mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

വിവാഹത്തിന്‍റെ മധുവിധു നാളുകള്‍ അണയും മുന്‍പേ അക്കരേയ്ക്ക് കടക്കാന്‍ വിധിയൊരുക്കിയ നിമിഷങ്ങള്‍ അയാളോര്‍ത്തു. വിസയ്ക്കും യാത്രയ്ക്കും വേണ്ടി അവളുടെ സ്വര്‍ണ്ണാഭരണങ്ങള്‍

വില്‍ക്കുമ്പോള്‍ താനൊരു കടക്കാരനാകുകയായിരുന്നു. ഭാര്യയുടെ സ്വര്‍ണ്ണം വില്‍ക്കേണ്ടിവന്നപ്പോള്‍ അയാള്‍ക്ക് അത് അഭിമാനത്തിനു മുറിവുതന്നെയായിരുന്നു. അതുകൊണ്ടുതന്നെ പണം അയക്കുന്ന മാത്രയില്‍ ആദ്യം അതൊക്കെ വീണ്ടെടുക്കാനാണ് അയാള്‍ അവളോട് ആവശ്യപ്പെട്ടത് .

മോഹങ്ങള്‍ കടിഞ്ഞാണില്ലാത്ത കുതിരപോലെയാണ് .ലക്ഷ്യം നേടിയാലും പിന്നെയടുത്ത ചുവടും മുന്നിലേയ്ക്കുതന്നെ. മണലാരണ്യത്തിലെ ചൂടില്‍ വെന്തുരുകി പണി ചെയ്യുമ്പോഴും അയാളുടെയുള്ളില്‍ ഒരു സ്വപ്നമുണ്ടായിരുന്നു .ആരും കൊതിക്കുന്ന ഒരു വീട് .അതിനുവേണ്ടി അയാള്‍ രാപ്പകല്‍ അദ്ധ്വാനിച്ചു .പണം വാരിക്കൂട്ടി .അതൊക്കെ അയാള്‍ തന്‍റെ പ്രിയതമയുടെ പേരില്‍ നാട്ടിലേയ്ക്കയച്ചു .ഒരു പറമ്പും അതില്‍ എല്ലാ സൗകര്യങ്ങളോടും കൂടിയ ഒരു വീടും വേണം .അയാള്‍ പറഞ്ഞതനുസരിച്ച് അവള്‍ ഭൂമി വാങ്ങി .നല്ലൊരു വീടും വച്ചു .സൗകര്യങ്ങള്‍ക്കും വീടുമോടികൂട്ടാനും വേണ്ടി ഭാര്യ അറിയിച്ചപ്രകാരം അയാള്‍ പണം അയച്ചുകൊണ്ടിരുന്നു. പലപ്പോഴും അയാള്‍ നാട്ടിലേയ്ക്കു വരാന്‍ തീരുമാനിച്ചപ്പോഴൊക്കെ വീടുപണിക്കു പണം കൂടുതല്‍ വേണ്ടിവരുമെന്ന ഭാര്യയുടെ വാക്കുകള്‍ കേട്ട് അയാള്‍ ഒന്നു രണ്ടുവര്‍ഷങ്ങള്‍ക്കിടയില്‍ ഒന്നോ രണ്ടോ തവണ മാത്രമാണ് നാട്ടിലേയ്ക്കെത്തിയത് .

ടൗണിലെ ഷോപ്പിംഗ് മാളിലെന്നോ പോയപ്പോഴാണ് അവള്‍-  തന്‍റെ ഒപ്പം കോളേജില്‍ പഠിച്ചിരുന്ന റെജിയെ കണ്ടത് .കോളേജ് കാമ്പസില്‍ യൂണിയന്‍ ലീഡറും ഗായകനുമായിരുന്ന റെജി കാമ്പസില്‍ ഒരു താരമായിരുന്നു. പല പെണ്‍ക്കുട്ടികളും അയാളെ പ്രണയിച്ചിരുന്നു .അവള്‍ക്കും അയാളോട് കടുത്ത ആരാധനയായിരുന്നു. എന്നാല്‍ അന്നൊന്നും അത് തുറന്നുപറയാന്‍ അവള്‍ക്കുകഴിഞ്ഞതുമില്ല .എന്നോ മനസ്സില്‍ കൊണ്ടുനടന്നിരുന്ന ഒരു സ്വപ്നം .

അയാളെ വീണ്ടും കണ്ടപ്പോള്‍ കോളേജ് കാമ്പസിലേയ്ക്ക് അവളുടെ ഓര്‍മ്മ ചിറകുവിടര്‍ത്തി പറന്നുപോയി.

അവള്‍ പലപ്പോഴും റെജിയെ കണ്ടു. പറമ്പുവാങ്ങുന്നതിലും വീടുകെട്ടുന്നതിലുമൊക്കെ റെജിയുടെ മേല്‍നോട്ടവും സഹായഹസ്തവും നീണ്ടു. ഭുമി അവള്‍ സ്വന്തം പേരിലാണ് വാങ്ങിയത്. പറമ്പുവാങ്ങുന്ന നേരം അയാള്‍ നാട്ടില്‍ വരാമെന്നു അറിയിച്ചിരുന്നെങ്കിലും വരാന്‍ കഴിഞ്ഞിരുന്നില്ല. അയാള്‍ തന്നെയാണ് തല്‍ക്കാലം അവളുടെ പേരില്‍ തന്നെ വാങ്ങിക്കാന്‍ സമ്മതിച്ചത്.

നീണ്ട വര്‍ഷങ്ങള്‍ക്കിടയിലെ ചെറിയ ഇടവേളകളില്‍ മാത്രം വരുന്ന ഭര്‍ത്താവിന്‍റെ കരുണയ്ക്കുവേണ്ടി ദാഹിച്ചിരുന്ന അവളുടെ യൗവ്വന സ്വപ്നങ്ങളില്‍ റെജിയെന്ന കൂട്ടുകാരന്‍ ഒരു മോഹമായി പടര്‍ന്നു. മനോവിചാരങ്ങളില്‍ റെജി കൂടുകെട്ടി. ഒരു തണുത്ത രാത്രിയില്‍ മോഹമലരുകള്‍ പൂത്തു. വസന്തം വിരുന്നിനെത്തിയ രാത്രിയില്‍ അവളാകെയുലഞ്ഞു. റെജിയെ ഫോണില്‍ വിളിച്ചതേയുള്ളൂ .അയാള്‍ അരികിലെത്തി.
             
പിന്നെ അതൊരു പതിവു സംഭവമായി. പലപ്പോഴും റെജി അവളോടൊപ്പമാണ് കഴിഞ്ഞത്. നമുക്ക് ഒന്നിച്ചു ജീവിക്കാം. റെജി ഉറപ്പുനല്‍കി. പക്ഷേ ഓര്‍ക്കാപ്പുറത്താണ് അവളുടെ ഭര്‍ത്താവിന്‍റെ ഫോണ്‍കോള്‍ വന്നത്. അയാള്‍ നാട്ടിലേയ്ക്കു വരുന്നു .

സാധാരണയായി അയാള്‍ നാട്ടിലെത്തിയാല്‍ ഒരുമാസത്തെ ലീവേ ഉണ്ടാകൂ .പോകുമ്പോള്‍ അവള്‍ക്കു വല്ലാത്തൊരു വിഷമമാണ് അനുഭവപ്പെടുക. എന്നാല്‍ ഇപ്പോള്‍ അവളുടെ പ്രാര്‍ത്ഥന അയാള്‍ എത്രയും വേഗം തിരിച്ചുപോകണേയെന്നുള്ളതായിരുന്നു.

അയാള്‍ ചില തീരുമാനങ്ങളുമായാണ് ഇത്തവണ നാട്ടിലേയ്ക്കു തിരിച്ചത്. മണലാരണ്യത്തില്‍ എത്രകാലമായി കഷ്ടപ്പെടുന്നു. ഇനി നാട്ടില്‍ എന്തെങ്കിലും ചെറിയ ജോലിയോ കച്ചവടമോ നടത്തി കഴിയാം എത്രകാലമായി ഭാര്യയുമായി അകന്നു കഴിയുന്നു . അവള്‍ക്കും അതു സന്തോഷമാകും.

എന്നാല്‍ അയാള്‍ തിരിച്ചുപോകുന്നില്ലെന്ന് അറിഞ്ഞതും അവള്‍ ഭയന്നു. അവളുടെ പദ്ധതികളൊക്കെ താളം തെറ്റിയതോടെ അവള്‍ക്കു ദേഷ്യം വന്നു.
''ഇവിടെയിനി എന്തു ചെയ്യാനാണ് ഭാവം? വീടുപണിയാണെങ്കില്‍ ഇനിയും ബാക്കി കിടക്കുന്നു. പോകാതിരുന്നാല്‍ എങ്ങനെയാണ് ....''

''അതു സാരമില്ല.. ഇത്രയും കാലം അവിടെ നിന്നില്ലേ... ഇനി വയ്യ... ഇവിടെയെന്തെങ്കിലും നോക്കാം... പിന്നെ നിന്നെ പിരിഞ്ഞു കുറെകാലമായില്ലേ... ഇനി നിനക്കും എനിക്കും ഒന്നു സമാധാനിക്കാമല്ലോ .....''
അവള്‍ക്കതു ഇഷ്ടപ്പെടുമെന്നാണ് കരുതിയത്. എന്നാല്‍ അയാളെ അക്കരേയ്ക്കു കടത്തിവിടാന്‍ അവള്‍ പിന്നേയും നിര്‍ബന്ധിക്കുകയായിരുന്നു.

അയാള്‍ പറഞ്ഞു, ''എന്തേ നിനക്കു പറ്റീത് ...ഇത്രവലിയ പറമ്പും വീടും ഒന്നും നമുക്കുവേണ്ടന്നേ... നമ്മള്‍ കുറെ ആഗ്രഹിച്ചതാണ്... ശരിതന്നെ... പക്ഷെ നടക്കാന്‍ പ്രയാസമാണ് .മണലാരണ്യത്തിലെ ജോലി മടുത്തു. ഈ വീടു നമുക്കങ്ങു വില്‍ക്കാം. ഈ പറമ്പും വീടും വിറ്റാല്‍ നല്ലൊരു തുക കിട്ടും... നമുക്കു ചെറിയൊരു വീടുമതി... ബാക്കി പൈസകൊണ്ട് ഇവിടെ എന്തെങ്കിലും ബിസിനസ്സ് ചെയ്തു ജീവിക്കാം....''

അതു കേട്ടതും അവള്‍ ആകെ വിഷമത്തിലായി. താന്‍ നെയ്തുകൂട്ടിയ സ്വപ്നങ്ങള്‍ തകരുകയാണോ? അവള്‍ സ്വയം പറഞ്ഞു
''ഈ വീടു വില്‍ക്ക്വേ ...നിങ്ങള് എന്താ ഈ പറയണേ ....''
താന്‍ പറഞ്ഞത് അവള്‍ക്ക് മനസ്സിലായെന്നുണ്ടോ? അയാള്‍ അവളെ വീണ്ടും കാര്യങ്ങള്‍ ധരിപ്പിച്ചു. പക്ഷെ അവള്‍ക്ക് അതിനോടു യോജിക്കാന്‍ കഴിയില്ലായിരുന്നു. അയാള്‍ക്ക് തലതരിച്ചു .
''എന്താണ് ...നീ എന്‍റെ ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കാത്തത്.... ഞാന്‍ ചിലതൊക്കെ തീരുമാനിച്ചിട്ടാണ് വന്നത് ..''
''ഈ വീടു വില്‍ക്കാന്‍ എനിക്കൊട്ടും താല്‍പര്യമില്ല.... അതിനല്ല ..വീടുണ്ടാക്കിയത്...''
അവളുടെ സംസാരം ധിക്കാരമാണെന്ന് അയാള്‍ക്കപ്പോള്‍ തോന്നി. അയാള്‍ ദേഷ്യത്തോടെ പറഞ്ഞു
''നിന്‍റെ സമ്മതം നോക്കി കാര്യങ്ങള്‍ ചെയ്യാനൊന്നും പറ്റില്ല... ഞാന്‍ തീരുമാനിച്ചു... അതു നീ കേട്ടാല്‍ മതി...''

അതവളെ ചൊടിപ്പിച്ചു. അവള്‍ വെട്ടിതുറന്നു പറഞ്ഞു
''വീട് വില്‍ക്കാന്‍ ഞാന്‍ സമ്മതിക്കില്ല്യ ...''
''നിന്‍റെ സമ്മതം എന്തിന് ? ഞാന്‍ ഇത്രയും കാലം പാടുപെട്ട് പണികഴിപ്പിച്ചത് വില്‍ക്കാന്‍ എനിക്കാരുടേയും സമ്മതം ആവശ്യമില്ല...''
അതൊരു വലിയ വഴക്കിലേയ്ക്കു നീളുകയായിരുന്നു .
അവള്‍ പറഞ്ഞു
''നിങ്ങക്ക് ഒന്നും ചെയ്യാന്‍ പറ്റില്ല... എന്‍റെ പേരിലാണ് ഈ വീടും പറമ്പും...''
അതു കേട്ട് അയാള്‍ക്കു കലിയിളകി. അയാള്‍ അവളെ അടിക്കാന്‍ കൈയ്യുയര്‍ത്തി.
"തൊടരൂത് ....", അവള്‍ അലറി.
അയാള്‍ അതു കേട്ട് അമ്പരന്നു. 'ഇവളോ തന്‍റെ ഭാര്യ.. ഇവളില്‍ നിന്നാണോ ഇതു താന്‍ കേട്ടത്. താന്‍ വഞ്ചിക്കപ്പെടുകയായിരുന്നോ'
''നീ ...എന്നെ ...വഞ്ചിച്ചു..." അയാളുടെ ശബ്ദം വിറച്ചു.
''എനിക്ക് എന്‍റെ കാര്യം നോക്കണമാര്‍ന്നു. നിങ്ങക്ക് ഈ വീട്ടില്‍ എന്തുകാര്യമാണുള്ളത്? ഒരു ഭാര്യയുടെ ദുഃഖം, വിഷമം നിങ്ങള്‍ അറിഞ്ഞിട്ടുണ്ടോ? അറിയാന്‍ ശ്രമിച്ചിട്ടുണ്ടോ? എത്ര രാപ്പകലുകള്‍ കണ്ണീരോടെ ഞാന്‍ തള്ളിനീക്കി. നിങ്ങള്‍ക്കപ്പോള്‍ വലിയമോഹങ്ങളായിരുന്നു. നിങ്ങളെനിക്ക് എന്തു സുഖമാണ് നല്‍കിയിട്ടുള്ളത്. ആവശ്യമുണ്ടായിരുന്നപ്പോളൊന്നും നിങ്ങളടുത്തുണ്ടായിരുന്നില്ല. എന്നിട്ട് പ്രസംഗിക്കുന്നു. വീടു വില്‍ക്കുമത്രെ... പിന്നെന്തിനാണ്...." അവള്‍ പുലമ്പി കൊണ്ടിരുന്നു .
അയാള്‍ക്ക് അതു കേട്ടുനില്‍ക്കാന്‍ ക്ഷമയില്ലായിരുന്നു. അയാള്‍ അലറി, ''പോടി നിന്നെ ഇവിടെ കണ്ടുപോകരുത്.''

അവള്‍ ഒട്ടും കൂസലുമില്ലാതെ മറുപടി പറഞ്ഞു, ''നിങ്ങള്‍ക്കെന്തധികാരം എന്നോട് പോകാന്‍ പറയാന്‍.... നിങ്ങളാണ് പോകേണ്ടത്...''
അവളുടെ ആ വാക്കുകള്‍ കേട്ട് അയാള്‍ അസ്ത്രപ്രജ്ഞനായി നിന്നുപോയി. വേച്ചുവേച്ച് അയാള്‍ കസേരയില്‍ ഇരുന്നു .തകര്‍ന്നുപോയിരിക്കുന്നു. അവള്‍ അയാളെ വകവയ്ക്കാതെ ചാടികുലുങ്ങി അകത്തേയ്ക്കു പോയി.

അഭിമാനത്തിനു ക്ഷതം പറ്റിയ നിമിഷങ്ങള്‍. അയാള്‍ ആലോചനകളില്‍ മുഴുകി. തന്‍റെ ഭാര്യയില്‍ നിന്നും ഇങ്ങിനെയൊന്ന് താന്‍ പ്രതീക്ഷിച്ചിട്ടു പോലുമില്ല. അകന്നിരിക്കുമ്പോള്‍ എന്തു സ്നേഹമായിരുന്നു. തനിക്കിവിടെ എന്തു സ്ഥാനമാണുള്ളത്. ഇത്രയും കാലം കഷ്ടപ്പാട് സഹിച്ചത് ആര്‍ക്കുവേണ്ടി?
അയാള്‍ക്ക് കരച്ചിലും ദേഷ്യവും ഒക്കെകൂടി വന്നു. അന്ന് രണ്ടുപേരും ശത്രുക്കളെപ്പോലെയാണ് അവിടെ കഴിഞ്ഞത്.

പിറ്റേന്ന് അതിരാവിലെ തന്നെ അയാളൊടൊന്നും മിണ്ടാതെ പുറത്തേയ്ക്കിറങ്ങിപോയി. അടുക്കളയില്‍ ഒന്നും വച്ചിട്ടുപോലുമുണ്ടായില്ല. അവള്‍ പറഞ്ഞ ഓരോ വാചകങ്ങളും അയാളുടെ മനസ്സിനകത്തു വിങ്ങലും അസ്വസ്തതയും ഉണ്ടാക്കികൊണ്ടിരുന്നു. അവള്‍ അന്ന് എവിടേയ്ക്കാണ് ഇറങ്ങിപോയതെന്ന് അറിവുണ്ടായിരുന്നില്ല. അയാള്‍ക്കപ്പോള്‍ പേടിതോന്നി. എവിടെ പോയി അന്വേഷിക്കാനാണ് .ഭാര്യയുടെ വീട്ടിലേയ്ക്ക് വിളിക്കാന്‍ അയാള്‍ക്കു കുറച്ചിലായിരുന്നു. എന്നാല്‍ വൈകുന്നേരമായപ്പോള്‍ ഒരു കാര്‍ വന്നു പടിക്കല്‍ നിന്നു.

അയാള്‍ വിചാരിച്ചത് ഭാര്യയുടെ വീട്ടില്‍ നിന്നും അച്ഛനേയും അമ്മയേയും കൂട്ടിയുള്ള വരവായിരിക്കുമെന്നാണ്. എന്നാല്‍ അവളൊടൊപ്പം കാറില്‍ നിന്നും ഒരു ചെറുപ്പക്കാരനാണ് ഇറങ്ങിയത്.
അത് റെജിയായിരുന്നു.
ഒരു നാണക്കേടും കൂടാതെ റെജിയോടൊപ്പം അവള്‍ വീട്ടിലേയ്ക്കു കയറി. അയാള്‍ക്കപ്പോള്‍ ദേഷ്യം വന്നു
''നീ... എവിടെയായിരുന്നു... ആരാടീ.. ഇത്?".
''അതു ചോദിക്കാന്‍ ...നിങ്ങളാരാണ്.....അല്ല ഇതുവരെയായിട്ടും നിങ്ങള്‍ പോയില്ലേ...?"
അയാളതുകേട്ടതും സ്തംഭിച്ചുപോയി. അയാളുടെ ശരീരം വിറച്ചു ....
അതെ എല്ലാം മനസ്സിലാവാന്‍ തുടങ്ങുന്നു. താന്‍ ചതിക്കുഴിയില്‍ വീണിരിക്കുന്നു. ഇനി ഇതൊന്നും കണ്ടിരിക്കാന്‍ ഇവിടെ നില്‍ക്കാന്‍ തന്നെകൊണ്ടാവുമോ?
അത്രയും കാലം കഷ്ടപ്പെട്ടുണ്ടാക്കിയതെല്ലാം അന്യമായിരിക്കുന്നു.
താനൊരു വിഡ്ഢിയായിരുന്നു. ഭാര്യയെ അത്രയ്ക്കും വിശ്വസിച്ചുപോയതാണ് തെറ്റ്. തനിക്കെതിരെ രൂപപ്പെട്ടുവരുന്ന ചതിക്കുഴികളെ കാണാന്‍ കഴിഞ്ഞില്ല.
അയാള്‍ പിന്നീടവിടെ നിന്നില്ല. വേച്ചുവേച്ച് അയാള്‍ പടിക്കുപുറത്തെത്തി. അവസാനമായി തന്‍റെ സ്വപ്നസൗധത്തെ നോക്കി മനസ്സിനകത്തു അലതല്ലുന്ന ദൂഃഖം കടിച്ചമര്‍ത്തി ലക്ഷ്യമില്ലാതെ നടന്നുനീങ്ങി.

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ