(അബ്ബാസ് ഇടമറുക്)
 
"എടീ മുംതാസെ ...!" പൂമുഖത്തിരുന്നു പത്രം വായിക്കുന്നതിനിടയിൽ അടുക്കളയിലേക്ക് നോക്കി 'മുഹമ്മദ്‌' വിളിച്ചു.
"എന്താ ഇക്കാ ...?" അടുക്കളയിൽ നിന്നും പൂമുഖത്തേക്ക് ഓടിയെത്തിക്കൊണ്ട് ഭർത്താവിനെനോക്കി ആകാംക്ഷയോടെ മുംതാസ്  ചോദിച്ചു .

"എടീ ...ഇന്നല്ലേ മൂത്തുമ്മാടെ നാത്തൂന്റെ മോളുടെ നിക്കാഹ്. വടക്കേതിലെ അലിയാരിക്കാടെ മോൾ നഫീസുവിന്റെ ...!"

"അള്ളാ ...നേരാണല്ലോ .ഞാനതങ് മറന്നു. ഇക്കായെങ്കിലും ഇപ്പോഴിത് ഓർത്തത് നന്നായി."

"അതല്ലേലും അങ്ങനാണല്ലോ ,നിന്റെ കുടുംബക്കാരുടെ വല്ല കാര്യവുമായിരുന്നെങ്കിൽ ഒരാഴ്ചയ്ക്ക് മുന്നേതന്നെ നീ ഒരുക്കം തുടങ്ങില്ലായിരുന്നോ .ഡ്രെസ്സെടുക്കലും മറ്റുമായി ."

"ദേ ...നല്ലൊരു ദിവസമായിട്ട് നിങ്ങൾ വെറുതേ ഉടക്കാൻ വരല്ലേ .എനിക്ക് എല്ലാവരും ഒന്നുപോലെയാ .നിക്കാഹിന്റെ കാര്യം മറന്നുപോയെന്നുള്ളത് എന്റെ തെറ്റ് ."മുംതാസ് മുഖം വെട്ടിച്ചുകൊണ്ട് ഭർത്താവിനെനോക്കി പറഞ്ഞു.

"ഓ ...സമ്മതിച്ചു. നീ നല്ലവൾ തന്നെ. ഞാനായിട്ട് ഇനിയൊരു തർക്കത്തിനില്ല. നീ ജോലിതീർത്തു മോളെയൊരുക്കി വേഗം റെഡിയാകാൻ നോക്ക് .എന്തായാലും വിവാഹത്തിന് പോയേ പറ്റൂ ."മുഹമ്മദ്‌ ഭാര്യയെനോക്കി പറഞ്ഞു .

"അതെങ്ങനെ പോകും .കല്യാണത്തിന് പോകണമെങ്കിൽ നല്ലൊരു സാരിവേണ്ടേ ...?നിങ്ങളെനിക്ക് പുതിയ സാരി വല്ലതും വാങ്ങിക്കൊണ്ടുവന്നിട്ടുണ്ടോ ...?കല്യാണത്തിന് ഉടുത്തുകൊണ്ടുപോകാൻ ...?"

"അതെന്തിനാ കല്യാണത്തിന് പോകാൻ പുതിയൊരു സാരി ...?എത്രയോ നല്ല സാരികളുണ്ട് നിനക്ക് ...? അതിൽനിന്നും നല്ലതൊരെണ്ണമെടുത്ത് തേച്ചങ് ഉടുത്താൽപോരെ ...?"

"പിന്നെ ...തേച്ചുടുത്തു. മനുഷ്യന്റെ ഇടയിൽ ഉടുക്കാൻ പറ്റിയ ഒരെണ്ണംപോലും എന്റെ സാരികളുടെ കൂട്ടത്തിലില്ല. അതെങ്ങനാണ് കാണുക ...?വിലകൂടിയതൊന്നും നിങ്ങൾ വാങ്ങില്ലല്ലോ ...? എന്റെ വീട്ടുകാരുടെ വല്ല ആവശ്യവുമായിരുന്നെങ്കിൽ ഞാൻ ഉള്ളതിൽനിന്നും ഒരെണ്ണം തേച്ചുടുത്തേനേ ...പക്ഷേ, ഇതുനിങ്ങളുടെ വീട്ടുകാരുടെ ആവശ്യമാണ് . എനിക്ക് വയ്യ ആ ഡംബുകാരികളുടെ മുന്നിൽ മുഷിഞ്ഞ സാരിയുടുത്ത് ചെല്ലാൻ .അതുകൊണ്ട് കല്യാണത്തിനു പോകണമെങ്കിൽ പുതിയ സാരിതന്നെ വേണം .ഇല്ലെങ്കിൽ ഞാൻ വരുന്നില്ല .കല്യാണത്തിന് നിങ്ങൾ തനിച്ചുപോയാമതി ."മുംതാസ് തറപ്പിച്ചുപറഞ്ഞു .

ഇനിയിപ്പോൾ എന്തു ചെയ്യും .ഈ അവസാനസമയത്ത് എവിടെപ്പോയാണ് താൻ സാരി വാങ്ങിക്കൊണ്ടു വരുന്നത് .പോരാത്തതിന് ഞായറാഴ്ചയും .തന്റെ  വീട്ടുകാരുടെ പൊങ്ങച്ചത്തിനു മുന്നിൽ ചെന്നുനിൽക്കാൻ അവൾക്ക് വയ്യത്രേ .ഇവളോളം പൊങ്ങച്ചം ഈ ഭൂമിയിൽത്തന്നെ ആർക്കും ഉണ്ടാവില്ലെന്ന് മുഹമ്മദിന് തോന്നി .എന്തുതന്നെയായാലും ഈ അവസരത്തിൽ ഉടക്കുന്നത് നന്നല്ല .എങ്ങനേയും മുംതാസിനെ അനുനയിപ്പിച്ചു വിവാഹത്തിന് കൊണ്ടുപോയെ പറ്റൂ .അതിനെന്താണ് ഒരു മാർഗം അവൻ മനസ്സിൽ ആലോചിച്ചു .

"നിനക്ക് വേറെ സാരി കൂടിയേ തീരൂ എന്നാണെങ്കിൽ അയൽവക്കത്തെ രാധികയോട് നല്ലൊരു സാരി കടം മേടിക്ക് .അവൾക്ക് ഒരുപാട് നല്ല സാരികളുണ്ടല്ലോ ...?അതല്ലാതെ ഈ സമയത്ത് ഞാനെവിടെപ്പോയി സാരി വാങ്ങിക്കൊണ്ടു വരാനാണ് ...?"പറഞ്ഞിട്ടവൻ അവളുടെനേർക്ക് നോക്കി .

"ഏത് ...ആ സുന്ദരിക്കോതയുടെ അടുത്തോ ...?അവളുടെ മുന്നിൽച്ചെന്നു കെഞ്ചാനൊന്നും എനിക്കു വയ്യ .അവളുടെ ഒരു പത്രാസ് കണ്ടാലുംമതി .ഒരു പൊങ്ങച്ചക്കാരി ."മുംതാസ് ഭർത്താവിനെനോക്കി പുച്ഛത്തോടെ പറഞ്ഞു .

ഇനിയിപ്പോൾ എന്തുചെയ്യും ...?മുംതാസ് പറഞ്ഞതുപോലെ അഹങ്കാരിയോ ,പൊങ്ങച്ചക്കാരിയോ ഒന്നുമല്ല രാധികയെന്ന് മുഹമ്മദിന് അറിയാമായിരുന്നു .പക്ഷേ ,എന്തുചെയ്യാം തന്റെ ഭാര്യയുടെ അഭിമാനം അവൾക്കു മുന്നിൽ ചെന്നു സാരി ചോദിക്കാൻ അനുവദിക്കുന്നില്ലല്ലോ .

"എടി ...നീ പറയുമ്പോലെ അത്ര ഭയങ്കരിയോന്നുമല്ല രാധിക .നീ ചെന്ന് ചോദിച്ചാൽ അവൾ സാരിതരും .ഒരുദിവസത്തെ കാര്യമല്ലേ ...?കല്യാണത്തിനുപോയി മടങ്ങിവന്നാലുടനെ സാരി കഴുകിതേച്ചു മടക്കി കൊടുക്കാമല്ലോ ...?"

"ഞാൻ പറഞ്ഞല്ലോ എനിക്കുവയ്യ അവളുടെ മുന്നിൽ ചെന്നു കെഞ്ചാൻ .കല്യാണത്തിനു പോയില്ലെങ്കിൽ പോയില്ലെന്നല്ലേ ഉള്ളൂ .ഇനി കല്യാണത്തിനു പോയേ തീരൂ എന്നാണെങ്കിൽ നിങ്ങൾതന്നെ അവളോട് പോയി ചോദിക്ക് .നിങ്ങൾതമ്മിൽ വലിയ സുഹൃത്തുകളല്ലേ ...?അവൾ സാരി തരാതിരിക്കില്ല ."ഭർത്താവിനെനോക്കി കൂസലില്ലാതെ പറഞ്ഞിട്ട് അവൾ തിരികെ അടുക്കളയിലേക്ക് നടന്നു .

ഭാര്യയുടെ ആ പെരുമാറ്റംകണ്ട് ദേഷ്യം വന്നെങ്കിലും എതിരൊന്നും പറയാതെ അവൻ മെല്ലെ എഴുന്നേറ്റ് അയൽവീട്ടിലേക്ക് നടന്നു .

ഏതാനും സമയം കഴിഞ്ഞപ്പോൾ അയാൾ രാധികയുടെ കൈയിൽ നിന്നും വാങ്ങിയ സാരിയുമായി വീട്ടിൽ തിരികെയെത്തി .

"ഇതാ സാരി .ഇനി സാരിയില്ലെന്നുപറഞ്ഞു കല്യാണം മുടക്കേണ്ട .അലക്കിമടക്കി വെച്ചിരുന്നതാണ് .ഒന്നു തേച്ചെടുത്താൽ മതി ."പറഞ്ഞിട്ട് സാരിയടങ്ങിയ കവർ അവൻ ഭാര്യയ്ക്കുനേരെ നീട്ടി .

"ആഹാ ...കൊള്ളാല്ലോ .ഞാനാഗ്രഹിച്ച സാരിതന്നെ അവൾ തന്നുവിട്ടല്ലോ .ഞാൻ പറഞ്ഞില്ലേ ഇക്കാ ,പോയി ചോദിച്ചാൽ അവൾ സാരി തരുമെന്ന് .ഇക്കാനെ കാണുമ്പോഴുള്ള അവളുടെ ഒരു ഒലിപ്പീരു ഞാൻ കാണുന്നതല്ലേ ."

"വെറുതേ ഇല്ലാത്തതൊന്നും പറയണ്ട നീയ്. വേഗം റെഡിയാകാൻ നോക്ക് ഇനിയെങ്കിലും ."ഭാര്യയെനോക്കി തറപ്പിച്ചുപറഞ്ഞിട്ട് അവൻ തന്റെ മുറിയിലേക്ക് നടന്നു .ഈ സമയം ചുണ്ടിൽ ഒരു ഗൂഢസ്മിതവുമായി മുംതാസ് സാരിയുംകൊണ്ട് അയൺബോക്സിരിക്കുന്ന ടേബിളിനരികിലേക്ക് നടന്നു .

"ഇക്കാ ...ഇങ്ങോട്ടൊന്ന് ഓടിവന്നേ ."അകത്തുനിന്നും മുംതാസിന്റെ നിലവിളികേട്ട് മുറ്റത്തുനിന്നു ഷേവ് ചെയ്തുകൊണ്ടുനിന്ന മുഹമ്മദ്‌ വീടിനുള്ളിലേക്ക് ഓടിയെത്തി .

"എന്താ ...എന്തുണ്ടായി ...?എന്തിനാണ് നീ നിലവിളിച്ചത് ...?"ഭാര്യയെനോക്കി അവൻ ആകാംക്ഷയോടെ ചോദിച്ചു .

"ദേ ...ഇതുകണ്ടോ ...?സാരി തേച്ചപ്പോൾ തേപ്പുപെട്ടിയിൽ ഒട്ടിപ്പിടിച്ചു."

"അല്ലാഹുവേ ...ഇതുമുഴുവൻ ഉരുകിപ്പോയല്ലോ. നീ ഇത് എവിടെനോക്കിയാണ് തേച്ചത് ...?ആ രാധികയോട് ഞാനിനി എന്തുപറയും ...?"മുഹമ്മദ്‌ ആവലാതിപൂണ്ടു .

"എന്ത് പറയാൻ. തേച്ചപ്പോൾ ഉരുകിപ്പിടിച്ചെന്നു പറയണം. അല്ലാതെ നമ്മളാരും മനപ്പൂർവ്വം ചെയ്തതൊന്നും മല്ലല്ലോ ."മുംതാസ് സാരി കട്ടിലിലേക്ക് ഇട്ടുകൊണ്ട് കൂസലന്ന്യേ പറഞ്ഞു .

"എന്നാലും ...നമ്മളെ വിശ്വസിച്ചൊരു മുതൽ തന്നിട്ട് .അതുനശിപ്പിച്ചു കളഞ്ഞു എന്നുപറഞ്ഞാൽ ...എത്രരൂപാ വിലയുള്ളതാണ് ."മുഹമ്മദ്‌ വീണ്ടും ആവലാതികൊണ്ടു .

"ഇക്കാ വെറുതേ ഭയക്കാതിരി .അവളോട് ഞാൻ പറഞ്ഞോളാം .വേണ്ടിവന്നാൽ അവളുടെ സാരിയുടെ പൈസ കൊടുക്കണമായിരിക്കും .അതിൽകൂടുതലൊന്നുമില്ലല്ലോ ...?ഇത് അവളുടെ പൊങ്ങച്ചത്തിനു കിട്ടിയ തിരിച്ചടിയാണ് .ഈ സാരിയും ഉടുത്തുവന്നവൾ സ്കൂൾ പിടിഎയിലും ,അയൽക്കൂട്ടത്തിലുമൊന്നും കുറച്ചല്ല ഷൈൻ ചെയ്തത് .ഇനി ഇതുമുടുത്തവൾ പുറത്തിറങ്ങില്ലല്ലോ ...?"പുഞ്ചിരിയോടെ മുംതാസ് കട്ടിലിൽ കിടന്ന ഉരുകിയ സാരിക്കുനേരെ നോക്കിപറഞ്ഞു .

"നിർത്തുന്നുണ്ടോ നിന്റെയൊരു സംസാരം പറച്ചിൽ .ഓരോന്നു ചെയ്തുകൂട്ടിയിട്ടു നിന്നു പ്രസംഗിക്കുന്നോ ...?"അവൻ ഭാര്യക്കുനേരെ ശബ്ദമുയർത്തി .ഭാര്യയുടെ അഹങ്കാരവും ,അസൂയയും നിറഞ്ഞ പ്രവൃത്തിയോർത്ത് അവന് സങ്കടവും ദേഷ്യവും വന്നു .മുംതാസ് മനപ്പൂർവ്വം രാധികയുടെ സാരി നശിപ്പിച്ചതാവുമെന്ന് അവന് തോന്നി .

"ആദ്യം സാരിയില്ലാത്തതിന്റെ പേരിൽ നീ വിവാഹത്തിനു വരുന്നില്ലെന്ന് പറഞ്ഞു .ഇപ്പോൾ വിവാഹത്തിനുപോകാനായി ഞാൻ അയൽവീട്ടിൽനിന്നും വാങ്ങിക്കൊണ്ടുവന്ന സാരി നീ നശിപ്പിച്ചു .ഇനി എന്താണ് നിന്റെ തീരുമാനം ...?നീ വിവാഹത്തിനു വരുന്നോ ...ഇല്ലയോ ...?"

"സംഭവിക്കാനുള്ളത് സംഭവിച്ചു .ഇനിയിപ്പോൾ അതിനെകുറിച്ചുപറഞ്ഞുകൊണ്ട് നമ്മൾ തമ്മിൽ വഴക്കിട്ടിട്ടു കാര്യമില്ല .എന്തായാലും ഇക്കാ ഒരുപാട് ആഗ്രഹിച്ചതല്ലേ ...ഒരുമിച്ചു വിവാഹത്തിനു പോകാൻ .അതുകൊണ്ട് ഇക്കാക്കയ്ക്ക് വേണ്ടി ഞാൻ വിവാഹത്തിനു വരാം ."

"അപ്പോൾ സാരിയോ ...?"അവൻ വിശ്വാസം വരാത്തതുപോലെ ഭാര്യയെനോക്കി.

"അതിപ്പോൾ ...തൽക്കാലം എനിക്കുള്ളതിൽ നിന്നും നല്ലൊരു സാരിനോക്കി തേച്ചുടുക്കാം." ഭർത്താവിനെനോക്കി മുംതാസ് പുഞ്ചിരിയോടെ പറഞ്ഞു .

മുഹമ്മദ്‌ മറുപടിയൊന്നും പറഞ്ഞില്ല .പകരം അവളെനോക്കി ദേഷ്യം കടിച്ചമർത്തികൊണ്ടവൻ പൂമുഖത്തേക്ക് നടന്നു .

അന്ന് വിവാഹത്തിനുപോയി മടങ്ങുംവഴി ടൗണിലുള്ള വലിയ തുണിക്കടയ്ക്കുമുന്നിൽ മുഹമ്മദ്‌ കാർ നിർത്തി .എന്നിട്ട് മുംതാസിനേയും കൂട്ടിയവൻ കടയിലേക്ക് കയറി .

"എന്തിനാണിക്കാ ...നമ്മളിപ്പോൾ കടയിൽ കയറുന്നത് ...?"

"ഒരു സാരി വാങ്ങാൻ .ഇന്ന് രാവിലേ നീ തേച്ച് ഉരുക്കിക്കളഞ്ഞില്ലേ രാധികയുടെ സാരി .അതുപോലുള്ള ഒരു സാരി വാങ്ങാൻ ."

"എനിക്കാണോ ഇക്കാ സാരി ...? അതിന് ഒരുപാട് വിലയാവില്ലേ ...?" മുംതാസ് ആകാംക്ഷയോടെ ഭർത്താവിനെനോക്കി .

"നിനക്കല്ലാതെ പിന്നെ ആർക്കാണ് ഞാൻ സാരി വാങ്ങുക. ഇന്നുരാവിലെ നീ സാരിയുടെ പേരിൽ എന്തൊക്കെ കോലാഹലങ്ങളാണ് ഉണ്ടാക്കിയത് .അപ്പോഴേ ഞാൻ മനസ്സിലുറപ്പിച്ചതാണ് എത്രരൂപയായാലും അതുപോലൊരു സാരി നിനക്കും വാങ്ങണമെന്ന് ."പറഞ്ഞിട്ടവൻ ഭാര്യയെനോക്കി പുഞ്ചിരിതൂകി .

സാരിയുംവാങ്ങി മടങ്ങിവരും വഴി രാധികയുടെ വീടിനുമുന്നിലെത്തിയതും ... മുഹമ്മദ്‌ കാർ നിർത്തി പുതുതായി വാങ്ങിയ സാരിയടങ്ങിയ കവറുമായി പുറത്തിറങ്ങി .എന്നിട്ട് മുംതാസിനോട് കാറിൽ നിന്നും ഇറങ്ങാൻ പറഞ്ഞു .

"എന്തിനാണ് ഇവിടെ ഇറങ്ങുന്നത് ...?"മുംതാസ് അത്ഭുതത്തോടെ ഭർത്താവിനെനോക്കി.

"വെറുതേ ...രാവിലേ രാധികയോട് വാങ്ങിയ സാരി കത്തിപ്പോയ കാര്യം അവളോട് പറയാൻ."

"അതിനിപ്പോൾ തന്നെ പോകണോ ...?വീട്ടിലെത്തിയിട്ടു പതിയെ പോയാലും പോരേ ...?"

"അതുപോര ...ഇപ്പോൾ തന്നെ പോകണം ."

"അല്ലെങ്കിലും ഞാൻ വരണോ ...?ഇക്കതന്നെ രാധികയോട് വിവരം പറഞ്ഞാൽപോരെ ...?ഇക്കയാണല്ലോ സാരി രാധികയോട് സാരി വാങ്ങിയത് ...?"മുംതാസ് മടിച്ചുമടിച്ചു ഭർത്താവിനെനോക്കി ചോദിച്ചു .

"ഞാനല്ല രാധികയോട് വിവരം പറയേണ്ടത് .നീയാണ് പറ്റിപ്പോയ അബദ്ധത്തെക്കുറിച്ച് രാധികയോട് ഏറ്റുപറഞ്ഞു മാപ്പിരക്കേണ്ടത് .മാപ്പുപറഞ്ഞാൽ മാത്രം പോര ഈ സാരി രാധികയ്ക്ക് നൽകുകയും വേണം ."പറഞ്ഞിട്ട് സാരിയടങ്ങിയ കവർ അവൻ അവളുടെ കൈയിൽ കൊടുത്തു .

"ഇക്കാ ...ഈ സാരി എനിക്കാണെന്നുപറഞ്ഞു വാങ്ങിയിട്ട് ഇപ്പോൾ രാധികയ്ക്ക് കൊടുക്കണമെന്നോ ...?ഞാൻ സമ്മതിക്കില്ല .ഇതെനിക്ക് വേണം ."

"പറഞ്ഞുതീർന്നതും മുഹമ്മദിന്റെ വലതുകൈ മുംതാസിന്റെ കവിളിൽ ആഞ്ഞുപതിച്ചു .തുടർന്ന് പല്ലുകൾ കടിച്ചമർത്തികൊണ്ട് അവൻ അവളെനോക്കിപ്പറഞ്ഞു.

"പോ ...മര്യാദയ്‌ക്കുപോയി സാരികൊണ്ടുപോയി കൊടുത്തിട്ടുണ്ട് രാധികയോട് മാപ്പ് പറ. ബാക്കിയൊക്കെ വീട്ടിൽ വന്നിട്ട് ."

മകളെയുംകൊണ്ട് മുഹമ്മദ്‌ വീട്ടിലേയ്ക്ക് കാറോടിച്ചുപോകുമ്പോൾ... രാധികയ്ക്ക് കൊടുക്കാനുള്ള സാരിയടങ്ങിയ കവറുമായി മുംതാസ് റോഡരികിൽ തരിച്ചുനിന്നു. അവളുടെ മുഖം വിളറിവെളുത്തു .അറിയാതെയെന്നവണ്ണം അവളുടെ കൈ അടികൊണ്ട കവിളിൽ പരതിക്കൊണ്ടിരുന്നു.