• MR Points: 0
thakara by bharathan
Dr. Shafy Muthalif
ഒരു സിനിമാ പ്രിയൻ ആയിരുന്നു ഞാൻ, ഇപ്പോഴും ആണെന്ന് പറയാം. ഒരുപാട് സമയം ജീവിതത്തിൽ സിനിമ കണ്ട് കളഞ്ഞിട്ടുണ്ട്. മറ്റ് പല കാര്യങ്ങളെയും പോലെ അതൊന്നും നഷ്ടമായി കരുതിയിട്ടില്ല. പ്രീഡിഗ്രി സമയത്തെ ഷിഫ്റ്റ് സമ്പ്രദായത്തിലുള്ള ക്ലാസ്സുകൾ സമ്മാനിച്ച അലസ മദ്ധ്യാഹ്നങ്ങൾ സിനിമാ പ്രിയത്തിന് ആക്കം കൂട്ടി. മമ്മൂട്ടിയുടെ കൗരവർ,ജോണിവാക്കർ മുതലായ സിനിമകൾ എല്ലാം ഡിസ്കസ് ചെയ്ത് കൂട്ടുകാരൻമാർ തെയ്സീർ ,വികാസ് എന്നിവരുടെ കൂടെ ചിലവഴിച്ച സമയങ്ങൾ. എൻ്റെ ചാരനിറത്തിലുള്ള ഹീറോ റേഞ്ചർ സൈക്കിൾ എന്നെ ഡബിൾ വച്ച് കൊണ്ട് കരുത്തനായ വികാസ് മന്ദം മന്ദം ചവിട്ടുമായിരുന്നു. മെഡിക്കൽ കോളേജ് സ്വപ്നങ്ങളെ കുറിച്ച് അപ്പോൾ ഞങ്ങൾ സംസാരിക്കുമായിരുന്നു. “ടാ, അവിടെ പെണ്ണുങ്ങൾ റാഗ് ചെയ്യാൻ വരുന്നാ കേട്ടത്“, പെണ്ണുങ്ങൾ റാഗ് ചെയ്യാൻ വരുന്ന ആ സുന്ദര മനോഹര മെഡിക്കൽ കോളേജിൽ പഠിക്കാൻ ഞങ്ങൾ ആഗ്രഹിച്ചു. അതിന് ഭാഗ്യം സിദ്ധിച്ചത് പക്ഷേ എനിയ്ക്ക് മാത്രമായിരുന്നു. മെഡിക്കൽ കോളേജ് കാലത്ത് കണ്ട സിനിമകളിൽ ഷാരൂഖ് ഖാൻ എന്ന ഒരു ഹിന്ദിക്കാരൻ പ്രധാന കഥാപാത്രമാകുമെന്ന് ഞാൻ കരുതിയതേ ഇല്ല. ദിൽവാലെ ദുൽഹനിയ ലേ ജായേംഗെ എന്ന സിനിമയിലൂടെ ആ മീശ ഇല്ലാത്ത ചപ്ര മുടിയുള്ള വിക്കി വിക്കി സംസാരിക്കുന്ന മനുഷ്യൻ സ്വപ്നങ്ങളുടെ ഒരു മായിക പ്രപഞ്ചം എൻ്റെ മുന്നിൽ വിരിയിച്ചു. പിന്നീട് ദിൽ തോ പാഗൽ ഹെ എന്ന സിനിമ. അത് പോലെ മിൻസാരക്കനവുകൾ തുടങ്ങിയ എ ആർ റഹ്മാൻ പാട്ടുകളുടെ മാജിക് സിനിമകൾ.
പക്ഷേ ഞാൻ കണ്ട ആദ്യ സിനിമ ഏതാണ് ? അത് തകര എന്ന മലയാള സിനിമ ആയിരുന്നു . അന്ന് ഞങ്ങൾ താമസിച്ചിരുന്ന ഒല്ലൂർ പോലീസ് ക്വാർട്ടേഴ്സിൽ നിന്നും നടക്കാവുന്ന ദൂരത്തിലുള്ള മരത്താക്കര മഞ്ജു എന്ന കറുത്ത ചായം തേച്ച ഓല ടാക്കീസിൽ. രാത്രി സെക്കൻഡ് ഷോ ആയിരുന്നു അത്. ഞാൻ ഉറങ്ങുകയായിരുന്നു അതിനാൽ എന്നെ എടുത്ത് തോളിലിട്ടായിരുന്നു മാതാപിതാക്കൾ സിനിമയ്ക്ക് പോയത്. വളരെ ചെറുതായിരുന്നതിനാൽ ആ സിനിമ കാണാൻ പോയാലും എനിക്ക് ഒന്നും മനസ്സിലാവില്ലെന്നോ എനിക്ക് ഒന്നും ഓർമ്മ കാണില്ല എന്നോ വിചാരിച്ചു കാണണം. പക്ഷേ സിനിമ തുടങ്ങിയ ഉടനേ ഉറക്കം വിട്ട ഞാൻ മുഴുവൻ സിനിമ കണ്ണടയ്ക്കാതെ തന്നെ കണ്ടു. എനിക്ക് പനങ്കുല പോലെ മുടിയുള്ള ഭംഗിയുള്ള നായികയെ ഓർമ്മയുണ്ട്. സമുദ്രതീരം തീർക്കുന്ന സംഗീത സാഗരം ഓർമ്മയുണ്ട്. നിഷ്കളങ്കനായ നായകനും കരുത്തുറ്റ വില്ലനും തമ്മിൽ ത്രാസുകൊണ്ട് പരസ്പരം അടിക്കുന്ന സീൻ ഉള്ള ആ ചോര മണക്കുന്ന പ്രണയ സിനിമ ഇപ്പോഴും ഓർമ്മയിലുണ്ട് .

കൂടുതൽ വായനയ്ക്ക്