മുരുകാണ്ടി അയിലൂരിലെ അറിയപ്പെടുന്ന അവതാരമായിരുന്നു. കുള്ളനായി, ഇളംകറുപ്പിൽ തീർത്ത കുപ്പായമിടാത്ത ബെയർ ബോഡി.  പുള്ളോക്കുടം കമഴ്ത്തിയപോലെ ഉണ്ണിക്കുടവയർ. 

അതിനു മുകളിൽ മാടി കുത്തിയ സ്വല്പം മുഷിഞ്ഞ വെള്ള മുണ്ട്‌.ചെവിയിൽ ജന്മി മാടമ്പി നായരുടേതുപോലെ സമൃദ്ധമായി നിൽക്കുന്ന രോമത്തിന്റെ ബോൺസായികൾ. ഇടത്തെ കയ്യിൽ തൂക്കിയിട്ട മുടിവെട്ട് സാമഗ്രികളുടെ കാക്കി സഞ്ചി. ഉരുണ്ടുരുണ്ടുള്ള നടത്തം. അത്രയുമായാൽ മുരുകാണ്ടിയായി.

നൂറുകണക്കിന് അയിലൂർക്കാരുടെ തലവര കണ്ട ഏക വ്യക്തി. ആളൊരു ലോക്കൽ ബി ബി സി കൂടെയായിരുന്നു. നാട്ടിലെ അതി രഹസ്യമായ പല കഥകളും മുരുകാണ്ടിയിലൂടെ വെളിച്ചം കണ്ടിരുന്നു. മുടി വെട്ടാനിരിക്കുന്ന ആളിന്റെ തരമനുസരിച്ചു കഥയുടെ ഉൾക്കാമ്പിൽകയറ്റിറക്കങ്ങളുണ്ടാകും. പുതിയ ഒരു തല കിട്ടിയാൽ അതിന്റെ ഉടമസ്ഥന്റെ അഭിരുചികൾ ആദ്യത്തെ മുടിവെട്ടിൽ തന്നെചുഴിഞ്ഞറിയാനുള്ള അസാമാന്യ പാടവം മുരുകാണ്ടിയുടെ ഇൻബോൺ ടാലെന്റ്റ് ആയിരുന്നു. അടുത്ത ഊഴത്തിനു മുരുകാണ്ടി കത്തി കയറും. അര മണിക്കൂർ പോകുന്നതും മുടിവെട്ടിക്കഴിയുന്നതും നമ്മൾ അറിയുകയേയില്ല.വലിയ കാർന്നോന്മാർക്കു മുടിവെട്ടുമ്പോൾ പിള്ളേരെ ഒന്നും അടുത്തേക്ക് അടുപ്പിക്കില്ല. കാരണം അവിടത്തെ സംഭാഷണ വിഷയം അഡൾട്സ് ഒള്ളിയായിരിക്കും. അങ്ങിനെ നാട്ടിലെ പ്രണയങ്ങൾ, ഗർഭങ്ങൾ, മരണങ്ങൾ എന്നീ സംഭവങ്ങൾക്കു പുറമെ അവിഹിതങ്ങൾ, കുടുംബ കലഹങ്ങൾ എന്നുവേണ്ട ഗോപ്യമാക്കി വെക്കേണ്ട കാര്യങ്ങൾ എല്ലാം ഒരു സ്ഥലത്തു നിന്നെടുക്കുകയും മറ്റൊരു സ്ഥലത്തു നിങ്ങൾ ആരോടും പറയരുത് എന്ന ഉഗ്രമായ താക്കീതോടെ കൊടുക്കകയും ചെയ്യുമായിരുന്നു. എടുക്കേണ്ട സ്ഥലവും കൊടുക്കേണ്ട സ്ഥലവും കണിശമായി കണ്ടുപിടിക്കുന്നത് അദ്ദേഹത്തിന്റെ ഒരു സിദ്ധിയായിരുന്നു എന്ന് പറയാം. കാരണം മുരുകാണ്ടി ഇങ്ങനെ പറഞ്ഞു, അങ്ങിനെ പറഞ്ഞു എന്ന് പറഞ്ഞു കൊണ്ട് അയിലൂരിൽ നാളിതുവരെ ഒരു കശ പിശ പോലും ഉണ്ടായതായി രേഖകളില്ല എന്നത് തന്നെ.

ദേശത്ത്‌ മുരുകാണ്ടിക്കുള്ളത്ര ജനസമ്പർക്കം സ്ഥലം പഞ്ചായത്തു പ്രസിഡന്റ് സുകുമാരൻ വക്കീലിന് പോലും ഉണ്ടാകാൻ വഴിയില്ല. എനിക്കും ചൂരിക്കും മുടിവെട്ടെന്ന ധ്വംസനം നടത്താറ്  മുത്തശ്ശന്റെ  ആസ്ട്രേലിയൻ ആപ്പിൾ പോലെ തിളങ്ങുന്ന കഷണ്ടിക്ക് ചുറ്റുമുള്ള നരയൻ രോമം വടിച്ചു മാറ്റാൻ വരുന്ന ചിന്നചാമിയാണ്. ചിന്നചാമിക്ക് കണ്ണിൽ തിമിരം കേറി വഴിനടക്കാൻ മാത്രമേ കാഴ്ച പര്യാപ്തമായിരുന്നുള്ളൂ. മുടികൾ ദൃഷ്ടി പരിധിക്കു പുറത്തായിരുന്നു. അതിനാൽ ഞങ്ങളുടെ മുടി വെട്ടിക്കഴിഞ്ഞാൽ ചെവിക്കിടയിൽ വരമ്പത്തു നിന്ന് പാടത്തെ വെള്ളത്തിൽ നിന്നും ഞണ്ടിനെ പിടിക്കാൻ ഞങ്ങൾ ഇട്ടുകൊടുക്കുന്ന ചെടി പോലെ അഞ്ചാറു രോമങ്ങൾ എണീച്ചു നിൽക്കും. സ്കൂളിൽ പോകുമ്പോൾ പിള്ളേര് അതിൽ പിടിച്ചു സർക്കസ്സ് കാട്ടുമ്പോൾ നാണം കെട്ടുപോകും. ചൂരിക്ക് അന്ന് കാര്യമായ സൗന്ദര്യബോധമൊന്നും ഇല്ലാത്തതുകാരണം അതൊന്നും അത്രയ്ക്ക് വലിയ പ്രശ്നമായിരുന്നില്ല. ഞാൻ അന്ന് എം. ജി. ആറിന്റെയും ജമിനി ഗണേശന്റെയും ഒക്കെ സിനിമകൾ കണ്ട്‌ തലയിൽ കുരുവിക്കൂടൊക്കെ ഉണ്ടാക്കാൻ കിണഞ്ഞു പരിശ്രമിക്കുന്ന സമയം. കുറച്ചു മുടിയൊക്കെ വളർന്നു കൂടെല്ലാം ഒരുവിധം സെറ്റ്  അപ്പു ചെയ്യുമ്പോഴാകും ചിന്നചാമിയുടെ എഴുന്നെള്ളത്തു്. പിന്നെ ടക് ടക് എന്ന് ശബ്ദമുണ്ടാക്കി ദേവികുളത്തെ റിസോർട്ടുകൾ ഇടിച്ചു നിരത്തുന്ന  ബുൾഡോസർ പോലെതലയിൽ കൂടി  ഓടുന്ന ആ സാധനം ഓരോ തവണ തലയുമായുള്ള കോൺടാക്ട് വിടുമ്പോഴും കുറെ മുടി വേരോടെ പിഴുതെടുക്കും. അപ്പോൾ വേദന കൊണ്ട് കണ്ണീന്നു  പൊന്നീച്ച പറക്കും. ആയതിനാൽ മുരുകാണ്ടിയുടെ മുടിവെട്ട് ഞങ്ങൾക്ക് അക്കരപ്പച്ച പോലെയായിരുന്നു.

ഒരു ദിവസം മുത്തശ്ശന്റെ തലയിൽ ചിന്നച്ചാമി വട്ട ഡപ്പിയിലെ സോപ്പ് പതച്ചിട്ടു കത്തി വെക്കാൻ നേരത്താണ് മുരുകാണ്ടി അഞ്ചുമൂലക്കണ്ടം കടന്ന്‌ ആ വീട്ടിലേക്ക്‌ റോഡ് പണിക്കുള്ള ടാർ വീപ്പ പോലെ ഉരുണ്ടുരുണ്ടു പോകുന്ന കണ്ടത്. അന്ന് മുത്തശ്ശന്റെ ഭരണത്തിൽ ആർട്ടിക്കിൾ മുന്നൂറ്റി എഴുപത് ഉണ്ടായിരുന്നെങ്കിലും വരും വരായ്കകൾ മറന്ന്‌ കുരുവിക്കൂട് നിലനിർത്താൻ ഞാൻ ചൂരിത്തല ചിന്നചാമിക്ക് വിട്ടു കൊണ്ട് ആ വീട്ടിലേക്കു വെച്ചടിച്ചു. തോട്ടത്തിലെ അംബര ചുംബികളായ കവുങ്ങുകളുടെ ശീതളച്ഛായയിൽ  അപ്പൂട്ടമാരുടെ തലകൾക്കു മുമ്പേമുരുകാണ്ടിക്ക്‌ തലസമർപ്പണം നടത്തി. കുരുവിക്കൂട് നിലനിർത്തിക്കൊണ്ട് മുരുകാണ്ടി തലയിൽ കലാ പ്രകടനം നടത്തി. വിജയശ്രീ ലാളിതനായി അങ്കം ജയിച്ച ചേകവരെ പോലെ തിരിച്ചു വീട്ടിൽ പോയി. അവിടെ മുത്തശ്ശനും ചിന്നച്ചാമിയും മിസ്സിംഗ് ആയ എന്നെയും കാത്തിരിപ്പാണ്. ഞാൻ മുടി വെട്ടിച്ചു എന്ന് പറഞ്ഞത് തൃണവൽക്കരിച്ചു കൊണ്ട് എന്നെ ചിന്നചാമിക്ക് മുൻപിൽ പ്രതിഷ്ഠിക്കുകയും നിർബന്ധപൂർവ്വം നിർദ്ദയമായും, നിഷ്ട്ടൂരമായും എന്റെ തലയിലെ കുരുവിക്കൂട് ഇടിച്ചു നിരത്തി ആ ടക് ടക് ക്ണാപ്പ് കൊണ്ട് കവറ ക്രാപ്പടിക്കുകയും ചെയ്തു. പിന്നെ ബാലൻ.കെ. നായർ ബലാത്സംഗം ചെയ്ത ജയഭാരതിയെ പോലെ ഞാൻ കുറെ നേരം കിഴക്കേ മുറിയുടെ മൂലയ്ക്ക് കുത്തിയിരുന്ന് കരഞ്ഞു.

കൂടുതൽ വായനയ്ക്ക്