• MR Points: 0
masinagudi
Joji Paul
ആശുപത്രിക്കിടക്കയിൽ തിരിഞ്ഞും മറിഞ്ഞും കിടക്കാൻ തുടങ്ങിയിട്ടേറെ നേരമായി. ദേഹമാസകലം വലിഞ്ഞുമുറുകുന്ന വേദന. ഒരൽപ്പം ചൂടുവെള്ളം കുടിക്കണമെന്ന് തോന്നുന്നു. തൊണ്ട വറ്റിവരണ്ടിരിക്കുകയാണ്. മൊബൈൽ തപ്പിയെടുത്ത് സമയം നോക്കി. മൂന്നാകുന്നതേയുള്ളു. നേരം വെളുക്കാനിനിയും ഏറെയുണ്ട്. മുറിയിലെ അരണ്ടവെളിച്ചത്തിൽ ബെഞ്ചിൽ കിടന്നുറങ്ങുന്ന ഭാര്യയെ കാണാം. അവൾ വളരെ താളത്മകമായാണ് ഉറങ്ങുന്നത്. ഇടക്കൊരു ചൂളം വിളിയുമുണ്ട്. വിളിച്ചുണർത്തുന്നില്ല. പാവം ഉറങ്ങിക്കോട്ടെ.
ഫ്‌ളാസ്‌കിലെ ചൂടുവെള്ളം തീർന്നിരിക്കുന്നു. തണുത്ത വെള്ളം കുടിക്കരുതെന്നാണ് നിർദ്ദേശം. കാൽഭാഗത്തെ സ്റ്റാൻഡിൽ തൂക്കിയിട്ടിരിക്കുന്ന ബോട്ടിലിൽനിന്നും കൈത്തണ്ടയിൽ കുത്തിയിരിക്കുന്ന ഐവി സൂചിയിലൂടെ വേദനസംഹാരി കയറുന്നുണ്ട്.
പരസഹായമില്ലാതെ എഴുന്നേറ്റു നടക്കരുത് എന്നാണ് ഡോക്ടർ പറഞ്ഞിരിക്കുന്നത്. തലകറങ്ങിവീഴാനുള്ള സാധ്യതയുണ്ട്. Postoperative delirium - അനസ്തേഷ്യക്കു ശേഷം പേഷ്യന്റിനുണ്ടായേക്കാവുന്ന താൽക്കാലികമായ ഒരവസ്ഥ. ആശയക്കുഴപ്പം, വഴിതെറ്റൽ, ചുറ്റുപാടുകളെ ചിരിച്ചറിയാൻ കഴിയാതെ വരിക, ഓർമ്മക്കുറവ്, തലകറക്കം, ബ്ലാക്ക് ഔട്ട്.
അനസ്തേഷ്യയിൽനിന്നുമുണർന്നു ഐസിയുവിൽക്കിടന്ന് ഓളിയിട്ടുകൊണ്ടിരുന്ന ഒരാളെ ഓർമ്മവന്നു. താനെവിടെയാണെന്നോ, എന്തുപറ്റിയെന്നോ മനസ്സിലാവാതെ അയാൾ ഓളിയിട്ടു കരയുന്നുണ്ടായിരുന്നു.
എന്നാലും ഭാര്യയെ വിളിച്ചെഴുന്നേൽപ്പിക്കാനുള്ള മടികൊണ്ട് സ്ലിപ്പറിട്ട്, ഫ്‌ളാസ്‌ക്കും ഐവിപോളുമെടുത്ത്‌ പതുക്കെ റൂമിനു പുറത്തേക്കിറങ്ങി. കുറ്റിയിടാതിരുന്നതുകൊണ്ട് ശബ്ദമുണ്ടാക്കാതെ വാതിൽ തുറക്കാനായി. മുറിയിലെ ഏസിയിൽ നിന്നും ഇടനാഴിയിലെ ആവിയിലേക്കിറങ്ങിയപ്പോൾ വല്ലാത്തൊരു തളർച്ചയനുഭവപ്പെടുന്നു.
ഇടനാഴിയിൽ മങ്ങിയ വെളിച്ചമേയുള്ളു. ആളനക്കവുമില്ല. ഇടനാഴിയുടെ മറ്റേയറ്റത്തുനിന്നും ഒരു പ്രകാശം വരുന്നുണ്ട്. അതും ഒരു ചുവന്ന വെട്ടം. നേഴ്സിംഗ് സ്റ്റേഷനായിരിക്കണം.
ഇരുവശമുള്ള മുറികളിൽനിന്നും ഏസിയുടെ ഇരമ്പൽ മാത്രമേ കേൾക്കുന്നുള്ളു. എല്ലാവരും ഗാഢനിദ്രയിലാണ്. പെട്ടന്നൊരു തലകറക്കം വന്നാലും വീഴാതിരിക്കാൻ ചുമരിനോടുചേർന്ന് ഒരു കൈയിൽ ഫ്‌ളാസ്‌കും, മറുകൈയിൽ ഐവിപോളുമുരുട്ടി പതിയെ പതിയെ നഴ്സിംഗ്സ്റ്റേഷനു നേർക്ക് നടന്നു.
ഉയരമുള്ള ഡെസ്കിനു പുറകിൽ ഒരു നേഴ്സ് കുനിഞ്ഞിരുന്ന് എഴുതിക്കൊണ്ടിരിക്കുന്നുണ്ടായിരുന്നു. കാൽപ്പെരുമാറ്റം കേട്ടിട്ടും എഴുത്തിന്റെ തിരക്കിലായതുകൊണ്ടായിരിക്കണം അവർ തലയുയർത്തി നോക്കിയില്ല.
"സിസ്റ്റർ, കുറച്ചു ചൂടുവെള്ളം കിട്ടാൻ എന്തെങ്കിലും വഴിയുണ്ടോ? പതിമൂന്നാം നമ്പർ റൂമിൽനിന്നാണ്."
നേഴ്സ് ആദ്യം മറുപടിയൊന്നും തന്നില്ല. ഒരുപേജ് എഴുതിത്തീരാൻവേണ്ടി കാത്തുനിൽക്കുകയായിരുന്നു. അടുത്ത പേജിലേക്ക് എഴുത്തു തുടർന്നപ്പോൾ അവരൊന്നു നെടുവീർപ്പിട്ടു.
"ഈ നേരത്ത് ചൂടുവെള്ളൊ? കാന്റീൻ തുറക്കണമെങ്കിൽ ആറുമണിയാവണം. മണി മൂന്നായില്ല."
അവർ തലയുയർത്തിനോക്കാതെ എഴുത്തു തുടർന്നുകൊണ്ടേയിരിക്കുകയാണ്. കണ്ടിട്ട് മെഡിക്കൽ കാര്യങ്ങളല്ല. ചുവന്ന വെളിച്ചത്തിലും മലയാളത്തിലാണ് അവരെഴുതുന്നത് എന്ന് വ്യക്തമായിക്കാണാം. ഇപ്പോളെഴുത്ത് പതിമ്മൂന്നാമത്തെ പേജിലെത്തിയിരിക്കുകയാണ്.
എന്താണിത്ര എഴുതിക്കൂട്ടുന്നതെന്നു ചോദിക്കണമെന്നുണ്ട്. പക്ഷെ അതവരുടെ സ്വകാര്യ വിഷയമല്ലെ. തിരിച്ചു നടക്കുന്നതിനുമുൻപ് നഴ്സിന്റെ മുഖമൊന്നു കാണണമെന്ന് തോന്നി. പക്ഷെയവർ തലയൊട്ടും ഉയർത്തുന്നതുമില്ല. എഴുത്തോടെഴുത്താണ്.
"നിങ്ങൾ പതിമൂന്നാം നമ്പറിലെ പേഷ്യന്റ് അല്ലെ. ഞാൻ നിങ്ങളെക്കുറിച്ചൊരു കഥയെഴുതിക്കൊണ്ടിരിക്കുകയാണ്."
അവരെന്തുകൊണ്ട് തലയുയർത്തി നോക്കുന്നില്ലാ എന്നതായിരുന്നു ഇതുവരെയുള്ള അത്ഭുതം. ഇപ്പോഴത് എഴുതുന്ന കഥയെക്കുറിച്ചു കേട്ടപ്പോഴായി.
"എന്നെക്കുറിച്ചോ? അതിനു എന്നെ നിങ്ങൾക്കെങ്ങനെയറിയാം? ഞാനിവിടെ അഡ്മിറ്റ് ആയതു ഇന്നുരാവിലെയാണ്. ഐസിയൂവിൽനിന്ന് റൂമിലേക്ക് മാറ്റിയത് വൈകീട്ടും."
ഇപ്പോൾ അത്ഭുതത്തേക്കാളേറെ ജിജ്ഞാസയായി. ഒരു കഥയെഴുതപ്പെടാൻ മാത്രം പ്രാധാന്യമർഹിക്കുന്നതൊന്നും ജീവിതത്തിലിന്നേവരെ ചെയ്തിട്ടില്ല. എന്നിട്ടും ഒരു കഥയിലെ പ്രധാന കഥാപാത്രമായി പരിഗണിക്കപ്പെടുക എന്നുവെച്ചാൽ അതിലെന്തോ ഉണ്ട്.
"ഞാൻ നിങ്ങളുടെ മെഡിക്കൽ റിപ്പോർട്ട് വായിച്ചു. അതിമാരകമായ ഒരു രോഗമാണ് നിങ്ങൾക്കുള്ളതെന്ന് ഡോക്ടറതിൽ വ്യക്തമായി എഴുതിയിട്ടുണ്ട്."
ഇതുവരെ തോന്നിയിരുന്ന ജിജ്ഞാസ ഒരാന്തലിനു വഴിമാറി.
"മാരകമായ രോഗമോ? എനിക്കോ? എന്നിട്ട് ഡോക്ടറെന്നല്ല, എന്റെ ഭാര്യപോലും എന്നോടിത് പറഞ്ഞില്ലല്ലോ?
നേഴ്സ് പതിമ്മൂന്നാം പേജ് എഴുതിത്തീർക്കാനുള്ള വ്യഗ്രതയിലാണെന്നു തോന്നുന്നു. കഥയുടെ ക്ളൈമാക്സ് എത്താറായിക്കാണണം. അതുകൊണ്ടു മറുപടികൾ വരുന്നത് സമയമെടുത്തിട്ടാണ്. നേഴ്സ് ഒന്ന് മുഖമുയർത്തിയിരുന്നെങ്കിൽ അവരൊരു തമാശ പറയുന്നതാണോ എന്നൂഹിച്ചെടുക്കാമായിരുന്നു.
"പെട്ടന്നവർ തുറന്നു പറയില്ല. അവരെന്നല്ല, ആരും. കാരണം അതൊരു പ്രോട്ടോക്കോളാണ്. രോഗത്തെ അറിയിച്ച് രോഗിയെ ഭയപ്പെടുത്താൻ പാടില്ല. "
അന്നേരം അരിശമാണ് തോന്നിയത്. എന്നിട്ടെന്തിനാണ് നേഴ്സ് ഇപ്പോഴിതൊക്ക പറയുന്നത്. പോരാത്തതിന് അനുവാദമില്ലാതെ കഥയും എഴുതിയുണ്ടാക്കുന്നു. കൈയിലിരുന്ന ഫ്‌ളാസ്‌ക്കുകൊണ്ടു കുനിഞ്ഞിരുന്ന നഴ്സിന്റെ തലക്കിട്ടൊന്നു കൊടുത്താലോ എന്നുവരെ ഒരുനിമിഷം ചിന്തിച്ചു. ആരോഗ്യസ്ഥിതി ഒരൽപ്പം മോശമായതിനാൽ സംയമനം പാലിക്കുന്നതാണ് ബുദ്ധി.
"എന്നിട്ട് കഥയിലെന്താണ് എഴുതി നിറക്കുന്നത്. ഒടുവിൽ രോഗം മാറുമോ, അതോ...?"
ഇത്രയും വിനീതനായി ഇതിനുമുൻപാരോടും സംസാരിച്ചിട്ടില്ല. ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷ അവസാനിക്കുന്നിടത്തുനിന്നാണ് മനുഷ്യന്റെ വിനയവും കാരുണ്യവും ആരംഭിക്കുന്നത് എന്ന് പറയുന്നതെത്രയോ ശരിയാണ്.
"കഥയിൽ നിങ്ങളുടനെ മരിക്കുകയാണ്. രോഗമെന്താണെന്നറിയുമ്പോൾ ഉണ്ടാകുന്ന ഹൃദയാഘാതമാണ് മരണകാരണം."
എത്ര ലാഘവത്തോടെയാണ് അവരതു പറയുന്നത്. വെറുമൊരു കഥയാണെങ്കിലും ഇത്ര കഠിനമായ പരീക്ഷണങ്ങളിലൂടെ ഒരാളുടെ ജീവനെയങ്ങ് എടുത്തു മാറ്റാനൊക്കുമോ? നഴ്സിനോടിപ്പോൾ പുച്ഛമാണ് തോന്നുന്നത്. ഡ്യൂട്ടിയിലിരുന്നു ഒരു രോഗിയെക്കുറിച്ച് ഇല്ലാക്കഥ മെനയുകയും അത് കുത്തിക്കുറിച്ചിരിക്കുകയും ചെയ്യുക. ജോലിയോടുള്ള ഉത്തരവാദിത്യമില്ലായ്മയായേ ഇതിനെ കാണാനൊക്കു.
"എന്നിട്ട്, കഥ തീർന്നോ? വിരോധമൊന്നുമില്ലെങ്കിൽ തിരിച്ചു റൂമിലേക്ക് പൊയ്ക്കോട്ടേ?"
പുറത്തുവന്ന പുച്ഛം അടക്കിപിടിക്കാതെത്തന്നെയാണ് ചോദിച്ചത്. എഴുത്തുകാരി പട്ടടയിലേക്കെടുത്തു വെണ്ണീറാക്കുന്നതിനു മുൻപ് റൂമിലേക്കെത്തിപ്പെടുന്നതാണ് നല്ലത്.
"തീർന്നില്ല, മരിച്ചാലും നിങ്ങളുടെ ആത്‌മാവ്‌ ഇവിടം വിട്ടു പോകുന്നില്ല. പുനർജനിച്ച്‌ ഒരു ഡോക്ടറായി നിങ്ങളിവിടെത്തന്നെ കാണും. ഞാനതിനാണ് കാത്തിരിക്കുന്നത്."
കണ്ണുമിഴിക്കുകയല്ലാതെ വേറൊന്നും ചോദിക്കാനൊന്നും അന്നേരം വായിൽ വന്നില്ല. വരണ്ട തൊണ്ടയിൽ മുറിവുകളുണ്ടായോ എന്നൊരു സംശയം. ഉമിനീരിന് ചോരയുടെ രുചിയായിത്തുടങ്ങി.
"ഡോക്ടറോ? ഈ കഥയിൽ ഇങ്ങനെയൊരു ട്വിസ്റ്റെന്തിനാണ്.?"
പേടിപ്പിക്കുന്ന ഈ അന്തരീക്ഷത്തിൽനിന്നും എത്രയും വേഗം രക്ഷപ്പെടണമെന്നുള്ള വിചാരമായിരുന്നു പിന്നെ. ശരീരത്തിന് ഒരു ബലക്ഷയം തോന്നിത്തുടങ്ങി. കാലുകൾക്കു ശരീരത്തെ താങ്ങാൻ പറ്റാത്ത തരത്തിലുള്ള ഒരവസ്ഥ. റൂമിലേക്ക് ഓടിപ്പോകാൻ വരെ തോന്നിത്തുടങ്ങി.
"മാസങ്ങൾക്കു മുൻപ് മസിനഗുഡിയിലേക്കുള്ള ഒരു രാത്രിയാത്രയിൽ നിങ്ങളുടെ കാറുതട്ടി ഒരു ബൈക്ക് കൊക്കയിലേക്ക് മറിഞ്ഞതോർക്കുന്നുണ്ടോ? നിറുത്താതെ കാറോടിച്ചു പോയെങ്കിലും കൊക്കയിലേക്ക് വീണ രണ്ടുപേരെ നിങ്ങളെപ്പോഴെങ്കിലും തിരിച്ചറിഞ്ഞു കാണും, ഇല്ലേ?"
"സ്റ്റോപ്പ് ഇറ്റ്. കള്ളം പച്ചക്കള്ളം. എഴുതിയെഴുതി എന്തും എഴുതാമെന്നായോ? ഞാനാരെയും ഇടിച്ചിട്ടുമില്ല, കൊന്നിട്ടുമില്ല. അത് കണ്ടതായി സാക്ഷികളുമില്ല. നോൺസെൻസ്‌."
ആ നേഴ്സ് മുഖമുയർത്തി നേർക്കുനേരെയാണ് നിന്നിരുന്നതെങ്കിൽ മുഖമടച്ചൊന്നു കൊടുത്തേനെ. ഓരോന്നും കുത്തിപ്പൊക്കി കൊണ്ടുവന്നോളും. പ്രഷറുകൂടി തലപൊട്ടിത്തെറിക്കാൻ പോകുന്നപോലെയുണ്ട്.
റൂമിലേക്ക് തിരിച്ചു നടക്കാൻ ഒരടി പുറകോട്ടു വെച്ചതും ചുവന്ന ബൾബ് ഒന്നുരണ്ടു തവണ മിന്നിത്തെളിഞ്ഞു. എന്തോ ഭയാനകമായ നിശബ്ദത അവിടെ തളംകെട്ടുന്നതായി തോന്നി. പെട്ടെന്ന് ഒരു നിഴൽ പുറകിലൂടെ കടന്നുപോയി. ഞെട്ടിത്തിരിഞ്ഞു നോക്കിയെങ്കിലും ആരെയും കണ്ടില്ല. ഇടനാഴിയെല്ലാം വിജനം.
അന്തംവിട്ട് തിരിഞ്ഞു നഴ്സിനെ നോക്കിയപ്പോൾ അന്നേരമവരെഴുന്നേറ്റു തലകുനിച്ചു നിൽക്കുന്നതാണ് കണ്ടത്. ഡെസ്കിൽ കിടക്കുന്ന പേപ്പറുകളിൽ പതിമ്മൂന്നാം പേജ് മൊത്തവും എഴുതിത്തീർത്തിരുന്നു.
വിറയ്ക്കുന്ന കൈകളെ ബലമായൊന്നു പിടിച്ചുനിറുത്താൻ ശ്രമിക്കുന്നതിനിടയിലാണ് നേഴ്സ് മുഖമുയർത്തിയത്. അവരുടെ മുഖത്ത് കണ്ണുകളുടെയും മൂക്കിന്റെയും സ്ഥാനത്തു വെറും തുളകൾ മാത്രം. ഭീതിതമായ ഒരു വിറയൽ ശരീരത്തിലൂടെ കടന്നുപോയി. ഫ്‌ളാസ്‌ക്കും ഐവിപോളുമടക്കം താഴേക്കു പോകുന്നതേ പിന്നെ ഓർമ്മയുണ്ടായുള്ളൂ.