(ശങ്കരമംഗലം ക്ഷേത്രം )

ചരിത്രത്തിൽ രേഖപ്പെടുത്താത്തിടത്തോളം കാലം വായ്മൊഴിയിലൂടേയും കേട്ടുകേൾവിയിലൂടേയും പകർന്നുകിട്ടിയ അറിവുകൾവച്ച് മാത്രം ചരിത്രം കുറിച്ചിടേണ്ടിവരുന്നു. ചരിത്രാന്വേഷകരുടെയോ ഐതിഹ്യങ്ങളിലൂടെയോ കടന്നു പോകാത്ത ഒരു ഗ്രാമത്തിലെ ക്ഷേത്രത്തെ കുറിച്ച് പ്രതിപാദിക്കുന്നത് തികച്ചും സാഹസികത നിറഞ്ഞതുതന്നെയെന്നുള്ള കാര്യത്തിൽ തർക്കമില്ല.

ശൈവരുടെ കാലത്ത് നിർമ്മിക്കപ്പെട്ടതാണ് മിക്ക ശിവക്ഷേത്രങ്ങളുമെന്നു കാണുന്നു. കേരളത്തിലെ ക്ഷേത്രങ്ങൾ പരശുരാമൻ അല്ലെങ്കിൽ വില്വമംഗലം സ്വാമിയാർ പ്രതിഷ്ഠ നടത്തിയവയാണെന്നാണ് വിശ്വാസികളുടെ മതം.

കേരളത്തിലെ ഹിന്ദു കുടുംബങ്ങളിൽ സന്ധ്യാനേരത്ത് നാമജപങ്ങൾക്കിടയിൽ ചൊല്ലുന്ന നൂറ്റിയെട്ടുശിവാലയ സ്തോത്രത്തിൽ പ്രതിപാദിച്ചിട്ടില്ലാത്ത ഒരു ക്ഷേത്രമാണ് ശ്രീശങ്കരമംഗലം ശിവക്ഷേത്രം. കൊച്ചിൻ ദേവസ്വം ബോർഡിൻ്റെ കീഴിലുള്ളതാണ് ഈ ശിവക്ഷേത്രം. ഇരിങ്ങാലക്കുട പട്ടണത്തിൽ നിന്നും ഏകദേശം അഞ്ചുകിലോമീറ്റർ വടക്കുകിഴക്കുഭാഗത്തുള്ള മാടായിക്കോണം എന്ന ഗ്രാമത്തിലാണ് ഈ ശിവക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

ബ്രാഹ്മണമേധാവിത്വമുണ്ടായിരുന്ന കാലഘട്ടത്തിൽ നിർമ്മിക്കപ്പെട്ട  ഈ ക്ഷേത്രത്തിന് ആയിരത്തോളം വർഷം പഴക്കമുണ്ടെന്നാണ് അനുമാനം. പത്താം നൂറ്റാണ്ടിനോടടുത്തായിരിക്കാം ഒരുപക്ഷേ ക്ഷേത്രം നിർമ്മിച്ചിട്ടുണ്ടാവുക. കലാപരമായ മേന്മകളോ കൊത്തുശിൽപ്പങ്ങളോ അധികമൊന്നും ഈ  ക്ഷേത്രത്തിന് അവകാശപ്പെടാനില്ല.

കരിങ്കല്ലിൽ തീർത്ത ചതുരാകൃതിയിലെ ശ്രീകോവിലിൽ ഗർഭഗൃഹത്തിലെ പീഠത്തിൽ ഏകദേശം രണ്ടടിയോളം ഉയരത്തിലുള്ള ശിവലിംഗത്തിൽ പരമേശ്വരൻ്റെ ചൈതന്യം കുടികൊള്ളുന്നു.    

ശിവലിംഗത്തിൽ ചന്ദ്രക്കലയും നാഗഫണവും ആഭരണമായി വിലസുന്നു. ദേവൻ പടിഞ്ഞാറോട്ടാണ് ദർശനമരുളുന്നത്. പാർവതിദേവിയുടെ പ്രതിഷ്ഠയില്ലെങ്കിലും ശ്രീകോവിലിൽ പിൻവിളക്കുതെളിയിച്ച് ദേവിയുടെ സാന്നിദ്ധ്യവും സങ്കൽപ്പിക്കപ്പെടുന്നുണ്ട്.

അരൂപിയായ പരമശിവനെ ദർശിക്കാൻ ആർക്കാണ് കഴിയുക. അദൃശ്യനെങ്കിലും ശക്തിസ്വരൂപനായ ദേവൻ്റെ ചൈതന്യം കുടികൊള്ളുന്ന ശ്രീകോവിലിൽ ദേവനെ മനക്കണ്ണിൽ ദർശിച്ച്  സായൂജ്യമടയാം.

തൻ്റെ പ്രാണപ്രേയസിയായ സതീദേവി അഗ്നിയിൽ സ്വയംഹത്യ ചെയ്തതിലുള്ള  സങ്കടത്തിലും അങ്ങിനെ സംഭവിക്കാനുണ്ടായതിൻ്റെ കാരണത്താലുള്ള കോപത്താലും ഉഗ്രമൂർത്തിയായിട്ടാണ് പരമശിവൻ ഇവിടെ കുടികൊള്ളുന്നത്.

ക്ഷേത്രത്തിൽ നടയിൽ ഒരുവശത്തു നിന്നും മാറിയിട്ടാണ് തൊഴേണ്ടത്. ഉഗ്രകോപത്തിലിരിക്കുന്ന ദേവൻ്റെ തൃക്കണ്ണിൽ നിന്നും കോപത്തിൻ്റെ ജ്വാല നേരിട്ട് പ്രവഹിക്കാതിരിക്കാനാണത്രെ നേരെ നിന്ന് തൊഴരുതെന്ന് പറയുന്നത്.  ക്ഷിപ്രകോപിയെന്നതുപോലെ ക്ഷിപ്രവരദായകനുമാണ് ശിവൻ.

പണ്ട്   ഈ ശിവക്ഷേത്രം സ്ഥിതി ചെയ്തിരുന്ന സ്ഥലം മുഴുവനും കാടായിരുന്നുവെന്ന് പറഞ്ഞു കേൾക്കുന്നു. കാടിനോട് ചേർന്ന് വയലുകൾ ഉണ്ടായിരുന്നു. ബ്രാഹ്മണമേധാവിത്വമുണ്ടായിരുന്ന കാലഘട്ടത്തിൽ  ഗ്രാമത്തിലെ ഒരില്ലം വക പറമ്പായിരുന്നു ഇതും. ശിവഭക്തരായ ഒരുനമ്പൂതിരിയും അവരുടെ പത്നിയും ഈ ഇല്ലത്ത് താമസിച്ചിരുന്നു. അവർക്കു  സന്താനഭാഗ്യമുണ്ടാത്തതുകൊണ്ട് അതീവ ദുഃഖിതരായിരുന്നു. ഇല്ലത്തെ നടുമുറ്റത്ത് ശിവനെ പ്രതിഷ്ഠിച്ച് പൂജ നടത്തിയും ഭജനമിരുന്നും അവർ കാലം കഴിച്ചു പോരവെ ഒരു രാത്രി ബ്രാഹ്മണ പത്നിയ്ക്ക് സ്വപ്നദർശനമുണ്ടായി.

കാടുകയറിയിരിക്കുന്ന സ്ഥലത്ത് ഒരുക്ഷേത്രം നിർമ്മിച്ച് അവിടെ ദേവനെ പ്രതിഷ്ഠ നടത്താനാണ് ദർശനമുണ്ടായത്. ബ്രാഹ്മണ പത്നി ഈ വിവരം നമ്പൂതിരിയെ അറിയിക്കുകയും അദ്ദേഹം അതിൽ എന്തെങ്കിലും കാര്യമുണ്ടോ എന്നറിയാൻ ജ്യോത്സ്യനെ  വിളിച്ചുവരുത്തി പ്രശ്നം വയ്ക്കുകയും ചെയ്തു. നടുമുറ്റത്ത് ആരാധിച്ചിരുന്ന  ശിവവിഗ്രഹത്തെ ഉടനെ മാറ്റി കാടുകയറിയിരിക്കുന്ന സ്ഥലത്ത് ക്ഷേത്രം നിർമ്മിച്ച് പ്രതിഷ്ഠ നടത്താനാണ് ജ്യോത്സ്യൻ നിർദ്ദേശിച്ചത്.

ജ്യോതിഷ വിധിപ്രകാരം കാടുവെട്ടിതെളിയിച്ച് അവിടെ ചെറിയൊരു ക്ഷേത്രം പണിത് വിഗ്രഹ പ്രതിഷ്ഠ നടത്തുകയും ചെയ്തു. ഒന്നു രണ്ടു വർഷത്തിനിടയിൽ ആ ഇല്ലത്ത് ബ്രാഹ്മണദമ്പതിമാർക്ക് സന്താനലബ്ദിയുണ്ടായത്രെ. 

ഈ ക്ഷേത്രത്തിൽ ദർശനം നടത്തിയും വ്രതമനുഷ്ഠിച്ചും പോരുന്ന അനേകം പേർക്ക് സന്താനഭാഗ്യമുണ്ടായിട്ടുള്ളതായി ഭക്തരുടെ ഭാക്ഷ്യം. ഈ ക്ഷേത്രത്തിൽ മുടങ്ങാതെ ദർശനം നടത്തുകയും ശിവനെ ഭജിക്കുകയും ചെയ്ത പലർക്കും ത്വക് രോഗങ്ങൾ മാറിയെന്നും പറഞ്ഞുകേൾക്കുന്നുണ്ട്.

ശങ്കരമംഗലത്തപ്പൻ്റെ ചൈതന്യം എപ്പോഴും ഗ്രാമവാസികൾക്കും അയൽ ഗ്രാമങ്ങളിലുള്ളവർക്കും ഐശ്വര്യം പ്രദാനം ചെയ്യുന്നു. ഉഗ്രമൂർത്തിയായതുകൊണ്ടാകാം പണ്ടുമു തൽക്കെ ക്ഷേത്രത്തിൽ ഉത്സവമില്ല.

ദുഃഖിതനും കോപിഷ്ടനുമായിരിക്കുന്ന ദേവനെ വാദ്യഘോഷങ്ങളൊന്നും പ്രസാദിപ്പിക്കില്ല. കുംഭമാസത്തിലെ മഹാശിവരാത്രിയാണ് പ്രധാന ആഘോഷം. ദേവൻമാരും അസുരൻമാരും കൂടി അമൃത് ലഭിക്കുന്നതിനുവേണ്ടി പാലാഴികടയുകയാണ്. മന്ദരപർവതത്തെ കടക്കോലായും അതിനെ വലിയ്ക്കുന്ന കയറായി ഉപയോഗിച്ചത് വാസുകിയെന്ന  വിഷസർപ്പത്തേയുമാണ്. പാലാഴികടഞ്ഞപ്പോൾ പലതും പൊന്തിവന്നു. അതിനിടയിൽ വാസുകിയെന്ന സർപ്പം ക്ഷീണിച്ച് കൊടും വിഷം തുപ്പുകയും ചെയ്തു.

ഈ വിഷം നിലത്തു വീണാൽ ലോകം മുഴുവനും നശിക്കുമെന്നു വന്നതും പരമശിവൻ ആ വിഷം കൈയ്യിൽ സ്വീകരിച്ച് അത് വിഴുങ്ങുകയുണ്ടായി.. പാർവതി ദേവി ഇതുകണ്ടതും തൻ്റെ പ്രാണപ്രിയൻ്റെയുള്ളിൽ ഈ കൊടിയ വിഷം ചെന്നാലുണ്ടാകുന്ന ആപത്തിനെ കണ്ട് ഓടിച്ചെന്ന് പരമശിവൻ്റെ കണ്ഠത്തിൽ അമർത്തി പിടിച്ചു. ഈ വിഷം പുറത്തേയ്ക്കെങ്ങാനും അബദ്ധത്തിൽ പോയാൽ ലോകം നശിക്കുമെന്നുള്ളതിനാൽ മഹാവിഷ്ണു ശിവൻ്റെ വായയും പൊത്തിപിടിച്ചു.

അകത്തേയ്ക്കും പുറത്തേയ്ക്കും പോകാതെ ആ വിഷം ശിവൻ്റെ കണ്ഠത്തിൽ ഉറച്ചുപോകുകയും കഴുത്തിൽ നീലനിറം വ്യാപിക്കുകയും ചെയ്തെന്ന് പുരാണം. അങ്ങിനെ പരമശിവൻ നീലകണ്ഠനുമായി. പാർവതി ദേവിയ്ക്കു ഭയം തോന്നി .തൻ്റെ പ്രിയതമന് എന്തെങ്കിലും സംഭവിക്കുമോയെന്നോർത്ത് വിഷമിച്ച് പാർവതി അന്നത്തെ രാത്രി മുഴുവനും ഉണ്ണാതെയും ഉറങ്ങാതെയും തൻ്റെ പതിയ്ക്ക് കാവലിരുന്നുവത്രെ.ആ ദിവസമാണ് ശിവരാത്രി. അന്ന് ഉപവാസം നടത്തുകയും ഉറങ്ങാതിരിക്കുകയും ചെയ്യുന്നത് ഉചിതമെന്നാണ് പറയുന്നത്.

ശങ്കരമംഗലം ശിവക്ഷേത്രത്തിലെ ശ്രീകോവിലിനു മുകളിൽ താഴികകുടമുണ്ട്. സോപാനപടികൾക്ക് ഇരുവശത്തും ശ്രീകോവിലിൻ്റെ ചുമരിൽ ദ്വാരപാലകർ കാവൽനിൽക്കുന്നു. സോപാനപടികൾ ഇറങ്ങിയാൽ മുന്നിൽ ചെറിയ ചതുരാകൃതിയിലെ നമസ്ക്കാരമണ്ഡപം കാണാം. ചുറ്റിലും തറകെട്ടിയുയർത്തിയ ചുറ്റമ്പലമുണ്ട്. ചുറ്റമ്പലത്തോട് ചേർന്നാണ് മതിൽക്കെട്ട്.ഏകദേശം ഏഴടിയോളം ഉയരമുണ്ട് ഇതിന്. നമസ്ക്കാര മണ്ഡപം കഴിഞ്ഞ് പടിഞ്ഞാറെ നടയിൽ ഇരുഭാഗത്തും വലിയമ്പലം കാണാം. തെക്കുഭാഗത്താണ്  ജലസമൃദ്ധിയുള്ള ക്ഷേത്രകിണർ സ്ഥിതി ചെയ്യുന്നത്. തെക്കുകിഴക്കെമൂലയിൽ പുതിയതായി പണികഴിപ്പിച്ചിട്ടുള്ള തിടപ്പിള്ളിയും സ്റ്റോർറൂമും.

ക്ഷേത്രത്തിൽ ഉപദേവനായി ഗണപതിയേയുള്ളു. ചെറിയ ശ്രീകോവിലിൽ പടിഞ്ഞാറോട്ടാണ് ഗണപതി ദർശനം. ശ്രീകോവിലിൻ്റെ തെക്കുഭാഗത്താണ് സപ്തമാതൃക്കൾക്കുള്ള ബലിതൂവാനുള്ള പീഠങ്ങൾ. ശ്രീകോവിലിൻ്റെ നാലുമൂലകളിലും ബലിതൂവാനുള്ള പീഠങ്ങളുണ്ട്.

വടക്കുഭാഗത്താണ് ഓവ്. ശിവക്ഷേത്രങ്ങളിൽ അർദ്ധപ്രദക്ഷിണമേ പാടൂ. ഓവുമുറിച്ചുകടക്കരുത്. ശ്രീകോവിലിനു വലംവയ്ക്കുമ്പോൾ ഓവിൻ്റെ അടുത്തുചെന്ന് കൈകൊട്ടണം. ഓവിൻ്റെ ഭാഗത്ത് സിംഹോദരൻ ഉണ്ടെന്നാണ് സങ്കൽപ്പം. സിംഹോദരന് കാഴ്ചയില്ലെന്നും ഭക്തരുടെ സാന്നിദ്ധ്യമറിയാനാണ് കൈകൊട്ടുന്നതെന്നും പറയപ്പെടുന്നു.

ക്ഷേത്രത്തിനു മുന്നിൽ നാലടിയോളം പൊക്കത്തിലുള്ള ബലിക്കല്ലുണ്ട്. ക്ഷേത്രത്തിനു മുന്നിൽ പടിഞ്ഞാറ് ഭാഗത്ത് ഈയിടെ കെട്ടിപൊക്കിയതാണ് നടപ്പുര. വലിയൊരു ആമവിളക്കും അതിനു ചാരെ കാണാം.

ക്ഷേത്രത്തിനകത്ത് അർദ്ധപ്രദക്ഷിണം കഴിഞ്ഞ് ക്ഷേത്രത്തിനു ചുറ്റും മൂന്നോ അഞ്ചോ ഏഴോ പ്രദക്ഷിണമാവാം. ക്ഷേത്രത്തിൻ്റെ കിഴക്കുഭാഗത്താണ് തീർത്ഥക്കുളം. ദേവനിരിക്കുന്നതിൻ്റെ പിന്നിലാണ് ക്ഷേത്രക്കുളത്തിന് ഉത്തമം. ക്ഷേത്രക്കുളത്തിന് അത്രയേറെ പ്രാധാന്യമുണ്ടെന്ന് ഇതിൽ നിന്നും മനസ്സിലാക്കാം.

ശങ്കരമംഗലം ക്ഷേത്രത്തിൻ്റെ പടിഞ്ഞാറു ഭാഗം  നടയുടെ  അഭിമുഖമായി ഏകദേശം ഒരു കിലോമീറ്റർ ദൂരെയുള്ള മനക്കുളങ്ങര ശ്രീകൃഷ്ണക്ഷേത്രം സ്ഥിതിചെയ്യുന്നു. അതുപോലെ കിഴക്കേ നട ചെന്നുചേരുന്നത് ഇത്തിക്കുളം ക്ഷേത്രത്തിലേയ്ക്കാണ്. ഈ മൂന്നുക്ഷേത്രങ്ങളും ഒരേ നേർരേഖയിലാണ് സ്ഥിതിചെയ്യുന്നതെന്നു കാണാം.

പണ്ടൊക്കെ പാതിരാത്രിയായാൽ ക്ഷേത്രനടയിലേയ്ക്ക് ആരും പോവാറില്ല. കാരണം പാതിരാവിൽ പരമശിവൻ ഭൂതഗണങ്ങളോടൊത്ത് അടുത്തടുത്ത ക്ഷേത്രങ്ങളിലെ ദേവൻമാരും ദേവിമാരുമായി പാടത്തിനക്കരെയുള്ള കോക്കര ജലാശയത്തിൽ നീരാട്ടിനു പോകുമത്രെ. പുലർച്ചെ കോഴികൂവുന്ന നേരത്തായിരിക്കുമത്രെ തിരിച്ചെത്തുന്നത്. ഇതൊക്കെ പഴമക്കാർ വായ്മൊഴിയിലൂടെ പറഞ്ഞു നൽകിയ വിശേഷങ്ങളാണ്. ഓരോ ക്ഷേത്രങ്ങൾക്കും ഇമ്മാതിരി പലവിധത്തിലുള്ള ഐതിഹ്യങ്ങൾ പറയാനുണ്ടാകും. എന്തുതന്നെയായാലും ഗ്രാമത്തിൻ്റെ വിശുദ്ധിയും ഐശ്വര്യവും വിളിച്ചോതുന്നയിടങ്ങളാണ് ക്ഷേത്രങ്ങൾ.

ഇത് ഒരു ചരിത്രമല്ല...ഐതിഹ്യം മാത്രം. 

കൂടുതൽ വായനയ്ക്ക്