mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

(ശ്രീകുമാർ എഴുത്താണി)

ഞങ്ങൾ ആറുപേരായിരുന്നു. ഞാൻ ഏറ്റവും ഇളയത്. തൊട്ടു മൂത്തചേട്ടന് എന്നെക്കാൾ ആറ് വയസ്സ് മൂപ്പ്. ഞങ്ങളുടെ കുട്ടിക്കാലത്ത് പാഷൻ ഫ്രൂട്ട് ഒരു അപൂർവ വസ്തു ആയിരുന്നു.

എന്റെ തൊട്ടുമൂത്ത ചേട്ടൻ, ഇപ്പോൾ വക്കീലായി ജോലി നോക്കുന്ന രമേശൻ എവിടെനിന്നോ ഒരു പാഷൻ ഫ്രൂട്ടിന്റെ തൈ കൊണ്ടുവന്നു നട്ടു. അത് വളരെ കരുതലോടെ വീട്ടിനു പിന്നിലെ പറങ്കിമാവിന്റെ ചുവട്ടിൽ നടുകയും ചെയ്തു.

പ്രസംഗമത്സരത്തിൽ എപ്പോഴും ഒന്നാം സ്ഥാനം നേടിയിരുന്ന അദ്ദേഹം വീട്ടിലെ ഒരു താരം ആയിരുന്നു. സമ്മാനമായി കിട്ടിയിരുന്ന കളിമൺ പിഞ്ഞാണങ്ങളിലും കപ്പുകളിലുമാണ് ആഹാരമൊക്കെ. ഞാൻ ചെറുതായതു കൊണ്ട് എനിക്ക് പൊട്ടാത്ത കവിടി പിഞ്ഞാണങ്ങളും.

പറങ്കിമാവിൻ ചുവട്ടിൽ നട്ട ആ പാഷൻ ഫ്രൂട്ട് വള്ളി ആ മരത്തെ ചുറ്റിപ്പിണഞ്ഞു പടർന്ന് കേറി. അധികം താമസിക്കാതെ പൂക്കുകയും ചെയ്തു. അതിന്റെ ആദ്യത്തെ ഓമനയായ കായ ഒരു പതിനഞ്ച് അടി ഉയരെ വള്ളിയിൽ തൂങ്ങികിടക്കുന്നത് ചേച്ചിയാണ് കണ്ടുപിടിച്ചത്. ഇലകളുടെ അതെ പച്ചനിറമാർന്ന ആ ചെറുനാരങ്ങാ വലുപ്പമുള്ള ഫലത്തെ കാണാൻ പ്രയാസമായിരുന്നു.

ഞാൻ അത് കണ്ടതും എനിക്ക് അത് വേണമെന്ന് വാശി പിടിക്കാൻ തുടങ്ങി. അത് പഴുത്തു എന്ന് ഞാനങ്ങ് തീരുമാനിച്ചു. എന്നെ സ്നേഹപൂർവ്വം പറഞ്ഞു മനസ്സിലാക്കാൻ ചേട്ടൻ നടത്തിയ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടു. ഏറ്റവും ഇളയതായിരുന്നത് കൊണ്ട് വേറെ ആർക്കും ഇല്ലാത്തത് ചില അവകാശങ്ങൾ എനിക്ക് ഉണ്ടായിരുന്നു. കരയാനും നിർബന്ധം പിടിക്കാനുമുള്ള അവകാശമായിരുന്നു അവയിൽ ഒന്ന്. ചേട്ടന് എന്റെ പിടിവാശിയിലും വാ കീറിയുള്ള കരച്ചിലിലും അത്ര ന്യായം തോന്നിയില്ല. അയാൾ വഴങ്ങില്ല എന്ന് കണ്ട ഞാൻ അടുക്കളയിൽ നിന്ന് കറിക്കരിയുന്ന കത്തി എടുത്തുകൊണ്ടുവന്ന് ആ വള്ളി ചുവട്ടിൽ വെച്ച് മുറിച്ചു കളഞ്ഞു. അയാൾ കുറെ കരഞ്ഞെങ്കിലും അച്ഛൻ വന്നപ്പോൾ അതൊക്കെ ചേച്ചി മുഖേന അറിയിച്ചെങ്കിലും ഞാൻ ശിക്ഷയൊന്നും കിട്ടാതെ രക്ഷപെട്ടു.

രക്ഷപെട്ടെന്നോ?

എവിടുന്ന്!

വളർന്നിട്ടും പാഷൻ ഫ്രൂട്ടിനോടുള്ള എന്റെ കൊതി പിന്നെയും പിന്നെയും വളർന്നുകൊണ്ടിരുന്നു. വളരാതിരുന്നത് ഞാൻ പിന്നീട് നട്ട എണ്ണമറ്റ പാഷൻ ഫ്രൂട് തൈകളായിരുന്നു. പിന്നീട് മൂന്നു പതിറ്റാണ്ടുകൾ ഞാൻ പലതവണ പാഷൻ ഫ്രൂട്ട് നട്ടു. എന്തും ഞാൻ തലകുത്തി നട്ടാലും കിളിക്കും എന്ന് എല്ലാരും പറയും. എന്നാൽ ഞാൻ തലകുത്തി നിന്നിട്ടും പാഷൻ ഫ്രൂട്ട് തൈകൾ ഒരെണ്ണം പോലും കിളിച്ചില്ല.

പത്തു വർഷത്തെ അധ്യാപകവൃത്തിക്ക് ശേഷം പി എഫിൽ നിന്ന് ലോൺ എടുത്ത് ഞാൻ കുറെ വയൽ വാങ്ങി കൃഷി ചെയ്തു. വാഴ, കപ്പ, ചേമ്പ്, കാച്ചിൽ, നനകിഴങ്ങ് എന്നിങ്ങനെ എല്ലാമുണ്ടായിരുന്നു. നല്ല വിളവൊക്കെ കിട്ടിയെങ്കിലും ഒരാവശ്യം വന്നപ്പോൾ ആ പറമ്പ് വിൽക്കേണ്ടി വന്നു. ആ പറമ്പിൽ നട്ട കപ്പ പൂക്കുന്ന ഇനമായിരുന്നു. അത് പൂത്ത് നിൽക്കുമ്പോൾ അതിനിടയിലൂടെ നടന്ന് വണ്ടികളുടെ മൂളൽ കേൾക്കുമ്പോൾ ഉണ്ണുനീലിസന്ദേശത്തിൽ പൂക്കളിൽ നിറയുന്ന വണ്ടുകൾ കണ്ട് മഴമേഘമെന്ന കരുതി മയിലുകൾ തുള്ളുമ്പോൾ പൂക്കളിലെ തേൻ മഴപോലെ പെയ്യുന്നതൊക്കെ സ്‌കൂളിൽ തല്ലുകൊള്ളാതിരിക്കാൻ കാണാതെ പഠിച്ചതൊക്കെ ഓർക്കുമായിരുന്നു.

ഇതിനിടയിൽ എന്റെ ഒരു ബന്ധു കൊണ്ടുതന്ന പാഷൻ ഫ്രൂട്ട് പിടിച്ചെങ്കിലും ഉടനെ തന്നെ എനിക്ക് ട്രാൻസ്ഫർ ആയി മൂവാറ്റുപുഴയ്ക്ക് പോകേണ്ടി വന്നു. വെള്ളം കോരാനാരുമില്ലാതെ അതും വാടിപ്പോയി. മൂവാറ്റുപുഴ ടൗണിൽ തന്നെ കോടതിക്ക് അടുത്തായി പുഴക്കരയിലെ ഒരു വീട്ടിൽ ഞങ്ങൾ വാടകയ്ക്ക് താമസമാക്കി. മോളും ഞാനും ഭാര്യയും. ആ വീട്ടിലെ ഏറ്റവും വലിയ ആകർഷണം പുരപ്പുറം ആകെ പടർന്നു നിന്ന ഒരു പാഷൻഫ്രൂട്ട് വള്ളിയായിരുന്നു. കുളിമുറിയുടെ അടുത്തതായിരുന്നത് കൊണ്ട് അതിന് ഇഷ്ടം പോലെ വെള്ളം കിട്ടുമായിരുന്നു. പൂക്കാൻ തുടങ്ങിയപ്പോൾ ഒന്നും രണ്ടുമൊന്നുമല്ല പൂക്കൾ. ഒരു ദിവസം നൂറ്റി അറുപത്തിയേഴ്‌ പൂക്കൾ ഞങ്ങൾ എണ്ണി. വളരെ പഴയ മൂടായിരുന്നിരിക്കണം.

ആ വീട്ടിൽ വെച്ചാണ് ഞങ്ങൾ ആദ്യമായി ഒരു കാറ് വാങ്ങുന്നത്. വാങ്ങിയ ആഴ്ചയിൽ തന്നെ അതിന്റെ ഒരു വീൽ ഞാൻ ഓടിച്ച് ഓടയിൽ ഇറക്കി. നാട്ടുകാരൊക്കെ വന്ന് ആഘോഷമായി അത് പൊക്കി മാറ്റിവെച്ചു തന്നു! ഞങ്ങൾ ഒരിക്കൽ നാട്ടിൽ, പുനലൂരിൽ, പോയ സമയത്ത് വീടും പരിസരവും വൃത്തിയാക്കാൻ ഉടമസ്ഥ ഒരു പണിക്കാരനെ ശട്ടം കെട്ടി.

പണിക്കാരൻ നോക്കിയപ്പോൾ പണി ഒത്തിരി ചെയ്തു എന്ന എളുപ്പം തോന്നിപ്പിക്കാനുള്ള വഴി ആ പാഷൻഫ്രൂട്ടിന്റെ കടയ്ക്കൽ കത്തിവെച്ച് ഒന്നിച്ച് വലിച്ച് മാറ്റുക എന്നതാണ്. അയാൾ അതങ്ങ് നടപ്പിൽ വരുത്തി. രണ്ടുദിവസം കഴിഞ്ഞാണ് ഞങ്ങൾ എത്തിയത്. ഞങ്ങൾ വന്നപ്പോൾ തലയിൽ നിന്നും എന്തോ വലിയ ഭാരം ഒഴിഞ്ഞപോലെ വീട് തലയുയർത്തി നിലവിൽ കുളിച്ചു നിൽക്കുന്നു.

ആ രാത്രിയിൽ ആ വീട്ടിന്റെ ടെറസ്സിൽ ഇരുന്നു ഞാൻ എല്ലാം കണ്ടെത്തി.

അപ്പോൾ തന്നെ എന്റെ ചേട്ടനെ വിളിച്ചു.

അയാൾ കിടന്നിരുന്നില്ല.

ഞാൻ അയാളോട് മാപ്പു പറഞ്ഞു. നിലാവിന്റെ ഭംഗി കണ്ട് സന്തോഷത്തോടെ കരയുകയും ചെയ്തു.

ഞങ്ങൾ പിന്നെയും വീടുമാറി. ആദ്യം തിരുവനന്തപുരത്ത് ഒരു ഫ്ലാറ്റിൽ. മണ്ണിൽ ചവിട്ടാൻ സാധിക്കാത്തതിന്റെ ശ്വാസം മുട്ടൽ കാരണം പിന്നീട് വാടക കൂടുതലെങ്കിലും ഒരു വീട്ടിലേയ്ക്ക് മാറി.

മൂന്നു മാസം മുൻപ്, പേരമരത്തെ കുറിച്ചും അതിൽ വളർന്ന പാഷൻ ഫ്രൂട്ട് വള്ളിയെക്കുറിച്ചും അത് വിറ്റ നേഴ്‌സറിക്കാരന്റെ അകാല ചരമത്തെക്കുറിച്ചുമൊക്കെ ഒരു കഥയെഴുതിയ അതെ ആഴ്ചയിൽ വീടിന്റെ പിന്നിലായി വിരുന്നു വന്ന അതിഥിയെപ്പോലെ ഒരു പാഷൻ ഫ്രൂട്ടിന്റെ തൈ കണ്ടു. തളിരില കൊണ്ട് സ്വയം വീശി വീശി മറ്റേതോ ലോകത്ത് നിന്ന് വന്നതിന്റെ തളർച്ചയാറ്റിക്കൊണ്ടു നിൽക്കുന്നു

ഇന്നലെ വീടിന്റെ ബാൽക്കണിയിൽ പത്തിരുപത് പൂക്കൾ ഒരു ഹാരം പോലെ ചാർത്തിക്കൊണ്ട് ഒരു ഇളം പാഷൻ ഫ്രൂട്ട് കായ്ച്ച് കിടക്കുന്നത് എന്റെ പുത്രി കണ്ടു പിടിച്ചു.

തിരയടങ്ങിയ, അതിവിശാലമായ ഏതോ മനസ്സിൽ നിന്നെന്നപോലെ വീശുന്ന ഇളം കാറ്റിൽ ആ ചെടിയുടെ വള്ളികൾ രസിച്ച് തലയാട്ടുന്നുണ്ടായിരുന്നു.

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ