കവിതയ്‌ക്കൊരു നിർവ്വചനം അസാധ്യമാണ്. "കവിതയൂറുന്ന കണ്ണുകൾ" എന്നു പറഞ്ഞിട്ടുണ്ടെങ്കിൽ, എന്തും കവിതയാകാം എന്നുതന്നെയാണ് അതു ചൂണ്ടിപ്പറയുന്നത്. പക്ഷെ നമ്മൾ ഭാഷ ഉപയോഗിച്ചു സൃഷ്ഠിക്കുന്ന കവിതയെ മാത്രമേ ഈ ലേഖനത്തിൽ പരിഗണിക്കുന്നൊള്ളു.

എല്ലാ കവിതകൾക്കും രണ്ടു രൂപങ്ങളുണ്ട്. ആന്തരിക രൂപവും, ബാഹ്യ രൂപവും.

ആന്തരിക രൂപം പ്രധാനമായും കവിതയിലെ ആശയമാണ്. അതോടൊപ്പം വരുന്നത്, കവിതയ്ക്കുപയോഗിക്കുന്ന ഭാഷയാണ്. അതിൽ വാക്കുകളുടെ സൗന്ദര്യവും, ചേരുവയും, പ്രയോഗവും, അലങ്കാരങ്ങളും, വ്യാകരണവും വരും. ആന്തരികരൂപം ബോധ്യപ്പെടാൻ വൈദഗ്ധ്യമുള്ള ഒരു ബുദ്ധി വേണം. അതുകൊണ്ടുതന്നെ കവിതയുടെ ആന്തരികരൂപം ആത്മനിഷ്ഠമാണ്. ഒരാൾ കവിതയെന്നു വിളിക്കുന്നതിനെ മറ്റൊരാൾ 'മാലിന്യം' എന്ന് വിളിക്കാം.

ബാഹ്യരൂപം നമ്മൾ കണ്ണുകൊണ്ടു കാണുന്നതാണ്. ബാഹ്യമായി വാക്കുകൾ എങ്ങനെ വിന്യസിച്ചിരുന്നു എന്നതാണ് കവിതയുടെ ബാഹ്യരൂപം. അതു പദ്യരൂപത്തിലാകാം, ഗദ്യരൂപത്തിലും ആകാം. ബാഹ്യരൂപം വസ്തുനിഷ്ഠമാണ്.

ബാഹ്യരൂപത്തിലാണു പലപ്പോഴും നമ്മൾ പതറിപ്പോകുന്നത്. അതുകൊണ്ടുതന്നെ ഗദ്യത്തിലെഴുതാവുന്ന രചനയെ മുറിച്ചു കവിതയുടെ ബാഹ്യരൂപം സൃഷ്ടിച്ചാൽ, അതു കവിതയെന്നു തെറ്റിദ്ധരിക്കപ്പെടാം. ഇവിടെ എഴുതിയ വാചകം ഞാൻ മുറിച്ചു കവിതയാക്കാൻ പോകുന്നു. "തെറ്റിദ്ധരിക്കപ്പെട്ടവൾ" എന്ന കവിത വായിക്കുക.

"തെറ്റിദ്ധരിക്കപ്പെട്ടവൾ"

"ബാഹ്യരൂപത്തിലാണു
പലപ്പോഴും
നമ്മൾ പതറിപ്പോകുന്നത്.
അതുകൊണ്ടുതന്നെ
ഗദ്യത്തിലെഴുതാവുന്ന രചനയെ
മുറിച്ചു കവിതയുടെ ബാഹ്യരൂപം
സൃഷ്ടിച്ചാൽ
അതു കവിതയെന്നു തെറ്റിദ്ധരിക്കപ്പെടാം."

ഇനിയുള്ള വാചകമാണ് ഏറ്റവും പ്രധാനപ്പെട്ടത്. ഇത്തരത്തിലുള്ള 'കവിത'കൾ മൊഴിയിൽ പ്രസിദ്ധീകരിക്കില്ല.

Add comment

Submit