"കുളനട സ്വാഗത് തിയറ്ററിൽ നാളെ മുതൽ, മലയാളത്തിന്റെ പുതിയ താരോദയം മമ്മൂട്ടിയുടെ 'ആവനാഴി' ദിവസേന മൂന്നു പ്രദർശനങ്ങൾ "
വണ്ടിയുണ്ടാക്കാൻ റബ്ബർ ചെരുപ്പ് വെട്ടി MRF ടയർ ഉണ്ടാക്കുന്ന എഞ്ചിനീയറിംഗ് പരിപാടിയിൽ ബിസിയായി ഇരുന്നപ്പോഴാണ് ഈ അനൗൺസ്‌മെന്റ് കാതിൽ തുളച്ചുകയറിയത്.
സ്വിച്ചിട്ടതുപോലെ ചാടിയെഴുന്നേറ്റു MRF ടാർഗറ്റ് പെൻഡിങ് ആക്കി വച്ചിട്ട് നിക്കർ ഒന്ന് വലിച്ചു മുകളിലേക്ക് കയറ്റി നെറ്റിയിലേക്ക് ഒലിച്ചിറങ്ങിയ വിയർപ്പ് ഒന്ന് തുടച്ചിട്ട് ഒറ്റ പാച്ചിൽ ആയിരുന്നു റോഡിലേക്ക്.
മീൻ തലകളുമായി ഉള്ള മൽപ്പിടുത്തവും കഴിഞ്ഞു ചെമ്പരത്തിയുടെ ചുവട്ടിൽ റസ്റ്റ്‌ എടുത്തുകൊണ്ടിരുന്ന ഭൈരവൻ പൂച്ചയുടെ സമീപത്തുകൂടിയാണ് പാഞ്ഞത്. സ്വന്തം പഞ്ചായത്തിലെ തെമ്മാടിയും സർവോപരി കടിയനുമായ പുള്ളിക്കുത്തുള്ള നായയെ ദുസ്വപ്നം കണ്ട് പേടിച്ചു കിടന്നപ്പോഴാണ് സമീപത്തുകൂടി എന്തോ പാഞ്ഞു പോയത്.
ഭയന്നുപോയ ഭൈരവൻ ഹാർട്ട് അറ്റാക്ക് വന്നപോലെ, കിടന്ന കിടപ്പിൽ ഒന്ന് മേലേക്ക് പൊങ്ങി താഴെ വീണ് ചാടി എഴുനേറ്റ് "ആരാടാ പന്നീ " എന്ന് ചോദിക്കുന്നത് പോലെ വാലും പൊക്കി ഒരു നിൽപ്പ്.
കൂടെ ആരോ ഉണ്ടല്ലോ ഓടാൻ , തിരിഞ്ഞു നോക്കുമ്പോൾ തിന്നുകൊണ്ടിരുന്ന വരിക്ക ചക്കയുടെ രണ്ടു ചുള കയ്യിൽ പിടിച്ച് കുറച്ചു വായിലും കുത്തി നിറച്ചുകൊണ്ട് കണ്ണും തെള്ളി സുഹൃത്ത് Sreekumar Chandravelil കട്ടക്ക് കൂടെയുണ്ട്.
റോഡിൽ എത്തി ഒന്ന് അണപ്പ് മാറ്റുമ്പോഴേക്കും അതാ എത്തി അലങ്കരിച്ച ഒരു മഹിന്ദ്ര ടെമ്പോ. ആവനാഴിയുടെ പോസ്റ്ററുകൾ, ചാക്കുകൾ കൊണ്ട് ഉണ്ടാക്കിയ കട്ടൗട്ടുകളിൽ ഒട്ടിച്ചു വെച്ച് അലങ്കരിച്ചിരിക്കുന്നു. വർണ്ണ കടലാസുകൾ കൊണ്ടുള്ള തോരണങ്ങൾ വേറെയും. ആകെക്കൂടി ഒരു കതിർമണ്ഡപം പോലെ ഉണ്ട്.
ഇളം മഞ്ഞയും കാവിയും നിറത്തിലുള്ള കുറച്ചു നോട്ടീസുകൾ വാരി റോഡിലേക്ക് ഇട്ടിട്ട് വണ്ടി മുന്നോട്ട് നീങ്ങി. ശബ്ദത്തിന് ഇല്ലാത്ത ബാസ് പാടുപെട്ട് ഉണ്ടാക്കി അനൗൺസ്‌മെന്റ് ചെയ്തു തൊണ്ട വറ്റി ഊപ്പാട് വന്ന അനൗൺസ്മെന്റർ കുരുവിത്തടത്തിൽ കുട്ടൻപിള്ള ക്ഷീണിതനായി അകത്തിരിപ്പുണ്ട് . നോട്ടീസ് പെറുക്കാൻ റോഡിൽ നിറയെ കുട്ടികൾ ഉണ്ട്.
നോട്ടീസിൽ മമ്മുട്ടി, സീമ, ക്യാപ്റ്റൻ രാജു തുടങ്ങിയവരുടെ ഫോട്ടോകൾ ഉണ്ട്. എല്ലാം ഒന്ന് വായിച്ചു നോക്കിയിട്ട് രണ്ടു മൂന്ന് നോട്ടീസുകൾ കീറി ചെറിയ കഷ്ണങ്ങൾ ആക്കി തിരിച്ചു വരുന്ന വഴിയിൽ വിതറി ഒരു അനൗണ്സ്മെന്റും നടത്തി ആത്മസംതൃപ്തി അടഞ്ഞ് വീട്ടിൽ എത്തി.
വളരെ ചെറുപ്പത്തിൽ സിനിമ കൊട്ടക യിൽ പോയി കോളിളക്കം എന്ന സിനിമ കണ്ടതല്ലാതെ പിന്നീട് അങ്ങനെ ഒരു ഭാഗ്യം ഉണ്ടായിട്ടില്ല.
വൈകുന്നേരം കുമാറും രാജേഷും ഞാനും സംഘം ചേർന്ന് വട്ട് (ഗോലി ) കളിച്ചു കൊണ്ടിരുന്നപ്പോഴാണ് മുരളി അണ്ണൻ ഓണം ബമ്പർ അടിച്ചവനെപ്പോലെ സന്തോഷത്തോടെ വന്നത്.
"ആവനാഴി " ചെത്തു പടം ആണ്... വന്നപാടെ മുരളിയണ്ണൻ പറഞ്ഞു.
"അണ്ണാ എത്ര ഇടിയുണ്ട് അതിൽ "
"ഇടിയെ ഒള്ളൂ. ആദ്യം മുതൽ ഇടിയാണ്‌"
ഹോ.... എനിക്ക് ആകെ ത്രില്ലടിച്ചു . കഥയൊന്നും നമുക്ക് വിഷയമേ അല്ല. പക്ഷെ ഇടി... അത് ഇടിവെട്ട് തന്നെ ആകണമെന്ന് നിർബന്ധം തന്നെയാണ്. അപ്പോഴാണ് ആദ്യം മുതലേ ഇടി മാത്രമുള്ള ഒരു ഐറ്റം വന്നേക്കുന്നത്.
അങ്ങനെ വൈകുന്നേരം അമ്മയുടെ മുൻപിൽ അപേക്ഷ വെച്ചു. ചക്കക്കുരുവും ചേമ്പിൻ തണ്ടും ഉണക്ക അയലയും കൂട്ടി കറി വെക്കാനുള്ള തിരക്കിലാണ് അമ്മ.
"അമ്മേ എനിക്ക് ആവനാഴി കാണണം " ഞാൻ കട്ടിളപ്പടിയിൽ പകുതി ചാരി നിന്നുകൊണ്ട് പറഞ്ഞു.
"അതെന്തോന്ന് നാഴിയാടാ കൊച്ചേ" വീട്ടിലെങ്ങും ഇല്ലല്ലോ അത്.
"അത് നാഴിയല്ല അമ്മേ. സ്വാഗതിലെ പുതിയ സിനിമയാണ്."
"സിനിമയോ പൊക്കോണം അവിടുന്ന്. വല്ലതും വായിച്ചു പഠിക്കാൻ നോക്ക്. മൊട്ടേന്നു വിരിഞ്ഞില്ല അപ്പോഴേക്കും ഒരു സിനിമ. അമ്മ ദേഷ്യപ്പെട്ടു. അമ്മയുടെ പറച്ചിൽ കേട്ടാൽ എന്നെ മുട്ടയിട്ട് വിരിയിച്ചു ഇങ്ങോട്ട് ഇറക്കിയതാണെന്ന്.
അപ്പോൾ വിടില്ല എന്ന് ഉറപ്പായി. അച്ഛനോട് ചോദിക്കാനുള്ള ധൈര്യം പോരാ. പക്ഷെ രാത്രി അച്ഛൻ അറിഞ്ഞു.. ദൈവ ദൂതനെപ്പോലെ അപ്പോൾ വീട്ടിൽ എത്തിയ കിണറ്റുംകര ജോർജ് അച്ഛൻ പ്രേതകഥകളുടെ പുതിയ ഒരു എപ്പിസോഡ് പബ്ലിഷ് ചെയ്തത് കാരണം അച്ഛൻ എന്റെ സിനിമ ടോപ്പിക്കിന് അധികം പ്രാധാന്യം കൊടുത്തില്ല.
പിന്നീടങ്ങോട്ട് നിസഹകരണം, മ്ലാനതയോടെ വിദൂരതയിലേക്ക് കണ്ണും നട്ടിരിപ്പ്, പാല് വാങ്ങാൻ പോകാതെ ഇരിക്കൽ തുടങ്ങിയ സമരമുറകൾ തുടങ്ങി . അയൽപക്കത്തുള്ള ആരോ സിനിമ കണ്ടിട്ട് അമ്മയോട് വന്ന് കഥ പറഞ്ഞപ്പോൾ അമ്മയ്ക്കും ഒരാഗ്രഹം സിനിമ കണ്ടാലോ എന്ന്.
അങ്ങനെ ആ ദിവസം വന്നു. ഒരു ഞായറാഴ്ച ഉച്ചക്ക് ശേഷം എല്ലാവരും കൂടി കുളനട സ്വാഗതിൽ പോയി ആവനാഴി കണ്ടു. തട്ടുപൊളിപ്പൻ സിനിമ. ഇടിയെന്നു പറഞ്ഞാൽ അമ്പോ ഉഗ്രൻ തന്നെ. കട്ടക്ക് നിന്ന് ഇടി വാങ്ങിയ ക്യാപ്റ്റൻ രാജുവിനെ മമൂട്ടി യോളം ഇഷ്ടമായി.
വൈകുന്നേരം ജോളി ഹോട്ടലിൽ നിന്ന് പൊറോട്ടയും ബീഫും കൂട്ടി ഒരു പിടുത്തം പിടിച്ചുകൊണ്ടിരുന്നപ്പോഴും മമൂട്ടി യുടെ കൂടെ ആയിരുന്നു മനസ്സ്.
വീട്ടിലെത്തി
Sreekumar Chandravelil
നോട് കഥ പറഞ്ഞു അവന്റെ മനസമാധാനം ഇല്ലാതാക്കി. പാവം സിനിമ കൊട്ടകയുടെ ഉൾവശം പോലും ഇതുവരെ കാണാത്ത ആളാണ്.
മമ്മുട്ടിയുടെ തീപ്പൊരി ഡയലോഗുകളും പറന്നുള്ള ഇടിയും മനസ്സിൽ നിന്ന് അങ്ങോട്ട് പോകുന്നില്ല. അതുപോലെ ആരെയെങ്കിലും ഇടിക്കാൻ തോന്നുന്നത് തെറ്റാണോ... ഏയ് എന്ത് തെറ്റ്...
നേരെ വാഴത്തോപ്പിലേക്ക് പോയി ആദ്യം കണ്ട പാളയം തോടൻ വാഴക്കിട്ടു രണ്ടെണ്ണം പൊട്ടിച്ചു. ഞാൻ പോലും അറിയാതെ ഞാൻ മമ്മുട്ടി ആയിമാറി. തൊഴി, ഇടി, പള്ളക്ക് കുത്ത്, കൂമ്പിനിടി, പറന്നടി എന്നുവേണ്ട മമ്മുട്ടിയുടെ മാസ്റ്റർപീസ് സംഘട്ടനം മൊത്തം വാഴത്തോപ്പിൽ അരങ്ങേറി. അപ്പോഴതാ തൊട്ടു പുറകിൽ ക്യാപ്റ്റൻ രാജു നിൽക്കുന്നു.
"നീ ഇവിടെ നിൽക്കുവാണോടാ... നീ സീമചേച്ചി യെ കേറി പിടിക്കാറായോ " എന്ന് അലറിക്കൊണ്ട് ക്യാപ്റ്റൻ രാജുവിനിട്ട് രണ്ടെണ്ണം കൊടുത്തു. അച്ഛന്റെ അരുമയായ പൂവൻ വാഴയാണ് ഈ ക്യാപ്റ്റൻ രാജു. അരിശം തീരാഞ്ഞിട്ട്, താഴെ കിടന്നിരുന്ന മുളങ്കമ്പ് എടുത്തു പിച്ചാത്തി ആക്കി പള്ളക്ക് ഇട്ടൊരു കേറ്റും കേറ്റി. ക്യാപ്റ്റൻ രാജു ക്ലോസ്ഡ്...
മമ്മുട്ടിയോടാ അവന്റെ കളി. പിന്നല്ലാതെ.... അവശരായ ഗുണ്ടകളും, കുത്തേറ്റ് വീണ ക്യാപ്റ്റൻ രാജുവും.... ഹഹഹഹ....... എന്ന് ചിരിച്ചു കൊണ്ട് വിജയശ്രീലാളിതനായി വാഴത്തോപ്പിൽ നിന്ന് പുറത്തേക്ക് ഇറങ്ങുമ്പോൾ...... അതാ ഒരാൾ.
അച്ഛൻ...... ഓടണോ അതോ വേണ്ടയോ എന്നൊന്നും ആലോചിക്കാനുള്ള സമയം കിട്ടിയില്ല അപ്പോഴേക്കും ആദ്യത്തെ അടി വീണു
"സീമാ.......... എന്ന ശബ്ദത്തോടെ ചെവിയിലൂടെ കാറ്റ് പോയി. രംഗം എത്രപെട്ടന്നാണ് മാറിയത്. അച്ഛൻ മമ്മുട്ടിയും ഞാൻ ക്യാപ്റ്റൻ രാജുവും ആയി. പൂരം അടിയായിരുന്നു എനിക്കിട്ടു കിട്ടിയത്. നിന്നങ്ങു വാങ്ങിച്ചു. അടികൊണ്ട് അവശനായി ഞാൻ വാഴത്തോപ്പിൽ തന്നെ ഇരുന്നു. ബഹളം കേട്ട് അമ്മയും ചേച്ചിയും ഓടി വന്ന് മൂക്കത്തു വിരൽ വച്ചുകൊണ്ട് എന്നെ നോക്കി നിന്നു.
തങ്ങളുടെ അരുമയായ മൊതലാളിയെ അറഞ്ചം പുറഞ്ചം തല്ലുന്നതിലുള്ള ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിക്കൊണ്ട് ഭൈരവൻ പൂച്ചയും ടിപ്പുവും സ്പോട്ടിൽ എത്തി, ഒരു ശോക മ്യൂസിക് ഇട്ട് നിൽപ്പായി.
"പച്ചവെള്ളം ഇവനു കൊടുത്തുപോയേക്കരുത്. കുടുംബം നശിപ്പിക്കാൻ ഉണ്ടായവൻ.. @##$% എന്നൊരു മാസ്സ് ഡയലോഗ് അടിച്ചിട്ട് അച്ഛൻ മമ്മുട്ടിയെപ്പോലെ സ്ലോമോഷൻ ൽ നടന്നുപോയി.
ഞാൻ പുറകിലേക്ക് തിരിഞ്ഞു നോക്കിയപ്പോൾ അതാ നിൽക്കുന്നു ഞാൻ ഇടിച്ചു കൂമ്പ് വാട്ടിയ ക്യാപ്റ്റൻ രാജു. "നിനക്ക് ഇതൊന്നും കിട്ടിയാൽ പോരാ " എന്ന് ആ പൂവൻവാഴ എന്നോട് പറയുന്നതായി എനിക്ക് തോന്നി.