മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

Some of our best stories

  • കദീശുമ്മയുടെ നോമ്പുകൾ

    Karunakaran Perambra

    ദാരിദ്ര്യത്തിന്റെ മൺപാത്രങ്ങളിൽ ദുഃഖത്തിന്റെ തവിയിട്ടിളക്കുന്ന ജീവിതാവസ്ഥകളിൽ ഖലീഫ ഉമറിന്റെ സ്നേഹം പോലെയെത്തുന്ന റംസാൻ കാലം സ്മൃതി പഥങ്ങളിൽ  അത്തർ മണം പടർത്തുന്നു. 

    വെളുത്ത് മെലിഞ്ഞ കദീശുമ്മയുടെ ദൈന്യതയാർന്ന കാത്തു നിൽപ്പാണ് നോമ്പുകാലത്തിന്റെ ഓർമ്മകളിൽ തിടം വെച്ചു നിൽക്കുന്നത്. പാവപ്പെട്ടവരും സാധാരണക്കാരുമായ ഒരു ജനപഥത്തിന്  അനുഷ്ഠാനങ്ങളും ആഘോഷങ്ങളും സന്തോഷത്തോടൊപ്പം ഉത്ക്കണ്ഠയും കൊണ്ടുവരുന്നു. 

    Read more …

  • ഒരു ട്രെയിൻ യാത്രയുടെ ഓർമകൾ

    train journey

    Rajanesh Ravi

    ഇക്കഴിഞ്ഞ റിപ്പബ്ലിക് ദിനത്തിൽ അഞ്ചലിനടുത്തുള്ള ഏരൂർ എന്ന സ്ഥലത്തു നിന്ന് ഒരു ഗൃഹ പ്രവേശവും കുടുംബ സംഗമവും കഴിഞ്ഞു മടങ്ങുന്ന വഴി ചെങ്ങന്നൂര് നിന്നും ചെന്നൈ മെയിലിൽ കയറിയതും എഴുപത്തഞ്ച് എൺപത് വയസ് തോന്നിക്കുന്ന ഒരമ്മൂമ്മ നിറഞ്ഞ ചിരിയുമായി ഒതുങ്ങിയിരുന്ന് എനിക്കിരിക്കാൻ അല്പം ഇടം നൽകി.

    Read more …

police

Sahiva Siva

ഭാഗം 8

Read full

മഹിയും ദക്ഷയും കണ്ടുമുട്ടുന്നതിന് വർഷങ്ങൾക്ക് മുൻപുള്ള ഓർമ്മകളിലേക്ക്.. 

കളക്ട്രേറ്റ് ഉപരോധിക്കാനുള്ള പാർട്ടി ജാഥ മെയിൻ റോഡിൽ നിന്ന് തിരിഞ്ഞതും പോലിസ് ബാരിക്കേഡ് കണ്ടു തുടങ്ങി... ജയ് വിളികളും സർക്കാരിന് എതിരെയുള്ള മുദ്രാവാക്യങ്ങളും ഉച്ചത്തിൽ മുഴങ്ങാൻ തുടങ്ങി... പോലിസ് സംഘം തയാറായി നിൽക്കുകയാണ്... 

"ഡാ മഹേഷേ അവന്മാര് രണ്ടും കല്പിച്ചാണല്ലോ, പണിയാകുമോ, ടൂൾസ് എടുക്കട്ടെ..."

പിന്നാലെ വന്ന കുഞ്ഞുമോൻ ചെവിയിൽ സ്വകാര്യമായി ചോദിച്ചെങ്കിലും അവൻ മറുപടി പറഞ്ഞില്ല. മുൻപിൽ നിന്ന കുമാരൻ തിരിഞ്ഞ് അവനെ നോക്കി കണ്ണ് കാണിച്ചു...

"എന്താ ചേട്ടാ...?" 

"ഇത്‌ ഒരു നടയ്ക്ക് പോവില്ല നീ പിള്ളേരെ വിളിച്ചു നിർത്തിക്കെ..."

"വേണ്ട വേണ്ടാ നമ്മള് വന്നത് പാവപ്പെട്ട കുറച്ചു ജനങ്ങൾക്കുണ്ടായ ജീവിതപ്രശ്നം തീർക്കാനാ അതിന് വളഞ്ഞ വഴി സ്വീകരിച്ചാൽ നാളെയും അത് വേണ്ടിവരും... ഒന്നും വേണ്ടാ എല്ലാം നമ്മള് നേരിടും..."

അയൽഗ്രാമമായ ചാലിട്ടയിലെ കുടിവെള്ള പ്രശ്നം പരിഹരിക്കാൻ പാർട്ടി ഗ്രാമമായ ചെങ്കോട്ടപുരം നേരിട്ട് ഇറങ്ങിയിരിക്കുകയാണ്, സർക്കാർ രാഷ്ട്രീയ മുതലെടുപ്പ് നടത്താൻ പോകുന്നുവെന്ന വിവരം കിട്ടിയതോടെ വലിയ പ്രക്ഷോഭം പൊട്ടിപ്പുറപ്പെടുകയായിരുന്നു. 

പോലിസ് ബാരിക്കേഡുകൾ തള്ളിനീക്കാനുള്ള ശ്രമത്തിനിടയിൽ ലാത്തിച്ചാർജ്ജ് തുടങ്ങിയതും ആളുകൾ നാലുപാടും ചിതറിയോടി... മഹേഷും കുഞ്ഞുമോനും മറ്റ് സഖാക്കളും വീറോടെ പോരാടി അതിനിടയിൽ കുഞ്ഞിമോന്റെ തലയ്ക്ക് അടി കിട്ടി... 


സംസ്ഥാന നിയമസഭയിൽ കുടിവെള്ള പ്രശ്നം പ്രതിപക്ഷ പാർട്ടികൾ ഉയർത്തിപ്പിടിച്ചതോടെ സർക്കാരിന് തലവേദന ഒഴിച്ചുവിടാതെ വേറെ വഴിയില്ല എന്ന അവസ്ഥയായി... സ്വന്തം പാർട്ടിയുടെ നേട്ടമാക്കി മാറ്റിക്കൊണ്ട് ചാലിട്ട കുടിവെള്ള പ്രശ്നം തീർക്കാനുള്ള അവരുടെ ശ്രമമാണ് ജില്ലാ നേതാവ് മഹേഷിന്റെ നേതൃത്വത്തിൽ പൊലിഞ്ഞത്... 

പാർട്ടി ഓഫീസിൽ വാർത്ത കണ്ടുകൊണ്ടിരുന്ന എല്ലാവരും ആവേശത്തോടെ ചാടിയെണീറ്റ് കയ്യടിച്ചു... മുദ്രാവാക്യങ്ങൾ വിളിച്ചു... 

"ഇന്നത്തെ ഒരു സംഭവത്തോടെ നമ്മുടെ മഹേഷ്‌ പാർട്ടിയുടെ ടിക്കറ്റിൽ അടുത്ത ഇലക്ഷനിൽ മത്സരിക്കും എന്ന് ഉറപ്പായി... അളിയാ നീ മന്ത്രിയായാൽ ഞാനാണ് പിഎ..." 

കുഞ്ഞുമോൻ നീട്ടക്കുറവുള്ള വലതുകാൽ വലിച്ചുവച്ച് നടക്കുന്നതിനിടയിൽ പറഞ്ഞു. സമരത്തിന്റെ തെളിവെന്നവണ്ണം അവന്റെ തലയിലെ മുറിവ് തുന്നിക്കെട്ടിയത് നോക്കിക്കൊണ്ട് മഹേഷ്‌ നടന്നു..

"തല്ക്കാലം നീ പണിക്ക് പോകണ്ട ഇതുവച്ചോ, ഞാനാ കുടുംബശ്രീയുടെ മീറ്റിങ്ങിൽ കേറിയിട്ടേ വീട്ടിലേക്കു പോന്നോള്ളൂ..."

കാശ് കൊടുത്ത് കുഞ്ഞുമോനെ പറഞ്ഞയച്ച് വായനശാലയുടെ മുകളിലെ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കുടുംബശ്രീ മീറ്റിംഗ് ഹാളിലേക്ക് കയറി, അവനെ കണ്ടതും എല്ലാവരും എണീറ്റ് കയ്യടിയോടെ സ്വാഗതം ചെയ്തു...

"അമ്മമാരെ സഹോദരിമാരെ ഇന്ന് നമുക്ക് ഏറ്റവും സന്തോഷകരമായ വിജയം ലഭിച്ച ദിവസമാണ്... സ്ത്രീ ശാക്തീകരണത്തിൽ മുന്നോട്ടുള്ള പ്രയാണം നടത്താൻ ഉതകുന്ന പല മാർഗങ്ങളും സർക്കാർ പദ്ധതി വഴി നമുക്ക് നേടിയെടുക്കാനുണ്ട്... "

ഒന്നര മണിക്കൂർ നീണ്ട പ്രസംഗം കഴിഞ്ഞതോടെ പരിപാടിയുടെ എല്ലാ വിജയത്തിനും പാർട്ടി നൽകാൻ പോകുന്ന കൈത്താങ് എടുത്തുകാട്ടി പ്രസിഡന്റ് ചന്ദ്രമതി മഹേഷിന് നന്ദി പറഞ്ഞു... തിരികെ പോരാൻ റോഡിലേക്കിറങ്ങുമ്പോഴാണ് ആരോ ഓടിവരുന്നത് ശ്രദ്ധിച്ചത്...

"ഞാൻ കരുതി നീ പോയെന്ന്..." 

വായനശാല പൂട്ടി റോഡിലേക്ക് ഓടിക്കയറിയ ഉമയെ കണ്ടതും അവനൊന്നു ചിരിച്ചു... 

"ബുക്ക് വായിച്ചിരുന്നു പോയി..."

"വിശ്വസിച്ചു... "

ഉമയെ നോക്കി പുഞ്ചിരിയോടെ അവൻ മറുപടി പറഞ്ഞ് മീശയുടെ തുമ്പ് പിരിച്ചുവച്ചു... പതിയെ നടക്കാൻ തുടങ്ങി ... ഒപ്പം അവളും... 

"അല്ല ഞാൻ നിന്നെ കാണാൻ വേണ്ടി തന്നെ ഇരുന്നതാ... വല്ലപ്പോഴുമാ ഒന്ന് കാണാൻ കിട്ടുന്നത് അന്നേരം വഴക്കുണ്ടാക്കാനുള്ള എന്തെങ്കിലും കണ്ടുപിടിച്ചോളും... ഇയാൾക്ക് എന്നെ കെട്ടണമെന്ന് യാതൊരു ചിന്തയുമില്ലേ, അതോ വേറെ ആരെങ്കിലും ഉണ്ടോ മനസ്സിൽ ഉണ്ടെങ്കിൽ പറ ഞാൻ മാറിത്തരാം..."

"എല്ലാ പെണ്ണിന്റേം സ്ഥിര ഡയലോഗ്... എന്റെ ഉമേ കല്യാണം നടത്താൻ എനിക്ക് താല്പര്യം ഇല്ലാത്തതാണോ, അമ്മയോട് ഞാൻ കാര്യമായി സംസാരിക്കുന്നുണ്ട് നീ പേടിക്കാതെ..." 

ഉമാ മുന്നോട്ട് നടന്നതല്ലാതെ മറുപടി പറഞ്ഞില്ല. മഹേഷും ഉമയും സ്കൂളിൽ പഠിക്കുമ്പോൾ മുതൽ പ്രണയമാണ്, പാർട്ടി കോൺഗ്രസുകളിൽ പാട്ടുപാടുന്ന അവനെ മോഹിക്കാത്ത പെണ്ണില്ലെങ്കിലും ഉമ്മയ്‌ക്കാണ് അതിനുള്ള ഭാഗ്യം കിട്ടിയത്... ഉയർന്ന ജാതിക്കാരായതുകൊണ്ട് ഉമയുടെ വീട്ടിൽ ഒരിക്കലും സമ്മതിക്കില്ല. പിന്നെ ആകെയുള്ള പോംവഴി ശാരദാമ്മയാണ്...  

"ഞാനൊരു കാര്യം പറയാം ചേച്ചിടെ കല്യാണം കഴിഞ്ഞിട്ടിപ്പോൾ കൊല്ലം ഒന്നായി, അച്ഛൻ  ഉടനെ എന്റെ കല്യാണം നടത്തുന്നാ അമ്മ പറേണത്... ഉടനെ എന്തേലും തീരുമാനം എടുത്തില്ലെങ്കിൽ..."

അവന് നേരെ വിരൽചൂണ്ടിക്കൊണ്ട് ഉമ പറയുകയും കരയുകയും ചെയ്തു... മഹേഷ്‌ അവളെ സമാധാനിപ്പിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. 


ഇരുട്ട് പടർന്ന ബാറിന്റെ ഇരുണ്ട ഇടനാഴിയിലെ അവസാനത്തെ കസേരയിലിരിക്കുന്ന പാർട്ടി ജില്ലാ പ്രസിഡന്റ് ദാമോദരനും സഖാവ് കുമാരനും മദ്യപിച്ചുകൊണ്ടിരിക്കുന്നു.

"ഡാ കുമാരാ ഇന്നത്തെ ഒറ്റ സംഭവത്തോടെ അവൻ ആ മഹേഷ്‌ പാർട്ടിയുടെ കണ്ണിലുണ്ണിയായി... ഇത്രയും ചെറു പ്രായത്തിൽ അവൻ അധികാരത്തിൽ കയറിയാൽ എന്നെപ്പോലെ വർഷങ്ങളായി നോമ്പ് നോട്ടിരിക്കുന്നവരൊക്കെ എന്ത് ചെയ്യുമെടാ..."

"അവനിപ്പോ ആരേയും കൂസാത്ത ഭാവമാണ്, പോലീസിനെ അടിക്കാൻ ടൂൾസ്സുമായി പിള്ളേരെ വിളിക്കാൻ പറഞ്ഞപ്പോൾ പറ്റില്ലെന്ന്, കണ്ടില്ലേ എത്ര പേർക്കാ പരിക്ക് പറ്റിയത്... ഇന്നത്തെ സംഭവം നമുക്ക് സംസ്ഥാനം മുഴുവൻ കത്തിയെരിയുന്ന രീതിയിൽ മാറ്റാമായിരുന്നു. അവൻ മിക്കവാറും ദാമോദരൻ ചേട്ടന്റെ ഉച്ചിയിൽ കസേരയിട്ട് ഇരിക്കും നോക്കിക്കോ..."

വെല്ലുവിളി പോലെ അത്രയും പറഞ്ഞ് പാതി കാലിയായ ഗ്ലാസ്സ് വായിലേക്ക് കമഴ്ത്തി...

"ഇല്ലെടാ ഞാൻ സമ്മതിക്കില്ല. അതിന് ദാമോദരൻ ചാവണം... അവനിനി പൊങ്ങില്ല അതിനുള്ള പണി ഞാൻ കൊടുക്കുന്നുണ്ട്..." 

അയാൾ എന്താണ് ഉദ്ദേശിച്ചതെന്ന് മനസ്സിലായില്ലെങ്കിലും കുമാരൻ വെറുതെ തലയാട്ടി... 

(തുടരും)

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ