നാലാപ്പാടിനു ചിത്രകം, പൊതുവെ,യേവർക്കെന്നുമേയമ്മയായ്
കാവ്യശ്രീക്കൊരു മാല ചാർത്തിയഴകിൽകാവ്യം രചിച്ചൂ ചിരം,

നാടെങ്ങും മൃദുസ്നേഹവും മധുരമാം കാവ്യങ്ങളും നിത്യവും,
നൽകീട്ടന്നൊരു തൊട്ടിലാട്ടിയ കവേ! ബാലാമണീ! വന്ദനം.

മാതൃത്വക്കവയിത്രിയെന്നു പുകളേറീടുന്ന ബാലാമണി,
നാലാപ്പാടിനു 'ലക്ഷ്മി'യെന്ന വിധമായ് ഭൂജാതയായീ ദിനം 
അമ്മയ്ക്കെന്നുമൊരുറ്റ നല്ല തണലായ്, താങ്ങായി നിന്നൂ സദാ
സാഹിത്യത്തിനൊരമ്മയായി വളരാൻ,വൻ വൃക്ഷമായീടുവാൻ

ശുഭ്രസ്നേഹവിശുദ്ധിയൊത്ത വളമായ് നൽകീ ദിനംതോറുമേ 
പാലിച്ചുള്ളൊരു മാധവാഖ്യസഖനേയോർമ്മിച്ചിടും വേളയിൽ 
ഇന്നീ ജന്മദിനത്തിലിത്ര വിനയത്താലോർത്തിടും ഞങ്ങളി-
ന്നമ്മയ്ക്കായി നിരത്തിടുന്നിതയുതം പുഷ്പങ്ങൾ,  സ്നേഹാർദ്രമായ്!