കരയല്ലേ കരികളെ
കരയാതിരിക്കുക, നിൻ
കരയിൽ കയറുവോർ
കരയില്ല നിശ്ചയം. 

കാടായ കാടുകൾ
നാടായി മാറ്റുന്നു,
നാട്ടിലെ കൊള്ളകൾ
കാട്ടിലും കാട്ടണ്ടേ? 

കാടെല്ലാം നാടത്രെ
നാട്ടിൻ നിയമത്തിൽ,
നീതി നീ നോക്കേണ്ട
നോക്കണം ജീവനെ. 

കുരുക്കുന്നവർ നിന്നെ,
പിരിക്കുന്നവർ നിന്നെ.
പെരുക്കുന്നവർ നിന്നെ,
മെരുക്കുന്നവർ നിന്നെ. 

മുറിവാലൻ, കുറിവാലൻ,
മുറിക്കൊമ്പ,നരിക്കൊമ്പൻ;
മുറിയാത്ത ഭാവനയ്-
ക്കെന്തെല്ലാം പേരുകൾ? 

ലൈവായി കാണിക്കാൻ
ചാനലുകാരെത്തും,
മത്സരം കാണിച്ച്
നിന്നെയവർ വിൽക്കും. 

നി,ന്നാവാസം,മാഭാസ-
മാക്കാൻ മടിക്കില്ല,
നിൻ മരണത്തിൻ വേദന-
യൊപ്പിയെടുക്കാനും. 

ഗജങ്ങളെ കരുതുക
ഗജത്താരകളിന്നില്ല,
താരങ്ങളുമില്ല
നാട്ടിലിറങ്ങല്ലേ....