mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

(ഷൈലാ ബാബു)

ഇന്നിന്റെ തല്പത്തില-
ന്യായക്കാഴ്ചകൾ
ഇരവിന്റെയുള്ളിലും
ക്രൂരതകൾ! 

വികലമാം ചിന്തകൾ
ദൃശ്യങ്ങളാകവേ
വികാരത്തള്ളലിൻ
വേലിയേറ്റം!

സത്യധർമങ്ങളെ
മാറ്റുരച്ചീടുന്ന,
സർഗാത്മ ശക്തിക-
ളന്യതയിൽ!

സംസ്ക്കാരത്തനിമക-
ളന്യോന്യം പഴിക്കവേ,
വാക്കുകൾ ശൂലങ്ങ-
ളായി മാറി! 

പൊട്ടിച്ചിതറുന്ന
സ്നേഹക്കുടങ്ങളായ്,
സ്വാർത്ഥതാമാനങ്ങൾ
തേടിടുന്നു! 

പകലിൻ കരങ്ങളിൽ
പെരുകുന്നനീതികൾ
പടലമായ് തിമിരം
മിഴിപ്പൂക്കളിൽ! 

ചിലന്തിവലകളായ്
കെണികളുയരവേ,
ഉണ്മ പ്രഭാവങ്ങൾ
ചങ്ങലയിൽ!

യവനികയ്ക്കുള്ളിലായ്
പെൺജന്മമുരുകുന്നു
കുഞ്ഞിന്റെ രോദനം
മാറ്റൊലിയായ്! 

ജന്മം കൊടുത്തു
വളർത്തുന്നു മക്കളെ,
സായാഹ്ന വേളയിൽ
ശത്രുവാകാൻ! 

ഹൃദയം മുറിയുന്ന
കാഴ്ചകൾ കാൺകവേ
അന്ധയായീടുവാ-
നാശയേറി! 

ഒപ്പിയെടുക്കുന്ന
തിന്മ ശകലങ്ങൾ
നന്മയായ് മാറ്റുന്ന
കണ്ണടയായിടാം..

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ