mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

(Krishnakumar Mapranam)

ഒരിക്കലും സുഖകരമായ കാര്യമല്ല യാത്രകൾ. എന്നാല്‍ കാഴ്ചകള്‍ സുഖപ്രദാനമാണ്. ഓരോ  യാത്രകളിലും ബുദ്ധിമുട്ടുകളും പ്രയാസങ്ങളും ഉണ്ടാകുമെന്നുള്ളത് തീര്‍ച്ചയാണ്. എന്നാല്‍ കാഴ്ചയുടെ സുഖനിമിഷങ്ങളെയോര്‍ത്തുള്ള ചിന്തകളാലും അതുവരെ കണ്ടില്ലാത്തതോ അല്ലെങ്കില്‍ മുന്‍പെങ്ങോ എത്തി ചേർന്നയിടത്തെ ഒരിക്കലും കണ്ടുമടുക്കാത്ത കാഴ്ചകളുടെ സൗന്ദര്യവുമാണ് നാം യാത്രയുടെ പ്രയാസങ്ങളെയോര്‍ക്കാതെ വീണ്ടും യാത്രചെയ്യുന്നതെന്നും തോന്നുന്നു. 

മലമുകളിലേയ്ക്ക്  ക്ളേശകരമായ യാത്ര ചെയ്താല്‍ മാത്രമേ കുടജാദ്രിയുടെ സൗന്ദര്യവും ശ്രീ ശങ്കരാചാര്യരുടെ സര്‍വജ്ഞപീഠവും മഞ്ഞുപുതച്ച താഴ് വരകളുടെ സുന്ദരമായ കാഴ്ചകളും കാണാനാകൂ .

ആദ്യമായിട്ടാണ് കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലേയ്ക്ക് പോകുന്നത്. കർണാടക സംസ്ഥാനത്തിലെ ഉഡുപ്പി ജില്ലയിലെ കൊല്ലൂർ എന്ന സ്ഥലത്ത് സൗപർണ്ണികാ നദിയുടെ തെക്കേ തീരത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

ചെറുകാടിൻ്റെ ജീവിതപ്പാതയിൽ ഒരിടത്ത് കുട്ടിയായിരിക്കുമ്പോൾ ആരുമറിയാതെ കൊല്ലൂർ മൂകാംബികയിലേയ്ക്ക് പോയ ഒരനുഭവം വിവരിക്കുന്നുണ്ട്. അവിടെയുള്ള ഒരു മണികിണറിനെ പറ്റിയും പ്രസാദം കൈക്കലാക്കാൻ അതിലിറങ്ങിയിരിക്കുന്ന മുട്ടാസു നമ്പൂതിരിയെ പറ്റിയും ആ കിണറിലേയ്ക്ക് എത്തിനോക്കുമ്പോൾ ഒരാൾ വന്ന് ചെറുകാടിനെ വീട്ടിലേയ്ക്ക് തിരിച്ചുകൊണ്ടുചെന്നാക്കുന്നതുമെല്ലാം പറയുന്നുണ്ട്.

കഥകളും യാത്രപോയി തിരിച്ചെത്തിയവരുടെ വിശേഷങ്ങളുമൊക്കെ മൂകാംബികയിലേയ്ക്ക് പോവാനുള്ള കൂടുതൽ മോഹമായി തീർന്നിരുന്നു. 

മൂകാംബികാ ക്ഷേത്രവും , സൗപർണ്ണികയും, കുടജാദ്രിയും, ചിത്രമൂലയും ,സർവ്വജ്ഞപീഠവുമൊക്കെ കാണുവാനുള്ള ആഗ്രഹം അത്രയധികം മനസ്സിലുണ്ട്. അങ്ങിനെ ജൂലായ്  മാസത്തിൽ ഒരു മഴക്കാലത്താണ് പോകാനുള്ള സമയം ഒത്തുവന്നത്. 

നാട്ടിൽ നിന്നും ഇടയ്ക്കിടെ യാത്ര പോകുന്ന സുഹൃത്തുക്കളുണ്ട്. പലയാത്രകൾക്കും ക്ഷണിക്കുമെങ്കിലും പോകാൻ കഴിഞ്ഞിരുന്നില്ല.

ഇത്തവണ മൂകാംബികയ്ക്കാണെന്ന് കേട്ടതും  ഞാനും അവരോടൊപ്പം എൻ്റെ ചിരകാല മോഹ സാക്ഷാൽക്കാരത്തിനായി പുറപ്പെട്ടു.

മഹാകാളി, മഹാലക്ഷ്മി, മഹാസരസ്വതി എന്നിങ്ങനെ പരാശക്തിയുടെ മൂന്ന് ഭാവങ്ങളുടെ സമന്വയമാണത്രെ മൂകാംബിക. ആദിപരാശക്തിയാണ് മൂകാംബിക എന്നാണ് വിശ്വാസം.കേരളത്തിന്റെ രക്ഷക്കായി പ്രതിഷ്ഠിക്കപ്പെട്ട നാല് അംബികമാരിൽ ഒരാളാണ് മൂകാംബിക എന്നും സങ്കല്പമുണ്ട്.

പന്ത്രണ്ട് പേരടങ്ങുന്ന ഞങ്ങളുടെ സംഘം  പുലർച്ചെയാണ് മൂകാംബികയിലേയ്ക്ക് എത്തിയത്. മൂകാംബികയുടെ ദര്‍ശനം കാംക്ഷിച്ച്  ഭക്തജനങ്ങൾധാരാളംപേർ എത്തിയിട്ടുണ്ട്. വാഹനം പാർക്ക് ചെയ്തശേഷം  ഞങ്ങൾ സൗപർണ്ണികാ തീരത്തെത്തി. കേരളത്തിലെ മഴക്കുളിരില്‍ യാത്രതുടങ്ങി കര്‍ണ്ണാടകയിലെത്തിയപ്പോഴും മഴ അവിടെയും  ശക്തമായി പെയ്തിരുന്നു. 

സൗപർണ്ണികയിൽ അധികം ഒഴുക്കില്ല. സൗപര്‍ണ്ണികാ നദിയുടെ ഉത്ഭവം കുടജാദ്രിമലയില്‍ നിന്നുമാണ് . സൗപര്‍ണ്ണന്‍ എന്നു പേരുള്ള വിഷ്ണുവാഹകനായ ഗരുഡന്‍ ഈ നദിക്കരയില്‍ വളരെക്കാലം തപസ്സനുഷ്ഠിച്ചിരുന്നുവത്രെ. അങ്ങിനെയാണ്  നദിയ്ക്ക് ഈ നാമമുണ്ടായെന്ന് ഐതിഹ്യം.

കുടജാദ്രിമലയില്‍ അനേകം ഔഷധവൃക്ഷങ്ങളുണ്ടെന്നും ആ മരങ്ങളുടെ  വേരുകളിലൂടെയൊക്കെ ഒഴുകിയെത്തുന്ന ഈ നദിയിലെ ജലത്തിന് ഔഷധശക്തിയുമുണ്ടെന്ന് വിശ്വസിച്ചുപോരുന്നു. സഞ്ജീവനി വൃക്ഷം ഈ മലയിലുണ്ടെന്നും അതുകൊണ്ടാണ് കുടജാദ്രി എന്നു പേരുവന്നതെന്നും എവിടെയോ വായിച്ചതായി ഓര്‍ക്കുന്നു. 

സൗപർണ്ണികയിൽ ഈയിടെ പെയ്ത മഴയിൽ അവിടവിടെ പരന്നുകിടന്നിരുന്ന വെള്ളത്തിൽ മുങ്ങിനിവർന്നു. സൗപർണികാമൃതമെന്ന പാട്ടുകേട്ടപ്പോൾ  തോന്നിച്ചിരുന്ന അനുഭവമൊന്നും നേരിട്ടെത്തിയപ്പോൾ കണ്ടില്ല. സൗപർണ്ണികയിൽ ഭക്തർ ഉപേക്ഷിച്ചുപോയ തുണിയും പ്ളാസ്റ്റിക്കും പോലുള്ള മാലിന്യങ്ങൾ  തീരത്ത് അടിഞ്ഞുകിടന്നിരുന്നു. 

കുളികഴിഞ്ഞ് ഞങ്ങൾ ക്ഷേത്രത്തിലേയ്ക്ക് നടന്നു. ക്ഷേത്രത്തിലേയ്ക്കുള്ള വഴിയിൽ ഇരുപുറത്തും ധാരാളം പീടികകൾ കണ്ടു. 

 ക്ഷേത്രത്തിൽ എത്തിയതും ദേവീ ദർശനത്തിന് കാത്തു  നിൽക്കുന്ന ഭക്തരെയാണ് കണ്ടത്. ആ വരിയുടെ അറ്റം നീണ്ടു പോയിരുന്നു. ദേവിദർശനത്തിന് സൗജന്യവരിയും പണം നല്‍കുന്ന വരിയുമുണ്ട് .അഞ്ഞൂറ്,നൂറ് തുടങ്ങി പലതരം ക്യൂ കൾ ക്ഷേത്രത്തിലേയ്ക്ക് നീളുന്നു.

എത്രതുക കൂടൂതൽ കൊടുക്കുന്നുവോ അത്രയും വേഗം നമുക്ക്. ദേവിദര്‍ശനം അല്ലെങ്കില്‍ ദേവദര്‍ശനം സാധ്യമാകും. കേരളത്തിനു പുറത്തുള്ള ക്ഷേത്രങ്ങളിലൊക്കെ ദർശനത്തിന് ഇമ്മാതിരി പണവരികൾ ധാരാളം കണ്ടിട്ടുണ്ട്. 
തീര്‍ത്ഥയാത്രകളില്‍ ഒരു ക്ഷേത്രത്തിലും പണം കൊടുത്ത് ആദ്യം തൊഴുവാനായി ഞങ്ങൾ നില്‍ക്കാറില്ല. സാധാരണ തിരക്കുള്ള വരിയില്‍ തന്നെയാണ് ഞങ്ങളുടെ നില്‍പ്പ് .കാരണം പണം കൊടുത്ത് ദേവൻമാരെ അത്രവേഗം കാണാനുള്ള തിടുക്കമൊന്നും ഞങ്ങളിലാർക്കുമുണ്ടായിരുന്നില്ല. 

വരിയിൽ  നിൽക്കുമ്പോൾ തന്നെ ക്ഷേത്രത്തിലെ പുറം ചടങ്ങുകൾ ഞങ്ങൾക്കു കാണാമായിരുന്നു. 

ദേവിയെ എഴുന്നള്ളിച്ചുകൊണ്ടുള്ള രഥത്തിനുമുന്നിൽ ഭക്തർ തേങ്ങയുടയ്ക്കുന്നതു കണ്ടു. ക്ഷേത്രപ്രദക്ഷിണത്തിൽ ഭക്തരാണ് രഥം വലിച്ചിരുന്നത്.

നീണ്ടവരി അകത്തേയ്ക്ക് എത്തിയതും ശ്രീകോവിലിനുമുന്നിൽ നിന്നു തൊഴുതു.  ക്ഷേത്രത്തിനകത്ത് സരസ്വതി മണ്ഡപത്തിൽ സരസ്വതീദേവിയുടെ പ്രത്യേക പ്രതിഷ്ഠയുമുണ്ടായിരുന്നു.

ദർശനം കഴിഞ്ഞ് ഞങ്ങൾ പുറത്തെത്തി. അടുത്തുതന്നെ ഹോട്ടലുണ്ട്. പ്രാതൽ കഴിച്ച്. ഞങ്ങൾ കുടജാദ്രിയിലേയ്ക്കുള്ള യാത്രപോകാൻ നിശ്ചയിച്ച് ജീപ്പ് അന്വേഷിച്ചു. മൂകാംബികാ ക്ഷേത്രത്തില്‍ നിന്നും കുറച്ചു കിലോമീറ്ററുകള്‍ സഞ്ചരിച്ചു വേണം കുടജാദ്രിമലയുടെ അടിവാരത്തിലെത്താന്‍ ചെളിപുരണ്ട ദുര്‍ഘടം പിടിച്ച പാതയിലൂടെ ജീപ്പുകള്‍ വാടകയ്ക്കു വിളിച്ചാണ് അവിടെ  എത്തിയത് .

മലയടിവാരത്തിലെത്തിയപ്പോൾ അവിടവിടെ ചെറിയ ഓലമേഞ്ഞ ഒന്നുരണ്ടു കട നിന്നിരുന്നതായി കണ്ടു. അവിടെ നിന്നും ചുണ്ണാമ്പും ഈര്‍ക്കിലിയും ഓരോപേരും  വാങ്ങുന്നതു കണ്ടു. ഞങ്ങളുടെ കൂട്ടത്തിലുള്ളവരൊക്കെയും അവ വാങ്ങി. ഇതൊക്കെ എന്തിനാണ് എന്നു തിരക്കിയ എന്നോട് ആവശ്യം വരും വാങ്ങിയ്ക്കോ എന്നുള്ള മറുപടിയാണ് കിട്ടിയത്. 

മലകയറുമ്പോള്‍ ദുര്‍ഘടമായ വഴികളാണ് ഉടനീളം. .കയറാന്‍ പ്രയാസമുള്ള ചെങ്കുത്തായ കയറ്റങ്ങള്‍. കനത്തു പെയ്യുന്ന മഴ ,ചെളിയും എത്ര ശ്രദ്ധിച്ചാലും കാലിലുടെ ഇഴഞ്ഞെത്തി രക്തം കുടിച്ചുതീര്‍ക്കുന്ന അട്ടകള്‍ .

ഈ അട്ടകളെ കാലിൽ നിന്നും വിടുവിക്കാനായിരുന്നു ചുണ്ണാമ്പും ഈർക്കിലിയും വാങ്ങിച്ചതെന്ന് പിന്നീടാണ് മനസ്സിലായത്.

ഒരിക്കലും എന്‍റെ കാലിലുടെ അട്ടകൾ ഇഴഞ്ഞെത്തില്ലെന്നുള്ള അഹങ്കാരത്തിലുപരിയുള്ള ഒരു ആത്മവിശ്വാസം ഇത്തിരി സമയത്തോടെ അവസാനിച്ചു . കൂടെയുണ്ടായ എല്ലാവരും മലകയറി കണ്ണില്‍ നിന്നപ്രത്യക്ഷമായതും കയറുന്നതിനിടയില്‍ ചെളിപുരണ്ട കാലിലുടെ ഇഴഞ്ഞെത്തുന്ന രക്തയക്ഷികളെ കുടഞ്ഞെറിയാനായി ഈര്‍ക്കിലിയില്‍ ചുണ്ണാമ്പുപുരട്ടി അട്ടയെ വിടര്‍ത്തി മാറ്റുകയെന്ന ശ്രമകരമായ പണിയും കൂടി ചെയ്യുകയായിരുന്നു.

കയറ്റങ്ങളിലേയ്ക്ക് കാലുവയ്ക്കുമ്പോള്‍ ഇറക്കത്തിലേയ്ക്കാണ് പോയിരുന്നത്. മുള്‍ച്ചെടികളില്‍ കൈകള്‍ കോര്‍ത്ത് വീണ്ടും  ചെങ്കുത്തായ മല  കയറാനുള്ള തീവ്രശ്രമങ്ങൾ. മഴകൊണ്ടു കുതിര്‍ന്ന് വിറയ്ക്കുന്ന ശരീരത്തില്‍ നെഞ്ചിടിപ്പിനു താളം കൂടി. കിതപ്പു കൂടികുടി വന്നു..അട്ടയും ഞാനും തമ്മിലുള്ള മത്സരം മലകയറുമ്പോഴൊക്കെ തുടര്‍ന്നു  കൊണ്ടിരുന്നു

മുന്നില്‍പോയവരുടെ ഒപ്പമെത്താന്‍ കിതച്ച എനിക്കു മുന്നില്‍ മഴയ്ക്കൊപ്പം കടുത്ത മഞ്ഞും ആവരണം തീര്‍ത്ത് കണ്ണുകളെ  ഇരുട്ടിലാക്കി . തളര്‍ച്ച എനിക്കുമാത്രമല്ലാത്തത് എന്നെ രക്ഷിച്ചു .എനിക്കു മുന്‍പേ കയറിപോയവരെ മൂടല്‍മഞ്ഞിലൂടെ ചെറുതായി എന്‍റെ നേത്രത്തിലേയ്ക്കു സാവധാനം പിടിച്ചെടുത്തു .

സമുദ്രനിരപ്പില്‍ നിന്നും 3000 അടി ഉയരത്തിലാണ് കൊല്ലൂര്‍  കുടജാദ്രിമല സ്ഥിതി ചെയ്യുന്നത് .മുകാംബികയെ ക്ഷണിച്ചു കൊണ്ടുവരുമ്പോള്‍ ഒരിക്കലും തിരിഞ്ഞുനോക്കികൂടെന്നും താന്‍ കൂടെയുണ്ടാകുമെന്നും കല്‍പ്പിച്ച് ദേവി ശങ്കരാചാര്യരുടെ പിന്നിലായി യാത്ര തുടർന്നു. കുടജാദ്രി മലയിലെത്തുമ്പോള്‍ കാല്‍ചിലങ്കയുടെ ശബ്ദം കേള്‍ക്കാതായതും പിന്തിരിഞ്ഞു നോക്കിപോയ ശങ്കരാചാര്യരോട് ഇനി ഒപ്പം വരില്ലെന്നുമറിയിച്ച് അവിടെതന്നെയിരുന്നുവെന്നുമാണ് ഐതിഹ്യം.   

ശങ്കരാചാര്യര്‍ക്ക് ദേവി ദര്‍ശനം നല്‍കിയത്  ശംഖുചക്രവരദായിനി രൂപത്തിലായിരുന്നതുകൊണ്ട് ആ രൂപത്തിലുള്ള പഞ്ചലോഹനിര്‍മ്മിതമായ വിഗ്രഹം തന്നെ സ്വാമികള്‍ അവിടെ പ്രതിഷ്ഠിച്ചെന്നുമാണ് കരുതുന്നത് . ഏതു മൂഢനും ഇവിടെവന്നു പ്രാര്‍ത്ഥന നടത്തിയാല്‍ വിദ്വാനായി തീരുമത്രെ . മൂകാംബികയുടെ വരപ്രസാദം കൊണ്ടുമാത്രമാണ് ശങ്കരാചാര്യര്‍ക്കു  സര്‍വജ്ഞപീഠം കയറാന്‍ കഴിഞ്ഞതെന്നും പറയപ്പെടുന്നു .

യാത്ര പോകുമ്പോള്‍ എപ്പോഴും ചിലര്‍ മുന്‍പേ പറക്കാന്‍ വെമ്പുന്ന പക്ഷികളാണ്. ആ വെമ്പല്‍ പിന്നില്‍ വരുന്ന പക്ഷികള്‍ക്കു വേദനിക്കുന്നുവെന്ന് ശ്രദ്ധിക്കുകയില്ല .പലപ്പോഴും  കൂട്ടംതെറ്റി വിഷമിച്ചു പോകും പിന്‍പക്ഷികള്‍ .

മലയിലാകെ   കോടമഞ്ഞു പുതച്ചിരിക്കുകയാണ്.  തൊട്ടടുത്ത് നില്‍ക്കുന്നവരെപ്പോലും കാണാനാവാത്ത സ്ഥിതി.താഴ്വരയാണോ ആകാശമാണോ എന്നറിയാതെ താഴ്ചയിലേയ്ക്ക് തെന്നിവീഴാനും സാധ്യതയേറെ. 

നടന്നു നടന്ന് ഞങ്ങൾ മുകാംബികയുടെ യഥാര്‍ത്ഥ സന്നിധാനത്തിലെത്തി .അവിടെ ജപിച്ച ചരടുകള്‍ വാങ്ങാന്‍ തിരക്കുകൂട്ടുന്നവര്‍ .തൊട്ടരികെ തന്നെ മലമുകളിലേയ്ക്ക്  വീണ്ടും കയറുന്ന വഴിയില്‍ ചെറിയൊരു കടയുണ്ട് .ഉച്ച ഭക്ഷണം വേണമെങ്കിൽ ഏര്‍പ്പെടുത്തിതരാമെന്ന് കടക്കാരൻ പറഞ്ഞു. എത്രപേര്‍ക്ക് എന്നു പറഞ്ഞ് ഓര്‍ഡര്‍കൊടുത്താല്‍ മതി .

ആദിശങ്കരൻ കയറിപോയ സർവജ്ഞപീഠത്തിലേയ്ക്ക് അവിടെ നിന്നും പിന്നേയും മുകളിലേയ്ക്ക് പോകണം. പോയി തിരിച്ചു വരുമ്പോള്‍ ശാപ്പാട് തയ്യാറാവും.ഞങ്ങള്‍ ഓര്‍ഡര്‍ കൊടുത്ത് വീണ്ടും മലകയറി. ശ്രീ ശങ്കരാചാര്യര്‍ കയറിപോയ  സര്‍വജ്ഞപീഠത്തിലേയ്ക്ക് എത്തുമുൻപേ ഗണപതി ഗുഹ കണ്ടു. ഒരു സന്യാസി വിഗ്രഹത്തിനു മുന്നിൽ ഗുഹയിൽ തപസ്സു ചെയ്യുന്നുമുണ്ട്.

കോടമഞ്ഞും മഴയും വഴിയിലിണചേർന്നു കിടന്നിരുന്നു. സർവജ്ഞപീഠത്തിലേയ്ക്ക് എത്തിയപ്പോൾ ഒരു ക്ഷേത്രം. മുന്നിൽ കൽവിളക്കുകൾ. പീഠത്തിലേയ്ക്ക് കയറി തൊഴുക്കെയ്യുമായി നിന്നു. ഏതു പീഠം കയറിയാലും അജ്ഞന് വിജ്ഞാനമുണ്ടാകുകയില്ല.

കുടജാദ്രിയിലെ മറ്റൊരു മനോഹരമായ സ്ഥലങ്ങളിലൊന്നാണ് ചിത്രമൂല. സർവജ്ഞ പീഠത്തിനപ്പുറം ഇവിടേയ്ക്ക് ഇറങ്ങൽ ദുർഘടമാണ്. വഴുക്കലുമുണ്ട്. ഈ ഗുഹയിൽ ശങ്കരാചാര്യര്‍ തപസ്സിരുന്നതായി പറയപ്പെടുന്നു. ശങ്കരാചാര്യരുടെ മുന്നിൽ ദേവി മൂകാംബിക പ്രത്യക്ഷപ്പെട്ടതും ഇവിടെയാണെന്നാണ് വിശ്വാസം. ഇവിടെനിന്നും  മൂകാംബിക ക്ഷേത്രമിരിക്കുന്ന സ്ഥലംവരെ ദേവി ആചാര്യനെ പിന്തുടര്‍ന്നുവെന്നാണ് കഥ. 

തിരിച്ചിറങ്ങുമ്പോൾ കോടമഞ്ഞിനു കുറവുണ്ടായി. ഓർഡർ ചെയ്ത ഹോട്ടലിൽ നിന്നും ഊണുകഴിച്ച് ഞങ്ങൾ മലയിറങ്ങാൻ തുടങ്ങി.

രാവിലെ പത്തരയ്ക്കാണ് ഞങ്ങൾ മലകയറിയത്. തിരിച്ച് കുടജാദ്രിയുടെ അടിവാരത്തിലെത്തുമ്പോള്‍ നേരം വൈകീട്ട് അഞ്ചരയും കഴിഞ്ഞിരുന്നു .

യാത്രകളില്‍ ബുദ്ധിമുട്ടുണ്ടാകാം എന്നാലും കാഴ്ചകളും അതങ്ങിനെ ആസ്വദിക്കാന്‍ കഴിയുകയും അതു കഴിഞ്ഞ് അതൊരു അനുഭവമായി പിന്നീടു ഹൃദയത്തില്‍ വച്ചോമനിക്കുകയും ചെയ്യുമ്പോള്‍ ....യാത്രയുടെ ബുദ്ധിമുട്ടുകള്‍ താനെ മറക്കുന്നു .

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ