സൗഹൃദ ദിനമായി ആചരിക്കുന്നത് ആഗസ്റ്റ് മാസത്തിലെ ആദ്യത്തെ ഞായറാഴ്ചയാണ് ഇന്ന് .നല്ല സുഹൃത്തുക്കൾക്കു തുല്യമായി എന്തു നിധിയാണ് നമുക്കു വേറെയുള്ളത്?
ഇന്ന് സാമൂഹിക മാധ്യമങ്ങളിൽ കാണുന്ന സൗഹൃദങ്ങളല്ല കുറച്ചു കാലം മുമ്പുണ്ടായിരുന്നത്.വീടിനടുത്തും വിദ്യാലയത്തിലുമായി നമുക്ക് ഒട്ടേറെ നല്ല സുഹൃത്തുക്കൾ ഉണ്ടായിരുന്ന കാലം. അവരിൽ ഒന്നോ രണ്ടോ പേരെങ്കിലും നമ്മെ ആത്മാർത്ഥമായി മനസ്സുകൊണ്ട് ചേർത്തു നിർത്തുന്നവരായിരിക്കും.നമുക്ക് വിശ്വസിച്ചു കൊണ്ട് എന്തും മനസ്സു തുറന്ന് പറയാവുന്നവർ. എന്തു സങ്കടമുണ്ടായാലും നാമോടിച്ചെല്ലുന്നത് അവരുടെയരികിലേക്കായിരിക്കും. നമ്മുടെ പ്രശ്നങ്ങൾ ഹൃദയം കൊണ്ട് കേൾക്കുന്നവർ. ഒരു പക്ഷേ ആ ഒരു തുറന്നു പറച്ചിൽ കൊണ്ടു തന്നെ നമ്മുടെ മനസ്സിലെ വേവലാറിയേയ്ക്കും.സമ്പത്തോ സൗന്ദര്യമോ നിറമോ മറ്റൊന്നും തന്നെ നോക്കാതെ നമ്മുടെ മനസ്സ് ഏറെ ഇഷ്ടപ്പെടുന്നവർ.ഇവർ കൊള്ളാം എന്ന് പലപ്പോഴും ഒറ്റക്കാഴ്ചയിൽത്തന്നെ നമുക്കങ്ങു ബോധിക്കും. പിന്നീടുള്ള ഓരോരോ ദിവസങ്ങളിൽ ചങ്ങാത്തത്തിൻ്റെ ഇഴയടുപ്പമേറുന്നു.
ഇന്ന് ആളുകൾക്കിടയിൽ മാനസിക സമ്മർദ്ദം ഒരു പാട് വർധിച്ചു വരുന്നതായി കാണാം. ആത്മാർത്ഥ സൗഹൃദങ്ങളുടെ അഭാവം തന്നെയല്ലേ ഒരു പരിധിവരെ ഇതിനു കാരണമാകുന്നത്?
സൗഹൃദം തേടി നാം വിശാലമായ ലോകത്ത് അലയേണ്ടതായ കാര്യമൊന്നുമില്ല. നമ്മുടെ സഹോദരങ്ങൾ, അമ്മ, അച്ഛൻ എന്നിവരിലാരെങ്കിലും നമ്മുടെ സൗഹൃദവലയത്തിലുണ്ടോ എന്നു പരിശോധിക്കുക. നമ്മുടെ അഭ്യുദയകാംക്ഷികളിലാരുമായും ചങ്ങാത്തമാവാം.
മനസ്സുകൊണ്ട് വിശ്വാസമർപ്പിക്കുന്നതിനു മുമ്പായി വിശ്വാസ്യത എത്രത്തോളമുണ്ട് എന്നു മനസ്സിലാക്കണമെന്നു മാത്രം. അമർത്തിവെച്ചിരിക്കുന്ന ആവലാതികളും വിങ്ങിപ്പൊട്ടലുമെല്ലാം തുറന്നു പറഞ്ഞോളൂ.മാനസികാരോഗ്യത്തെ സഹായിക്കുന്ന സൗഹൃദങ്ങൾ ഉപയോഗപ്പെടുത്താൻ മടിയേതും കരുതേണ്ടതില്ല. കാരണം നമ്മുടെ മാനസികവും ശാരീരികവുമായ സ്വാസ്ഥ്യത്തേക്കാൾ പ്രധാനമല്ല മറ്റൊന്നും തന്നെ.
ഏവർക്കും സൗഹൃദദിനാശംസകൾ നേരുന്നു..!