(അബ്ബാസ് ഇടമറുക്)

ഏറെ നാളുകൾക്ക് ശേഷം ഇന്ന് മഴ പെയ്തു. പ്രകൃതിയെ ഒന്നാകെ കുളിരണിയിച്ചുകൊണ്ടുള്ള ശക്തമായ വേനൽ മഴ. മുറ്റത്ത് വീണ് ഒഴുകി പരന്ന മഴവെള്ളത്തിലേയ്ക്ക് നോക്കി അവൾ പൂമുഖത്തെ ആരഭിത്തിയിൽ ഇരുന്നു.

മഴ എന്നും അവൾക്ക് ഇഷ്ടമാണ്. അത് കണ്ട് ആസ്വദിക്കാനും, അതിൽ പങ്കുചേരാനുമെല്ലാം അവൾക്ക് എന്നും കൊതിയാണ്. അതുകൊണ്ടുതന്നെയാണ് ചാറ്റൽ അടിച്ചുകയറിയിട്ടും... ഏറെനാളുകൾക്ക് ശേഷം പെയ്ത വേനൽ മഴയെ നോക്കി അവൾ വരാന്തയിൽ തന്നെ ഇരുന്നത്. അങ്ങനെ മഴയും ആസ്വദിച്ചുകൊണ്ട് ഇരിക്കുമ്പോൾ അവളുടെ മനസ്സിലേയ്ക്ക് കഴിഞ്ഞകാലത്തിലെ ഓർമ്മകൾ ഒന്നൊന്നായി മെല്ലെ ചിറകുവിരിച്ചെത്തി.

ദാരിദ്ര്യവും, ദുഃഖവുമെല്ലാം നിറഞ്ഞ ബാല്യകാലം. നിർധനരായ മാതാപിതാക്കളുടെ നാല് പെൺമക്കളിൽ ഇളയവളായി ജനനം .ഇളയവൾ ആയതുകൊണ്ട് തന്നെ ഇത്താത്തമാരുടേയും മാതാപിതാക്കളുടേയും വാത്സല്യവും അനുകമ്പയും എന്നും അവൾക്ക് കിട്ടിയിരുന്നു .

ഇത്താത്തമാരുടെ കൈയും പിടിച്ച് മഴയിലും ,വെള്ളത്തിലും ,തോട്ടിലുമെല്ലാം ഓടിച്ചാടിയും ഒരു കുടക്കീഴിൽ എല്ലാവരുമൊത്ത് മഴ നനഞ്ഞുകൊണ്ട് സ്‌കൂളിൽ പോയതുമെല്ലാം ഒരിക്കൽക്കൂടി സുഖമുള്ള നൊമ്പരമായി അവളുടെ മനസ്സിലേയ്ക്ക് ഓടിയെത്തി. പലപ്പോഴും കുടക്കീഴിൽ നിൽക്കാൻ അവൾ തയ്യാറായില്ല ...മഴയിലൂടെ വെള്ളം തെറിപ്പിച്ചുകൊണ്ട് അങ്ങനെ ഓടിച്ചാടി നടക്കും. പാവാടയിലും ഷർട്ടിലുമെല്ലാം ചെളി തെറിപ്പിച്ചുകൊണ്ട് ... ഇതിനെല്ലാം ഉമ്മയുടെ അടുക്കൽ നിന്ന് വഴക്ക് കേൾക്കുന്നത് പലപ്പോഴും ഇത്താത്തമാർ ആയിരിക്കും.

എത്രയൊക്കെ കഷ്ടപ്പാടുകൾ ഉണ്ടായിരുന്നെങ്കിലും അതൊന്നും അറിയിക്കാതെ ബാപ്പയും ഉമ്മയും അവളേയും ഇത്താത്തമാരേയും വിവാഹം കഴിപ്പിച്ച് അയച്ചു.

വിവാഹത്തിന്റെ ആദ്യനാളുകൾ വലിയ കുഴപ്പമില്ലാതെ മുന്നോട്ടുപോയി. കൂട്ടുകുടുംബ ജീവിതം ...കുടുംബത്തിലെ മൂത്ത ആൺതരിയായിരുന്നു അവളുടെ ഭർത്താവ് .താഴെ മൂന്ന് അനുജന്മാർ .അങ്ങനെ കഴിയവേ പെട്ടെന്നാണ് കുടുംബത്തിൽ ഒന്നാകെ സന്തോഷം പടർത്തിക്കൊണ്ട് ഭർത്താവിന് സർക്കാർ സർവീസിൽ അറ്റന്റർ ജോലി കിട്ടുന്നത് .

ജീവിത പ്രശ്നങ്ങൾക്ക് ഒരു പരിഹാരം. അല്ലാഹുവിന്റെ കടാക്ഷം .എന്ന നിലയിൽ അവൾ ഒരുപാട് സന്തോഷിച്ചു .അധികം വൈകാതെതന്നെ ഒരു വാടക വീട് എടുത്തുകൊണ്ട് കുടുംബവീട്ടിൽ നിന്ന് താമസം മാറുകയും ചെയ്തു .പക്ഷേ ,ആ സന്തോഷം അധികനാൾ നീണ്ടുനിന്നില്ല ...വിധി അവളെ തോൽപ്പിച്ചു കളഞ്ഞു .ഭർത്താവിന് ജോലി സ്ഥലത്തുള്ള ഒരു സഹപ്രവർത്തകയുമായി ബന്ധം .ഈ സമയം ഒരു പെൺകുഞ്ഞിൻന്റെ അമ്മയായി കഴിഞ്ഞിരുന്നു അവൾ .എന്ത് ചെയ്യണം എന്നറിയാത്ത അവസ്ഥ .

പിന്നീടുള്ള ദിവസങ്ങൾ കണ്ണുനീരിന്റേതായിരുന്നു .തന്നെ ഉപേക്ഷിച്ചുകൊണ്ട് മറ്റൊരു സ്ത്രീയെ തേടിപ്പോയ ഭർത്താവിനെ ഓർത്ത് കണ്ണുനീർ വാർക്കാത്ത ദിനങ്ങളില്ല .മാസത്തിലൊരിക്കൽ ഭർത്താവ് അയച്ചുതരുന്ന പണം കൊണ്ട് ഒന്നിനും തികയാത്ത അവസ്ഥ .അവൾ തളർന്നില്ല ...മോളേയും നെഞ്ചോട് ചേർത്തു പിടിച്ചുകൊണ്ട് ഒറ്റയ്ക്ക് കിടന്നു .അറിയാവുന്ന കൂലിവേലകൾ ചെയ്തും ,ആടിനെ വളർത്തിയുമെല്ലാം അവൾ ജീവിതം മുന്നോട്ട് കൊണ്ടുപോയി .മകളെ പഠിപ്പിച്ചു വളർത്തി വലുതാക്കി .ഡിഗ്രി കഴിഞ്ഞതും ...എത്രയും വേഗം മകളെ വിവാഹം ചെയ്ത് അയക്കണം .കഴിഞ്ഞകാലത്തെ മനസ്സിൽ ഓർത്ത് അവൾ നെടുവീർപ്പോടെ ചിന്തിച്ചു .

"മോളെ എനിയ്ക്ക് പ്രായമായി .എത്രയും വേഗം നിന്നെ ഒരാളുടെ കൈയിൽ പിടിച്ചേല്പിക്കണം .ഇനിയും ഒറ്റയ്ക്ക് മുന്നോട്ട് പോകാൻ വയ്യ .എനിയ്ക്ക് പെട്ടെന്ന് എന്തെങ്കിലും സംഭവിച്ചു പോയാൽ നീ ഒറ്റയ്ക്ക് ആവരുത് ."

അന്ന് അവളുടെ വാക്കുകൾ കേട്ട് മകൾ ഒന്നും മിണ്ടാതെ നിന്നു .കാരണം അവൾക്ക് കുറച്ചുകൂടി പഠിക്കണം എന്നായിരുന്നു ആഗ്രഹം .പഠിച്ച് ഒരു ജോലി മേടിച്ചിട്ട് മതി വിവാഹം .എന്നതായിരുന്നു അവളുടെ തീരുമാനം .

പക്ഷേ ,അവളുടെ നിര്ബന്ധവും ,മൂത്തുമ്മമാരുടെ ഉപദേശവും കൂടി ആയപ്പോൾ അവളുടെ മോൾക്ക് അത് ധിക്കരിക്കാൻ ആയില്ല .അവൾ വിവാഹത്തിന് സമ്മതിച്ചു .അധികം വൈകാതെ തന്നെ അനുയോജ്യനായൊരു യുവാവിനെ കണ്ടെത്തി വിവാഹനിശ്ചയവും നടത്തി .

മകളുടെ വിവാഹം നിശ്ചയിച്ചതിന്റെ പിറ്റേദിവസം ഒരു പാതിരാവിൽ ആണ് കതകിൽ തട്ടിക്കൊണ്ട് അവളുടെ ഭർത്താവ് വീട്ടിലേയ്ക്ക് കടന്നുവന്നത് .അയാൾ ആകെ ക്ഷീണിച്ച് അവശനായിരുന്നു .മകളുടെ വിവാഹനിച്ചയത്തിനു വിളിച്ചിട്ടും വരാത്ത ഭർത്താവ് പെട്ടെന്ന് കടന്നുവന്നപ്പോൾ അവൾ അത്ഭുതം കൊണ്ടു .

ഒരുപാട് വർഷങ്ങൾക്ക് ശേഷം തന്റെ ഭർത്താവ് തന്നെ തേടി എത്തിയിരിക്കുന്നു. അന്യസ്ത്രീയുമായി ബന്ധം തുടങ്ങിയ ആദ്യനാളുകളിൽ മാസത്തിൽ ഒരിക്കൽ വന്ന് തന്റേയും മോളുടേയും വിവരങ്ങൾ അന്നോഷിച്ചു പോയിരുന്ന ഭർത്താവ് പിന്നീട് തീർത്തും വരാതെ ആയി. ആ സമയത്ത് എല്ലാവരും അവളെ നിര്ബന്ധിച്ചതാണ് അയാളെ ഒഴിവാക്കി മറ്റൊരു വിവാഹം കഴിക്കാൻ. പക്ഷേ ,അവൾ അതിന് തയ്യാറായില്ല... അവളുടെ മനസ്സിൽ എന്നും അയാൾക്ക് മാത്രമേ സ്ഥാനം ഉണ്ടായിരുന്നുള്ളൂ... എത്രയൊക്കെ വേദനിപ്പിച്ചിട്ടും അയാളെ വെറുക്കാനോ ...മറക്കാനോ അവൾക്ക് കഴിയുമായിരുന്നില്ല .അതുകൊണ്ടുതന്നെ രണ്ടാം ഭാര്യയുടെ കൂടെ ജീവിച്ച് മതിയായി പശ്ചാത്താപിച്ചുകൊണ്ട് തിരിച്ചെത്തിയ ഭർത്താവിനെ അവൾ വെറുപ്പൊന്നും കൂടാതെ സ്വീകരിച്ചു.

ഉണ്ടായിരുന്ന ചോരയും നീരും വറ്റി ഹൃദ്രോഗി ആയി മാറിയതോടെ രണ്ടാം ഭാര്യയും മക്കളും തള്ളിപ്പുറത്താക്കിയ കുറ്റബോധവും പേറി പാതിരാവിൽ മടങ്ങിയെത്തിയ തന്റെ ഭർത്താവിനെ ...യവ്വനകാലത്തേ തന്നെ വിധവയാക്കികൊണ്ട് തന്റെ വികാരങ്ങളും വിചാരങ്ങളും വകവെക്കാതെ മറ്റൊരു സ്ത്രീയുടെ പിന്നാലെ പോയ ഭർത്താവിനെ അവൾ സന്തോഷത്തോടെ സ്വീകരിച്ചു വേണ്ടവിധം ചികിൽസിപ്പിച്ചു ആരോഗ്യത്തോടും ,സൗന്ദര്യത്തോടും കൂടി ജീവിതത്തിലേയ്ക്ക് മടക്കി കൊണ്ടുവന്നു .

"മാപ്പ്, എന്നോട് പൊറുക്കണം ...ഞാൻ നിന്നെ ഒരുപാട് വേദനിപ്പിച്ചു ."അന്ന് അയാൾ അവളുടെ കൈയിൽ പിടിച്ചുകൊണ്ട് പൊട്ടിക്കരഞ്ഞു .

"എന്താ ഇക്കാ ഇത് .? എന്നോട് എന്തിനാ ഇങ്ങനൊക്കെ പറയുന്നേ .?എനിയ്ക്ക് ഒരിക്കലും ഇക്കയെ വെറുക്കാൻ കഴിയില്ല ."അവൾ അയാളുടെ കൈകൾ കൂട്ടിപ്പിടിച്ചു.

"ഇനിയുള്ളകാലമെങ്കിലും നമുക്ക് ഒരുമിച്ചു കഴിയണം.നഷ്ടപ്പെട്ടുപോയ ദിനങ്ങളിലെ സ്നേഹം സന്തോഷം ഒക്കെയും നമുക്ക് വീണ്ടെടുക്കണം . നമ്മുടെ മോളെ മറ്റൊരാളുടെ കൈ പിടിച്ച് ഏൽപ്പിക്കുമ്പോൾ ഇക്കയും ഉണ്ടാവണം ."അവൾ നിറമിഴികൾ തുടച്ചു .

ഏതാനും ദിവസങ്ങൾ അങ്ങനെ കഴിഞ്ഞുപോയി.ഒരു ദിവസം ഭർത്താവിന്റെ ഫോണിലേയ്ക്ക് രണ്ടാം ഭാര്യയുടെ കോൾ വന്നു .പിണങ്ങി വന്നതിന് ശേഷം ആദ്യമായി വിളിക്കുകയായിരുന്നു അവൾ .അന്ന് ഏറെനേരം ഭർത്താവ് അവളുമായി സംസാരിച്ചു .പിന്നീടുള്ള ദിവസങ്ങളിൽ ഭർത്താവിന്റെ സ്വഭാവത്തിൽ വീണ്ടും മാറ്റങ്ങൾ വന്നുചേരുന്നത് അവൾ അറിഞ്ഞു .എപ്പോൾ നോക്കിയാലും രണ്ടാം ഭാര്യയുമായി ഭർത്താവ് കൊഞ്ചുന്നതും ,കുഴയുന്നതും മാത്രം അവൾ കണ്ടു .പലതും അയാൾ തന്നിൽ നിന്ന് ഒളിക്കാൻ ശ്രമിക്കുന്നത് പോലെ അവൾക്ക് തോന്നി .പക്ഷേ ,അവൾ അതൊന്നും അറിഞ്ഞതായി ഭാവിച്ചില്ല .അധികം വൈകാതെതന്നെ അവൾ പ്രതീക്ഷിച്ചതുപോലെ ഭർത്താവ് ഒരു എഴുത്തും എഴുതി വെച്ചിട്ട് രണ്ടാം ഭാര്യയെ തേടിപ്പോയി .

ഒരിക്കൽക്കൂടി തന്നെ വഞ്ചിച്ചുകൊണ്ട് തന്നെ നിഷ്കരുണം തള്ളിക്കളഞ്ഞുകൊണ്ട് രണ്ടാം ഭാര്യയുടെ ചൂടുതേടി പോയ ഭർത്താവിനെ ഓർത്ത് വീണ്ടും കണ്ണുനീർ വാർത്തതല്ലാതെ ... ഒരിക്കലെങ്കിലും അയാളെ വെറുക്കുകയോ ശപിക്കുകയോ അവൾ ചെയ്തില്ല .

വർഷങ്ങൾ കഴിഞ്ഞുപോയിരിക്കുന്നു . ഇന്ന് അവൾ സന്തോഷവതിയാണ് .മകളോടും ,മരുമകനോടും ,കൊച്ചുമകളോടും ഒത്ത് സന്തോഷത്തോടെ കഴിയുന്നു .

ആ സമയം പെട്ടെന്നാണ് അവളുടെ ഓർമ്മകൾക്ക് തടയിട്ടുകൊണ്ട് അവളെ തേടി ആ ഫോൺകോൾ എത്തിയത് .ഭർത്താവ് ഹൃദയസ്തംഭനത്തെ തുടർന്ന് ആശുപത്രിയിൽ ആണ് .വാർത്തയറിഞ്ഞ് മകളും മരുമകനും അവളെ നോക്കി .

"ഉമ്മാ പോകുന്നുണ്ടോ .?"മരുമകൻ ചോദിച്ചു .

"തീർച്ചയായും, രാവിലേ തന്നെ പോകണം .സീരിയസ്സാണ് എന്നാണ് അറിഞ്ഞത്." അത് പറയുമ്പോൾ അവളുടെ ശബ്ദം ഇടറി. മിഴികൾ നിറഞ്ഞു തൂവി .

ഈ സമയം ഒരിക്കൽക്കൂടി പകൽ പെയ്തതിന്റെ തുടർച്ചയെന്നോണം വീണ്ടും മഴ പെയ്യാൻ തുടങ്ങി. ആ മഴയിൽ അവളുടെ മനസ്സ് വീണ്ടും കഴിഞ്ഞകാല ഓർമ്മകളുടെ ചവിട്ടുപടികൾ മെല്ലെ കയറാൻ തുടങ്ങി .

ചില ജീവിതങ്ങൾ ഇങ്ങനെയാണ് .എത്രയൊക്കെ വേദനിപ്പിക്കുന്നവരേയും വെറുക്കാനോ ,മറക്കാനോ ,തള്ളിപ്പറയാനോ ഇവർക്ക് കഴിയില്ല .