലെയാണ്. എല്ലാം പ്രാക്ടിക്കൽ ആകണം. ഒന്നിനെയും സഹനത്തോടെ കാണാതിരിക്കുക.

പഴയ തലമുറയെപ്പോലെ കാലഹരണപ്പെട്ട പ്രണയ സങ്കല്പങ്ങൾ ചുമക്കാൻ തയാറല്ലാത്തവർ... ഇന്ന് പലരുടെയും പ്രണയം ചുഴലിക്കാറ്റ് പോലെയാണ്. ഒറ്റ നിമിഷം കൊണ്ട് എല്ലാം അവസാനിപ്പിക്കുന്നത്, അതും പലപ്പോഴും കൊടിയ നാശം വിതച്ചു കൊണ്ട്. ഒരു ബന്ധങ്ങൾക്കും പ്രാധാന്യമില്ലാതെ... മരണത്തിലൊ കൊലപാതകത്തിലോ അവസാനിക്കുന്ന വിഭ്രാന്തികൾ...

അല്ലെങ്കിൾ യുദ്ധത്തിലേർപ്പെട്ട കാലാളിന്റെ അവസ്ഥ. എപ്പോൾ വേണമെങ്കിലും വെട്ടിവീഴ്ത്തപ്പെടാം... അതുമല്ലെങ്കിൽ നീ പറഞ്ഞതുപോലെയുള്ളത്... താല്ക്കാലിക ഭ്രമം കഴിഞ്ഞാൽ നഷ്ടബോധമില്ലാതെ, നൊമ്പരമില്ലാതെ വിടപറയാം. ഇതിനിടയിൽ എവിടെയാണ് പ്രണയം.

"മാഡം മനസ്സിലായില്ല. എന്താണ് സ്നേഹത്തിൽ കാമം കലർത്തൽ എന്നുദ്ദേശ്ശിച്ചത്. നിങ്ങളിൽ കാമം ഇല്ലെ?""

തീർച്ചയായും കാമം എല്ലാവരിലും ഉണ്ട്. എന്നാൽ പ്രണയത്താൽ ഒന്നായ ആത്മാവുകളിലിൽ ഉടലെടുക്കുന്നത് പ്രണയ തീവ്രതയുടെ പരിണാമമാണ്. ഒരാത്മ ബന്ധത്തിന്റെ ഒഴുക്കാണ്. 

"മാഡം ഉത്തരം കിട്ടിയില്ല."

തന്നല്ലോ. ആലോചിക്കൂ..

ഒന്ന് മനസ്സിലായി.. രാധയും മീരയും കൃഷ്ണനെ ആത്മാവിൽ ചേർത്തിരുന്നു. എന്തായിരുന്നു വ്യത്യാസം. രാധ കൃഷ്ണന്റെ സഖിയായിരുന്നു. ആത്മാവുകൊണ്ട് പ്രണയിച്ചവൾ. പ്രണയത്താൽ വിരഹിതയായവൾ. കൃഷ്ണനു വേണ്ടി ഇന്നും കാത്തിരിക്കുന്നവൾ.

അപ്പോൾ മീര?

മീരയും കൃഷ്ണനെ ആത്മാവിനോട് ചേർത്തു. അത് ഭക്തിയാൽ ആണ്. അവിടെ ഭക്തിയായിരുന്നു പ്രണയം. വിരഹം എന്നൊന്നില്ല മീരയ്ക്ക്. ഭക്തിയുടെ ലഹരിയിൽ സ്വയം മറന്നവൾ.

"അപ്പോൾ ഇതിലൊന്നാണ് മാഡത്തിന്റേത്. അതാണറിയേണ്ടത്."

അത് നിങ്ങൾക്ക് ഇഷ്ടം പോലെ വ്യഖ്യാനിക്കാം. 

കൃഷ്ണാ നീ ബേഗനെ..

ചുണ്ടിൽ ഈരടികൾ വിടരുമ്പോൾ അവൻ വല്ലാത്ത നിരാശ്ശയിലായിരുന്നു.

കൂടുതൽ വായനയ്ക്ക്