ജാനകിയും മകൾ ചാന്ദ്നിയുമാണ് ഇപ്പോൾ ഞങ്ങളുടെ നാട്ടിലെ ചർച്ചാ വിഷയം. ഞങ്ങളുടെ അയൽപക്കത്താണ് ജാനകിയുടെ വീട്. നാട്ടിലെ ഇടത്തരം കുടുംബമായിരുന്നു ജാനകിയുടേത്.  ജീവിക്കാൻ പറ്റിയ

സാമ്പത്തികസ്ഥിതി ഉണ്ടായിരുന്നതെല്ലാം, ഭർത്താവ് സുകുമാരൻ മദ്യപാനം കൊണ്ട് നശിപ്പിച്ചു.  മദ്യപിച്ചു വന്നാൽ പിന്നെ സുകുമാരന് ഭ്രാന്താണ്. കണ്ണിൽ കണ്ടതൊക്കെ നശിപ്പിക്കും. ഭാര്യയേയും മോളേയും ചീത്ത വിളിക്കുകയും ഉപദ്രവിക്കുകയും ചെയ്യും. പല ദിവസങ്ങളിലും ജാനകിയും മോളും വീട്ടിൽ നിന്നും ഇറങ്ങി ഓടി തൊഴുത്തിലോ പറമ്പിലോ പോയി ഒളിച്ചിരുന്നാണ് നേരം വെളുപ്പിക്കുക. മഴക്കാലത്തും സ്ഥിതി ഇതൊക്കെത്തന്നെ.

ഒരിക്കൽപോലും സുകുമാരനും ജാനകിയും സ്നേഹത്തിൽ കഴിയുന്നത് കണ്ടിട്ടില്ല. അയൽക്കാർ പലരും അയാളുടെ മുന്നിൽ സമാധാന ദൂതുമായി പോയിരുന്നു. പക്ഷേ ഒരു മാറ്റവും സുകുമാരനിൽ ഉണ്ടായിട്ടില്ല. മദ്യപാനവും കലഹവും നിത്യസംഭവങ്ങൾ ആയതിനാൽ പിന്നീടാരും അവരെ ശ്രദ്ധിക്കാതായി.

ചാന്ദ്‌നിയ്ക്ക് പത്തു വയസ്സുള്ളപ്പോൾ സുകുമാരൻ സ്ഥലം വിറ്റ പണവുമായി നാടുവിട്ടുപോവുകയും ചെയ്തു. പിന്നീട് ഒരു വാടക വീടെടുത്ത് താമസം തുടങ്ങിയ ജാനകി കൂലിപ്പണി ചെയ്താണ് ചാന്ദ്നിയെ പഠിപ്പിച്ചത്.  ജാനകിയ്ക്ക് മകളായിരുന്നു എല്ലാം. അവളുടെ ഏത് ആഗ്രഹവും സാധിച്ചു കൊടുക്കാൻ ജാനകി പരിശ്രമിക്കും. തൻ്റെ കുഞ്ഞു ഉറക്കത്തിൽ ഒന്നു ചെറുതായി ഞരങ്ങിയാൽ പോലും   ജാനകിയ്ക്ക് വേവലാതിയാണ്. അവൾ ഒന്നു ചുമച്ചാൽ, മുഖം വാടിയാൽ, സ്വരം പതറിയാൽ, അപ്പോളൊക്കെ ആ അമ്മയുടെ മനസ് ആശങ്കാജനം ആകും.

ചാന്ദ്നിയ്ക്ക് അഛനും അമ്മയും കൂട്ടുകാരിയുമെല്ലാം ജാനകിയായിരുന്നു.

പഠിക്കാൻ മിടുക്കിയായചാന്ദ്നിയ്ക്ക് നേഴ്സിംഗിന് പോകണമെന്ന ആഗ്രഹം പറഞ്ഞപ്പോൾ മനസ്സില്ലാമനസ്സോടെയാണ് ജാനകി സമ്മതിച്ചത്. കാരണം, മകളെ പിരിയാനുള്ള വിഷമം ഒരു വശത്ത് , സാമ്പത്തിക ബാധ്യത മറുവശത്ത്. എങ്കിലുമവൾ മകൾക്കു വേണ്ടി ആ ത്യാഗം ഏറ്റെടുത്തു. പലരോടും പണം കടം വാങ്ങിയും, ബന്ധുക്കളുടെ സഹായം സ്വീകരിച്ചുമാണ് ജാനകി മകളെ പഠിപ്പിച്ചത്.

മംഗലാപുരത്ത് പഠിക്കുമ്പോഴാണ് അവൾ മാത്യൂസിനെ പരിചയപ്പെടുന്നത്. മറ്റുള്ളവരെ സഹായിക്കാൻ സൻമനസുള്ള അവനെ എല്ലാവർക്കും ഇഷ്ടമായിരുന്നു. മാത്യൂസുമായി  കാലാന്തരേ അവൾ പ്രണയത്തിലായി.
വിവരമറിഞ്ഞ ജാനകി മകളെചോദ്യം ചെയ്തു. താൻ വിവാഹം  കഴിക്കുകയാണെങ്കിൽ  മാത്യൂസിനെ മാത്രമേ എന്നവൾ ഉറപ്പിച്ചു പറഞ്ഞു. 'തനിക്ക് ജീവനുണ്ടെങ്കിൽ ഇത് നടത്തില്ല 'എന്ന് ജാനകിയും പറഞ്ഞു.

പഠനം പൂർത്തിയായ ഉടൻ തന്നെ അവൾക്ക് ബാംഗ്ലൂരിൽ ജോലി കിട്ടി.  ഒരു നാൾ അവൾ അമ്മയെ ഫോണിൽ വിളിച്ചു പറഞ്ഞു.

"അമ്മേ നാളെ ഞാനും മാത്യൂസും വിവാഹിതരാവുകയാണ്. അമ്മ ഞങ്ങളെ അനുഗ്രഹിക്കണം."

"എനിക്ക് ഇങ്ങനെയൊരു മകൾ ഇല്ല. എനിക്ക് ഇനി നിന്നെ കാണുകയേ വേണ്ട." പൊട്ടിക്കരഞ്ഞുകൊണ്ട്  ജാനകി ഫോൺ കട്ടു ചെയ്തു. മകളുടെ വിവാഹത്തോടെ തകർന്നു പോയി ജാനകി. കെട്ടിയുയർത്തിയ സ്വപ്നങ്ങളെല്ലാം ഒരു നിമിഷം കൊണ്ട് തകർന്നുടഞ്ഞു.

ക്രിസ്തുമസ്സിന് നാട്ടിലെത്തിയ നവദമ്പതികളായ ചാന്ദിനിയും മാത്യൂസും ജാനകിയെ കാണാൻ വന്നു. അന്ന്  ജാനകി മകൾക്ക് മുന്നിൽ നിഷ്കരുണം  വാതിൽ കൊട്ടിയടച്ചു. അമ്മയെ കാണാൻ കൊതിച്ചു വന്ന മകൾ നെഞ്ചുപൊട്ടി കരഞ്ഞുകൊണ്ട് പോകുന്ന കാഴ്ച അയൽക്കാരായ ഞങ്ങളെല്ലാവരും നോക്കിനിന്നു.

''എനിക്ക് ഇങ്ങനെ ഒരു മകൾ ഇല്ല. അവൾ മരിച്ചു." ജാനകി പറഞ്ഞു.

പഠനത്തിനായ് എടുത്ത കടമൊക്കെ ജാനകി കൂലിപ്പണിയെടുത്ത് തന്നെ വീട്ടി. ചാന്ദ്നി പലപ്പോഴും പണമയച്ചിരുന്നു. പക്ഷേ ജാനകി അതൊന്നും സ്വീകരിച്ചില്ല. അവൾ ഫോൺ വിളിച്ചാൽ പോലും ജാനകി
എടുക്കാതായി.

കാലചക്രം  തിരിയവെ വസന്തവും,  ശിശിരവും മാറി മാറി വന്നു. ചാന്ദ്നിയുടെ വിവാഹം കഴിഞ്ഞിട്ട് ഒരു വ്യാഴവട്ടക്കാലമായി. ഇന്നവൾ രണ്ടു കുഞ്ഞുങ്ങളുടെ അമ്മയാണ്. എന്നാലും മകളോട് ക്ഷമിക്കുവാൻ ജാനകി തയ്യാറല്ല.

ചാന്ദ്നി ഇടയ്ക്കൊക്കെ ഫോൺ വിളിക്കും. "നീ നസ്രാണിയുടെ പുറകെ പോയതല്ലേ . ഇനി മേലാൽ എന്നെ വിളിക്കരുത് ."എന്നും പറഞ്ഞു ജാനകി ഫോൺ വെയ്ക്കും. ഒരിക്കൽപോലും ചാന്ദ്നിയെ കാണാനോ, അവളോട് രമ്യതയിൽ പോകാനോ ജാനകി ശ്രമിച്ചില്ല. അവളോട് അത്രയ്ക്ക് ദേഷ്യമായിരുന്നു  ജാനകിയ്ക്ക്.

ജാനകിക്ക് കുറച്ചു ദിവസങ്ങളായി അടിവയറ്റിൽ ഒരു വേദന. സഹോദരൻ്റെ മകനോടൊപ്പം ഹോസ്പിറ്റലിൽ പോയി. സ്ക്കാനിംഗിൽ യൂട്രസിൽ ഒരു മുഴ ഉണ്ടെന്നും, ഓപ്പറേഷൻ ചെയ്യണമെന്നും കേട്ടപ്പോൾ ജാനകി ആകെ തകർന്നു പോയി. സഹോദരൻ്റെ മക്കളും ബന്ധുകളും അവരെ  സഹായിക്കാൻ ഓടിയെത്തി.അയൽക്കാരും  ജാനകിയെ സഹായിക്കാൻ സന്നദ്ധരായി. അമ്മാവൻ്റെ മോൻ ജയനാണ് സൗദിയിലുള്ള ചാന്ദ്നിയെ  അമ്മയുടെ രോഗവിവരമറിയിച്ചത്.

ഓപ്പറേഷൻ  വേണം എന്ന് കേട്ടതേ വിങ്ങിപ്പൊട്ടി  ചാന്ദ്നി അമ്മയെ  വിളിച്ചു. മകളുടെ ഫോൺ വന്നാൽ
ചീറ്റപുലിയെപ്പോലെ  നിന്നിരുന്ന ജാനകി മകളുടെ സ്വരം കേട്ടതേ പൊട്ടി കരഞ്ഞു പോയി.

"അമ്മേ .. അമ്മ ഒന്നുകൊണ്ടും പേടിക്കേണ്ട. നാളെ തന്നെ അഡ്മിറ്റാകണം.കഴിയുന്നത്ര നേരത്തെ തന്നെ ഓപ്പറേഷൻ ചെയ്യണം. ഞാൻ ഉടൻ നാട്ടിലെത്തും. എന്തിനും ഞാനുണ്ട് കൂടെ." മകളുടെ ആശ്വാസ വാക്കുകൾ കേട്ടപ്പോൾ തന്നെ ജാനകിയുടെ എല്ലാ പിണക്കവും അലിഞ്ഞില്ലാതായി.  അവൾ അപ്പോൾ തന്നെ ഓപ്പറേഷനുള്ള പണവും അയച്ചുകൊടുത്തു.

വൻമലപോലെ നിന്ന പിണക്കം ഒരു നിമിഷം കൊണ്ട് മഞ്ഞുപോലെ അലിഞ്ഞില്ലാതായി. വിദ്വേഷത്തിൻ്റ മതിലുകൾ ഇടിഞ്ഞു വീണു. ഒരു രോഗത്തിന് കുടുംബബന്ധങ്ങളെ തകർക്കാൻ കഴിയും എന്ന് കേട്ടിട്ടുണ്ട്. പക്ഷേ, ഒന്നിപ്പിക്കാൻ കഴിയും എന്ന് ഞങ്ങൾക്ക് കാണിച്ചുതന്നത് ജാനകിയും മകൾ ചാന്ദ്നിയുമാണ്.

കൂടുതൽ വായനയ്ക്ക്