കാലം കഴിയുന്തോറും മാധുര്യം ഏറിവരുന്നതാണ് നമ്മുടെ പഠനകാലം. ആ ഓർമ്മകളിൽ നിന്നും  ചില ഏടുകൾ ഇപ്പോഴും മനസിൽ താലോലിക്കാറുണ്ട് നമ്മൾ. പറഞ്ഞു തീർക്കാൻ കഴിയാത്ത  ഒരു ലോകമായിരുന്നു എന്റെ   സ്കൂൾ  ജീവിതം. അതിൽ നിന്നും ചില ഓർമ്മകൾ പൊടി തട്ടി എടുക്കാൻ ശ്രമിക്കുകയാണ്. വീണ്ടും  നീണ്ട അവധി കഴിഞ്ഞ്, മഴക്കാലത്ത്  കുടയും ചൂടി, പുതുവസ്ത്രം അണിഞ്ഞ്,  പുതിയ ചെരിപ്പും ധരിച്ച്, പുതിയ പേനയും നോട്ട്ബുക്കുകളും  പുസ്തകങ്ങളും ബാഗുമായി  സന്തോഷത്തോടെ  തുള്ളിച്ചാടി, മനസ്സ് നിറയെ തന്റെ  സുഹൃത്തുക്കളെ കാണാനുള്ള കൊതിയുമായി അവരോടൊപ്പം കളിക്കാനുള്ള  ആഗ്രഹവുമായി  കണ്ണിൽ  പുതിയ ക്ലാസ് റൂം കാണാനുള്ള മോഹവുമായി ഞാൻ  സ്കൂളിലേക്ക്  നടക്കാൻ കഴിയാതെ ഓടുകയായിരുന്നു.

അന്ന് വല്ലാത്ത രസമുള്ള ദിവസങ്ങളായിരിരുന്നു . കളി ചിരി സന്തോഷങ്ങൾ, ഇണക്കങ്ങൾ പിണക്കങ്ങൾ..
എത്രയോ സുന്ദര നിമിഷങ്ങൾ. ഞാൻ ആറാം ക്ലാസിലേക്കാണ്  ജയിച്ചത്. ഞങ്ങളുടെ ക്ലാസ് ടീച്ചറായി  വന്നത്  റസിയ ടീച്ചറായിരുന്നു. ടീച്ചറുടെ  മുഖത്ത്  എപ്പോഴും ഗൗരവ ഭാവമാണ്. ചിരിക്കാൻ അറിയില്ലന്ന്  തോന്നും . കയ്യിൽ  എപ്പോഴും വടിയുമുണ്ടാകും. കണക്കായിരുന്നു  ടീച്ചറുടെ   വിഷയം. കണക്കിന്  പണ്ടേ ഞാൻ കണക്കായത് കൊണ്ട് എനിക്ക് ടീച്ചറെ വലിയ പേടിയായിരുന്നു.

ക്ലാസ് തുടങ്ങി.. ഹോം വർക്ക്  തുടങ്ങി.. അടി കിട്ടാനും ബെഞ്ചിൽ കയറ്റി നിർത്താനും, ക്ലാസ്സിന്റെ പുറത്ത് നിർത്താനും തുടങ്ങി.. ഓരോ ദിവസവും ടീച്ചറുടെ  ക്ലാസ് ആലോചിക്കുമ്പോൾ തന്നെ എന്റെ തല ചുറ്റാൻ തുടങ്ങും.

ഒരിക്കൽ  ഹോം വർക്ക് കാണിച്ച് കൊടുക്കുന്നതിനിടയിൽ ടീച്ചർ എന്നെ അടി മുടി ഉഴിഞ്ഞൊന്ന്  നോക്കി. കുറച്ച് നേരം പുറത്തേക്ക്  ഒന്നും മിണ്ടാതെ  നോക്കി നിന്നു, ചിന്തയിൽ നിന്നും ഉണർന്ന്  എനിക്ക് നേരെ  പാൽ പുഞ്ചിരി  എറിഞ്ഞു. എനിക്ക് അത്ഭുതവും  അതിലേറെ സന്തോഷവും തോന്നി. ടീച്ചർ എന്നോട്  എന്റെ വീടും വീട്ടുകാരെ കുറിച്ചും  ചുറ്റുപാടും അനേഷിച്ചു. അത് കഴിഞ്ഞ് എല്ലാം അറിയാം എന്ന ഭാവത്തിൽ  ടീച്ചർ തലകുലുക്കുമ്പോൾ  ആ മുഖത്ത്    എന്നോട് അനുകമ്പയും വാത്സല്യവും നിറഞ്ഞു നില്‍ക്കുന്നതായി എനിക്ക് തോന്നി.

എന്റെ ചുറ്റു പാടുകൾ  ടീച്ചർക്ക് മനസിലായോ? ദാരിദ്ര്യം നിറഞ്ഞ എന്റെ വീടും,  കള്ള്   കുടിച്ച്  വീട്ടിൽ വന്ന്  അലമ്പുണ്ടാകുന്ന ഉപ്പയും   അങ്ങനെ എന്നെക്കുറിച്ച് ടീച്ചർ മനസ്സിലാക്കിയിരിക്കുന്നു! ഞാൻ അതിശയിച്ചു. ഓരോ ദിവസം കഴിയുന്തോറും  എന്നോടുള്ള വാത്സല്യവും സ്നേഹവും  കൂടിക്കൂടി വന്നു.

ആ ഇടക്കാണ്  ഒരു ഞാറായ്ച്ച ദിവസം, ടിവി കാണാൻ വേണ്ടി ഞാനും എന്റെ കൂട്ടുകാരും  ചേർന്ന്  തൊട്ടടുത്തുള്ള എന്റെ കുടുംബകാരുടെ  വീട്ടിലേക്ക്  പോയത്. ടിവി കാണൽ കഴിഞ്ഞ്  മാങ്ങ പറിക്കാൻ  മരത്തിൽമേൽ  കൊത്തി പിടിച്ച് കയറി,  മാങ്ങ താഴേക്ക് വലിച്ചെറിയുന്നതിനിടയിൽ  ഞാനാക്കാഴ്ച കണ്ടു.. ടീച്ചർ എന്നെ നോക്കി ചിരിക്കുന്നു. എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല. ഞാൻ വീണ്ടും  കണ്ണ് തിരുമ്മി കണ്ണ് തുറന് നന്നായി ഒന്നുകൂടി  നോക്കി. ശരിയാണ്, ടീച്ചർ മാക്സി ധരിച്ച്  അവിടെ നിൽക്കുന്നു . എനിക്കത്  പുതുമയുള്ള കാഴ്ചയായിരുന്നു. അന്നാണ്  ഞാൻ  ടീച്ചരുടെ വീട് കാണുന്നത്.

ടീച്ചറും ഞാനും  ഒരേ നാട്ടുകാരാണെന്ന് അറിഞ്ഞപ്പോൾ ഒത്തിരി സന്തോഷം തോന്നിയ നിമിഷങ്ങളായിരുന്നു അത്. ഞാനും ടീച്ചറും തമ്മിലുള്ള  സ്നേഹബന്ധം വളർന്നു. എന്റെ പഠനകാര്യത്തിൽ  ടീച്ചർ  ശ്രദ്ധിക്കാൻ  തുടങ്ങിയതോടെ  സ്കൂൾ എനിക്കൊരു ആവേശഭൂമിയായി.

ചുമരിൽ തൂക്കിയിട്ട കലണ്ടറുകൾ മാറി മറിയുന്നതിനനുസരിച്ച്   എന്റെ ക്ലാസ് റൂമുകളും  അദ്ധ്യാപകന്മാറും മാറി. എന്റെ സ്വപ്നചിന്തികൾ എന്ന് വേണ്ട, ജീവിതം തന്നെ മാറി മറിഞ്ഞു. എങ്കിലും എന്റെ മനസ്സിന്റെ  കാണാമറയത്ത് എവിടെയോ  ടീച്ചർ ജീവിച്ചിരിപ്പുണ്ടായിരുന്നു. ഒരു ഉമ്മയുടെ കരുതൽ നിറഞ്ഞ സ്നേഹ  വാത്സല്യത്തോടെ.

വർഷങ്ങൾ എണ്ണി തിട്ടപ്പെടുത്താൻ  കഴിയുന്നില്ലങ്കിലും ഒരു പാട് വർഷങ്ങൾക്ക്  ശേഷം
ഒരിക്കൽ ഞാനാ സത്യം അറിഞ്ഞു. ഒരുകാലത്ത്  എനിക്ക്  ആരൊക്കെയോ ആയിരുന്ന എന്റെ ടീച്ചർ   ക്യാൻസർ രോഗം പിടിപെട്ട്, രോഗം മൂർച്ചിച്ച്  മരണത്തോട്  മല്ലടിച്ച് കൊണ്ടിരിക്കുകയാണെന്ന്. വിശ്വസിക്കാനായില്ല. ടീച്ചറുടെ പുഞ്ചിരി മനസ്സിൽ നിറഞ്ഞു. വല്ലാത്തൊരു അസ്വസ്ഥത.. ടീച്ചറെ കാണാനുള്ള  അടങ്ങാത്ത ആഗ്രഹവും..

ടീച്ചറെ  ചുറ്റിപ്പറ്റിയായി  എന്റെ മുഴുവൻ ചിന്തകളും.   ടീച്ചർ ജീവിതത്തിലേക്ക്  തിരിച്ച് വരണം.. എനിക്ക്, സന്തോഷത്തോടെ  ജീവിക്കുന്ന  ടീച്ചറെ കൺനിറയെ കാണണം. അതായിരുന്നു എന്റെ പ്രാത്ഥന. എന്റെ  ആഗ്രഹം  അതു മാത്രമായി. വേദനകൾ  നിറഞ്ഞ ദിവസങ്ങളിലുടെയാണ്  ഞാൻ കടന്ന് പോയത് .
എന്റെ മനസ്സ് ദൈവം കേൾക്കാതിരിക്കുമോ? കൈവെള്ളയിൽ  മരണ തിയതി ഉറപ്പിച്ച്  എന്റെ മുന്നിൽ
ചിരി അഭിനയിച്ച്  നിൽക്കുന്ന ടീച്ചറെയെല്ല  എനിക്ക് വേണ്ടത്. ജീവിതത്തിൽ  എന്നും ഞാൻ സൂക്ഷിക്കുന്ന ടീച്ചറുടെ പാൽ  പുഞ്ചിരിയാണ്  എനിക്ക് വേണ്ടത്. മനസ്സ് വിങ്ങിപ്പൊട്ടി. നിരന്തരം  ടീച്ചർ മറക്കാൻ ശ്രമിക്കുന്നതെന്തോ അത്  മറ്റുള്ളവരുടെ  മുഖത്ത് നിന്നും വായിച്ചെടുക്കുന്ന    വേദന ടീച്ചറുടെ മുഖത്ത്  ഞാൻ  കണ്ടു. വിരഹമാണ് ഏറ്റവും വലിയ ദുഃഖം എന്നെനിക്ക്  മനസ്സിലായി.

മനസിൽ ഞാൻ  ടീച്ചറോട്    പറഞ്ഞു , മരണം ദൈവത്തെ കണ്ടുമുട്ടലാണ്എ. ല്ലാവരും മരണത്തിന്റെ  രുചി അറിയും. ആ യാത്രക്കുള്ള  ഭാണ്ടക്കെട്ടുകൾ ഒരുക്കൽ മാത്രമാണ്   ഈ നൈമിഷക  ജീവിതം. ചിലർ  നേരത്തെ  പുറപ്പെടുന്നു  മറ്റു ചിലർ  സമയം പൂർത്തിയാക്കി പുറപ്പെടുന്നു. ദൈവത്തിന്റെ  അടുത്തേക്കുള്ള  യാത്ര   ഒരു നിമിഷം പിന്തിപ്പിക്കാൻ   നമ്മുക്ക്  സാധിക്കുമോ?എല്ലാം നിയന്ത്രിക്കുന്ന സർവ്വ ശക്തനായ  ദൈവത്തോട് മനസ്സുരുകി പ്രാത്ഥിക്കാം.         

മഹാരോഗത്തിന്റെ തടവറയിൽ ജീവിക്കാൻ  വിധിക്കപ്പെട്ട   എന്റെ  ടീച്ചർക്ക്  നൽകാൻ എന്റെ കയ്യിൽ  പ്രാത്ഥനയെല്ലാതെ  മറ്റൊന്നുമില്ലായിരുന്നു. ആ  കറുത്ത ദിവസം  ഒരിക്കലും  മറക്കാൻ കഴിയില്ല. അന്ന്  വാകമരം  പൂക്കാനും   പകൽ മാഞ്ഞുപോകാനും    മടിച്ചിടുണ്ടാവും. മാനത്ത്  കാർമേഘങ്ങൾ  നിറഞ്ഞിടുണ്ടാവും.   വിസ്മൃതിയുടെ  ഇരുണ്ട അറകളിലേക്ക്   ടീച്ചറും  പതിയെ നടന്നകന്നു. തേജസുള്ള  നന്മകളുടെ  ആ ദിനരാത്രങ്ങളും കഴിഞ്ഞുപോയി.

 

കൂടുതൽ വായനയ്ക്ക്