മെസേജ് വരുമ്പോഴുള്ള ബീപ് ശബ്ദം കേട്ടപ്പോൾ വേണ്ടപ്പെട്ടവരാരോ അയച്ചതാകും എന്ന് കരുതിയാ ഫോൺ കയ്യിൽ എടുത്തത്."വളരെ വേണ്ടപ്പെട്ട "PSC "യിൽ നിന്നായിരുന്നു മെസേജ്! 2 വർഷം മുൻപ് ഡ്രഗ്സ് കൺട്രോളിൽ "ലാബ്

അറ്റൻഡർ" ഒപ്പം എറണാകുളം ആയുർവേദ കോളേജിൽ "തിയേറ്റർ അസിസ്റ്റൻഡ് "എന്നീ തസ്തികയിലേക്ക് ഞാൻ അപ്ലൈ ചെയ്തിട്ടുണ്ട് എന്നും ആ പരീക്ഷ ജനുവരി 7നു നടക്കുമെന്നും ഹാൾ ടിക്കറ്റ് വന്നിട്ടുണ്ട് എന്നുമായിരുന്നു മെസ്സേജ്.എപ്പോഴുമെന്ന പോലെ എവിടെ വച്ചാണ് പരീക്ഷ എന്നറിയാനുള്ള ആകാംക്ഷയിൽ ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്തു.കൊള്ളാലോ!കാട്ടാക്കട ക്രിസ്ത്യൻ കോളേജ്.ഒന്നുമേ പഠിക്കാതെ ഇതുവരെ എഴുതാൻ പോയിട്ടുള്ള പരീക്ഷകൾ നടന്ന സ്ഥലം വച്ച് നോക്കുമ്പോ ഇത് അത്യാവശ്യം ദൂരെ തന്നെയാണ്. പോകണോ വേണ്ടയോ എന്ന് തീരുമാനിക്കാതെ അതങ്ങു മാറ്റി വച്ചു. ഏഴാം തീയതി അതായത് ഇന്നലെ രാവിലെ പരീക്ഷ എഴുതാൻ പോകുന്നില്ലേയെന്നു അച്ഛൻ ചോദിച്ചപ്പോ പോയാലോ എന്നായി ഞാൻ. അങ്ങനെ ഞാനും അച്ഛനും കൂടി പോയി.

അപ്പച്ചിയും അച്ഛനും പണ്ട് മുതലേ പറഞ്ഞു കേട്ടിട്ടുള്ള, ഞാൻ അവരുടെ പുറകെ നടന്നു ശല്യം ചെയ്യിപ്പിച്ചു ആവർത്തിച്ചാവർത്തിച്ച പറയിപ്പിച്ചിട്ടുള്ള പണ്ടത്തെ കഥകളിൽ എല്ലാം 'കാട്ടാക്കട' എന്ന സ്ഥലം എപ്പോഴും കടന്നു വരാറുണ്ട്..അച്ഛന്റെ അമ്മയുടെ നാട്..കൊത്തുപണികൾ ഒക്കെ ചയ്തു, തടി കൊണ്ടുണ്ടാക്കിയ, നടുമുറ്റം ഒക്കെയുള്ള കുടുംബവീടും കാവും തെക്കതും ഒക്കെ അപ്പച്ചിയുടെയും അച്ഛന്റേയുമൊക്കെ ബാല്യകാല സ്മരണകളിൽ ഇപ്പോഴും മായാതെ കിടപ്പുണ്ട്. ഇതൊക്കെ കേട്ട് തുടങ്ങിയ നാൾ മുതൽ അവിടം വരെ ഒന്ന് പോകണം എന്ന് ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട്. എന്തിനേറെ പറയുന്നു,ഓരോ വെക്കേഷനും സാധനങ്ങൾ ഒക്കെ പാക്ക് ചെയ്തു അവിടെ ചെന്ന് നിൽക്കുന്നതൊക്കെ എത്രയോ തവണ ചിന്തിച്ചു കൂട്ടിയിരിക്കുന്നു! കൊണ്ടുപോകാം എന്ന് അച്ഛൻ പറഞ്ഞിട്ട് തന്നെ കാലം കുറെ ആയി. എന്തായാലും കോളേജിൽ ഒക്കെ ആയതിൽ പിന്നെ കഴിഞ്ഞ കുറെ നാളുകളായി ഞാനാ സ്വപ്നം കാണാൻ മറന്നു പോയിരിക്കുവായിരുന്നു. വീണ്ടും എന്നെ കാണാൻ പ്രേരിപ്പിച്ചത് ഈ PSC പരീക്ഷയാണ്.

കാട്ടാക്കട ജംഗ്ഷനിൽ ബസിറങ്ങിയത് മുതൽ ഞാൻ വീണ്ടും എന്റെ ആഗ്രഹം അറിയിച്ചു. "നാൽപ്പതു വർഷം മുൻപാണ് ഞാൻ ഇവിടെ അവസാനമായി വന്നത്. അതായത് 12 വയസുള്ള കുട്ടി ആയിരുന്നപ്പോൾ നിന്റെ അമ്മുമ്മയുടെ കൂടെ. അന്നീ ജംഗ്ഷനിൽ അമ്മുമ്മയുടെ ഓഹരിയിൽ കുറെ കടമുറികൾ ഉണ്ടായിരുന്നു. അതൊക്കെ വാടകയ്ക്കു കൊടുത്തിരുന്നു. വാടക വാങ്ങാനായിട്ടാണ് ഇടയ്ക്കിടെ പ്രധാനമായും ഇങ്ങോട്ടു വന്നിരുന്നത്. അമ്മുമ്മയെ കൂടാതെ ഒരു സഹോദരിക്കും അഞ്ചു സഹോദരന്മാർക്കും അവിടെ സ്വന്തമായി കടമുറികൾ ഉണ്ടായിരുന്നു.സ്നേഹമുള്ളവരായിരുന്നു എല്ലാരും. പക്ഷെ എന്തോ ചെറിയ പ്രശ്നത്തിന്റെ പേരിൽ പിണക്കവും പരിഭവവുമൊക്കെ ആയി.പിന്നെ ഇത്രയും വർഷം ആയിട്ടും ആരും ആരുമായ്യിട്ടും യാതൊരുവിധ ബന്ധവും ഇല്ല. ഇപ്പോഴവിടെ ആരെങ്കിലും ഉണ്ടോ എന്ന് പോലും അറിയില്ല. ഒരു പരിചയവും ഇല്ലാതെ എങ്ങനെ കേറി ചെല്ലും? എവിടെയെന്നും പറഞ്ഞാ? വഴിയൊക്കെ മറന്നു." അച്ഛന്റെ മറുപടി.

"ശ്രമിച്ചാൽ നടക്കാത്ത കാര്യമുണ്ടോ എന്ന് ഞാനും.

അങ്ങനെ പണ്ടത്തെ ഒരോർമ്മയിൽ അച്ഛൻ ഒരു കട കണ്ടു പിടിച്ചു. പണ്ട് ഹോട്ടൽ ആയിരുന്ന കട ഇന്നു റബ്ബർ ഷീറ്റ് വിൽക്കുന്ന കടയായി മാറി. അവിടെ ആരെയും കണ്ടില്ല. പിന്നെ സ്ഥിരം പറയുമായിരുന്നു ആ ചെറിയ ക്ഷേത്രം കണ്ടു, ഒരു മാറ്റവും വന്നിട്ടില്ലല്ലോ എന്ന് അച്ഛൻ. അവിടെ കണ്ട മൂന്നു-നാല് കടകളിൽ കൂടി അന്വേഷിച്ചു.പഴയ ആളുകളുടെ പേരൊന്നും അവിടെ ആർക്കും അറിയില്ല. ഒടുവിലൊരു ബേക്കറിയുടെ ഉടമ അടുത്ത് മെഡിക്കൽ സ്റ്റോർ നടത്തുന്ന പ്രായം ചെന്ന ഒരു മനുഷ്യനെ പരിചയപ്പെടുത്തി തന്നു. അച്ഛൻ പറഞ്ഞ എല്ലാവരേയും അയാൾക്കു അറിയാമായിരുന്നു! പറഞ്ഞു വന്നപ്പോ അയാളുടെ സഹോദരിയെ വിവാഹം കഴിച്ചിരിക്കുന്നത് അച്ഛന്റെ ഒരു മാമൻ ആണ്. "കണ്ടിട്ട് വേണുവിന്റെ ഛായ ഉണ്ട് അച്ഛന്" എന്നും പറഞ്ഞു.ഈ പറഞ്ഞ കഥാപാത്രം അവിടെയുള്ള അച്ഛന്റെ വല്യമ്മയുടെ മകനാണ്. വീടും വഴിയും കൂടി ആ മനുഷ്യൻ പറഞ്ഞു തന്നു. സമയം അപ്പോൾ ഒരു മണിയായി.പരീക്ഷ കഴിഞ്ഞിട്ടാകാം ബാക്കി അന്വേഷണം എന്നായി അച്ഛൻ! 

പരീക്ഷ കഴിഞ്ഞിറങ്ങിയപ്പോഴേക്കും ഒരു മാമനെ അച്ഛൻ കണ്ടു പിടിച്ചു. അവിടെ ഒന്ന് കയറി. അവിടെ വന്ന ബന്ധുവായ ഒരു അമ്മുമ്മയുടെ കൂടെ മറ്റു ഒന്ന് രണ്ടു ബന്ധുക്കളുടെ വീടുകളിൽ കൂടി പോയി. എല്ലാവരും ഏതാണ്ട് അടുത്തൊക്കെയാണ് താമസം. നല്ല പ്രായമുള്ള അച്ഛന്റെ ഒരു സരോജിനി മാമിയേയും അപ്പു അണ്ണനെയും കണ്ടു. പ്രായം ചെന്ന അപ്പു അണ്ണനോട് "മനസിലായോ" എന്ന് ചോദിച്ചപ്പോ മുഖത്തേക്ക് ഒന്ന് സൂക്ഷിച്ചു നോക്കി. അച്ഛൻ പിരപ്പൻകോട് എന്ന് പറയാൻ തുടങ്ങിയതും "കുഞ്ഞമ്മയുടെ മോൻ അല്ലേ വാ കയറി ഇരിക്ക്" എന്നായി അപ്പുപ്പൻ!

ആ വീട്ടിലിരിക്കുമ്പോഴും എന്റെ മനസ് പഴയ കുടുംബ വീട്ടിലേക്കു പോകാൻ കൊതിച്ചു. ഒടുവിൽ കേട്ട് മാത്രം പരിചയമുള്ള ആ കുടുംബവീട്ടിലേക്കു ആദ്യമായി. ഒരു ചെറിയ തടം വഴി വണ്ടി പോയപ്പോ അച്ഛൻ പറഞ്ഞു ഈ വഴി ഇപ്പൊ ഓർമ്മ വരുന്നു. അടുത്തെത്തും തോറും എന്റെ EXCITEMENT കൂടി. ചാർളിയിലെ' 'ടെസ്സയെ' പോലെ! എന്നെ നിരാശപ്പെടുത്തിക്കൊണ്ടു ആ പഴയ വീടിനു പകരം ഓടും ടെറസും ചേർന്ന പഴക്കമുള്ള മറ്റൊരു വീടായിരുന്നു കണ്ടത്."വെട്ടിക്കാട്" കുടുംബപ്പേര് അത് പോലെ തന്നെ അവിടെ എഴുതി വച്ചിട്ടുണ്ട്. എന്റെ അമ്മുമ്മ ജനിച്ച മണ്ണ്! അമ്മുമ്മ മരിച്ചിട്ടു തന്നെ 16 വർഷം കഴിഞ്ഞിരിക്കുന്നു. ഞങ്ങളെ ഇവിടേയ്ക്ക് കൊണ്ട് വന്ന അമ്മുമ്മ കോളിങ് ബെൽ അടിച്ചു. ആകാംക്ഷയോടെ നിന്ന ഞങ്ങളുടെ മുൻപിലേക്ക് വാതിൽ തുറന്നു വന്നത് ഒരു അപ്പുപ്പൻ ആണ്, തൊട്ടു പുറകിലായി ഒരു അമ്മുമ്മയും! ഞങ്ങളുടെ കൂടെ വന്ന അമ്മുമ്മയോടു അല്ലാ ഇതാരാ വരു കയറിയിരിക്കു, പിന്നെ ഞങ്ങളുടെ മുഖത്തേക്ക് നോക്കി ചിരിച്ചിട്ടു ചോദിക്കുവാ ഇവരൊക്കെ ആരാന്നു. മറുപടി പറഞ്ഞത് അച്ഛൻ ആണ്. "പിരപ്പൻകോട്ട്‌" ബന്ധുക്കൾ ആരെങ്കിലുമുണ്ടോ എന്ന് ചോദിച്ചപ്പോ ഉണ്ട് ഭാര്യയുടെ കുഞ്ഞമ്മ എന്ന് അപ്പുപ്പൻ പറഞ്ഞു.ആ കുഞ്ഞമ്മയുടെ ഏറ്റവും ഇളയ മകൻ ആണ്. "എടാ...! (സന്തോഷവും അതിശയവും കലർന്ന വിളി)..നീ ഇത്രയും നാൾ എവിടെ ആയിരുന്നു? " ഞാനതു കേട്ട് ചിരിച്ചു പോയി. അമ്മുമ്മയുടെ ചേച്ചിയുടെ മകളും ഭർത്താവുമാണ് ഇപ്പൊ ആ വീട്ടിൽ താമസിക്കുന്ന രണ്ടു പേരും. എന്തൊരു സ്നേഹമായിരുന്നു അവർക്കു. പിന്നെ എല്ലാരും കൂടി പഴയ കഥകളും ഓർമ്മകളും ഓർമ്മകളിലെ അച്ഛന്റെ വല്യമ്മ ഉണ്ടാക്കുന്ന ഭക്ഷണത്തിന്റെ രുചിയുമൊക്കെ ആയി വർത്തമാനം തുടങ്ങി. ഞാൻ ജനിക്കുന്നതിനു മുൻപേ ജനിച്ചു മരിച്ച, കണ്ടിട്ടോ കേട്ടിട്ടോ ഇല്ലാത്തവരുടെ കഥകളൊക്കെ കേട്ട് ഞാനങ്ങനെ ഇരുന്നു. എന്ത് രസമാണ് അതൊക്കെ കേട്ടിരിക്കാൻ. ആൻഡ് വൈറ്റ് ഫോട്ടോസും കണ്ടു. അമ്മുമ്മയ്ക്കും സഹോദരിക്കുമായി കൊടുത്ത കുടുംബവീട് അമ്മുമ്മ സഹോദരിക്ക് കൊടുത്തിട്ടിങ്ങു പോന്നു.പിന്നെയാണ് സഹോദരിയുടെ മകളും ഭർത്താവും പഴേ വീട് പൊളിച്ചു അതെ സ്ഥലത്തു ഇന്ന് കാണുന്ന വീട് പണിതതും താമസമാക്കിയതും. പഴേ വീട് കാണാൻ പറ്റിയില്ലല്ലോ എന്ന് ഞൻ നിരാശപെട്ടപ്പോൾ അമ്മുമ്മ എനിക്ക് പഴേ വീടിന്റെ ഓർമ്മയ്ക്കായി അത് പൊളിച്ചപ്പോ കിട്ടിയ കട്ടിളപ്പടി ഈ വീടിന്റെ ജനാലയിൽ വച്ചിരിക്കുന്നത് കാണിച്ചു തന്നു. അടുക്കളയുടെ കുറച്ചു ഭാഗവും ഇപ്പോഴും അവിടെ ഉണ്ട്!! ഫോണിൽ ഫോട്ടോ എടുത്തെങ്കിലും ക്യാമറയുടെ കുറവ് നന്നായി തോന്നി. പിന്നെ പറഞ്ഞു മാത്രം കേട്ടിട്ടുള്ള സർപ്പക്കാവും തെക്കതും നേരിൽ കണ്ടു!അവിടെ നാഗ പ്രതിഷ്‌ഠയും പൂജയും ഇപ്പോഴും മുടങ്ങാതെ ഉണ്ട്! പക്ഷെ എന്റെ മനസിലുള്ള രൂപമായിരുന്നില്ലെന്നു മാത്രം. കാവിലെ വൻ മരങ്ങൾ പലതും പഴക്കം ചെന്നത് കൊണ്ട് മുറിച്ചു മാറ്റിയിരിക്കുന്നു. മന്ത്ര മൂർത്തിയെ പ്രതിഷ്ഠിച്ചിരിക്കുന്ന തെക്കതു അച്ഛന്റെ ഓർമ്മകളിൽ ഓട് ഇട്ടതായിരുന്നു. അതിപ്പോ കോൺക്രീറ്റ് ചെയ്തിരിക്കുന്നു. എല്ലാം പഴയതു പോലെ തന്നെ ഉണ്ടായിരുന്നെങ്കിൽ. ഇറങ്ങാൻ നേരം അമ്മുമ്മയും അപ്പൂപ്പനും ഓർമ്മിപ്പിച്ചു ,"എല്ലാരും കൂടി ഒരുമിച്ചു ഇനിയും വരണം,കുറച്ചു ദിവസം നിൽക്കണം, മോൾക്കിനിയും ഇവിടെ വച്ച് പരീക്ഷ വരുമ്പോ ഇവിടെയും വരണം, ചോറൊക്കെ കഴിച്ചിട്ട് പോകാം." വൈകി ചോറ് കഴിച്ചത് കൊണ്ട് തന്നെ ചായ കുടി ഒഴിവാക്കാൻ നോക്കിയെങ്കിലും നടന്നില്ല. അമ്മുമ്മ ഒരുപാട് സ്നേഹം കൊണ്ട് തന്നത് കൊണ്ടാകും ചായക്കു രുചിയേറിയിരുന്നു.! പോകുന്ന വഴി മുഖഛായ ഉണ്ടെന്നു പറഞ്ഞ അച്ഛന്റെ വേണു ചേട്ടനേയും കാണാൻ മറന്നില്ല.

തിരക്ക് കുറഞ്ഞ ബസിന്റെ സൈഡ് സീറ്റിൽ ചാരിയിരുന്നു, പണ്ടു കേട്ടുള്ള യാത്ര കൂടി ആയപ്പോ ഒരു നല്ല ദിവസം കൂടി ഓർമ്മയിലേക്ക്. ബസിൽ ഇരിക്കുമ്പോഴും മനസ് കാട്ടാക്കടയിലെ ചുറ്റുമതിലൊന്നുമില്ലാതെ കിടക്കുന്ന ആ വീട്ടിലും പരിസരത്തും ആയിരുന്നു. PSC പരീക്ഷകൾ പാടായെങ്കിൽ എന്താ? പരിചയത്തിന്റെ വേരുകൾ കണ്ടു പിടിക്കാനായല്ലോ. ഒരുപാടൊരുപാടു സന്തോഷം. അച്ഛനും അമ്മയ്ക്കുമൊപ്പം ഇനിയും പോകണം അവിടേക്കു .ഡയറിയിൽ ഒരു നല്ല ദിവസത്തിന്റെ ഓർമ്മ കൂടി എഴുതി ചേർക്കാൻ കഴിഞ്ഞല്ലോ.

കൂടുതൽ വായനയ്ക്ക്