ജീവിച്ചിരിക്കുമ്പോൾ നാട്ടുകാർക്കും കുടുംബത്തിനും ഉപദ്രവം ആയിരുന്ന ഒരാൾ മരിച്ചാലുടനെ എന്തിനാണു നമ്മൾ അയാളെ നന്മയുടെ വിളനിലമായി ചിത്രീകരിക്കുന്നത്?. സ്വന്തം സുഖവും,
സൗകര്യങ്ങളും മാത്രം ലക്ഷ്യമിട്ടു പൊതുമുതൽ കൊള്ളയടിച്ച രാഷ്ട്രീയ നേതാവിന്റെ പ്രതിമ കവലയിൽ സ്ഥാപിക്കുന്നത് എന്തിനാണ്?
നമ്മുടെ പരമ്പരാഗത ചിന്താരീതികളിലെവിടെയോ പറ്റിയൊരു മഷിപ്പാടാണ് ഈ നന്മപറയലിന്റെ മനഃശാസ്ത്രം. മനുഷ്യൻ വിവേകമുള്ളവനാണെന്നാണല്ലോ പൊതുവെ കരുതുന്നത്. നല്ലതെങ്കിൽ നല്ലതെന്നും മോശമെങ്കിൽ മോശമെന്നും പറയാനല്ലേ നമ്മൾ തുനിയേണ്ടതും പറഞ്ഞുകൊടുക്കേണ്ടതും? മോശമായിരുന്നുവെന്ന് എല്ലാക്കാലവും വിശ്വസിച്ചുപോരുന്ന ഒരു കാര്യമോ വ്യക്തിയോ എങ്ങനെയാണു ചത്തുകഴിഞ്ഞാൽ നല്ലതാകുക? നമ്മുടെ ആശയങ്ങളെയും അഭിപ്രായങ്ങളെയും പാടേ നിരാകരിക്കുന്ന ഒരു മലക്കംമറിച്ചിലിന്റെ ആവശ്യമുണ്ടോ?
സത്യം വദഃ ധർമ്മം ചരഃ എന്നാണല്ലോ... പിന്നെയന്തിനാണാവോ ചെയ്യാത്ത ധർമ്മത്തെ സൃഷ്ടിച്ച് ആരെയായാലും മഹത്വീകരിക്കുന്നത്!
നല്ലതെന്ന് കരുതിപ്പോരുന്നത് നല്ലത് എന്നും മോശമെന്നു കരുതിപ്പോരുന്നത് മോശമെന്നും പറയാൻ സങ്കോചത്തിന്റെ ആവശ്യമുണ്ടൊ? എനിക്ക് സന്ദേഹമുണ്ട്...
ഒരു ചർച്ചക്കിടയിലാണു സാന്ദർഭികമായി കവി കടമ്മനിട്ട രാമകൃഷ്ണന്റെ "അങ്ങേലെ മൂപ്പീന്ന് ചത്തോടീ? നമ്മളും പോയൊന്നറിയേണ്ടേ.." എന്നുതുടങ്ങുന്ന പ്രശസ്തമായ 'ചാക്കാല'യെന്ന കവിത പരാമർശിക്കപ്പെട്ടത്. വീണ്ടും വീണ്ടും ആലോചിക്കുമ്പോൾ ഒരസ്വാഭാവികത ഈ നല്ലത് പറയലിലും നല്ലപിള്ളയാക്കലിലും കാണുന്നുണ്ട്...
സാമൂഹിക രാഷ്ട്രീയ മണ്ഡലത്തിൽ ഈ വൃത്തികേട് വ്യാപകമായി നടക്കുന്നുണ്ട്. വോട്ടുബാങ്കു ലക്‌ഷ്യം വയ്‌ക്കുന്ന വെള്ളപൂശലുകൾ ഇന്നു സാധാരണമാണ്. കാടു കൊള്ളയടിച്ച പൊതുപ്രവർത്തകനും ബിനാമിസ്വത്തു സമ്പാദിച്ചവനും, സ്വജനപക്ഷപാദം ചെയ്തവനും മരണാനന്തരം ആദരണീയനായ മാറുന്ന ഫലിതം നാമെത്രയോ വട്ടം കണ്ടിരിക്കുന്നു. ഇതു നൽകുന്ന സന്ദേശമിതാണ്. "സമൂഹത്തിനു ദോഷം ചെയ്തു ജീവിച്ചോളു, അതിൽ ഒരു ശരികേടുമില്ല."