പൂർണ്ണ വിരാമമോ, ചോദ്യ ചിഹ്നമോ, ആശ്ചര്യ ചിഹ്നമോ വന്നാൽ, അവ തൊട്ടുമുമ്പുള്ള അക്ഷരത്തോടു ചേർന്നിരിക്കണം. ചിഹ്നത്തിനു തൊട്ടു മുൻപിൽ ശൂന്യസ്ഥലം ഉണ്ടാവാൻ പാടില്ല. ചിത്രം ശ്രദ്ധിക്കുക. ഒരു ശൂന്യസ്ഥലത്തിനു (space) ശേഷം മാത്രം അടുത്ത വാചകം തുടങ്ങുക.

 

ഒരു വാചകം അവസാനിച്ച ശേഷം അടുത്ത വാചകം തുടങ്ങുമ്പോൾ ഒരു ശൂന്യ സ്ഥലം ഉണ്ടായിരിക്കണം (ഒരു ശൂന്യ സ്ഥലം മാത്രമേ പാടൊള്ളു). ഉദാഹരണം കൊടുത്ത വാചകം നോക്കാം. ആദ്യത്തെ വാചകത്തോട് ഒട്ടിച്ചേർന്നു പൂർണ്ണ വിരാമം ഇടുക. അതു കഴിഞ്ഞു ഒരു ശൂന്യ സ്ഥലം. അതുകഴിഞ്ഞു രണ്ടാമത്തെ വാചകം തുടങ്ങുന്നു.

 

ഒരു വാചകത്തിന്റെ അവസാനം ഒന്നിൽ കൂടുതൽ പൂർണ്ണവിരാമങ്ങൾ ഇടുന്നതു തെറ്റാണ്. മനസ്സിലുള്ളത് കൃത്യമായി എഴുതാൻ കഴിയാത്തതുകൊണ്ടാണ് ഇതു സംഭവിക്കുന്നത്.

എങ്കിലും ചില പ്രത്യക സാഹചര്യങ്ങളിൽ മൂന്നു പൂർണ്ണവിരാമങ്ങൾ ഒന്നിച്ചുപയോഗിക്കാറുണ്ട്. ഇതിനു ശബ്ദലോപം (Ellipsis) എന്നു പറയും.

സാധാരണയായി മൂന്നു കുത്തുകൾ (...) അഥവാ മൂന്നു നക്ഷത്രങ്ങൾ asterisks (***) തുടർച്ചയായി ഉപയോഗിക്കുന്നു. അക്ഷരങ്ങളോ വാക്കുകളോ അർഥലോപമുണ്ടാകാത്ത വിധം ഒഴിവാക്കുന്നതിനായി ഇത് ഉപയോടിക്കുന്നു.

ഉദാ: അവൾ ചോദിച്ചു, "മാവേലി നാടുവാണീടും കാലം... പാടാമോ?"
ഈ വാചകത്തിൽ 'മാവേലി നാടുവാണീടും കാലം ' എന്ന പ്രസിദ്ധമായ ഈരടികളുടെ ബാക്കിഭാഗം ഒഴിവാക്കാനായി Ellipsis ഉരുപയോഗിച്ചിരിക്കുന്നു. 


ഒരു വാചകത്തിന്റെ അവസാനം ശബ്ദലോപം വന്നാൽ, അതോടൊപ്പം പൂർണ്ണവിരാമവും ഉപയോഗിക്കണം. അപ്പോൾ നാലു കുത്തുകൾ ഒന്നിച്ചു വരും.

ഉദാ: അവൾ നീട്ടിപ്പാടി, "മാവേലി നാടുവാണീടും കാലം...."
ഇവിടെ ശബ്ദലോപവും പൂർണ്ണവിരാമവും ഒന്നിച്ചുപയോഗിച്ചിരിക്കുന്നു.

ഉദാ: സീമ എണ്ണിത്തുടങ്ങി, "ഒന്ന്, രണ്ട്, മൂന്ന്...." അമ്പതു വരെ എണ്ണിയപ്പോഴേക്കും എല്ലാവരും ഒളിച്ചിരുന്നു.
ഇവിടെ നാലുമുതൽ അമ്പതുവരെ എഴുതേണ്ട കാര്യമില്ല. അതൊഴിവാക്കാനായി ശബ്ദലോപം (...) ഉപയോഗിച്ചിരിക്കുന്നു. വാചകം അവസാനിക്കുന്നതിനാൽ അതോടൊപ്പം പൂർണ്ണ വിരാമവും ഉപയോഗിച്ചിരിക്കുന്നു.

 

കോമ (Comma) അഥവാ അല്പവിരാമം ഒരു വാചകത്തിലുള്ള വാക്കുകൾ തമ്മിലോ, ക്ലോസുകൾ തമ്മിലോ, ആശയങ്ങൾ തമ്മിലോ വിഘടിപ്പിക്കുവാൻ ഉപയോഗിക്കുന്നു. കോമ കഴിഞ്ഞാൽ നിശ്ചയമായും അടുത്ത വാക്കിനു മുൻപ് ഒരു ശൂന്യസ്ഥലം ഉണ്ടായിരിക്കണം. (ഒന്നിൽ കൂടുതൽ ശൂന്യസ്ഥലം  പാടില്ല.)
ഉദാ: സിനിമ കാണാൻ ചേട്ടനും, ചേച്ചിയും, സലീമും, ജോണും ഉണ്ടായിരുന്നു. (ഒന്നിൽ കൂടുതൽ എണ്ണമുണ്ടെങ്കിൽ)
ഉദാ: രമേശൻ, ഇതു ഞാൻ മറക്കില്ല. (നേരിട്ടു പേരു വിളിക്കുമ്പോൾ പേരിനുശേഷം ചിഹ്നം ഉപയോഗിക്കുക.)
ഉദാ: പ്രസംഗം കഴിഞ്ഞു, എങ്കിലും ആളുകൾ പിരിഞ്ഞുപോയില്ല. ഇവിടെ രണ്ടു സ്വതന്ത്രമായ ക്ലോസുകൾ (clause) ബന്ധിപ്പിക്കുന്നത് 'കോമ' ഉപയോഗിച്ചാണ്.

ഒരാൾ പറഞ്ഞ വാചകം അതേ പടി പറയുമ്പോൾ ഉദ്ധരണിചിഹ്നത്തിനുള്ളിൽ (" ") കൊടുത്തിരിക്കണം. ഉദ്ധരണിചിഹ്നത്തിനും അതോടൊപ്പം വരുന്ന അക്ഷരത്തിനും ഇടയിൽ ശൂന്യസ്ഥലം പാടില്ല. ചിത്രം ശ്രദ്ധിക്കുക. 

ഉദാഹരണം: അളിയൻ ചോദിച്ചു, "രമേശൻ, എവിടെപ്പോകുന്നു?"

'അളിയൻ ചോദിച്ചു' എന്നതിനു ശേഷം ഒരു അല്പവിരാമം (കോമ) - Comma). അതു കഴിഞ്ഞാൽ ഒരു ശൂന്യ സ്ഥലം. അതിനുശേഷം ഉദ്ധരണിയുടെ തുടക്കം. പിന്നെ 'രമേശൻ എവിടെപ്പോകുന്നു'. അതോടു ചേർന്ന് ചോദ്യച്ചിഹ്നം. തൊട്ടടുത്ത് ഉദ്ധരണിയുടെ ഒടുക്കം. ആവശ്യമില്ലാതെ ശൂന്യസ്ഥലം പാടില്ല.

അളിയൻ ചോദിച്ചു, "രമേശൻ, എവിടെപ്പോകുന്നു?" എന്ന വാചകം തിരിച്ചിട്ടാൽ എങ്ങനെയിരിക്കും?

"രമേശൻ എവിടെപ്പോകുന്നു?" അളിയൻ ചോദിച്ചു.

ഇനി ചോദ്യച്ചിഹ്നം ഇല്ലാത്ത വാചകം നോക്കാം.

"ചന്തയിൽ പോകുന്നു," രമേശൻ പറഞ്ഞു.
ഇവിടെ ശ്രദ്ധിക്കേണ്ട കാര്യം 'ചന്തയിൽ പോകുന്നു' എന്നതു കഴിഞ്ഞു പൂർണ്ണവിരാമം അല്ല ഉപയോഗിച്ചത്. പകരം 'അല്പവിരാമം' (Comma) ആണ് ഉപയോഗിച്ചത്.

 

ഇരട്ട ഉദ്ധരണിയും (" "), ഒറ്റ ഉദ്ധരണിയും (' ') ഉണ്ട്. എവിടെയാണ് ഇവ രണ്ടും ഉപയോഗിക്കുന്നത് എന്നു നോക്കാം.
മറ്റൊരാൾ പറഞ്ഞകാര്യം നേരിട്ടു പറയുമ്പോൾ ഇരട്ട ഉദ്ധരണി (" ") ഇവ ഉപയോഗിക്കുന്നു.
ഉദാ: രാമൻ ഇപ്രകാരം പറഞ്ഞു, "ലക്ഷമണാ നീ സീതയെ സംരക്ഷിക." (കോമയും പൂർണ്ണവിരാമവും എവിടെ എന്നു ശ്രദ്ധിക്കുക.)

നേരിട്ടു പറഞ്ഞതിൽ മറ്റൊരാൾ പറഞ്ഞത് നേരിട്ടു അവതരിപ്പിക്കുമ്പോൾ ഒറ്റ ഉദ്ധരണി (' ') ഉപടോഗിക്കുന്നു.
ഉദാ: ലക്ഷ്മണൻ രാമനോടു ഇപ്രകാരം വിശദീകരിച്ചു, "സീത എന്നോടു ക്ഷോഭിച്ചു പറഞ്ഞു 'നീ രാമന്റെ അടുത്തു പോവുക' എന്ന്."

ചോദ്യചിഹ്നം, ആശ്ചര്യചിഹ്നം, പൂർണ്ണവിരാമം തുടങ്ങിയ ചിഹ്നങ്ങൾ ഉദ്ധരണിക്കുള്ളിൽ വരേണ്ടതാണ്. 

 

അപൂര്‍ണ്ണവിരാമം (Colon) എവിടെയാണ് ഉപയോഗിക്കുന്നത് എന്നു നോക്കാം. ഇനിയുള്ളതാണ് അതിന്റെ ചിഹ്നം (:)
ഒരു പട്ടിക അവതരിപ്പിക്കുമ്പോൾ ഉപയോഗിക്കുന്നു.
ഉദാ: സിനിമയുടെ വിജയത്തിനു മൂന്നു ഘടകങ്ങൾ ഉണ്ടായിരുന്നു: മികച്ച മുഹൂർത്തങ്ങൾ, മനോഹരമായ പശ്ചാത്തലം, ഒതുക്കമുള്ള സംവിധാനം.

രണ്ടു ഉപവാക്യങ്ങളെ ബന്ധിപ്പിക്കാൻ അര്‍ദ്ധവിരാമം (Semicolon) ഉപയോഗിക്കുന്നു. ഇനിയുള്ളതാണ് അതിന്റെ ചിഹ്നം (;)
ഉദാ: ഷീലയ്ക്കു സിസേറിയൻ ആയിരുന്നു; ആശുപത്രികൾ രക്ഷപ്പെടുന്നത് സിസേറിയൻ കൊണ്ടാണല്ലോ!

കഥയിലെ പിഴവുകൾ 

കഥയെഴുത്തിലെ അപഥസഞ്ചാരങ്ങൾ

ഇന്നലെ വരുത്തിയ അബദ്ധം

 

കവിതയിലെ പിഴവുകൾ

കവിതാരചനയിലെ അപഥസഞ്ചാരങ്ങൾ

എന്താണു കവിത?

NB - ഈ ലേഖനവും അതോടൊപ്പമുള്ള ചിത്രങ്ങളും സൗജന്യമായി ആർക്കും ഉപയോഗിക്കാവുന്നതാണ് (no strings attached).

കൂടുതൽ വായനയ്ക്ക്