മൊഴിയുടെ  വരിക്കാരാവുക.
SUBSCRIBE

Mozhi Rewards Club

Mozhi Rewards Club
ശ്രേഷ്ഠ രചന: Rs.250
മികച്ച രചന: Rs.100

പ്രണയം തിരിച്ചു നല്‍കിത്തുടങ്ങി ആ നഗരം. ആദ്യമായി ആ നഗരത്തില്‍ എത്തിയപ്പോള്‍ തന്നെ ചുണ്ടുകളില്‍ ചായം തേക്കാതെ മറ്റുള്ളവരെ അഭിമുഖീകരിക്കാന്‍ ആത്മവിശ്വാസം ഇല്ലാത്ത ഹോട്ടല്‍

റിസപ്ഷനിലെ കൃത്രിമ സുന്ദരിയോട് ഞാന്‍ ചോദിച്ചു: ''സമയം ചിലവഴിക്കാന്‍ ഈ നഗരത്തിലെ ഏറ്റവും സുന്ദരമായ സ്ഥലം ഏതാണ്?''
ഹോട്ടലില്‍ നിന്നും അധികം വിദൂരത്തല്ലാത്ത മനുഷ്യനിര്‍മ്മിതമായ ഒരു കൃത്രിമ തടാകവും അതിനു ചുറ്റുമുള്ള പച്ച പിടിച്ച തുരുത്തുകളും പുല്‍ത്തകിടിയും ചേരുന്ന ഈ നഗരത്തിലെ ഒരു ജലാശയപ്രദേശം. സമുദ്ര സാമീപ്യമില്ലാത്ത ആ നഗരത്തില്‍ ആ കുറവു നികത്തുന്നതിലാണ് ഏകദേശം അമ്പതോളം ഏക്കര്‍ പരന്നു കിടക്കുന്ന ആ കൃത്രിമ തടാകം സൃഷ്ടിച്ചിരിക്കുന്നത്. പകല്‍ സമയത്ത് അവിടെ ചെന്ന് അതിന്റെ പ്രത്യേകതകള്‍ കാണണം, തനിക്ക് ഇഷ്ടപ്പെടണമെങ്കില്‍ തന്റെ മാത്രം ചില ഇഷ്ടങ്ങള്‍ അവിടെ ഉണ്ടായേ തീരു. ഹോട്ടലില്‍ നിന്ന് ലിമോസിന്‍ ഓടിച്ച ഗോതമ്പുനിറക്കാരന്‍ ജലാശയത്തിന്റെ വാതില്‍ക്കല്‍ വിട്ടു വിട പറഞ്ഞു.
മഞ്ഞുകാലത്തിന്റെ തുടക്കം ആയിരിക്കുന്നു. ശിശിര ചുംബനങ്ങളില്‍ മാത്രം വിരിയുന്ന മനോഹരമായ തണല്‍ മരങ്ങളുടെ ഇടയില്‍ ചില സൈപ്രസ്സ് മരങ്ങളും കൂട്ടുകൂടി. പല ഹില്‍സ്‌റ്റേഷനുകളിലും രണ്ടുകാലങ്ങളില്‍ നമുക്ക് രണ്ടുരീതിയിലുള്ള അനുഭൂതിയാണ്. വസന്തകാലത്ത് പൂക്കുന്ന മരങ്ങള്‍ മഞ്ഞുകാലത്ത് പിണങ്ങിനില്‍ക്കും, എന്നാല്‍ വസന്തകാല മന്ദാരങ്ങള്‍ക്കൊപ്പം, മഞ്ഞുകാല പ്രണയിനികളും പുഷ്പിണികളാകുന്ന മാസ്മരദ്യശ്യം തന്നെ പുളകിതനാക്കും. കാറ്റില്‍ പുഷ്പങ്ങള്‍ തടാകത്തിന് ചുറ്റുമുള്ള നടപ്പാതയിലേക്ക് വീണുകൊണ്ടിരുന്നു.

സ്‌നേഹം വിലയ്ക്ക് നല്‍കുന്ന ചിലര്‍ കണ്ണാടിയില്‍ നോക്കി ചുണ്ടില്‍ ചായംകൊണ്ട് ചിത്രപ്പണി ചെയ്യുന്നു. ഒരു മാര്‍ബിള്‍ ചാരുബഞ്ചില്‍ കുറച്ചു സമയം അവരെ ശ്രദ്ധിക്കണം എന്ന് ഒരു തോന്നല്‍. പ്രളയം പോലെ ഭീകരമായ ഒരു ദുരന്തമാണ് ജീവിതത്തിലെ സ്‌നേഹരാഹിത്യം. അതു നമ്മെ അഗാധമായ നീര്‍ച്ചുഴിയിലേക്ക് എടുത്ത് എറിയുന്നു. ആ വീഴ്ച്ചയില്‍ നമ്മള്‍ പിടിക്കുന്ന ചില പിടിവള്ളികളാണ് ഇവര്‍. കുറച്ചു സമയം ഒരു ആശ്വാസത്തിന് അവയില്‍ പിടിച്ചുകിടക്കും. വീണ്ടും ആ ഗര്‍ത്തത്തിലേക്ക് നിപതിക്കും കൂടുതല്‍ ശക്തിയായി. സ്‌നേഹത്തിനു വേണ്ടി വിശന്നവരും ദാഹിച്ചവരും ആണ് ഈ ലോകത്തെ എല്ലാ ദുരന്തങ്ങള്‍ക്കും കാരണക്കാര്‍. താന്‍ പല നഗരങ്ങളിലും മനുഷ്യനിര്‍മ്മിതമായ തടാകങ്ങള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ നടപ്പാതയില്‍ നിന്നും കുമിള പോലെ ഉയര്‍ന്നു നില്‍ക്കുന്ന ജലനിരപ്പാണ് തന്നെ ഇവിടുത്തെ ഇഷ്ടക്കാരനാക്കിയത്. ഇപ്പോള്‍ ഡിസംബര്‍ അവസാനിക്കുന്നതിന് മുന്‍പ് രണ്ടു രാത്രികള്‍ക്കെങ്കിലുമായി താന്‍ ഈ നഗരത്തില്‍ എത്തുന്നു. പകലും രാവും താടകകരയിലെ ചാരുബഞ്ചുകള്‍ അനുരാഗികളുടെ അഭയസ്ഥലങ്ങളാണ്. ഇന്ന് സന്ധ്യക്കുശേഷം കുറച്ചു സമയം അവിടെ ചിലവഴിക്കണം. സിഡ്‌നി ഷെല്‍ടന്റെ പ്രശസ്തമായ പുസ്തകം 'എ സ്‌ട്രെഞ്ചര്‍ ഇന്‍ ദ മിറര്‍'' അവസാന പേജുകള്‍ കൂടി വായിക്കണം.

മഞ്ഞിനെ പ്രതിരോധിക്കാന്‍ ഉള്ള വട്ടത്തൊപ്പിയും, സ്വെറ്ററും, ഒരു രോമജാക്കറ്റും ധരിച്ച് ജലാശയത്തിന്റെ നടപ്പാതയിലേക്ക് കേറി. വിളക്കുകാലുകളില്‍ ദീപങ്ങള്‍ മിഴിതുറന്നു കഴിഞ്ഞു. തടാകത്തിന് ചുറ്റും രണ്ടുതരം വിളക്കുകളാണ്. പ്രകാശം കൂടിയതും, ചിലത് അല്പം ഇരുളിമ അവശേഷിപ്പിക്കുന്നതും. പ്രകാശം കൂടിയ വിളക്കുകാലുകള്‍ക്കരികില്‍ വായനക്കാരും, ഇരുണ്ട വിളക്കുകാലുകള്‍ക്ക് സമീപം അനുരാഗികളുമാണ്. ജലപ്പരപ്പില്‍ സമീപത്തുള്ള പള്ളിമിനാരങ്ങളും, ഉയര്‍ന്ന കെട്ടിടങ്ങളും തലകുത്തി നിന്ന് വിറച്ചു. അവയിലെ ആലക്തിക ദീപങ്ങള്‍ വരച്ചിട്ടു മടക്കിയ ഒരു പേപ്പറിലെ ചിത്രം പോലെ സമാനതകള്‍ പങ്കുവച്ചു. ഒരുപോലെ പകര്‍ന്ന നിറങ്ങളില്‍ ആ പ്രതിബിംബങ്ങള്‍ ജലപ്പരപ്പിനെ കൂടുതല്‍ കൂടുതല്‍ സുന്ദരമാക്കി.

ഒരു വിളക്കുകാലിനു സമീപം ഒരു പെണ്‍കുട്ടി പുസ്തകവായനയില്‍ മുഴുകി ഇരിക്കുകയാണ്. അവളുടെ സമീപത്തെ ബഞ്ചിലേക്ക് നോക്കി. ആരുമില്ല. പ്രത്യേകിച്ച് ഒരു വൃത്തിയും വെടിപ്പും ഉള്ളതുപോലെ തോന്നിയ ആ ബെഞ്ചില്‍ കുറച്ചു കടലാസുപൂക്കള്‍ മാത്രം ചിതറി കിടന്നു. താന്‍ വായിക്കാന്‍ നിശ്ചയിച്ചിരിക്കുന്ന പുസ്തകം കയ്യില്‍ എടുത്ത് ഒരിക്കല്‍ കൂടി ആ പെണ്‍കുട്ടിയെ ഒന്നു ശ്രദ്ധിച്ചു. തവിട്ടു നിറക്കാരിയായ അവളുടെ കൊഴുത്ത കാല്‍വണ്ണകള്‍ പുറത്തു കാണാവുന്ന മിഡിയില്‍ അവള്‍ സുന്ദരിയായിരുന്നു. 'എ സ്‌ട്രെഞ്ചര്‍ ഇന്‍ ദ മിറര്‍' എഴുതിയ സിഡ്‌നി ഷെല്‍ടന്റെ 'മെമ്മറീസ് ഓഫ് മിഡ് നൈറ്റ്' മാത്രമാണ് താന്‍ ഇതുവരെ വായിച്ചിരിക്കുന്നത്. 23 സിനിമകള്‍ക്ക് തിരക്കഥ എഴുതണമെങ്കില്‍ തലയില്‍ ആവശ്യത്തിലേറെ ആള്‍ താമസം ഉണ്ടാകണം. ഞാന്‍ ഷെല്‍ഡന്റെ ഭാവനാ ലോകത്തേക്ക് എടുത്ത് എറിയപ്പെട്ടു. അടുത്ത ബെഞ്ചില്‍ ഇരിക്കുന്ന പെണ്‍കുട്ടിയെ പോലും മറന്നു.

പെട്ടന്ന് അവള്‍ എന്നെ വിളിച്ചതുപോലെ.
''മാച്ച് ബോക്‌സ് ഉണ്ടോ?...''
''ഉണ്ട്!'' ഞാന്‍ തലയാട്ടി.
അവള്‍ എന്റെ അടുത്തേക്ക് വന്നു.അപ്പോളാണ് ഞാന്‍ അവള്‍ ഇത്ര ആകാംക്ഷയോടുകൂടി വായിക്കുന്ന പുസ്തകത്തിന്റെ മുഖം ശ്രദ്ധിച്ചത്. ആല്‍ബര്‍ കാമുവിന്റെ ഒരു സന്തുഷ്ട മരണം. ഞാന്‍ തീപ്പെട്ടി നല്‍കിയപ്പോള്‍ അവള്‍ ജാക്കറ്റിന്റെ പോക്കറ്റില്‍ നിന്നും ഒരു സിഗരറ്റ് കവര്‍ പുറത്തെടുത്തു. ലക്കി സ്‌ട്രൈക്ക് സിഗാര്‍ പാക്കറ്റ് എന്നില്‍ കൗതുകം ഉണര്‍ത്തി. അവള്‍ ഒരു സിഗരറ്റ് എന്റെ നേരെ നീട്ടി. ഞാന്‍ സ്‌നേഹപൂര്‍വ്വം നിരസിച്ചു.
''താങ്കളുടെ ബ്രാന്‍ഡ് ഏതാണ്?''
''ക്യാമല്‍ ആയിരുന്നു. ഇപ്പോള്‍ വലിക്കാറില്ല.''
അവള്‍ എന്റെ മുഖത്തേയ്ക്ക് ഒന്നിരുത്തി നോക്കിയിട്ട്,
''പിന്നെ എന്തിനാണ് ഈ തീപ്പെട്ടി ചുമക്കുന്നത്?''
''സിഗരറ്റ് വലി നിര്‍ത്തിയെങ്കിലും തീപ്പട്ടിയെ ഞാന്‍ ഉപേക്ഷിച്ചില്ല. സിഗരറ്റുമായി നടക്കുന്ന പലര്‍ക്കും ഒരു തീപ്പെട്ടി നല്‍കുന്ന ആളോട് കാണിക്കുന്ന പ്രത്യേക സ്‌നേഹവും ആദ്യ പുക നുകരുന്ന സംതൃപ് തമായ ആ മുഖഭാവവും ഇപ്പോഴും കാണാന്‍ എനിക്ക് ഇഷ്ടമാണ്. ഒരു വലിയ കെട്ട് നോട്ട് നിങ്ങളുടെ ബാഗില്‍ ഉണ്ടായിട്ട് എന്തുകാര്യം തീപ്പട്ടിക്ക് തീപ്പെട്ടി വേണ്ടേ? തീയുടെ മുഖം കാണാന്‍. ഇതിലൂടെ എനിക്ക് ധാരാളം ബന്ധങ്ങളും കൈ വന്നിരിക്കുന്നു ഇപ്പോള്‍ നിങ്ങള്‍ പോലും...''

അവള്‍ പെട്ടന്ന് എന്റെ കയ്യിലെ പുസ്തകത്തിലേക്കും പിന്നെ എന്റെ മുഖത്തേയ്ക്കും നോക്കി.
''ഷെല്‍ഡനെ കുറിച്ച് കേട്ടിട്ടുണ്ട്. അവര്‍ തിരക്കഥ എഴുതിയ ചില സിനിമകളും കണ്ടിട്ടുണ്ട്. പുസ്തകങ്ങള്‍ ഒന്നും വായിച്ചിട്ടില്ല.''
ഞാന്‍ ഒരു ചോദ്യം എറിഞ്ഞു:
''ആല്‍ബര്‍ കാമുവിനെ വളരെ ഇഷ്ടപ്പെട്ടെന്നുതോന്നുന്നു. ജീവിതത്തിലും ഒരു സന്തുഷ്ട മരണം ആഗ്രഹിക്കുന്നതുപോലെ ഒരു വായന. അതിലെ സാഗ്രൂസും, മെര്‍സോള്‍ട്ടും സംസാരിക്കുന്നതിനിടയില്‍ സിഗാര്‍ പുക ഉയരുന്നുണ്ടല്ലോ?''
അവള്‍ അത്ഭുതപ്പെട്ടു!
''നിങ്ങള്‍ക്ക് കാമുവിനെ കുറിച്ച് എന്താണ് അഭിപ്രായം?''
''ലക്ഷ്യമില്ലാത്ത പല കഥകളും അകാലത്തില്‍ തന്നെ വിസ്മൃതിയിലാകും. വികലമായ പല വീക്ഷണങ്ങളും ഒരു നോബല്‍ പ്രൈസ് കിട്ടി എന്നുവെച്ച് ചൂണ്ടികാണിക്കാതിരിക്കാന്‍ കഴിയില്ല. അധികം താമസിയാതെ ലക്ഷ്യമില്ലാത്ത ഒരു യാത്രയില്‍ കാറപകടത്തില്‍ ഭാവനയുടെ അപ്പുറത്തെ ലോകത്തേക്ക്.''

അവള്‍ തന്റെ തണുത്ത കൈത്തലം എന്റെ കൈമേല്‍ അമര്‍ത്തി.
''ശരിയാണ് പരന്നുപോകുന്ന പശ്ചാത്തല വര്‍ണ്ണന വിരസത ഉണ്ടാകുന്നു. അപ്രതീക്ഷിതമായി കഥ നിപതിക്കുന്നത് പലപ്പോഴും ശൂന്യതയിലും. നിങ്ങള്‍ ഒരു പിടികിട്ടാത്ത കഥാപാത്രം പോലെയാകുന്നു. സ്ട്രയിഞ്ചര്‍ ഇന്‍ ദി മിററില്‍ എന്താണ് സന്ദേശം.''

ഞാന്‍ ചിരിച്ചു. അവള്‍ പുക വഴിവിളക്കിന്റെ പ്രകാശത്തിലേക്ക് ഊതിക്കൊണ്ടിരുന്നു.
''ഒരാളുടെ പ്രയത്‌നത്തിലൂടെ ലഭിക്കുന്ന പ്രശസ്തി - അയാളുടെ സ്വഭാവമാകുന്ന ഫ്രെയിമില്‍ ഉറപ്പിച്ചിരിക്കുന്ന ചില്ലുകണ്ണാടിയാണ്. ഒന്നു വളഞ്ഞാല്‍ ആ ചില്ലുകണ്ണാടി ഉടഞ്ഞു വീഴും. നമ്മെ നോക്കി അഭിമാനിക്കുകയും, ആഹ്ലാദിക്കുകയും ചെയ്യുന്നവര്‍ ആ ചില്ലുകഷണങ്ങളാല്‍ നൊമ്പരപ്പെടും. ഒരാള്‍ എപ്പോള്‍ പ്രശസ്തി ആഗ്രഹിച്ചു തുടങ്ങുന്നുവോ അപ്പോള്‍ അയാളുടെ പരാജയവും ആരംഭിച്ചിരിക്കും.''

അവള്‍ തന്റെ ദേഹത്തോട് കൂടുതല്‍ ചാരി. അവളുടെ നഗ്‌നമായ കാല്‍വണ്ണകളില്‍ ഞാന്‍ എന്റെ വിരലുകള്‍ ഓടിച്ചു. ഒരു കുസൃതിചിരിയോടെ അവള്‍ ചോദിച്ചു.
''എന്തു തോന്നുന്നു?''
കുറച്ച് നനുത്ത കടലാസ് പൂക്കള്‍ ഞങ്ങളുടെ ഇടയിലേക്ക് വന്നു വീണു.
''ബീയര്‍ ഗ്ലാസ്സില്‍ പകര്‍ന്നു കഴിഞ്ഞാല്‍ വിരല്‍ തുമ്പുകൊണ്ട് നഖം നനയാതെ ആ തണുപ്പ് ആസ്വദിക്കാന്‍ എനിക്കിഷ്ടമാണ്. അത് അല്പനേരം ആസ്വദിച്ചു കഴിഞ്ഞാല്‍ അപകടകരമായ തണുപ്പും മാറിക്കിട്ടും. അതുപോലെ സുഖദായകം. നിങ്ങളുടെ മനോഹരമായ മുഖം പോലെ സുന്ദരമായ പേര് എനിക്കറിയാന്‍ ആഗ്രഹം തോന്നുന്നു.''

അവള്‍ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു:
''ലിസ. സ്വദേശം സ്വീഡന്‍. നിങ്ങള്‍ക്ക് എന്റെ നാടായ സ്വീഡനെ കുറിച്ചറിയുമോ?''
''എന്ത് ചോദ്യമാണ്? ലിസ എന്റെ സ്‌പോര്‍ട്‌സിലെ ഏറ്റവും വലിയ ഇഷ്ട കഥാപാത്രം അവിടെയാണ്. ഞാന്‍ കണ്ടിട്ടില്ല എന്ന് മാത്രം. സ്‌ട്രോക്ക് ഹോമില്‍ ജനിച്ച് 9 വയസ്സുമുതല്‍ ടെന്നിസ് കളിക്കുകയും, തുടര്‍ച്ചയായി 6 പ്രാവിശ്യം വിംബിള്‍ഡണ്‍ കിരീടത്തില്‍ മുത്തമിടുകയും, പടര്‍ന്നു കിടക്കുന്ന സ്വര്‍ണ്ണ തലമുടിയും, തുരിശുനിറമുള്ള കണ്ണുകളും, മുടിയിലും കയ്യിലും ഒരേ കളറുള്ള റിബണകളും അണിഞ്ഞെത്തുന്ന ഇരുകൈകളിലും ഒരുപോലെ ഭാഗ്യം ഒളിഞ്ഞിരിക്കുന്ന ടെന്നിസ് രാജകുമാരന്‍. ഇരുപത്തിയാറാം വയസ്സില്‍ ടെന്നിസിനോട് വിടപറഞ്ഞപ്പോള്‍ അത്ഭുതത്തോടുകൂടി ലോകം ഒന്നടങ്കം കരഞ്ഞു യാത്രയാക്കിയ ടെന്നീസ് ഇതിഹാസം ലോകത്തിലെ ഒരേ ഒരു ബോണ്‍ ബോര്‍ഗ്.

പക്ഷേ നിങ്ങളുടെ മനോഹരമായ തവിട്ടുനിറം സ്വീഡനുമായി പൊരുത്തപ്പെടുന്നില്ലലോ? ലക്കി സ്‌ട്രൈക്ക് എന്ന സിഗരറ്റ് സ്വീഡന്‍കാര്‍ക്ക് പ്രിയപ്പെട്ടതാണ്. മനോഹരമായ ടെന്നീസ് സ്‌ട്രൈക്ക് ആസ്വദിക്കുന്നപോലെ.''
''താങ്കള്‍ ഒരു കുറ്റാന്വേഷകനെപോലെ സംസാരിക്കുന്നു. ശരിയാണ് ഒരു കറുത്ത വര്‍ഗ്ഗക്കാരനായ യുവാവിന് ഒരു സ്വീഡന്‍ സുന്ദരിയെ പരിചയപ്പെടുന്നതിന് നിയമതടസ്സം ഒന്നും ഇല്ലല്ലോ?''
''തീര്‍ച്ചയായും... സാഹചര്യം ഇരുമനസ്സുകളെയും അനുകൂലമാക്കിയാല്‍ മതി.''
എന്റെ മറുപടി അവള്‍ക്ക് ഇഷ്ടപ്പെട്ടതുപോലെ.

''പക്ഷേ ഇപ്പോള്‍ ഞാന്‍ വര്‍ഷത്തില്‍ ഒരു പ്രാവശ്യമാണ് മാതാപിതാക്കളെ കാണുന്നത്. അതും ലോകത്തിന്റെ രണ്ടു വ്യത്യസ്ത കോണുകളിലും.''

നിരാശ സ്ഫുരിക്കുന്ന ലിസയുടെ മുഖത്തേക്കുള്ള എന്റെ നോട്ടത്തില്‍ നിന്നും വിവാഹമോചനത്തിലേക്കുള്ള വഴികള്‍ താന്‍ അന്വേഷിച്ചതുപോലെ അവള്‍ മനസ്സിലാക്കി. വീണ്ടും ഒരു സിഗാറിനും കൂടെ തീ കൊളുത്തികൊണ്ട് പറഞ്ഞു തുടങ്ങി.

''തികച്ചും യാഥാസ്ഥിതിക കുടുംബത്തില്‍ നിന്നു വന്ന അവളുടെ അമ്മയ്ക്ക് നീരീശ്വരവാദിയായ ഭര്‍ത്താവിനോട് ഒത്തുപോകാന്‍ ആയില്ല. പരസ്പര സ്‌നേഹത്തെ പോലും മറികടക്കുന്ന അമ്മയുടെ മതബോധത്തെ എനിക്കും അംഗീകരിക്കാന്‍ ആയില്ല. ഉറങ്ങാതെയുള്ള പ്രാര്‍ത്ഥനയും, ദൈവത്തിന്റെ പേരിലുള്ള ബഹളസമ്മേളനങ്ങളിലെ സ്ഥിരമായി പങ്കെടുക്കലും അച്ഛന്റെ മനസ്സില്‍ ഒരു പരിഹാസ കഥാപാത്രമായി അമ്മയും രൂപപ്പെട്ടു.''

ഒട്ടും പ്രതീക്ഷിക്കാത്ത ഒരു ചോദ്യമായിരുന്നു ലിസ എന്നിലേക്ക് എറിഞ്ഞത്.
''നിങ്ങള്‍ ഒരു മതാനുയായിയാണോ?''
ഞാന്‍ ചിരിച്ചു അവളുടെ വിഷമം മാറ്റിയെടുക്കുവാന്‍ ഞാന്‍ പറഞ്ഞു:
''ഒരാള്‍ക്ക് അസ്വസ്ഥത വരുന്നത് ഭ്രാന്തും, ഒരു സമൂഹം മുഴുവന്‍ അസ്വസ്ഥത കാട്ടുന്നത് മതഭ്രാന്തും ആണെന്ന് പ്രശസ്തനായ ഒരു ചിന്തകന്‍ പറഞ്ഞിട്ടുണ്ട്.''
അവള്‍ വിഷമം മാറി ചിരിക്കാന്‍ തുടങ്ങി.
''നിങ്ങളുടെ ഈ വാചകം എനിക്കുവേണ്ടി കരുതിവച്ചതുപോലെ തോന്നുന്നു.''

അപ്പോള്‍ ഞാന്‍ പറഞ്ഞു:
''ഞാന്‍ വായിച്ചതില്‍ ഏറ്റവും ഇഷ്ടമുള്ള വാചകം നിനക്കു വേണ്ടി സമര്‍പ്പിക്കട്ടെ.''
അവള്‍ വര്‍ദ്ധിച്ച ആവേശത്തോടെ എന്നിലേക്ക് കൂടുതല്‍ അടുത്തുവന്നു. എന്റെ കൈകള്‍ ഞാന്‍ വിളക്കിന്റെ പ്രകാശത്തിലേക്ക് നീട്ടിപിടിച്ചു. ലിസയുടെ കൈകളും അതുപോലെ തന്റെ കൈകളോട് ചേര്‍ത്ത് നീട്ടിപിടിക്കുവാന്‍ പറഞ്ഞു. അവള്‍ വേഗം അനുസരിച്ചു.
''ലിസ... ഞാന്‍ വെളുത്തതും നീ തവിട്ടുനിറം ഉള്ളതുമാണ്. പക്ഷേ നോക്കു നമ്മുടെ നിഴലുകള്‍ രണ്ടും കറുത്തതാണ്.''

അവളുടെ കൈകള്‍ തന്റെ കൈകളോട് സ്വകാര്യങ്ങള്‍ പറഞ്ഞു. തലമുടികള്‍ പറത്തിയിട്ട് തലകുനിച്ചവള്‍ ആര്‍ത്തുചിരിച്ചു.
''നിങ്ങളുടെ നാടേതാണ്?''
എന്റെ രാജ്യവും നാടും ഞാന്‍ പറഞ്ഞു.
അവള്‍ ഒരു നിമിഷം എന്റെ മുഖത്തേക്ക് നോക്കിയിട്ട് അത്ഭുതം കൂറുന്ന മുഖത്തോടെ ചോദിച്ചു:
''ശരിക്കും?''
''ലിസക്ക് എന്റെ നാടിനെ അറിയുമോ?''
അവള്‍ തന്റെ തോള്‍ബാഗില്‍ നിന്നും ഒരു പിടി സ്റ്റഡി മെറ്റീരിയലുകള്‍ എടുത്തു. ഒരു രഹസ്യമെന്നോണം അതു ചുരുട്ടിപിടിച്ച് ഒട്ടതിശയത്തോടെ പറയാന്‍ തുടങ്ങി.
''ജീവിച്ചിരുന്ന അത്ഭുത പ്രതിഭകളെ കുറിച്ചാണ് ഞാന്‍ റിസേര്‍ച്ച് ചെയ്യുന്നത്. എന്റെ അന്വേഷങ്ങള്‍ എത്തിനില്‍ക്കുന്നത് നിങ്ങളുടെ നാട്ടുകാരനില്‍ ആണ്.''
''എന്ത്?.... എന്റെ നാട്ടുകാരനിലോ?..''
''കേവലം 32 വയസ്സു മാത്രം ജീവിച്ചിരിക്കുകയും നിങ്ങളുടെ രാജ്യത്ത് 4 മഹാക്ഷേത്രങ്ങളും ധാരാളം മഠങ്ങളും സ്ഥാപിച്ച വായുസഞ്ചാരിയായ മനുഷ്യന്‍.''
അവള്‍ മടക്കിവച്ചിരുന്ന സ്റ്റഡി മെറ്റീരിയലുകള്‍ തുറന്നു. ഞാന്‍ അതിന്റെ തലക്കെട്ട് നോക്കി. 'ഞലമഹ ാശൃമരഹല ാമി ശി വേല ംീൃഹറ....''
കുറച്ചു കുത്തുകള്‍ക്കു ശേഷം കണ്ട ആ പേര്‍ ഒരു നിമിഷം എന്നെ സ്തബ്്ധനാക്കി. ആദിശങ്കരന്‍. കാശ്മീരിലെ ധാല്‍ ലെയിക്കിനു സമീപം ശങ്കരന്‍ സ്ഥാപിച്ച ക്ഷേത്രത്തില്‍ കയറാന്‍ കഴിയാതെ ക്ഷീണിതനായി തിരിച്ചു പോന്ന ഓര്‍മ്മകള്‍ ഞാന്‍ ലിസക്കായി പരതി.

''ലിസ.... ശങ്കരന്‍ സ്ഥാപിച്ച ക്ഷേത്രങ്ങളില്‍ ഒരേ ഒരു ക്ഷേത്രത്തില്‍ മാത്രമേ ഞാന്‍ പോയിട്ടുള്ളൂ. അതും ഒട്ടും പ്രതീക്ഷിക്കാതെ, കാശ്മീരിലെ ഗുല്‍മാര്‍ഗ് എന്ന ഏറ്റവും സുന്ദരമായ സുഖവാസകേന്ദ്രത്തിലേക്കുള്ള യാത്രയിലായിരുന്നു ഞാന്‍. ഒരു പട്ടാള വാഹനം കുതിരവണ്ടിയില്‍ അവിചാരിതമായി ഇടിച്ചതില്‍ നിന്നുണ്ടായ ഒരു പ്രശ്‌നത്തില്‍ നൂറുകണക്കിനു വരുന്ന കുതിരക്കാര്‍ വഴി ഉപരോധിക്കുകയും മാര്‍ഗ്ഗം തടസ്സപ്പെടുത്തുകയും ചെയ്തു. ചെങ്കുത്തായ ഗ്രെഫ് റോഡില്‍ മണിക്കൂറുകളോളം നീണ്ട വിരസത ഒഴിവാക്കാനായി ഞാന്‍ എന്റെ ഡ്രൈവറോട് അറിയാവുന്ന ഹിന്ദിയില്‍ സംസാരിക്കാന്‍ തുടങ്ങി. അയാള്‍ ഡ്രൈവിങ്ങ് സീറ്റില്‍ നിന്ന് വളരെ ഗൗരവത്തോട് കൂടി എന്നെ തിരിഞ്ഞു നോക്കി. അയാളുടെ ഉരുണ്ട കണ്ണുകളും ഇടതൂര്‍ന്ന താടിയും ജെയിംസ് ബോണ്ട് സിനിമയിലഭിനയിച്ച ഹിന്ദി നടനായ കബീര്‍ ബേഡിയുടെ മുഖത്തോട് സാദൃശ്യം തോന്നിപ്പിച്ചു. ഏകദേശം 50 വയസ്സിനോട് പ്രായം തോന്നിപ്പിക്കുമെങ്കിലും അയാളുടെ മുടിയോ താടിയോ നരച്ചിട്ടുണ്ടായിരുന്നില്ല.

താങ്കള്‍ക്ക് ഹിന്ദി നടന്‍ കബീര്‍ ബേഡിയുടെ രൂപസാദൃശ്യം ഉണ്ടെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ ഗൗരവം മാറി ആ മുഖം പ്രസന്നമായി. ഒക്ടോപ്‌സിയില്‍ റോജര്‍ മൂറും കബീര്‍ ബേഡിയും ഒന്നിക്കുന്ന രംഗങ്ങളില്‍ പൗരുഷത്തിന്റെ പ്രതിരൂപമായ ബേഡിയുടെ മുമ്പില്‍ ബോണ്ട് പലപ്പോഴും നിഷ്പ്രഭനാകുന്ന രംഗം ഞാന്‍ അയാളെ ഓര്‍മിപ്പിച്ചപ്പോള്‍ തന്റെ പുകഴ്ത്തല്‍ ആസ്വദിച്ചപോലെ അയാള്‍ ഒരു പുഞ്ചിരി തിരിച്ചും സമ്മാനിച്ചു.

എന്റെ നാട് അവന്റെ ചോദ്യത്തിന് മറുപടിയായി പറഞ്ഞപ്പോള്‍ ഒരു അതിശയം ആ മുഖത്ത് പ്രകടമായി. അതുകണ്ടിട്ട് ഞാന്‍ ചോദിച്ചു:
''നിനക്ക് അറിയുമോ? എന്റെ നാടിനെ?''
''നിങ്ങളുടെ ഒരു നാട്ടുകാരനെ എനിക്ക് അറിയാം''
ആ കാശ്മീരി മുസല്‍മാന്‍ വിനയാന്വിതനായി. എന്റെ ആകാംക്ഷ വാനോളം വര്‍ദ്ധിച്ചു ഏതെങ്കിലും രാഷ്ട്രീയക്കാരന്‍ ആയിരിക്കുമോ? ആ നാവില്‍ നിന്നു വീണ ആ നാമം എന്ന വികാരതരളിതനാക്കി.
''ആദിശങ്കരന്‍...''
ശ്രീശങ്കരന്‍ സ്ഥാപിച്ച ഒരു ക്ഷേത്രം. കാശ്മീരിലെ സുന്ദരമായ ധാല്‍ ലെയ്ക്കിന് സമീപം ഉണ്ട്. കുതിരക്കാരുടെ റോഡ് ഉപരോധം ഉടനെ ഒന്നും തീരുന്ന ലക്ഷണമില്ല. ഇടതുവശത്തെ ചെങ്കുത്തായ മലനിരകളിലെ നിബിഡമായ വൃക്ഷജാലം എന്നില്‍ ഭീതി ഉണര്‍ത്തി. ആ ക്ഷേത്രം കാണുവാനുള്ള ആഗ്രഹം ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. എന്റെ ആഗ്രഹപൂര്‍ത്തീകരണത്തിനായി ആ ചെങ്കുത്തായ റോഡില്‍ വണ്ടി തിരിച്ച് എടുക്കുവാന്‍ അദ്ദേഹം വാഹനം പിന്നോട്ട് എടുത്തു. ഞാന്‍ പിന്നിലേക്ക് നോക്കിയപ്പോള്‍ അഗാധമായ താഴ്‌വരയുടെ പാതവാക്കുകളില്‍ ടയറുകള്‍ അമര്‍ന്നു നിന്നപ്പോള്‍ ഞാന്‍ ഭയം കൊണ്ട് കണ്ണുകള്‍ അടച്ചുപിടിച്ചു. എനിക്ക് ധൈര്യം പകരാന്‍ എന്ന വണ്ണം ഡ്രൈവര്‍ പറഞ്ഞു.
''അടുത്ത നിമിഷത്തെ ഓര്‍ത്ത് ഭയപ്പെട്ടവരിലധികവും പിന്നീട് ദൈവത്തിന് നന്ദി പറയുന്നതും കേള്‍ക്കാം......''
ക്ഷേത്രത്തിലേക്കുള്ള യാത്രയില്‍ വഴിയരികില്‍ വേലിപടര്‍പ്പുകള്‍ക്കു പകരം വെച്ചു പിടിപ്പിച്ച റോസാച്ചെടിയിലെ പൂക്കളുടെ വലിപ്പവും നിറവും എന്നെ അതിശയിപ്പിച്ചു. വിറകു ചുമന്നു വരുന്ന പെണ്‍കൊടികള്‍ ഹിന്ദി സിനിമാനടിമാരെ പോലെ ഇരിക്കുന്നു എന്നു പറഞ്ഞപ്പോള്‍ ഡ്രൈവര്‍ ആദ്യമായി ഉറക്കെ ചിരിച്ചു.

''മനുഷ്യനും പ്രകൃതിക്കും ദൈവം സൗന്ദര്യം മാത്രം കൊടുത്ത നാടാണ് കാശ്മീര്‍.''
അയാളുടെ വാക്കുകളില്‍ നിരാശയും പരിഹാസവും ഇടകലര്‍ന്നിരുന്നു. ക്ഷേത്രം സ്ഥിതി ചെയ്യുന്ന മലയുടെ താഴെ കാര്‍ പാര്‍ക്ക് ചെയ്ത് അദ്ദേഹം ക്ഷേത്രത്തിലേക്കുള്ള നടപ്പാത ചൂണ്ടിക്കാട്ടി.ഭഗവാന്‍ ശിവന്റെ ആയിരം അടി പൊക്കത്തില്‍ സ്ഥാപിച്ചിരിക്കുന്ന ജൈദേശ്വര ക്ഷേത്രം എന്റെ മുന്നില്‍ അനാവൃതമായി. വലിയ ഉരുളന്‍ പാറക്കല്ലുകള്‍ മനോഹരമായ രീതിയില്‍ വിന്യസിച്ചിരിക്കുന്ന ക്ഷേത്രത്തിലേക്കുള്ള പടിക്കെട്ടുകള്‍ പകുതി പോലും കയറാന്‍ സാധിക്കാതെ ക്ഷീണിതനായി ഞാന്‍ തിരിച്ചിറങ്ങി, സബര്‍ബാന്‍ മലനിരകളോട് വിട പറഞ്ഞ് തിരിച്ച് കാറില്‍ എത്തിയപ്പോള്‍ കാശ്മീരി ചോദിച്ചു.
''മലമുകളിലെ ക്ഷേത്രം മുഴുവന്‍ കണ്ടുവോ?''
ഞാന്‍ ഒട്ടു ലജ്ജയോടു കൂടി പറഞ്ഞു:
''എന്റെ നാട്ടുകാരനെ നാണം കെടുത്തുവാന്‍ വന്നു എന്നു പറയുന്നതാവും സത്യം.''

32 വയസ്സിനിടയില്‍ സ്വന്തം സ്ഥലത്ത് ഒരു വീടു വെക്കുവാന്‍ പോലും കഴിയാത്ത തന്നോടുതന്നെ പുച്ഛം തോന്നുന്നു. അതും സാങ്കേതികയുടെ മടിത്തട്ടില്‍ കിടന്ന്. ഒരു സാങ്കേതിക സഹായവും ഇല്ലാതെ ശങ്കരന്‍ എങ്ങിനെ ഇതെല്ലാം നേടി. അതും ഒരു യാത്രാ സൗകര്യങ്ങളും ഇല്ലാത്ത കാലത്ത്.

വായുസഞ്ചാരിയായ ഏക മനുഷ്യനായിരുന്നു ആദിശങ്കരന്‍. ഞാന്‍ അകന്നു പോകുന്ന ആ കാറില്‍ ഇരുന്ന് ഒന്നുകൂടെ ആ അംബരചുംബിയായ ക്ഷേത്രത്തെ ദര്‍ശിച്ചു. കേവലം മുപ്പത്തിരണ്ട് വയസ്സില്‍ ഈ ലോകത്ത് ആരാലും നേടാത്ത അത്ഭുതങ്ങളെ അടയാളപ്പെടുത്തിയ ആദിശങ്കരന്‍ എന്ന അത്ഭുതപ്രതിഭാസമായ സ്വന്തം നാട്ടുകാരന്‍ നിര്‍മ്മിച്ച ഒരു ക്ഷേത്രത്തിലെങ്കിലും അബദ്ധത്തില്‍ പോയത് കൊണ്ട് ഞാന്‍ ലിസയുടെ മുമ്പില്‍ തലയെടുപ്പുള്ളവനായി.

അവള്‍ എന്റെ കഥകള്‍ കേട്ട് എന്നോട് പറഞ്ഞു:
''ചരിത്രത്തില്‍ വായുസഞ്ചാരികളായി അവകാശപ്പെടുന്നവരുണ്ട്. പക്ഷേ ജീവിക്കുന്ന തെളിവുകളെവിടെയാണ്? സന്തോഷംകൊണ്ട് ഞാന്‍ കൈവിരലുകള്‍ തലയില്‍ മടക്കി ഞൊടിച്ചുകൊണ്ട് ലിസാ.... കാലം അടയാളപ്പെടുത്തുന്ന വാക്കുകള്‍......'' അമാനുഷികത എന്ന ആശ്ചര്യം സത്യമെന്നു തെളിയിച്ച ഈ ലോകത്ത് പകരം വെയ്ക്കാനില്ലാത്ത ഉത്കൃഷ്ടമായ മനുഷ്യജന്മം. എങ്ങിനെയാണ് നിന്നെ ഞാന്‍ അഭിസംബോധന ചെയ്യണ്ടത്. അത്ഭുതങ്ങളെ സ്‌നേഹിച്ച പെണ്‍കുട്ടി എന്നോ?''

വശ്യമായ ഒരു പുഞ്ചിരി സമ്മാനിച്ചുകൊണ്ട് അവള്‍ പറഞ്ഞു:
''അടുത്ത വര്‍ഷം എനിക്ക് ശങ്കരന്റെ നാട്ടില്‍ വരണം. എന്റെ തീസിസ് പൂര്‍ത്തിയാക്കണം. അന്നാട്ടിലും എനിക്ക് സുഹൃത്തുണ്ടെന്ന് കൂട്ടുകാരോട് എനിക്ക് അഭിമാനത്തോടെ പറയണം. ഞങ്ങളുടെ ബോര്‍ഗ് ടെന്നിസ് ഇതിഹാസമായിരിക്കാം. എന്നാല്‍ ആദിശങ്കരന്‍ ലോകത്തിന്റെ തന്നെ അത്ഭുതമാണ്.''
അവള്‍ എന്നെ പിടിച്ചുയര്‍ത്തി.
''നമുക്കി രാത്രി മുഴുവന്‍ എനിക്ക് താങ്കളോട് സംസാരിച്ചും, കഥകള്‍ പറഞ്ഞും ഈ തടാകക്കരയിലൂടെ നടക്കണം. ഒരേ വേദിയില്‍ നില്‍ക്കുന്നവര്‍ക്കേ നൃത്തം ചെയ്യുവാനും ആലിംഗനബദ്ധരാകാനും കഴിയൂ.''
ഒരുമിച്ച് മുന്നോട്ട് നടക്കവേ വലതുകരം കൊണ്ട് അവള്‍ എന്നെ അവളിലേക്ക് അടുപ്പിക്കുന്നതായി തോന്നിയപ്പോള്‍ എനിക്ക് ഒന്നു തിരിഞ്ഞു നോക്കണം എന്നുതോന്നി. ലിസ ഊതിയ പുകച്ചുരുളുകള്‍ മഞ്ഞിന്റെ ചുംബനത്തില്‍ ആ വിളക്ക് വെട്ടത്തില്‍ നിന്ന് അപ്രത്യക്ഷമായി കഴിഞ്ഞിരുന്നു.

കൂടുതൽ വായനയ്ക്ക്

നോവലുകൾ

 malayalam novels
READ

ശ്രേഷ്ഠ രചനകൾ

Subscribe Newsletter