രാവിലെ കുഞ്ഞിന്റെ ഉറക്കെയുള്ള കരച്ചിൽ കേട്ടുകൊണ്ടാണ് ചാടിയെഴുന്നേറ്റത്. അടുക്കളയിൽ നിൽക്കുന്ന ആളിനെക്കണ്ട്തുപോലൊരു രൂപം!!

"ചുമ്മാതെ മനുഷ്യനെ പേടിപ്പിക്കാനായിട്ട് രാവിലെ ഓരോ കോലവും കെട്ടി നിന്നോളും. നീയാ കൊച്ചിനെ പേടിപ്പിക്കാതെ മോന്ത കൊണ്ടുപോയി കഴുക് പെണ്ണെ.. "

"ശ്ശോ! ഇത് കഴുകി കളയാനോ? ഞാൻ യൂട്യൂബിൽ കണ്ടതാ. കാപ്പിപ്പൊടിയും തേനും കൂടി മിക്സ്‌ ചെയ്തതാ അറിയാമോ? പതിനഞ്ച് മിനിറ്റ് കഴിയാതെ ഇത് കഴുകി കളയുന്ന പ്രശ്നമില്ല."

ദൈവമേ ! അന്യായ വില കൊടുത്തു വാങ്ങുന്ന കാപ്പിപ്പൊടിയോ!! വന്നു വന്ന് അതിനും രക്ഷയില്ലാണ്ടായോ!! അവടെയൊരു യൂട്യൂബ്. കൊച്ച് അവടെ ഏണേലിരുന്ന് വാ തുറന്നു കരയുന്നു. താൻ വരെ പേടിച്ചു പോയി പിന്നല്ലേ ഇത്തിരിയില്ലാത്ത പൊടി കൊച്ച് !

അമ്മ ഇവിടില്ലാഞ്ഞത് കാര്യമായി. ഇല്ലെങ്കിൽ കാപ്പിപ്പൊടി മാത്രമല്ല പഞ്ചസാര കൂടി ഇട്ട് അവളെ കാപ്പി വെച്ച് കുടിച്ചേനെ!

കൊച്ചിനെ കൊണ്ട് തന്നിട്ട് അവൾ ചാടിത്തുള്ളി അടുക്കളയിലേക്കു പോയി..

"മോള് പേടിക്കേണ്ട കേട്ടോ.. ഇത് നിന്റെ അമ്മയുടെ സ്ഥിരം പരിപാടി അല്ലെ.. ഇന്ന് കാപ്പിപ്പൊടി.. നാളെ ഇനി മുളക് പൊടി എടുത്തു വാരിപൂശാതിരുന്നാൽ മതിയായിരുന്നു !"

കൊച്ചിന് അത് കേട്ട് ചിരി വന്നോ എന്തോ. പല്ലില്ലാത്ത മോണ കാട്ടി അവൾ വാ തുറന്നു ചിരിച്ചു!

ഇന്നത്തെ കാപ്പിയുടെ കഥ കഴിഞ്ഞോ ആവോ !അടുക്കളയിൽ എന്തൊക്കെയോ തട്ടും മുട്ടും കേൾക്കുന്നു..
ചൂട് കാപ്പി കപ്പ് തന്റെ നേർക്ക് നീട്ടിയിട്ട് അവൾ ഒരു പേപ്പർ എടുത്തു കാണിച്ചു.

"ദേ. ഇത് കണ്ടോ. ഇനി മുതൽ നമ്മൾ രണ്ട് പേരും കൂടി ഈ വീട്ടിൽ ചെയ്യേണ്ട ജോലിയുടെ ചാർട്ട് ആണ്.. മോൻ ഇനി അങ്ങനെ സുഖിക്കാമെന്നു കരുതണ്ട.. "

"ങേഹേ ! അതിനു നീ ജോലിക്കൊന്നും പോകുന്നില്ലല്ലോ.. ഇവിടെ നിനക്ക് ഒറ്റയ്ക്ക് ചെയ്യാവുന്ന പണിയൊക്കെയുള്ളല്ലോ.. പിന്നെ വേണമെങ്കിൽ കൊച്ചിനെ ഒന്നെടുക്കാനൊക്കെ ഞാനും സഹായിക്കാം."

അടുത്തിരുന്ന ചപ്പാത്തി ഒരുട്ടുന്ന തടി മുന്നിൽ കണ്ട് ഒരകലം പാലിച്ചു കൊണ്ടാണ് ഞാനത് പറഞ്ഞത്.

"പൊക്കോണം അവിടുന്ന്. കൊച്ചിനെ എടുക്കുന്നതാണോ ഇത്ര വലിയ ജോലി !
ഇനി മുതൽ ഞാനും ജോലിക്ക് പോകുവാ. അത് തന്നാ പറഞ്ഞത്.."

"ഈ പൊടി കൊച്ചിനെ ഇട്ടിട്ട് നീയെങ്ങോട്ട് പോകാനാ. ആ പൂതി നിന്റെ മനസ്സിൽ ഇരിക്കത്തെയുള്ളൂ. പറഞ്ഞില്ലെന്ന് വേണ്ടാ.. "

"എങ്കിൽ പോയി നിങ്ങടെ അമ്മയെ വിളിച്ചോണ്ട് വാ. കൊച്ചിനെ നോക്കാൻ. "

"എന്നെക്കൊണ്ട് ഒന്നും പറയിപ്പിക്കരുത്. അമ്മയെ ആരാടീ ഓടിച്ചു വിട്ടത്. പാവം ഇവിടുണ്ടായിരുന്നപ്പോൾ എനിക്കൊരു സഹായമായിരുന്നു."

അവൾ ദേഷ്യം മുഴുവനും ചപ്പാത്തി മാവിൽ തീർക്കുന്നത് കണ്ടപ്പോൾ ഒരാശ്വാസം തോന്നി.
ഇന്നെങ്കിലും നല്ല മയത്തിലുള്ള ചപ്പാത്തി തിന്നാമല്ലോ!

കുളിയും തീറ്റിയും ഒരുക്കവും എല്ലാം വളരെ പെട്ടെന്നായിരുന്നു. ബൈക്ക് സ്റ്റാർട്ടാക്കുമ്പോൾ
പുറത്തേക്കൊന്നും കാണാഞ്ഞ ഭാര്യയെ തപ്പാനൊന്നും മെനക്കെട്ടില്ല. കൊച്ചിനെ ഉറക്കുവായിരിക്കും..

ദൈവമേ കുഞ്ഞിനെ ഇട്ടിട്ട് അവളെങ്ങാനും ജോലിക്കെന്നും പറഞ്ഞു ഒരുങ്ങിക്കെട്ടി പോകുമോ??
അമ്മയുള്ളപ്പോൾ വെറുതെ ഓരോന്നും പറഞ്ഞു രണ്ടും കൂടി വഴക്കാണ് നിത്യവും.

പിന്നെ സഹികെടുമ്പോൾ കുറച്ചു തുണിയും കവറിലാക്കി അമ്മ മൂത്ത ചേട്ടന്റെ അടുത്തേക്ക് സ്ഥലം വിടും.
ഇതുങ്ങളുടെ ഇടയിൽ പെട്ട് താനും കുഞ്ഞും ടിപ്പർ കേറിയ സ്കൂട്ടറുപോലെയായി!

ഉച്ചക്ക് ജോലിക്കിടയിലും ഒരു സ്വസ്ഥത ഉണ്ടായില്ല. അവള് ജോലിക്ക് പോയി കാണുമോ? കുഞ്ഞിന്റെ കാര്യം ഓർത്തിട്ട് ഒരു എരിപൊരി. ഇപ്പോഴത്തെ തള്ളമാര് പിള്ളേരോട് ചെയ്യുന്ന കാടത്തരങ്ങൾ വായിച്ചും,കേട്ടും ഞെട്ടൽ മാറിയിട്ടില്ല. അമ്മയും വീട്ടിലില്ല.

ഫോൺ എടുത്ത് അവളുടെ നമ്പറിലേക്ക് കുറെ വിളിച്ചു. ബെല്ലടിക്കുന്നത് മാത്രം കേൾക്കാം. മറുപടി പറയാൻ വയ്യാത്തത് കൊണ്ട് എടുക്കാത്തതാവും. ഇന്ന് വീട്ടിലോട്ട് ചെല്ലട്ടെ. അവളുടെ അഹങ്കാരം തീർത്തു കൊടുത്തിട്ട് തന്നെ ബാക്കി കാര്യം.

ഒരു വിധം അഞ്ച് മണി വരെ പിടിച്ചിരുന്നു. ബൈക്കെടുത്ത് സ്പീഡിൽ പറപ്പിക്കുമ്പോൾ പലരും ലിഫ്റ്റിനായി കൈ കാണിക്കുന്നുണ്ടായിരുന്നു.

വീടിന്റെ പടിക്കൽ എത്താറായപ്പോഴേ കണ്ടു പതിവില്ലാത്ത ആളനക്കങ്ങൾ! ദൈവമേ.. എന്റെ കുഞ്ഞ് !
വണ്ടി എങ്ങോട്ടോ ഇട്ട് ചാടിയിറങ്ങി. കുറെ ചെരുപ്പുകൾ നിരന്നു കിടക്കുന്നു! അകത്തേക്ക് ഇടിച്ചു കയറിയ തന്നെ തടഞ്ഞു കൊണ്ട് പ്രായമായ ഒരു സ്ത്രീ നിൽക്കുന്നു!

"അയ്യോ അമ്മേ അത് എന്റെ ഭർത്താവാ."

"ആണോ? അറിഞ്ഞില്ല കേട്ടോ മോനെ."

അവർ ക്ഷമാപണം പോലെ പറഞ്ഞുകൊണ്ട് ഒഴിഞ്ഞു തന്നു. ഒന്നും മനസ്സിലാകാതെ നിൽക്കുന്ന തന്റെ അടുത്തേക്ക് വന്ന ഭാര്യയുടെ കയ്യിൽ കുറച്ചു മധുരം!

"സോറി കേട്ടോ.. ഞാൻ ഇന്ന് മുതൽ ഇവിടെ പകൽ വീട് തുടങ്ങി.. "

"പകൽ വീടോ?"
"അതേ,, കേട്ടിട്ടില്ലേ. പ്രായമായവരെ ഒക്കെ പകല് നോക്കുന്ന സ്ഥലം.. വൈകിട്ട് ഇവരെ വീട്ടുകാർ വന്ന് കൊണ്ടുപൊയ്ക്കൊള്ളും."

മധുരം കയ്ച്ചിട്ട് ഇറക്കാൻ പറ്റാത്ത പോലെ. കുഞ്ഞ് എവിടെ എന്ന് ചോദിക്കാൻ തുടങ്ങിയപ്പോൾ കണ്ടു ഒരു പ്രായമായ ഒരു സ്ത്രീയുടെ തോളിലിരുന്നു തന്നെ നോക്കി ചിരിക്കുന്നു !!

ഇതായിരുന്നോ ഇവള് പറഞ്ഞ ജോലി?

"ചേട്ടന് ഇഷ്ട്ടമായില്ലേ ഇതൊക്കെ? മാസം നല്ല പൈസയും കിട്ടും. കുഞ്ഞിനെ നോക്കാൻ ആളുമായി,അല്ലേ ? "

കയ്യിലിരുന്ന ബാഗ് അവളുടെ കയ്യിൽ ഏല്പിച്ചുകൊണ്ട് പുറത്തേക്കിറങ്ങി. പിറകെ അവളെന്തോ ചോദിച്ചു കൊണ്ട് ഓടി വരുന്നുണ്ടായിരുന്നു. ബൈക്കിൽ കയറി ഇരുന്ന് കൊണ്ടാണ് പറഞ്ഞത്.

"അതേ ആ രെജിസ്റ്റർ ബുക്കിൽ ഒരു പേരും കൂടി എഴുതിക്കോ. വസുമതി, വയസ്സ് എഴുപത്തി എട്ട്, അതല്ല ഇനി മകന്റെ പേര് കൂടി വേണമെങ്കിൽ പറയാം ! "

ഭാര്യയുടെ വിളറിപ്പോയ മുഖം കാണുന്നതിന് മുൻപ് വണ്ടി നേരെ ചേട്ടന്റെ വീട് ലക്ഷ്യമാക്കി പാഞ്ഞുപോയി.

കൂടുതൽ വായനയ്ക്ക്