മൊഴിയുടെ  വരിക്കാരാവുക.
SUBSCRIBE

Mozhi Rewards Club

Mozhi Rewards Club
ശ്രേഷ്ഠ രചന: Rs.250
മികച്ച രചന: Rs.100
 
ഒരു ഞായറാഴ്ച ഉച്ചകഴിഞ്ഞ നേരം ഉച്ചയൂണും മൂക്കറ്റം തട്ടി, പേര മരത്തിൽ നിന്നും ഒരു പേരക്കയും പൊട്ടിച്ചു കടിച്ചു തുപ്പിക്കൊണ്ട് പറമ്പിലേക്കൊന്ന് ഇറങ്ങി. . ഒരു ചെറിയ മൂത്രശങ്ക. വരിക്കപ്ലാവിന്റെ പുറകിൽ കുടയും നിവർത്തി നിൽക്കുന്ന ചേമ്പിലകളുടെ മുകളിലേക്ക് മുല്ലപ്പെരിയാർ അങ്ങോട്ട് തുറന്നുവിട്ടുകൊണ്ട് തൊട്ടപ്പുറത്തെ മാവിൽ ഇരുന്നുന്ന് കളർ മാറ്റി കളിക്കുന്ന മരയോന്തിനെ നോക്കി അങ്ങനെ നിന്നു. ചേമ്പിലയിൽ മൂത്രം ഒഴിക്കുമ്പോൾ ഒരു പ്രത്യേക സുഖം തന്നെ ആണ്. മൂത്രം ചേമ്പിലയിൽ വീണ് വീണ് വെള്ളിനിറത്തിൽ വലിയ തുള്ളികൾ ആയി തെറിച്ചു പോകുന്നത് കാണാൻ നല്ല രസമുണ്ട്.
 
ഭാവി പരിപാടികളെ പ്പറ്റിയും ലൗകിക ജീവിതത്തെപ്പറ്റിയും കൂനം കലുഷിതമായ ചർച്ച നടത്തിക്കൊണ്ടിരുന്ന പ്രണയ പരവശരായ രണ്ടു തവളകൾ അപ്രതീക്ഷിതമായി ദേഹത്ത് വീണ വെള്ളം കണ്ട് മഴയാണെന്ന് സന്തോഷിച്ച് തങ്ങളുടെ മാസ്റ്റർ പീസായ 'പേക്രോം ' രാഗത്തിൽ ഒരു ഡ്യൂയറ്റ് പാടാൻ വേണ്ടി പുറത്തു വന്നപ്പോഴാണ് കാര്യങ്ങളുടെ സത്യാവസ്ഥ അറിയുന്നത്.
"നിനക്ക് വേറൊരു പണിയും ഇല്ലെടാ മരഭൂതമേ " എന്നു പറയുന്നപോലെ എന്നെ ഒന്നു നോക്കിയിട്ട് 'ശിവനേ ഇനി ഏത് ആറ്റിൽ പോയി ചാടിയാൽ ആണ് ഒന്ന് വൃത്തിയാകുക ' എന്നും വിചാരിച്ചുകൊണ്ട് ഉഗ്രൻ ഒരു ലോങ്ജമ്പ് ചാടി കേശവൻ കൊച്ചാട്ടന്റെ പറമ്പിലേക്ക് പോയി.
 
വരിക്കപ്ലാവിനോട് ചേർന്ന് നിൽക്കുന്ന ആഞ്ഞിലിയിൽ നിറയെ ആഞ്ഞിലിച്ചക്ക ഉണ്ട്. പച്ചയും, പഴുത്തതും, കുമ്പഴുപ്പനും ഒക്കെയായി ധാരാളം ഇങ്ങനെ തൂങ്ങിയാടി കളിക്കുന്നുണ്ട്. ആഞ്ഞിലിയാണെങ്കിൽ ടവർ പോലെ അങ്ങ് മുകളിലേക്ക് പോയേക്കുകയാണ്. ഒരുമാതിരിപ്പെട്ട മരങ്ങളിൽ ഒക്കെ അള്ളിപ്പിടിച്ചു കേറുന്ന എനിക്ക് ഇതുവരെ പിടി തരാത്ത ആളാണ് ആഞ്ഞിലി. ശിഖരങ്ങൾ അധികം താഴെ ഇല്ലാത്ത ആഞ്ഞിലിയിൽ അള്ളിപ്പിടിച്ചു കയറി, അറഞ്ഞു തല്ലി വീണ് കല്യാണ സൗഗന്ധികം തകർക്കാൻ മനസില്ല. പക്ഷെ ആഞ്ഞിലിച്ചക്ക തിന്നാൻ നല്ല ഉഗ്രൻ കൊതിയും ഉണ്ട്. വരിക്ക പ്ലാവിൽ കയറി നിന്ന്, തോട്ടികൊണ്ട് ആഞ്ഞിലിക്കാ പറിക്കാനുള്ള അതിനൂതനമായ ഒരു പ്ലാൻ മനസ്സിൽ രൂപം കൊണ്ടു. ചക്ക ഇടാനും, ആടിന് പ്ലാവില അടർത്തുവാനും വേണ്ടി അമ്മ തയ്യാറാക്കി വച്ചിരിക്കുന്ന ഒരു തോട്ടിയുണ്ട്. "തൊട്ടുപോയേക്കരുത് ഇതിൽ " എന്നൊക്ക വാർണിങ് ഉണ്ടെങ്കിലും ഇന്നൊരു റിസ്ക് എടുക്കാൻ തീരുമാനിച്ചു.

തോട്ടിയുമായി എത്തിയപ്പോഴേക്കും അതാ വേലിപ്പടർപ്പുകള്ക്കു ഇടയിലൂടെ ദിനേശ് ബീഡിയും വലിച്ചു കൊണ്ട് കേശവൻ ചേട്ടൻ. എന്റെ പ്ലാനിനെക്കുറിച്ചു പറഞ്ഞപ്പോൾ കട്ട സപ്പോർട്ട് തന്നുകളഞ്ഞു കേശവൻ ചേട്ടൻ. അങ്ങനെ പറ്റുന്ന അത്രയും ഉയരത്തിൽ വരിക്കപ്ലാവിൽ ഞാൻ തോട്ടിയുമായി അള്ളിപ്പിടിച്ചു കയറി. ഒരു വലിയ കൊമ്പിനെ കെട്ടിപിടിച്ചു നിന്നുകൊണ്ട് തോട്ടിയുമായി ആഞ്ഞിലിച്ചക്ക പറിക്കുന്ന അതി ഭീകരമായ പരിപാടിക്ക് തുടക്കം കുറിച്ചു. ഇനി ആഞ്ഞിലി മരം വീണാലും ഞാൻ ചാടി പിടിക്കും എന്ന് പറഞ്ഞുകൊണ്ട് ക്യാച്ചെടുക്കാൻ തയ്യാറായി താഴെ കേശവൻ ചേട്ടൻ.
നന്നായി പഴുത്ത ഒരെണ്ണത്തിലേക്ക് പതുക്കെ തോട്ടി കൊണ്ടൊന്നു തൊട്ടതെ ഓർമയുള്ളൂ. കുറ്റീം പിഴുതോണ്ട് അതാ ആഞ്ഞിലിച്ചക്ക താഴേക്ക്. 
ചുണ്ടിൽ നിന്നും ദിനേശ് ബീഡി കൈകൊണ്ടൊന്ന് എടുത്തു ചുണ്ടിനൊരു റസ്റ്റ്‌ കൊടുക്കാമെന്നു തീരുമാനിച്ച നിമിഷമാണ് ഉൽക്ക പോലൊരുത്തൻ താഴേക്ക് വരുന്നത്. ദിനേശ് ബീഡിയും കളഞ്ഞ് കേശവൻ ചേട്ടൻ ചാടിയൊരു പിടുത്തം.
 
പഴുത്തു ഏകദേശം പ്ലിംഗ് രീതിയിൽ ആയിരുന്ന ആഞ്ഞിലിച്ചക്ക കേശവൻ ചേട്ടന്റെ കയ്യിൽ വീണ് പൂത്തിരിപോലെ ചുറ്റുപാടും തെറിച്ചു. പുള്ളിക്കടുവയുടെ മുഖം പോലെയായി കേശവൻ ചേട്ടന്റെ മുഖം.
പൊട്ടിവന്ന ചിരി കടിച്ചമർത്തി ഒരു കൃത്രിമ ഭാവം മുഖത്തു ഫിറ്റു ചെയ്തു ഞാൻ. സിനിമയിൽ ആയിരുന്നു എങ്കിൽ ഒരു സഹനടനുള്ള അവാർഡ് എങ്കിലും കിട്ടിയേനെ. തോർത്തുകൊണ്ട് മുഖത്തു പറ്റിയ ആഞ്ഞിലിച്ചക്കയുടെ അവശിഷ്ടങ്ങൾ തുടച്ചുകളഞ്ഞിട്ട് വീണ്ടും ജോണ്ടി റോഡ്‌സ് നെപ്പോലെ കേശവൻ ചേട്ടൻ ക്യാച്ചെടുക്കാൻ തയ്യാറായി. തോട്ടിയിൽ കുരുങ്ങി അടുത്തത് വീണ്ടും താഴേക്ക്.
 
"കേശവൻ ചേട്ടാ ദേ വരുന്നുണ്ട് " ഞാൻ അലറി. 
അഴിഞ്ഞു പോകാറായ കൈലി ഒന്ന് മുറുക്കി ഉടുക്കാൻ തുനിഞ്ഞ കേശവൻ ചേട്ടൻ അതും വിട്ടിട്ട് നേരെ ആഞ്ഞിലിച്ചക്കയുടെ നേരെ ചാടി. താഴേക്കുള്ള പ്രയാണത്തിൽ വരിക്കപ്ലാവിന്റെ ചെറിയൊരു കൊമ്പിൽ തട്ടി ആഞ്ഞിലിച്ചക്കയുടെ ഡൈറക്ഷൻ ഒന്ന് തെറ്റി.
 
തന്റെ നേരെ വന്നിട്ട് ദിശ മാറി പോയ ചക്കയെ വെറുതെ വിട്ടില്ല കേശവൻ ചേട്ടൻ. ചക്ക പോയ ദിശയിലേക്ക്, 1983 വേൾഡ് കപ്പിൽ വിവിയൻ റിച്ചാഡ്സൺ ന്റെ ക്യാച്ചെടുക്കാൻ കപിൽ ദേവ് പുറകോട്ട് ഓടിയപോലെ കേശവൻ ചേട്ടൻ പാഞ്ഞു. ഈ പണിക്ക് കൂട്ടു നിൽക്കാൻ ഞാനില്ലേ എന്ന് പറഞ്ഞുകൊണ്ട് കൈലി ഉരിഞ്ഞു താഴെ വീണു.
നാടൻ അണ്ടർ വിയറും ഇട്ടുകൊണ്ട് പാഞ്ഞ കേശവൻ ചേട്ടൻ കപിൽ ദേവിനെ പ്പോലെ ആഞ്ഞിലി ചക്കയും പിടിച്ചുകൊണ്ട് വേലിപ്പടർപ്പുകൾ തകർത്ത് അറഞ്ഞു തല്ലി താഴെ വീണു.
പുതിയ ഒളിത്താവളത്തിൽ പോയിരുന്ന് മുടങ്ങിപ്പോയ ചർച്ചകൾ വീണ്ടും പുനരാരംഭിച്ച തവളകളുടെ മുകളിലേക്കാണ് കേശവൻ ചേട്ടൻ ക്യാച്ചെടുത്തു ഡൈവ് ചെയ്തു വീണത്.
"ഇപ്പോൾ പപ്പടം ആയേനെ എന്റെ ശിവനെ" എന്ന് കാറിക്കൊണ്ട് ഇടം വലം നോക്കാതെ അടുത്ത പഞ്ചായത്തിലേക്ക് പാഞ്ഞു രണ്ടും കൂടി.
വീണെങ്കിലും ആഞ്ഞിലിച്ചക്കയിലുള്ള പിടി വിട്ടില്ല കേശവൻ ചേട്ടൻ. അഴിഞ്ഞു പോയ കൈലി എടുത്ത് മുറുക്കി ഒന്നുടുത്തുകൊണ്ട് അടുത്ത അങ്കത്തിനുള്ള തയ്യാറെടുപ്പിനായി ദിനേശ് ബീഡി ഒരെണ്ണം എടുത്തു കത്തിച്ചു.
 
"ചക്കയുടെ ചെറിയ കൊമ്പിൽ തോട്ടി കോർത്ത്‌ പിരിക്ക്, അപ്പോൾ ഇല ഉൾപ്പെടെ താഴേക്ക് വരും " കേശവൻ ചേട്ടന്റെ പുതിയ ഐഡിയ ആണ്.
അത് നല്ലൊരു ഐഡിയ ആയിരുന്നു. കുറച്ചു ഇലകൾ ഉൾപ്പെടെ പാരച്യൂട്ട് പോലെ ആയിരുന്നു പിന്നീടുള്ള ചക്കകളുടെ വീഴ്ച. അനായാസം അവ കൈപ്പിടിയിൽ ഒതുക്കി കേശവൻ ചേട്ടൻ കപിൽ ദേവിന്റെ റിക്കോർഡ് തകർത്തു. അവസാനം കൈവേദന ആയപ്പോൾ ഞാൻ പ്ലാവിൽ നിന്നും ഇറങ്ങി. പഴുത്ത ആഞ്ഞിലിച്ചക്കകൾ പെറുക്കി കൂട്ടി ഓരോന്നായി പൊളിച്ചു തിന്നു. ആഞ്ഞിലിക്കുരു ഒരു വട്ടയിലയിൽ കൂട്ടി വെച്ചു.
ശാസ്ത്രീയമായ രീതിയിൽ എങ്ങനെ ആഞ്ഞിലിക്കുരു വറക്കാം എന്നതിനെ പറ്റി ഒരു സ്റ്റഡി ക്ലാസ്സും കേശവൻ ചേട്ടൻ എടുത്തു തന്നു.
ഏകദേശം പഴുക്കാറായ ആഞ്ഞിലിച്ചക്കകൾ എടുത്തുകൊണ്ട് കച്ചിത്തുറുവിന്റെ അടുത്തു ചെന്നു. കച്ചി വലിച്ചെടുക്കുന്ന ഭാഗത്തിന് മുകളിലായി ഒരു ദ്വാരം ഉണ്ടാക്കി അതിനുള്ളിൽ വെച്ചു.
രണ്ടു ദിവസം കഴിയുമ്പോൾ പഴുത്തു കിട്ടും. അമ്മയുടെ അരുമയായ തോട്ടി പഴയ സ്ഥാനത്തു തന്നെ കൊണ്ടുപോയി വെച്ചു. കിണറ്റിൽ നിന്നും ഒരു തൊട്ടി വെള്ളം കോരി കുറച്ചു കുടിച്ചിട്ട് വീട്ടിലേക്കു കയറുമ്പോൾ അതാ വരുന്നു രാധചേച്ചി. 
 
"ഡാ കൊച്ചേ അമ്മയോട് ചോദിച്ചേ കൊട്ടൻ ചുക്കാദി തൈലം ഉണ്ടോന്ന്, വീട്ടിലെ അതിയാന് ഒരു നടുവേദന "
"ജോണ്ടി റോഡ്‌സ് നെ തോൽപ്പിക്കുന്ന ചാട്ടം ചാടിയാൽ നടു മാത്രമല്ല ദേഹം മൊത്തം വേദന കാണും" എന്ന് പറയാൻ തോന്നിയെങ്കിലും ഞാൻ ചിരിയോടെ കൊട്ടൻ ചുക്കാദി തപ്പിയെടുക്കാൻ മുറിക്കുള്ളിലേക്ക് പോയി..

കൂടുതൽ വായനയ്ക്ക്

നോവലുകൾ

 malayalam novels
READ

ശ്രേഷ്ഠ രചനകൾ

Subscribe Newsletter