കവിയാണെന്നാണ് വയ്പ്പ്.
പടച്ച് അയക്കാറുണ്ട് പലപ്പോഴും.
ചിലപ്പോഴൊക്കെ
അച്ചടിമഷിയും പുരണ്ടു.
മഴ, പ്രണയം, സ്വപ്നം, വിപ്ലവം, വിരഹം-
ഇഷ്ട വിഷയങ്ങൾ
വിറ്റുപോകുന്ന പതിവ് ക്ലീഷേകൾ.
ഒരു പെങ്ങളുണ്ട്.
അവളെ ഓർത്തില്ല.
എഴുതിയതത്രയും
ഇല്ലാത്ത പ്രണയിനിയെപ്പറ്റി.
പ്രണയത്തിൻ്റയത്ര മാർക്കറ്റില്ലല്ലോ
സാഹോദര്യത്തിന്.
വിശപ്പറിയാതെ വിപ്ലവം പറഞ്ഞു.
ദാരിദ്യവും രോഗവും മരണവുമൊന്നും
നിരത്തിവെക്കാൻ ഭംഗിയുള്ള
വാക്കുകൾ തന്നില്ല.
എ.സിയിലിരുന്ന് വേനലിനെപ്പഴിച്ചും
പെയ്യാത്ത മഴയെ നനയാതെ പ്രണയിച്ചും
മറന്ന ബാല്യത്തിന് ഓർമ്മകൾ മെനഞ്ഞും
എഴുതിത്തീർത്തു - പിന്നെയുമൊരുപാട്.
ഒടുവിലൊരു നാൾ
ആത്മാവിൻ്റെ താളുകൾ മറിച്ച് നോക്കി.
ഒരു വരി പോലും കണ്ടില്ല!