നിങ്ങളുടെ കഥയിൽ താഴെ പറയുന്ന കാര്യങ്ങൾ ഉണ്ടോ എന്നു നോക്കുക. ഇല്ലെങ്കിൽ അതിനെ കഥയെന്നു വിളിക്കുന്നതെങ്ങനെ?

ഇതിവൃത്തം  (Plot):  ഇതിനെ കഥാവസ്തു എന്നോ കഥയിൽ നടക്കുന്ന സംഭവം എന്നോ പറയാം. ചെറുകഥയിൽ ഒരു സംഭവം (വ്യവഹാരം,  പ്രവർത്തി  action) കണിശമായും നടന്നിട്ടുണ്ടാവണം. അതിനെ ചുറ്റിപ്പയറ്റിയാണ് കഥ വികസിക്കുന്നത്. സംഭവങ്ങളുടെ പരമ്പര തന്നെ ചിലപ്പോൾ ഉണ്ടായിരിക്കാം. കഥയിലെ പ്രധാന സംഭവത്തിന് തുടക്കവും, വളർച്ചയും, അവസാനവും ഉണ്ടായിരിക്കും. 

കഥാപാത്രം (Character): മുകളിൽ സൂചിപ്പിച്ച സംഭവത്തിൽ ആരൊക്കെയാണോ വിവിധ പ്രവർത്തികൾ (action) ചെയ്യുന്നത്,  അവരാണ് കഥാപാത്രങ്ങൾ, അത് മനുഷ്യനോ, ജീവിയോ, അജീവി പോലുമോ ആകാം. അതു നായക സ്ഥാനത്തുള്ള ആളോ, പ്രതിനായക സ്ഥാനത്തുള്ള (നായകനുമായി സംഘർഷത്തിൽ ഏർപ്പെടുന്ന ആൾ) ആളോ ആകാം. 

പശ്ചാത്തലം (setting): കഥ നടക്കുന്ന സ്ഥലം, കാലം (വർത്തമാനം, ഭൂതം, ഭാവി തുടങ്ങിയ കാലം) എന്നിവ വ്യക്തമായിരിക്കും.

സംഘർഷം (conflict): ഇത് കഥാപാത്രങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലാണ്. ഈ ഏറ്റുമുട്ടൽ ശാരീരികമോ, മാനസികമോ ആയ ഉരസലോ പ്രക്ഷുബ്ധാവസ്ഥയോ ആകാം. സംഘർഷത്തിനു തുടക്കവും, വളർച്ചയും ഒടുക്കവും ഉണ്ടാകും. സംഘർഷത്തിനു ഒരു പരിണാമഗുപ്തി (resolution) ഉണ്ടാകും. 

പ്രമേയം (theme): എന്തിനാണ് എഴുത്തുകാരൻ കഥാപാത്രണങ്ങളെ സൃഷ്ടിച്ചുകൊണ്ട്, കാലദേശങ്ങൾ വിവരിച്ചുകൊണ്ട്, ഇതിവൃത്തം ആധാരമാക്കി, സംഭവ പരമ്പരകളിലൂടെ,  സംഘർഷം പരിണാമഗുപ്തിയിൽ എത്തുന്ന കാര്യം എഴുതുന്നത്? അയാൾക്ക് സമൂഹത്തോട് എന്തോ പറയാനുണ്ട്. അതാണ് പ്രമേയം. അതൊരു ആശയമോ, വിശ്വാസമോ, പാഠമോ, ഗുണപാഠമോ ഒക്കെയാവാം. അത് അയാൾ നേരിട്ടല്ല പറയുന്നത് എന്നത് ശ്രദ്ധേയമാണ് (നേരിട്ടു പറയുന്നതിനെ നമ്മൾ ലേഖനം എന്നു വിളിക്കും). 

ഇതോടൊപ്പം ഭാഷ, വ്യാകരണം, ഭാഷാ ചിഹ്നങ്ങൾ എന്നിവയും പ്രാധാന്യമർഹിക്കുന്നു.