പ്രണയത്തിന്റെ പരമകാഷ്ഠ രതി ആയിത്തീരുന്നതു പ്രകൃതിയുടെ ആവശ്യമാണ്. എങ്കിൽ മാത്രമേ സ്പീഷീസുകൾ നിലനിൽക്കുകയൊള്ളു. പുതിയ ഒരു ജീവനു ഹേതുവാകാൻ രണ്ടു ശരീരങ്ങളെ നാഡി - അന്തര്‍ഗ്രന്ഥി പ്രവർത്തനങ്ങളിലൂടെ സജ്ജമാക്കുന്ന മായിക പ്രതിഭാസമാണ് പ്രണയം.
എന്നാൽ രതിക്ക് ശേഷമുള്ള പ്രണയമോ? ജീവസംധാരണമല്ല അതിന്റെ ലക്‌ഷ്യം. ആവുന്ന നിലങ്ങളിൽ എല്ലാം വിത്തിറക്കാൻ സ്പീഷീസുകളിലെ പുരുഷന്മാർ ശ്രമിക്കുമ്പോൾ, മികച്ച വിത്തു ലഭിക്കാനാണ് സ്ത്രീകൾ ശ്രമിക്കുന്നത്. നായ മുതൽ നരൻ വരെ ഇതു ചെയ്യുന്നതു നാം നിരന്തരം കാണുന്നു. വിശപ്പു പോലെ, ദാഹം പോലെ ആവർത്തിച്ചു വരുന്ന രതി താല്പര്യം ശമിപ്പിക്കാൻ സ്ഥിരമായി ഒരു സംവിധാനം കൗശലക്കാരായ പുരുഷൻമാർ കണ്ടുപിടിച്ചു. അതു സ്വർഗ്ഗത്തിൽ നടക്കുന്നുവെന്നും, ദൈവ നിശ്ചയമാണെന്നും ഉള്ള ദിവ്യ പരിവേഷം നൽകി. ആ ഒരു ഉടമ്പടിയിലൂടെ സ്ത്രീ ശരീരവും, അവളുടെ അദ്ധ്വാനവും, മനസ്സും പുരുഷന്റെ സമ്പൂർണ്ണ നിയന്ത്രണത്തിലാക്കി. അവന്റെ അധികാരത്തിലാക്കി. അതോടെ പ്രണയം കിടപ്പറയിൽ മാത്രമായി ഒതുങ്ങിക്കൂടി. ഞാനും നീയും ഈ വൃത്തികെട്ട സംവിധാനത്തിന്റെ ഇരകളാണ്. ഇരുപത്തി അഞ്ചു വർഷത്തെ നീണ്ട ഉടമ്പടിക്കു ശേഷം നാം വീർപ്പു മുട്ടുന്നതും, പരസ്പരം മനസ്സിലാകുന്നില്ല എന്നു പരാതി പറയുന്നതും ഈ വ്യവസ്ഥിതി കൊണ്ടാണെന്നു ഞാൻ തിരിച്ചറിയുന്നു.
എനിക്കു നിന്നെ നിരുപാധികം സ്നേഹിക്കാൻ, ശരീരത്തിനെ നിമ്നോന്നതങ്ങൾക്കും, മാർദവത്തിനും അപ്പുറം സ്നേഹിക്കാൻ നമുക്കീ വൃത്തികേടിൽ നിന്നും പുറത്തു കടക്കേണ്ടതുണ്ട്; നീ സ്വതന്ത്രയാവേണ്ടതുണ്ട്. രതിക്കു വേണ്ടി നിന്റെ മുന്നിൽ പ്രണയം അഭിനയിക്കുകയാണോ ഞാൻ ചെയ്യുന്നത് എന്ന സംശയത്തിനൽ നിന്നും, അതിൽ നിന്നുണ്ടാവുന്ന കുറ്റ ബോധത്തിൽ നിന്നും എനിക്കെന്നെ രക്ഷിക്കേണ്ടതുണ്ട്. എത്ര അഗാധമാണ് നിന്നോടുള്ള എന്റെ പ്രണയം എന്നെനിക്കു പോലും തിരിച്ചറിയാൻ നമുക്കിതു ചെയ്യേണ്ടിയിരിക്കുന്നു. സ്ത്രീ സ്വാതന്ത്ര്യത്തെപ്പറ്റി കോളങ്ങൾ എഴുതുന്നതിനും പ്രസംഗിക്കുന്നതിനും അപ്പുറം സ്വന്തം ജീവിതത്തിൽ അതു പകർത്താൻ നീ എന്നെ അനുവദിക്കുക. ജീവിതം കോൺട്രാക്ട് അല്ല. എനിക്ക് നിന്നോടുള്ള സ്നേഹം നിന്റെ ശരീരം എനിക്ക് പങ്കുവച്ചതു കൊണ്ടു മാത്രമല്ല. അങ്ങിനെ അല്ല എന്നെനിക്കു തെളിയിക്കാൻ അവസരം തരിക. നമുക്കു അറിവുള്ളവരായി ജീവിക്കാം.