മൊഴിയുടെ  വരിക്കാരാവുക.
SUBSCRIBE

loveletters

ലോകത്താദ്യമായി പുതിയൊരു സാഹിത്യശാഖയ്ക്ക് മൊഴി നാന്ദി കുറിക്കുന്നു. "പ്രണയലേഖനം". പ്രണയ ലേഖനങ്ങൾ ധാരാളം ആളുകൾ എഴുതിയിട്ടുണ്ട്. എങ്കിലും അതൊരു സാഹിത്യശാഖയായി ആരും അതിനെ സമീപിച്ചിട്ടില്ല. 
ഹൃദയം ഹൃദയത്തോടു സംവദിക്കുന്ന നൈർമല്യമാണ് പ്രണയം. ഉത്തമപുരുഷൻ (first person) അതിനെ അക്ഷരങ്ങളിൽ ആവിഷ്ക്കരിക്കുമ്പോൾ പ്രണയ പശ്ചാത്തലമായി മറ്റെന്തും കടന്നുവരാം. പ്രകൃതി വർണ്ണന മുതൽ ചരിത്രം വരെ, ആക്ടിവിസം മുതൽ തത്ത്വചിന്ത വരെ, ജീവശാസ്ത്രം മുതൽ രാഷ്ട്രമീമാംസ വരെ. ഇവിടെ പരിമിതിയുടെ മുള്ളുവേലി കെട്ടുന്നത് രചയിതാവിന്റെ ഭാവനയും, ഭാഷാനിപുണതയും മാത്രമാണ്. പ്രിയ എഴുത്തുകാരെ, കളഞ്ഞുപോയ നിങ്ങളുടെ പൊൻതൂലിക കണ്ടെടുത്താലും. ഹൃദയത്തിൽ മുക്കി പ്രണയലേഖനങ്ങൾ വിരചിച്ചാലും. ലോകത്തിന്റെ അവ്യവസ്ഥകളെ നമുക്കു പ്രണയം കൊണ്ടു നേരിടാം.

Binoy Kizhakkambalam

ചെറിയ പാറക്കെട്ടിലൂടെ ഒലിച്ചിറങ്ങുന്ന കാട്ടരുവി.  മഞ്ഞിന്റെ ആവരണത്തിൽ, കളകള ശബ്ദം ഉണ്ടാക്കുന്ന വെള്ള തുള്ളികൾക്ക്  നല്ല തണുപ്പായിരുന്നു.

 കോട മഞ്ഞ് സൂര്യനെ മറച്ചു കളഞ്ഞിരിക്കുന്നു.  ആ മഞ്ഞിന്റെ ആവരണത്തെ ഭേദിക്കാൻ സൂര്യരശ്മികൾക്ക് ആകുന്നില്ല.  ചെറിയ പാറക്കെട്ടുകൾക്കിടയിലെ, ആ തണുത്ത വെള്ളത്തിൽ മുങ്ങുമ്പോൾ, ലക്ഷ്മിയുടെ ശരീരത്തിൽ ഒരു കുളിര് അനുഭവപ്പെട്ടു.  അത് ശരീരത്തെ കോച്ചി വലിക്കുന്നത് പോലെ അവൾക്ക് തോന്നി.

രാവിലെ ഫാക്ടറിയിൽ തേയില നുള്ളാൻ പോകുന്നതിനു മുൻപ് ഇങ്ങനെ ഒരു കുളി ലക്ഷ്മിക്ക് പതിവുള്ളതാണ്.  ആരുടെയെങ്കിലും കണ്ണുകൾ തന്നെ പിന്തുടരുന്നുണ്ടോ എന്ന് ഉറപ്പുവരുത്തിയതിനു ശേഷമേ അവൾ കുളിക്കാൻ ഇറങ്ങാറുള്ളൂ.   എന്നാൽ ഇന്ന് അതിനൊന്നും നിൽക്കാതെ വേഗം തന്നെ വസ്ത്രം മാറി ലക്ഷ്മി കുളിക്കാൻ ഇറങ്ങി.  കാരണം മനസ്സിനുള്ളിൽ മറ്റൊരു ഭയം നുരഞ്ഞു പൊന്തുന്നുണ്ടായിരുന്നു.  ഇന്നലെത്തെ രാത്രി തനിക്ക് ഒരിക്കലും മറക്കാൻ കഴിയുകയില്ല...

ശരീരവും മനസ്സും താൻ സ്നേഹിച്ച പുരുഷന് സമർപ്പിച്ച രാത്രി. ആ കര വലയത്തിൽ നിന്ന് കുതറി മാറാൻ തനിക്ക് കഴിഞ്ഞില്ല.  അദ്ദേഹം തന്നെ കൈവിടില്ല എന്ന് തനിക്ക് ഉറപ്പുണ്ടായിരുന്നു.  ആ കൈവിരലുകൾ തന്റെ ശരീരത്തിലൂടെ പാഞ്ഞു നടക്കുമ്പോൾ, ഏതോ ഒരു അഭിനിവേശം തന്നെയും പിടികൂടുകയായിരുന്നു.  തെറ്റും ശരിയും തിരിച്ചറിയാനാവാത്ത ഒരു രാത്രി...

 ലക്ഷ്മി ആ തണുത്ത വെള്ളത്തിൽ ഒരിക്കൽ കൂടി മുങ്ങി പൊങ്ങി.  അതിനുശേഷം വസ്ത്രം മാറാനായി പാറക്കെട്ടിന് അരികിലേക്ക് നടന്നു.  ശരീരത്തിലെ വസ്ത്രം അഴിക്കുന്നതിനിടയിൽ, പിറകിൽ ആരുടെയോ കാൽ പെരുമാറ്റം ലക്ഷ്മി കേട്ടു. അവൾ ഞെട്ടലോടെ പിറകോട്ട് നോക്കി.

" അമ്മേ.... "

 ശാന്തി ഒരു ഞെട്ടലോടെ ഉറക്കത്തിൽ നിന്ന് ചാടി എഴുന്നേറ്റു. താൻ ഇന്നലെ ചെയ്ത കഥാപാത്രത്തിന്റെ ആത്മാവ് തന്നെ വിട്ട് അകലാത്തതുപോലെ.  സിനിമ നടി ശാന്തിയിൽ നിന്ന്, തന്റെ പുതിയ സിനിമയിലെ കഥാപാത്രം ലക്ഷ്മിക്ക് മോചനം ആയിട്ടില്ല....

സിനിമാനടി ആകുക എന്നത് തന്റെ ആഗ്രഹമല്ലായിരുന്നു.  ജീവിതം അവസാനം ഇവിടെ കൊണ്ട് ചെന്ന് എത്തിച്ചു.  ഇന്ന് എല്ലാ സൗഭാഗ്യങ്ങൾക്കും നടുവിലാണ് താൻ.  കട്ടിലിന് അരികിൽ തന്നോട് ചേർന്ന് കിടക്കുന്ന ഭർത്താവിന്റെ മുഖത്തേക്ക് ശാന്തി നോക്കി.

 ഇന്നലെ നായക നടന്റെ കൈവിരലുകൾ, തന്റെ ശരീരത്തിൽ സ്പർശിച്ചപ്പോൾ, അറിയാതെ തന്റെ ഭർത്താവിന്റെ മുഖം മനസ്സിലേക്ക് ഓടി വന്നു. അന്യ പുരുഷനും, സ്നേഹം മാത്രം നൽകുന്ന ഭർത്താവും രണ്ടും രണ്ടാണ്.  സിനിമയും ജീവിതവും ഒരിക്കലും ഒരു നേർരേഖ അല്ല.  കഴുത്തിൽ താലികെട്ടിയാൽ ഭർത്താവാണ് ഏത് സ്ത്രീക്കും വലുത്. 

പിന്നെ ഒരു അന്യ പുരുഷനും അവളുടെ ശരീരത്തിൽ സ്പർശിച്ചു കൂടാ... അങ്ങനെ വന്നാൽ അത് ശരീരം വിൽക്കുന്നതിന് തുല്യമാകും.  പണത്തിനു പിറകെ പായുമ്പോൾ പലപ്പോഴും സിനിമയിലെ കഥാപാത്രങ്ങൾ തന്നെ വേട്ടയാടാറുണ്ട്.  അപ്പോൾ പലപ്പോഴും ജീവിതവും ഒരു അഭിനയമായി മാറുന്നു.

ജീവിതത്തിൽ ഒരു ഭാര്യയായി മാറണമെങ്കിൽ സിനിമയിലെ കഥാപാത്രങ്ങളോട് വിടപറയേണ്ടിയിരിക്കുന്നു.  ശരിക്കും തന്റെ ജീവിതത്തിൽ അതാണ് വേണ്ടത്. നാളെ മക്കളൊക്കെ ആയി കഴിയുമ്പോൾ, ഓർമ്മകളിലേക്ക് ഒരിക്കലും തനിക്ക് തിരിഞ്ഞു നോക്കാൻ ആവില്ല. അവിടെ ജീവിതം ഒരു ചോദ്യചിഹ്നമായി മാറും. 

മതിലിൽ പതിക്കുന്ന സിനിമ പോസ്റ്ററുകളും, വീടിന്റെ ചുമരിൽ തൂക്കുന്ന ഫോട്ടോകളും തനിക്ക് ജീവിതത്തിൽ ഇരട്ടമുഖം സമ്മാനിക്കും. ക്യാമറ കണ്ണുകളിൽ നിന്ന്, ഇനി ഒരു പച്ചയായ ജീവിതം.... ഇനി അതാണ് തനിക്ക് വേണ്ടത്.  മറ്റൊരാളുടെ കൈവിരലുകൾ ഇനി ഒരിക്കലും തന്റെ ശരീരത്തിൽ സ്പർശിച്ചു കൂടാ.  അവൾ അരികിൽ  കിടന്ന ഭർത്താവിന്റെ കരവലയത്തിലേക്ക് ചേർന്ന് കിടന്നു. കഥാപാത്രങ്ങൾക്ക് വഞ്ചിക്കാം.  പക്ഷേ ഒരു ഭാര്യ ഒരിക്കലും വഞ്ചിതയായി കൂടാ.

ജീവിതത്തിൽ ഒരു പുതിയ അധ്യായം, തുടക്കം കുറിക്കാനുള്ള അഭിനിവേശത്തോടെ, ശാന്തി, ഭർത്താവിന്റെ അരികിലേക്ക് ചേർന്നു കിടന്നു.

കൂടുതൽ വായനയ്ക്ക്

നോവലുകൾ

 malayalam novels
READ

ശ്രേഷ്ഠ രചനകൾ

Subscribe Newsletter