• MR Points: 0

ഒരു വെളുപ്പാംകാലത്ത് ഇറയത്ത് തൂങ്ങിനിന്നുകൊണ്ട് കട്ടന്‍ മോന്തുമ്പോഴാണ് ശങ്കരന്‍ നായര്‍ ആ കാഴ്ച കണ്ടത്. തൊഴുത്തിന്റെ പിന്നിലൂടെ തല നീട്ടി കിടന്നിരുന്ന കുമ്പള വള്ളി പൂവിട്ടിരിക്കുന്നു.

ചാണകച്ചുവയുള്ള ഇരുണ്ട മണ്ണില്‍ പുഷ്ടിപ്പെട്ട ഇലകള്‍ക്കിടയില്‍ അവനങ്ങനെ നിവര്‍ന്ന് കിടക്കുകയാണ്. സുകൃതം! ശങ്കരന്‍ നായര്‍ ഇറയത്ത് നിന്നും മുറ്റം കടന്ന് കുമ്പളവള്ളിക്കരില്‍ ചെന്നു. ഒരു സ്വപ്നമല്ലേ പൂവിട്ടു നില്‍ക്കുന്നത്. മഞ്ഞപ്പൂവിനെന്തു ഭംഗിയാണ്. അയാള്‍ കുറച്ച് നേരം വള്ളിയെ തിരിഞ്ഞും മറിഞ്ഞും നിരീക്ഷിച്ചു. കൊള്ളാം ഒരുഷാറൊക്കെയുണ്ട്.  

''ബാന്വോ ഇങ്ങടൊന്ന് വന്നോക്കാ''

ശങ്കരന്‍ നായര്‍ ഭാര്യ ഭാനുമതിയെ നീട്ടി വിളിച്ചു. അനക്കമൊന്നും ഉണ്ടായില്ലെന്ന് കണ്ട ശങ്കരന്‍ നായര്‍ വീണ്ടും വിളിച്ചു. അങ്ങനെ മൂന്നാമത്തെ വിളിക്ക് ഭാനുമതി സ്ഥലത്തെത്തി. അവര്‍ എന്തുണ്ടായി എന്ന ഭാവത്തില്‍ വാ പൊളിച്ചു നില്‍ക്കുകയാണ്. 

    ''എന്റെ മനുഷ്യാ എന്നാത്തിനാ ഈ കെടന്ന് കൂവി വിളിക്കുന്നെ?''

അവര്‍ ദേഷ്യത്തോടെ പറഞ്ഞു. കാര്യമൊന്നുമില്ലെങ്കില്‍ തിരച്ചുപോകാന്‍ പാകത്തില്‍ വിരലുകളില്‍ ഉയര്‍ന്ന് നില്‍ക്കുകയാണവര്‍.

    ''ഓ...അന്റെ തെക്കന്‍ ഭാഷ ഒന്ന് നിര്‍ത്ത്വോ ഇയ്യ്''

   ''ഭാഷയല്ല, ഫാഷ. നിങ്ങളൊരു വടക്കന്‍ വന്നിരിക്കുന്നു. ഇത് പറയാനാണോ വിളിച്ചെ''

അവര്‍ ഉടക്കിത്തന്നെ നിന്നു.

  ''ഇത് നോക്കാ ഇയ്യ്, കുമ്പളം പൂവിട്ടു''

ശങ്കരന്‍ നായര്‍ വിടര്‍ന്നു നിന്ന മഞ്ഞപ്പൂവിനു ചുറ്റും കെെവിരലുകള്‍ ഓടിച്ചുകൊണ്ട് പറഞ്ഞു.

   ''ഓ.. ഇതാണോ ഇത്ര വലിയ കാര്യം. പൂവിട്ടതല്ലെ ഒള്ളു കായ്ച്ചില്ലല്ലോ''

അവര്‍ പലതും പിറുപിറുത്തുകൊണ്ട് വീട്ടിലേക്ക് കയറിപ്പോയി.

   ''ആഹ് കായ്ക്കും ഒരിക്കെ കായ്ക്കും, അപ്പൊ വാട്ടോ പൊന്നാരം പറഞ്ഞുംകൊണ്ട്''

ശങ്കരന്‍ നായര്‍ ഭാര്യയുടെ പിന്നില്‍ തന്നെ തന്റെ മറുപടിയെ തള്ളി വിട്ടു. 

തന്റെ കുമ്പളവള്ളിയില്‍ മാലയില്‍ കോര്‍ത്തപോലെ മഞ്ഞപ്പൂക്കളുണ്ടാവുകയും അവയെല്ലാം തന്നെ കായ്ക്കുകയും, നല്ല യമണ്ടന്‍ കുമ്പളങ്ങകള്‍ ഞാന്നു കിടക്കുകയും ചെയ്യുന്നത് കിനാവു കണ്ട് അയാള്‍ കുറേ നേരം അങ്ങനെ നിന്നു. പിന്നീട് ഓര്‍ത്തു, അപ്പുറത്തെ വീട്ടിലെ അയമ്മു പറഞ്ഞതാണ് വിത്ത് നല്ലതല്ല എന്ന്. അവനെ വിളിച്ച് ഇതൊന്ന് കാണിക്കണം. ഈ കുമ്പളം പൂവിടുകയോ കായ്‌ക്കുകയോ ചെയ്യില്ലെന്ന് കട്ടായം പറഞ്ഞവരെയൊക്കെ നിരത്തി നിര്‍ത്തി കാണിക്കണം. മഞ്ഞപ്പൂവിന്റെ ചാരുത!.

ദിവസങ്ങള്‍ക്കുള്ളില്‍ മഞ്ഞപ്പൂവിന്റെ സ്ഥാനത്ത് ഉണ്ണിക്കുമ്പളങ്ങ വളര്‍ന്നു തുടങ്ങി. തന്റെ അഭിമാനമാണ് ആ വളരുന്നതെന്ന് ശങ്കരന്‍ നായര്‍ ഭാര്യയെ വിളിച്ച് കാണിച്ച് പറഞ്ഞുകൊണ്ടേയിരുന്നു. ഗള്‍ഫിലായിരുന്ന മക്കളോടും മരുമക്കളോടുമെല്ലാം അയാള്‍ കുമ്പളങ്ങാക്കഥ പറഞ്ഞു. അങ്ങനെ ശങ്കരന്‍ നായരുടെ കുമ്പളത്തിന്റെ ഓരോ അനക്കവും കടലും കടന്ന് പാട്ടായി, പറച്ചിലായി. ചാണകവും എല്ലിന്‍പൊടിയുമെന്ന് വേണ്ട കിട്ടിയതെല്ലാം ശങ്കരന്‍ നായര്‍ കുമ്പളവള്ളിക്ക് വളമിട്ടു. ഞാന്നു കിടന്ന കുമ്പളങ്ങ അനുദിനം വളര്‍ന്നുകൊണ്ടിരുന്നു. ഇളം പ്രായത്തില്‍ അതിനെ കറി വയ്‌ക്കാനുള്ള ഒരു ശ്രമം ഭാനുമതി നടത്തി നോക്കി. അതിനവര്‍ക്ക് കണക്കിനു കിട്ടി. എന്റെ കുമ്പളം വളരുന്ന വരെ വളരും അതിലാരും തൊടണ്ട എന്ന് ശങ്കരന്‍ നായര്‍ പ്രസ്താവിച്ചു. ഇളം പ്രായം കഴിഞ്ഞപ്പോള്‍ കുമ്പളങ്ങയെ ശങ്കരന്‍ നായര്‍ ഒരു ചാക്കിട്ടു മൂടി. ചാക്കിനകത്ത് തന്റെ തന്നെ കുറച്ച് ശ്വാസത്തെ പിടിച്ചു വച്ച് അയാള്‍ നാളുകള്‍ നീക്കി. മൂത്ത കുമ്പളങ്ങാ കനവുകള്‍ ശങ്കരന്‍ നായരുടെ മനസ്സില്‍ ഞാന്നു കിടന്നു, പടര്‍ന്നു. പന്തലിടുന്നില്ല, അതങ്ങനെ പച്ചപ്പുല്ലുകള്‍ക്കിടയിലുറങ്ങട്ടെ. അയാള്‍ കരുതി.

ഒരു പ്രഭാതത്തില്‍ തിണ്ണമേല്‍ നിന്ന് പല്ലുതേക്കുന്ന വേളയില്‍ വടക്കേതൊടിയിലേക്ക് കുല്‍ക്കുഴിഞ്ഞ് നീട്ടിയൊരു തുപ്പ് കൊടുത്ത് ശങ്കരന്‍ നായര്‍ കുമ്പളവള്ളിയെ നോക്കി. തൊഴുത്തിന്റെ പിറകില്‍ നിന്ന് ഒരു കണ്ടമാകെ തന്റെ സാമ്രാജ്യം വ്യാപിപ്പിച്ച ചാരിതാര്‍ത്ഥ്യത്തോടെ അവനങ്ങനെ നിവര്‍ന്ന് കിടക്കുകയാണ്. അതിന്റെ ചുരുളന്‍ കെെകള്‍ക്കിടയില്‍ ചാക്ക് പുതച്ചുറങ്ങുന്ന കുമ്പളയുവാവിനെ അയാള്‍ മനസ്സാലെ കണ്ടു. ഒന്നാ ചാക്കുയര്‍ത്തി കാണണം. തന്റെ ശ്വാസം അവിടെ എങ്ങിനെയിരിക്കുന്നു എന്ന് കണ്ടറിയണമല്ലൊ. ശങ്കരന്‍ നായര്‍ ഭാര്യയെക്കൂടി വിളിച്ചു. അവര്‍ പതിവുപോലെ എന്തൊക്കെയോ പിറുപിറുക്കുന്നത് കേട്ട് അയാള്‍ കുമ്പളവള്ളിക്കരികിലേക്ക് ചെന്നു. 

ആകാംക്ഷയോടെ ചാക്കുയര്‍ത്തി. 

    ''ബാന്വാേ….''

അയാള്‍ ഒരിക്കല്‍കൂടി ഭാര്യയെ നീട്ടി വിളിച്ചു. ഭാനുമതി അപ്പോള്‍ പിറുപിറുത്തുകൊണ്ട് വന്നു.

    ''എന്നാ വേണ്ടെ നിങ്ങക്ക്?'' അവര്‍ ദേഷ്യത്തോടെ ചോദിച്ചു.

    ''കുമ്പളങ്ങ എവിടേടീ?''

ശങ്കന്‍ നായര്‍ ആവലാതിയോടെ ചോദിക്കുകയാണ്. ചാക്കിനുള്ളിലെ ശൂന്യതയിലേക്ക് നോക്കി ഭാനുമതി വായില്‍ കെെപൊത്തി നിന്നു.

    ''എന്നാലും അതെവിടെ പോയി''

    '' നെനക്കറിയില്ലെ?''

ശങ്കരന്‍ നായര്‍ മുനവച്ച് ചോദിച്ചു.

     ''ആഹ്, മനുഷ്യാ ഇനിയിപ്പം അതെന്റെ തലേലോട്ട് വച്ച് കെട്ട്. നിങ്ങടെ ഒരു കുമ്പളങ്ങ. ആര്‍ക്ക് വേണം അത്''

ഭാനുമതി ഉറഞ്ഞുകൊണ്ട് തിരിച്ച് വീട്ടിലേക്ക് കയറിപ്പോയി.

     ''അതേയ് വല്ലാണ്ട് അതിനെ താലോലിക്കാന്‍ പോയിട്ടല്ലെ. അപ്പൊ ഇങ്ങനൊക്കെ ഒണ്ടാകും''

അവര്‍ വിളിച്ചു പറഞ്ഞു.

ശങ്കരന്‍ നായര്‍ കുമ്പള വള്ളിയിലേക്കും താഴെക്കിടന്ന ചാക്കിലേക്കും നോക്കി കുറേ നേരം നിന്നു. ഭ്രാന്ത് പിടിച്ച പോലെ അയാള്‍ പറമ്പിലാകെ പാഞ്ഞു നടന്നു. ശങ്കരന്‍ നായരുടെ കുമ്പളങ്ങ കാണാതായ വിവരം നാട്ടില്‍ പതിയെ പടര്‍ന്നു തുടങ്ങി.

     ''കേട്ടോളിന്‍ നായരെ ഇങ്ങളെ കുമ്പളങ്ങ കൊണ്ടോയി തിന്നോര്ക്കൊന്നും നല്ല രീതിക്ക് വയറ്റ്ന്ന് പോകൂല''

അയമ്മു പറഞ്ഞു. 

ശങ്കരന്‍ നായര്‍ അയമ്മുവിനെ ഒന്ന് തല ഉയര്‍ത്തി നോക്കി, ശേഷം തൂണിലേക്ക് തല ചായ്ച്ച് ഉയരത്തിലേക്ക് നോക്കിക്കൊണ്ടിരുന്നു. 

    ''ന്നാലും ആരാവും ഇപ്പണി പറ്റിച്ചെ?''

അയമ്മു പറഞ്ഞു.

ശങ്കരന്‍ നായര്‍ ഒന്നും മിണ്ടിയില്ല. അയാളുടെ ഓര്‍മ്മകളിലാകെ ചാരം മൂടിയ വലിയൊരു കുമ്പളങ്ങ വിശ്രമിച്ചു. പെട്ടെന്നാരോ അതിനെ നെടുകെ പിളര്‍ന്ന്. ഒരായിരം കഷ്ണങ്ങളാക്കി വാരിയെറിഞ്ഞുകൊണ്ടിരുന്നു. ആ കാഴ്ചകള്‍ ആവര്‍ത്തിച്ച് കണ്ടുകൊണ്ട് അയാള്‍ അനങ്ങാതെ നിലകൊണ്ടു. 

അന്വേഷിച്ച് പോയ രണ്ട് പേര്‍ തിരിച്ചെത്തി. അതിലെ തലവനെന്ന് സ്വയം സങ്കല്‍പ്പിച്ച ടെെലര്‍ ദാസന്‍ പറഞ്ഞു തുടങ്ങി.

   ''കാര്യം നമ്മള് വിചാരിച്ച പോലെ എളുപ്പല്ലട്ടോളിന്‍. ഇന്ന് പത്ത് പന്ത്രണ്ട് വീട്ടില് കുമ്പളങ്ങ കൂട്ടാനാ. അവരൊക്കെ കടേന്ന് വേടിച്ചതാണോ കട്ടതാണോന്ന് എങ്ങനെ അറിയാ. ഒന്ന് രണ്ട് വീടാച്ചാ നോക്കാര്‍ന്നു.''

അയാള്‍ വലിയൊരു സര്‍വ്വെ നടത്തി അപഗ്രഥിച്ചെന്ന പോലെ പറഞ്ഞു നിര്‍ത്തി.

    ''നാട്ട്കാരൊക്കെ ഒരുവിധം അറിഞ്ഞണ്ണു. ആരോടെങ്കിലും നേരിട്ട് ചോയ്ച്ചാ അവര് മെയ്ക്കട്ട് കേറാന്‍ വരും''

രണ്ടാമനാണത് പറഞ്ഞത്. ശരിയാണെന്ന ഭാവത്തില്‍ ടെെലര്‍ ദാസന്‍ തലയാട്ടി.

   ''അപ്പോ ഇനി ന്താ ചിയ്യാ നായരേ, അങ്ങനൊരു കുമ്പളങ്ങ ഇവടെ ണ്ടാര്‍ന്നില്ലാന്ന് കരുതല്ലേ നല്ലത്?''

അയമ്മു പറഞ്ഞു.

   '' പറ്റില്ല്യ ഇന്റെ പറമ്പ്ന്ന് കുമ്പളങ്ങ കട്ട് കൊണ്ടോയി ആരു സുഖിക്കണ്ട''

ശങ്കരന്‍ നായര്‍ വലിയൊരു ഊര്‍ജ്ജം പെട്ടെന്ന് സ്വതന്ത്രമായെന്ന പോലെ തലയുയര്‍ത്തി പറഞ്ഞു. മറ്റുള്ളവര്‍ അയാളുടെ മുഖത്തെ തീക്ഷ്ണത കണ്ട് ഇനിയെന്ത് എന്ന ഭാവത്തില്‍ മിഴിച്ചു നിന്നു.

    ''മെമ്പറോട് ഒരു യോഗം വിളിക്കാന്‍ പറയണം. നാട്ട്കാരെല്ലാം വരട്ടെ. ന്നിട്ടും ആളെ കിട്ടീലെങ്കി പോലീസ്…''

ശങ്കരന്‍ നായര്‍ പറഞ്ഞു.

   '' അത് വേണോ നായരേ?''

അയമ്മു ചോദിച്ചു.

   ''വേണം''

ശങ്കരന്‍ നായര്‍ ഉറച്ചു നിന്നു. ടെെലര്‍ ദാസനും കൂട്ടാളിയും മെമ്പറെ കൂട്ടി വന്നു.

    ''മെമ്പറെ ഇങ്ങള് കാര്യങ്ങളൊക്കൊ അറിഞ്ഞീലേ?''

അയമ്മു ചോദിച്ചു.

ശങ്കരന്‍ നായര്‍ മെമ്പറെ കസേരയിലേക്ക് ആനയിച്ചു.

   ''അറിഞ്ഞു. ന്നാലും ഇങ്ങനൊരു സംഭവം ഇവടെ ആദ്യാ..'

അയാള്‍ പറഞ്ഞു.

    ''മെമ്പറേ ഒരു യോഗം കൂടണം. ഇങ്ങടെ നേതൃത്വത്തില്‍''

ശങ്കരന്‍ നായര്‍ പറഞ്ഞു.

   ''ഇങ്ങക്ക് അത്ര നിര്‍ബന്ധാണെങ്കി ഒരു യോഗം വിളിക്കണോണ്ട് കൊഴപ്പൊന്നൂല്ല്യ. ന്തായാലും ഇപ്പൊ കൊറേ ദിവസായീലൊ യോഗം വച്ചിട്ട്''

   ''അങ്ങനേണെങ്കി ഇന്ന് തന്നെ വയ്ക്കാ. ''

അയമ്മു പറഞ്ഞു.

   ''ഇന്ന് വേറെ രണ്ട് മീറ്റിംഗ്ണ്ട്. അത് കഴിഞ്ഞ് ഒരു ആറരയ്ക്ക് ആക്ക്യാലോ?''

മെമ്പര്‍ ചോദിച്ചു.

ശരിയെന്ന് ശങ്കരന്‍ നായര്‍ സമ്മതിച്ചു. 

അതിനിടയ്ക്ക് ഭാനുമതി ചായയുമായി വന്നു.

   ''ഭാന്വമ്മേ, ഇങ്ങക്കാരേലും സംശയണ്ടോ?''

മെമ്പര്‍ ചൂടുചായയിലേക്ക് ചുണ്ടു മുട്ടിക്കവെ ചോദിച്ചു.

   ''ഓ...ആരെ...ഇങ്ങേര്‍ക്കല്ലെ എന്നെ സംശയമുണ്ടാരുന്നെ''

അവര്‍ മുഖം ചുളിച്ചുകൊണ്ട് പറഞ്ഞു. കേട്ടു നിന്നവര്‍ ശങ്കരന്‍ നായരെ നോക്കി ചിരിച്ചു.

   ''ആഹ് അത് ഇപ്പൊ മാറീലെ. രണ്ടീസായിട്ട് ഇവടെ അറിയാത്ത ആരേലും വന്നോ?''

മെമ്പര്‍ ഒരു പോലീസുകാരന്റെ ഗൗരവത്തോടെ ചോദിച്ചു.

   ''അറിയാത്ത ആര് വരാന്‍ എല്ലാവരും അറിയുന്നവര് തന്നെ. പറമ്പിലെ പണിക്കാരും പിന്നെ അയമ്മുവും ദാസനുവൊക്കെ''

ഭാനുമതി പറഞ്ഞു.

   ''പണിക്കാരൊന്നും അപ്പണി ചെയ്യൂലാന്നല്ലെ നായര് പറയണെ''

അയമ്മു പറഞ്ഞു.

   ''ന്നാലേ യോഗത്തില് കാണാം. ഞാന്‍ ചെക്കന്മാരെ വിളിച്ച് ആളെക്കൂട്ടാന്‍ പറയാ.''

മെമ്പര്‍ അതും പറഞ്ഞ് ഇറങ്ങി. ബാക്കിയുള്ളവരും സലാം പറഞ്ഞ് പോയി. ശങ്കരന്‍ നായര്‍ വീണ്ടും കുമ്പളങ്ങാ കനവുകളിലേക്ക് ഞാന്ന് കിടന്നു. 

   വെെകുന്നേരത്തെ യോഗത്തില്‍ ഒട്ടുമിക്ക എല്ലാവരും സന്നിഹിതരായി.

  ''എല്ലാവരും ണ്ടല്ലോ, ഇത്രേം ആള്‍ക്കാരൊക്കെ മ്മ്ടെ നാട്ടില്ണ്ടോ?''

''ആള്‍ക്കൂട്ടത്തിലാരോ സംശയം പ്രകടിപ്പിച്ചു.

ആഹ് ഇങ്ങനത്തെ കേസോള്‍ക്ക് ആള് കൂടും''

ആരോ മറുപടി പറഞ്ഞു.

മെമ്പര്‍ സദസ്സിനെ അഭിവാദ്യം ചെയ്ത് സംസാരിച്ചു തുടങ്ങി.

പ്രിയരേ, 

ഇതൊരു ഔദ്യോഗിക യോഗമല്ല എന്ന് പറഞ്ഞ് കൊണ്ട് തന്നെ തുടങ്ങയാണ്. നമുക്കെല്ലാം പരിചിതനായ ശങ്കരന്‍ നായരുടെ ആവശ്യ പ്രകാരമാണ് ഈ യോഗം വിളിച്ചു ചേര്‍ത്തത്. എന്താണ് കാര്യം എന്ന് ഇതിനോടകം തന്നെ എല്ലാവരും അറിഞ്ഞതാണല്ലോ. അദ്ദേഹത്തിനുണ്ടായ ഈ അനുഭവം എല്ലാവര്‍ക്കും വിഷമവും ഒപ്പം ആശങ്കയും ഉണ്ടാക്കുന്നതാണ്. ഇന്നൊരു കുമ്പളങ്ങയാണെങ്കില്‍ നാളെയത് മറ്റെന്തിങ്കിലുമാവില്ല എന്ന് പറയാന്‍ വയ്യ. നിങ്ങളുടെ ഇടയിലെ ഒരാളെന്ന നിലയില്‍ എനിക്ക് പറയാനുള്ളത് ഇതാണ്, ആരെങ്കിലും അറിയാതെ അത്തരമൊരു കാര്യം ചെയ്തുപോയിട്ടുണ്ടെങ്കില്‍ ഞങ്ങളെ രഹസ്യമായി അറിയിക്കാവുന്നതാണ്. അതല്ലെങ്കില്‍ പോലീസിനെ സമീപിക്കാനാണ് ശങ്കരന്‍ നായര്‍ തീരുമാനിച്ചിരിക്കുന്നത്. നമ്മുടെ നാടിന്റെ നന്മക്കും ഒത്തൊരുമയ്ക്കും വേണ്ടി നിങ്ങളെല്ലാവരും സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

മെമ്പര്‍ പറഞ്ഞു നിര്‍ത്തി, ശങ്കരന്‍ നായരെ നോക്കി. അയാള്‍ നന്നായെന്ന മട്ടില്‍ തലയാട്ടി. ആളുകള്‍ പലതും പറഞ്ഞ് കുശുകുശുത്തുകൊണ്ടിരുന്നു. 

   ''മെമ്പറേ റോഡിന്റെ കാര്യം എന്തായി?''

ആരോ വിളിച്ച് ചോദിച്ചു.

   ''കുമ്പളങ്ങടെ കാര്യം പറയുമ്പൊ റോഡിന്റെ കാര്യം ആരടാ ചോയ്ച്ചെ?''

ആള്‍ക്കൂട്ടത്തിനിടക്ക് നിന്ന് തന്നെ മറുപടിയും വന്നു. 

രംഗം വഷളാവുന്നത് കണ്ട് മെമ്പര്‍ യോഗം പിരിച്ചുവിട്ടു. ആളുകള്‍ പിരിഞ്ഞ് പോയപ്പോള്‍ ശങ്കരന്‍ നായര്‍ മെമ്പറെ അടുത്തേക്ക് വിളിച്ചു.

   ''അതേയ്, രണ്ടൂസം മുന്നെ വീട്ടില് സുമതി ടീച്ചറ് വന്നിരുന്നത്രെ. ബാനു ന്നോട് ഇപ്പളാ പറയണ്.''

ശങ്കരന്‍ നായര്‍ പറഞ്ഞു.

മെമ്പര്‍ അതിനെന്താ എന്ന ഭാവത്തില്‍ നോക്കി.

   ''ടീച്ചറൊന്നും അത് ചെയ്യില്ല നായരേ, ഇങ്ങക്കെന്താ...പോരാത്തേന് ടീച്ചറും ഭര്‍ത്താവും ഒക്കെ വയ്യാണ്ടിരിക്കല്ലെ. ''

അയമ്മു പറഞ്ഞു.

   ''അല്ല അങ്ങനെല്ല. വേറാരും പിന്നെ അങ്ങോട്ട് വന്നിട്ടില്ല്യാലോ. അതോണ്ട് ഒരു സംശയം''

ശങ്കരന്‍ നായര്‍ പറഞ്ഞു.

   ''ഇങ്ങക്കങ്ങനൊരു സംശയണ്ടെങ്കി മ്മക്ക് അവിടെ പോയോക്കാ. ഇനിപ്പൊ നാളെ പോലീസ്കാരെ അറിയിച്ചിട്ട് ഓര് വര്ന്നേലും നല്ലതല്ലെ അത്.''

മെമ്പര്‍ പറഞ്ഞു. 

    മെമ്പറും ദാസനും മുന്നില്‍ നടന്നു. അയമ്മുവും ശങ്കരന്‍ നായരും അവരെ അനുഗമിച്ചു. പാടത്തിന് നടുവിലൂടെ ഇരുട്ടിനെ കീറിമുറിച്ച് അവര്‍ നടന്നു. 

   ''ന്റെ നായരേ, ഈ പാടംകടന്ന് ഇങ്ങടെ കുമ്പളങ്ങ കൊണ്ടോവാന്‍ ഓര് വര്വോ, അതും ഇപ്പ്രായത്തില്''

അയമ്മു പറഞ്ഞു.

  ''ഇയാള്‍ടെ ഒരു സംശയം തീര്‍ന്നോട്ടെ, പോയി നോക്കാം''

മെമ്പര്‍ പറഞ്ഞു.

ശങ്കരന്‍ നായരുടെ കാലുകള്‍ അയാളെ പിന്നോട്ട് വലിച്ചു. അയാള്‍ക്ക് തിരിച്ച് നടക്കാന്‍ തോന്നി. അപ്പോഴെല്ലാം വലിയ, ചാരം പൊതിഞ്ഞ കുമ്പളങ്ങ ഇരുട്ടില്‍ നിന്നും അയാളിലേക്ക് ഞാന്നു കിടന്നു. 

സുമതി ടീച്ചര്‍, ഇക്കൂട്ടത്തിലെ എല്ലാവരേയും പഠിപ്പിച്ചിട്ടുണ്ട് എന്ന് ദാസന്‍ പറഞ്ഞപ്പോള്‍ ഞാന്നു കിടന്ന കുമ്പളങ്ങ ശങ്കരന്‍ നായരില്‍ ഭാരമായി വിളങ്ങി. അയാള്‍ വേച്ച് വേച്ച് നടന്നു.

പാടത്തിനക്കരെ നിന്ന ചെറിയ വീടിന്റെ വാതില്‍ക്കല്‍ ചെന്ന് അവര്‍ നിന്നു. അടഞ്ഞു കിടന്ന വാതിലിലേക്ക് നോക്കി അവര്‍ വിളിച്ചു.

ടീച്ചറേ...ടീച്ചറേ….

അനക്കമൊന്നും കാണാത്തതിനാല്‍ അവര്‍ പരസ്പരം നോക്കി സംശയിച്ച് നിന്നു. വീണ്ടും ഒന്ന് രണ്ട് തവണ വിളിചെന്നപ്പോള്‍ വാതില്‍ ഒരു ഞരക്കത്തോടെ തുറന്നു. ഇരുട്ടിന്റെ നിശബ്ദതയില്‍ ആ ശബ്ദം പാടം കടന്ന് പോയെന്ന് തോന്നി. സുമതിടീച്ചര്‍ പുഞ്ചിരിച്ച് കൊണ്ട് നിന്നു.

    ''കുമ്പളങ്ങ കൊണ്ടോവാന്‍ വന്നതാണോ?'' സുമതി ടീച്ചര്‍ ചോദിക്കുകയാണ്. 

അതെ എന്നോ അല്ല എന്നോ പറയാനാവാതെ, ഒരു ടീച്ചറുടെ ചോദ്യത്തിന് മുന്നില്‍ പകച്ചു നിന്ന നാല് 'കുട്ടികളേയും' നോക്കി ടീച്ചര്‍ ചിരിച്ചു.

ദാ ഈ വെട്ട് കത്തിയോണ്ടാണ് കുമ്പളങ്ങ മുറിച്ചത്. ഒരു കഷ്ണം അവടെ അട്ക്കളേല്ണ്ട്, ബാക്കി ഞങ്ങള് തിന്നു.''

അവര്‍ ഒരു യമണ്ടന്‍ വെട്ട് കത്തി മുന്നിലേക്ക് പിടിച്ചു പറഞ്ഞു. ചിരിച്ചുകൊണ്ട് നില്‍ക്കുന്നൊരു ഭദ്രകാളിയെ പോലെ ശങ്കരന്‍ നായര്‍ക്ക് തോന്നി. 

    ''ബാക്കി ള്ളത് കൊണ്ടോയ്ക്കോ ശങ്കരാ''

ടീച്ചര്‍ ഉച്ചത്തില്‍ പറഞ്ഞു. 

നാലുപേരും തരിച്ചുപോയ ശരീരത്തെ ഉലച്ചുകൊണ്ട് വരിയായി തിരിച്ച് നടന്നു. വാതില്‍ വലിയൊരു ഞെരക്കത്തോടെ അടഞ്ഞു.

   ''ന്നാലും വെട്ട്കത്തിയൊന്നും കാണിക്കണ്ടാര്‍ന്നു''

കിടക്കയില്‍ നിന്ന് തലയുയര്‍ത്തി ടീച്ചറുടെ ഭര്‍ത്താവ് പറഞ്ഞു. സുമതി ടീച്ചര്‍ പുഞ്ചിരിച്ചു.

  ''ആ ശങ്കരന്‍ നായരടെ വേലി ഇയ്യെങ്ങനെ കടന്ന്?''

   ''പാതിരയ്ക്ക് ഒരാള്‍ക്ക് കുമ്പളങ്ങക്കൂട്ടാന്‍ തിന്നാന്‍ കൊതി വന്നാ പിന്നെ വേറെ വഴിണ്ടോ?''

ടീച്ചര്‍ പറഞ്ഞു.

ഭര്‍ത്താവ് ചിരിച്ചു. 

   ''ഇന്നോട് ഇപ്പളും അത്രക്കും പ്രേമാണോടോ?''

അയാള്‍ ചോദിച്ചു.

    ''പിന്നെ…, ഇക്ക് വേണ്ടി എന്തെല്ലാം ചെയ്തു, അപ്പൊ ഇതെങ്കിലും ഞാന്‍ ചെയ്യണ്ടെ?''

ടീച്ചര്‍ അയാളുടെ കയ്യില്‍ പിടിച്ച് കിടന്നു. പാടം കടക്കുമ്പോള്‍ ശങ്കരന്‍ നായര്‍ തിരിഞ്ഞ് നോക്കി. അക്കരെ ടീച്ചറുടെ വീട്ടില്‍ തെളിഞ്ഞു നിന്ന പ്രകാശം പതിയെ കണ്ണടച്ചു. ആ ഇരുട്ടിനുള്ളില്‍ ഏതോ ഒരു മൂലയില്‍ ഇരിക്കുന്ന ഒരുകഷ്ണം കുമ്പളങ്ങയെ അയാള്‍ ചിന്തകളില്‍ വള്ളി പടര്‍ത്തി തൊട്ടു. പന്തലിടണ്ട, അതങ്ങനെ ഇരുട്ടിലുറങ്ങട്ടെ. അയാള്‍ കുമ്പളങ്ങാ കനവുകളില്‍ തുഴഞ്ഞ് നീങ്ങി.

കൂടുതൽ വായനയ്ക്ക്