മൊഴിയുടെ  വരിക്കാരാവുക.
SUBSCRIBE

Mozhi Rewards Club

Mozhi Rewards Club
ശ്രേഷ്ഠ രചന: Rs.250
മികച്ച രചന: Rs.100

കുളനട എന്ന ചെറു പട്ടണത്തിന്റെ ഏറ്റവും വലിയ സ്വപ്നവും പ്രതീക്ഷയും, ജനലക്ഷങ്ങളുടെ ചിരകാല അഭിലാഷവും, ഒരു ദിവസം സംഭവിച്ചു. പ്രാന്തപ്രദേശങ്ങളായ കൊഴുവല്ലൂർ, കക്കട, പുന്തല, മാന്തുക,

കൈപ്പുഴ, ഉള്ളന്നൂർ, ഉളനാട്, കാരക്കാട് എന്ന് തുടങ്ങി ഒരു വലിയ ചുറ്റളവിലുള്ള ജനങ്ങള്‍ക്ക്‌ മുഴുവന്‍ പ്രതീക്ഷയായും രക്ഷകന്റെ ജനനം പോലെയും അത് പിറന്നു. അതേ ബെവ്‌കോയുടെ പുതിയ ഷോറൂം......

ഒരു ഞായറാഴ്ച വൈകുന്നേരം പണിയും കഴിഞ്ഞു പനങ്ങാട് സോമൻ പിള്ളയുടെ കടയിൽ ഇരുന്നു സോഡാ നാരങ്ങവെള്ളം കുടിക്കുകയായിരിന്നു രായപ്പണ്ണനും, മുഴക്കോൽ ശശിയും. അപ്പോഴാണ് കുളനടയിൽ നിന്നും മാടൻ ബിനുവിന്റെ വിളി വന്നത്.

"രായപ്പണ്ണാ നമ്മുടെ മുഴക്കോലിന് ലോട്ടറിയടിച്ചു". രായപ്പൻ ഞെട്ടി, ഞാനും മുഴക്കോലും അറിയാതെ മുഴക്കോലിന് ലോട്ടറിയോ? രായപ്പൻ രൂക്ഷമായി മുഴക്കോൽ ശശിയെ നോക്കി.

"കള്ളാ.. ലോട്ടറിയടിച്ച വിവരം പറയാനാണോ നീ എനിക്ക് ഈ സോഡാ നാരങ്ങവെള്ളം വാങ്ങിത്തരുന്നത്?
അപ്പോള്‍ എത്തി മാടന്റെ അടുത്ത ഡയലോഗ്... " മുഴക്കോൽ ശശിയുടെ വീടിന്റെ അടുത്ത് പുതിയ ബെവ്‌കോ ആരംഭിച്ചിരിക്കുന്നു. അതായത് കുളനടയിൽ. "രായപ്പൻ അണ്ണന്റെ മനസ്സിൽ രണ്ടു OPR ഉം മൂന്നു OCR ഉം പിന്നെ ഒരു ജവാനും ഒന്നിച്ചു പൊട്ടി. രായപ്പനും ശശിയും കുളനടക്ക് പാഞ്ഞു. ചെല്ലുമ്പോള്‍ ചുക്കിലി പിടിച്ചു കിടന്ന കുളനട മാർക്കറ്റു ജംഗ്ഷനിൽ ജനസമുദ്രം. നാട്ടിലെ പ്രധാന കട്ടകളായ കുടിയന്മാർ എല്ലാം ഉണ്ട് അച്ചടക്കത്തോടു കൂടി, അക്ഷമരായി ക്യു നിൽക്കുന്നു.

ആദ്യരാത്രിയിൽ‍ പശുവുംപാലിൽ പഞ്ചസാരയും ഇട്ടു കുടിക്കാൻ കൊണ്ടു വരുന്ന ഭാര്യയെ കാത്തു കട്ടിലിൽ‍ നഖം ചൊറിഞ്ഞിരിക്കുന്ന മണവാളനെപോലെ, അല്ലെങ്കിൽ‍ കല്യാണത്തിനു പെണ്ണും ചെറുക്കനും മധുരം കഴിച്ചിട്ട് സദ്യ തുടങ്ങാന്‍ കാത്തിരിക്കുന്ന അതിഥികളെ പോലെ നീളം കൂടിയ ക്യു, അച്ചൻകോവിൽ ആറു പോലെ വളഞ്ഞു പുളഞ്ഞു നിന്നു. കുളനടക്കാര്‍ ഇന്നു വരെ വിനയത്തോടെ കാണാത്തവര്‍ കേള്‍ക്കാത്തവര്‍ എല്ലാം വിനയപുരസരം കുളനടയുടെ മണ്ണില്‍ ചിത്രം വരച്ചു കൊണ്ട് നിന്നു. മനസ്സിൽ കുളിർ മഴ പെയ്യുന്നത് ആസ്വദിച്ചുകൊണ്ട് രായപ്പണ്ണൻ ആ കാഴ്ച നോക്കി നിന്നു. മുഴക്കോലിന്റെ കണ്ണില്‍ കൂടി ആനന്ദാശ്രുക്കള്‍ പൊഴിഞ്ഞു വീണു. ആദ്യ കൊച്ചിന്റെ ജനനസമയത്തു പോലും അവന്റെ കണ്ണില്‍ ഇത്ര നീര്‍ പൊടിഞ്ഞിട്ടില്ല.

അപ്പോഴേക്കും ആദ്യ പത്തുപേരില്‍ ഒരാളായി മദ്യം വാങ്ങാന്‍ സാധിച്ച ക്ണാപ്പന്‍ രമേശ്‌ ലോകകപ്പുമായി ഇന്ത്യയിലെത്തിയ കപിലിനെപ്പോലെ വീരനായി വിയർപ്പും തുടച്ചുകൊണ്ടു രായപ്പണ്ണന്റെ അടുത്ത് വന്നു.
രമേശന്‍ ഓട്ടോയില്‍ പാണിൽ എന്ന സ്ഥലത്തേക്കു പോകുന്ന വഴിക്കാണ് അവിടെ നിന്നും ഒരു ഓട്ടോക്കാരനിൽ നിന്നും കുളനടയിൽ ഏഴുമണിക്ക്‌ ബീവറേജസ്‌ കോര്‍പറേഷന്‍ തുടങ്ങുന്നു എന്ന രഹസ്യ വിവരം കിട്ടി കുളനടയിലേക്ക് വരുന്നത്. ക്ണാപ്പന്‍ രമേശ്‌ വാച്ചില്‍ നോക്കി, സമയം ആറര. പിന്നെ ഒട്ടും അമാന്തിച്ചില്ല, വണ്ടിയില്‍ ഇരുന്ന അമ്മച്ചിയോടും കൊച്ചു മകളോടും വേണേല്‍ ഇവിടെ ഇറങ്ങിക്കോ ഇല്ലേല്‍ കുളനടയിലേക്ക് തിരിച്ചു കൊണ്ട് പോയി ബിവറേജസില്‍ ഇറക്കിവിടും എന്ന് പറഞ്ഞു ഇറക്കിവിട്ടു ഒറ്റ പാച്ചില്‍ ആയിരുന്നു.

കുളനടയിൽ എത്തിയപോള്‍ കൃത്യം ഏഴുമണി, മുന്‍പില്‍ വെറും ഒന്‍പതു പേര്‍ മാത്രം. പത്താമനായി ഒരു കുപ്പി ഓ സി ആര്‍ വാങ്ങുന്നതിന് മുമ്പ് തന്നെ പന്ത്രണ്ടു പേരെ വിളിച്ചറിയിച്ചു. കുപ്പിയുമായി തിരിച്ചിറങ്ങിയപോള്‍ ക്യു നൂറിനു മുകളില്‍ എത്തിയിരുന്നത്രേ. വിലവിവര പട്ടികയില്ല, പൊതിഞ്ഞു കൊടുക്കാന്‍ പേപ്പര്‍ പോലുമില്ല എന്നിട്ടും എല്ലാം സഹിച്ച് വേദനിക്കുന്ന മദ്യപാനികള്‍ അവിടെ കാത്തു നിന്നു.

അടുത്തുള്ള പെട്ടിക്കടക്കാർ അവിടെ സോഡയും പുഴുങ്ങിയ മൊട്ടയും വില്‍ക്കുന്നതിനെ കുറിച്ചു കൂനംകലുഷിതമായി ചര്‍ച്ച ചെയ്തപ്പോള്‍ ഓട്ടോക്കാര്‍ ഇവിടേയ്ക്ക് ഓട്ടോ സ്റ്റാന്റ് മൊത്തമായി മാറ്റുന്ന കാര്യം ആലോചിച്ചു.

കേട്ടവര്‍ കേട്ടവര്‍ കുളനടയിലേക്ക് പാഞ്ഞു. പന്തളത്തേക്കാൾ പത്തു രൂപ വിലക്കുറവ് ഉണ്ടെന്നും, പുതിയ കടയായതു കാരണം ഇവിടെ വ്യാജന്‍ ഉണ്ടാവില്ലെന്നും നല്ല പ്രചരണം ആദ്യം തന്നെ വന്നു. മൈക്കാട് പണിക്കാരൻ മൊന്ത രാജേഷ്‌, പന്തളത്ത് ഒരു കുപ്പി ജവാൻ വാങ്ങാന്‍ ക്യൂ നില്‍ക്കുന്നു. ബില്ലടിക്കാന്‍ നേരം ഒരു അഞ്ഞൂറിന്റെ നോട്ട് കൊടുത്തപ്പോള്‍ കാഷ്യറിനു ചില്ലറ വേണം. അണ്ടര്‍വയറിന്റെ പോക്കറ്റില്‍ വരെ തപ്പിയെങ്കിലും കിട്ടാത്തെ ചില്ലറയുമായി വിഷമിച്ചു നിന്ന രാജേഷിനു പുറകില്‍ നിന്നും ഒരു വിളി. "ഡാ മോന്തേ...." മൊന്ത നിന്റെ തന്ത എന്ന് പറയാനായി നാക്കെടുത്ത രാജേഷ്‌ കണ്ടത് തന്റെ ചങ്ക് തുണ്ട് ഗോപിയെ. "നീയെന്നാ ഡാഷാനാ ഇവിടുന്നു വാങ്ങുന്നെ, നിന്റെ കുളനടയിൽ ബീവറേജസ്‌ തുടങ്ങിയത് അറിഞ്ഞില്ലേ?"
"പോടാ തുണ്ടേ സത്യമാണോ നീ പറയുന്നേ" എന്ന് മൊന്ത.
"നീ പുല്ലു പോലെ ആ പൈസയും വാങ്ങി കുളനടക്ക് ചെല്ലെടാ" എന്ന് തുണ്ട്. പിന്നെ അവിടെ മൊന്തയുടെ ഒരു പ്രകടനം ആയിരുന്നു.
"ഡാ പുന്നാര മോനെ, നിനക്ക് ചില്ലറ വേണം അല്ലേടാ... കച്ചവടം നടത്താന്‍ ഇരിക്കുന്നവന്‍ ചില്ലറ പോലും ഇല്ലാതെ പിന്നെ എന്നാ മൂ.... ഇവിടെ ഇരിക്കുന്നത്? നിന്റെ ഒരു കോപ്പും ഇനി വേണ്ട, നിന്നെയെങ്ങാനും കുളനട ഭാഗത്ത് കണ്ടാല്‍ കാച്ചിക്കളയും" എന്നൊക്കെ വെല്ലുവിളിചിട്ട് ക്യാഷ്‌ കൊടുക്കുന്ന പൊത്തിലൂടെ കാഷ്യറിന്റെ താടിക്കിട്ടു ഒന്ന് തോണ്ടുകയും ചെയ്തിട്ടാണ് മൊന്ത പോന്നത്.

അതാ വരുന്നു പുട്ടുകുറ്റി പ്രഭാകരൻ. ഏത് തള്ളിലും ബഹളത്തിലും നുഴഞ്ഞു കയറി പൈന്റ് വാങ്ങാൻ കഴിവുള്ള ആളാണ് പുട്ടുകുറ്റി. പുട്ടുകുറ്റിയും, മുഴക്കോലും, രായപ്പണ്ണനും കൂടി ഷെയറിട്ട് ഒരു OCR ഫുൾ വാങ്ങി. ഗോപിക്കുട്ടന്റെ പെട്ടിക്കടയിൽ പോയി പുഴുങ്ങിയ താറാമുട്ടയും കൂട്ടി കട്ടക്ക് രണ്ടെണ്ണം അങ്ങ് വിട്ടു. ഹോ എന്തൊരു സുഖമാണ് ഇപ്പോൾ. മൂന്ന് ഒഴിക്കലിൽ തന്നെ OCR തീർന്നു. വീണ്ടും OCR വന്നു. ഇത്തവണ ഗോപിക്കുട്ടനും രണ്ടെണ്ണം വിട്ടു.

രായപ്പണ്ണന് അതി ഭയങ്കരമായ ഒരു മുട്ടൽ. ഇപ്പോൾ പോയില്ലെങ്കിൽ മിക്കവാറും മുല്ലപ്പെരിയാർ പൊട്ടും. " ശശിയെ നിങ്ങൾ അടിക്ക് ഞാനൊന്ന് മുള്ളിയെച്ചും വരാം " എന്ന് പറഞ്ഞു കൊണ്ട് രായപ്പണ്ണൻ പുറത്തിറങ്ങി. വിശാലമായി ഒന്ന് മൂതമൊഴിച്ചു തിരിച്ചു വന്നപ്പോഴേക്കും പെട്ടിക്കട ശൂന്യം.
ശ്ശെടാ ഇവന്മാർ ഇതെവിടെ പോയി എന്ന് ആലോചിച്ചുകൊണ്ട് പതുക്കെ തൊട്ടടുത്തുള്ള കുരിശു മൂട്ടിൽ കയ്യും വച്ചുകൊണ്ട് നിന്നു.

ഒരു വണ്ടിയുടെ ശബ്ദം. സൈഡിലേക്ക് നോക്കിയ രായപ്പണ്ണന്റെ നെഞ്ചിൽ ഒരു വെള്ളിടി വെട്ടി. നിർത്തിയിട്ടിരിക്കുന്ന ഒരു പോലീസ് ജീപ്പും അതിലിരുന്നു തന്നെ നോക്കുന്ന ഒരു പോലീസുകാരനും. ഉള്ളിൽ ഷോക്കേസിൽ വച്ചിരിക്കുന്ന പാവകളെപ്പോലെ മുഖഭാവവുമായി, കൊലപാതക പ്രതികളെപ്പോലെ പുട്ടുകുറ്റിയും, മുഴക്കോലും, ഗോപിക്കുട്ടനും.

കുരിശുപള്ളിയുടെ ഗ്രില്ലിന്റെ നേരെ ഒരു നേർ രേഖ മനസ്സിൽ വരച്ചു, രണ്ടു കയ്യും വിരിച്ചു പിടിച്ചുകൊണ്ടു നിന്ന് രായപ്പണ്ണൻ പ്രാർത്ഥന തുടങ്ങി. ഇനിയിപ്പോ ഇതേ രക്ഷയുള്ളൂ. ഞാൻ നന്മ നിറഞ്ഞ മറിയവും, എത്രയും ദയയുള്ള മാതാവും ചൊല്ലി നോക്കി. പോലീസ് ജീപ്പ് അനങ്ങുന്നില്ല. ആരൊക്കെയോ വന്നു പോലീസിൽ ജീപ്പിൽ കയറുന്നു, രായപ്പണ്ണൻ അങ്ങോട്ട് നോക്കാനേ പോയില്ല. കട്ട പ്രാർത്ഥന തന്നെ. പെട്ടെന്നു മൊബൈൽ ശബ്ദിച്ചു, അതെടുക്കണോ വേണ്ടയോ എന്ന് ശങ്കിച്ചെങ്കിലും വേറെ വഴിയില്ലാത്തതു കൊണ്ട് എടുത്തു. നോക്കിയപ്പോൾ ക്ണാപ്പൻ രമേശാണ് . "അണ്ണാ ഞങ്ങളെ പോലീസ് പിടിച്ചു പൊതു സ്ഥലത്തു നിന്ന് മദ്യപിച്ചതിന് , അണ്ണൻ ഒരു തരത്തിലും അവിടെ നിന്ന് അനങ്ങരുത്".

"അപ്പോൾ നീയും പോലീസ് ജീപ്പിൽ ഉണ്ടോ.?" രായപ്പൻ ചോദിച്ചു.
ഇല്ല.. അതിൽ സ്ഥലം ഇല്ലാഞ്ഞത് കൊണ്ട് ഞങ്ങൾ പുറകിലത്തെ കാറിൽ ആണ്. .അണ്ണൻ അവിടെ തന്നെ നിന്നോ. അല്ലേൽ പോലീസുകാർ കൊണ്ട് പോകും."

പ്രാർത്ഥിച്ചോണ്ടിരിക്കുന്നവനെ അവർ പിടിക്കില്ല, കാരണം ഒടുക്കത്തെ വർഗീയതയാ ഇപ്പോൾ ഇവിടെ. ഞങ്ങൾ ഏതായാലും പോയിട്ട് വരാം." തന്റെ ചങ്കുകളെയും വഹിച്ചുകൊണ്ടു പോകുന്ന വാഹനങ്ങളെ രായപ്പണ്ണൻ ഏതാണ്ട് പോയ അണ്ണാനെ പോലെ നോക്കി നിന്നു. സർക്കാരിന്റെ കള്ള് അവർ പറയുന്ന വിലക്ക് വാങ്ങി കുടിച്ചു, സർക്കാരിന്റെ കടക്കെണികൾ ഇല്ലാതാക്കുന്ന അഞ്ചു പാവം കുടിയന്മാരാണ് ആ പോകുന്നത്. കുടിയന്മാർക്കു വേണ്ടി പറയാൻ ഇവിടെ ആരും ഇല്ലല്ലോ.

'പൊതു സ്ഥലത്തു കുടിക്കാൻ പാടില്ല. പെട്ടിക്കടയിൽ ഇരുന്ന് അടിക്കാൻ പാടില്ല. ഇനി വീട്ടിൽ പോയാലോ വീട്ടിൽ പോലീസ് കാരേക്കാൾ പേടിക്കേണ്ട ഭീകരിയായ ഭാര്യ നാരായണി. പിന്നെ ഇനി എവിടെ പോയിരിന്നു ഈ കുന്ത്രാണ്ടം അടിക്കും. ഇനിയും സങ്കടങ്ങൾ ഏറ്റുവാങ്ങാൻ കുടിയന്മാരുടെ ജീവിതം മാത്രം ബാക്കി.....' എന്ന് മനസ്സിൽ വിലപിച്ചുകൊണ്ട് രായപ്പണ്ണൻ വീട്ടിലേക്കു തിരിച്ചു.

നോവലുകൾ

 malayalam novels
READ

ശ്രേഷ്ഠ രചനകൾ

Subscribe Newsletter