(V. SURESAN)

അടുത്തകാലത്ത് ഒരു സിനിമാതാരം വഴിതടയൽ സമരത്തിനെതിരെ പ്രതികരിക്കുന്നതു കണ്ടപ്പോഴാണ്  ഈ ലേഖകൻ്റെ മയക്കത്തിലായിരുന്ന പോതം സട തട്ടിക്കുടഞ്ഞ് എണീറ്റത്. പോതം എന്നത് പൗരബോധത്തിൻ്റെ നാടൻ രൂപമാകുന്നു.

തുടർന്ന് ചാനലുകളിലേക്കു നോക്കിയപ്പോൾ അവിടെ - ഇപ്പോഴത്തെ സമരമാർഗങ്ങൾ ആവശ്യമാണോ? എന്നതിനെക്കുറിച്ചുള്ള ചർച്ചകൾ പൊടിപൊടിക്കുകയും ചിലർ പ്രതിഷേധിച്ച് ഇറങ്ങിപ്പോവുകയും ചെയ്യുന്നു. ഇതൊക്കെ കണ്ടും കേട്ടും എണീറ്റ് വെറുതെ കണ്ണും തിരുമ്മിയിരുന്നിട്ട് കാര്യമില്ലെന്ന് ലേഖകൻ്റെ പോതത്തിന് ഉൾവിളിയുണ്ടാവുകയും തദ്വാരാ പ്രസ്തുത വിഷയത്തിലേയ്ക്ക് ഊളിയിടാൻ തീരുമാനിക്കുകയും ചെയ്തു.

ആ ഊളിയിൽ ആദ്യം, നിലവിലുള്ള സമരമാർഗങ്ങൾ എന്തൊക്കെയാണ് എന്നാണ്പരിശോധിച്ചത്. ആ ശോധനയിൽ ഉരുത്തിരിഞ്ഞ വസ്തുതകൾ ചുവടെ ചേർക്കുന്നു. 

ഗാന്ധിജി തുടങ്ങിവച്ച സത്യഗ്രഹം എന്ന സമരമാർഗ്ഗം ഇപ്പോഴും പലരൂപങ്ങളിൽ തുടരുന്നുണ്ട്. അതിലൊന്നാണ് നിരാഹാരസത്യഗ്രഹം. പണ്ടൊക്കെ മരണം വരെ നിരാഹാര സത്യാഗ്രഹം എന്നായിരുന്നു പറഞ്ഞിരുന്നത്. ഇന്ന് അതു മാറി റിലേ നിരാഹാരം ആയി. ഒരാൾ സത്യാഗ്രഹം ഇരുന്നു വിശക്കുമ്പോൾ അടുത്തയാൾ ഇരിക്കും. കൂടാതെ എട്ടു മണിക്കൂർ നിരാഹാര സത്യഗ്രഹം എന്നൊരു ഏർപ്പാടും വന്നു .നാലുമണിക്കൂർ നിരാഹാരവും രണ്ടുമണിക്കൂർ നിരാഹാരവും ഉണ്ടോ എന്നറിയില്ല.

മറ്റൊന്നാണു നീരാഹാരസത്യഗ്രഹം. നീര് മാത്രം ആഹാരം ആയി ഉള്ള സത്യഗ്രഹം.ശുദ്ധജലമോ പഴച്ചാറോ കുടിക്കാം. പ്രകൃതിക്കിണങ്ങുന്ന ഒരു സമര മാർഗ്ഗമാണിത്. 

ഇന്നും മുടക്കമില്ലാതെ തുടരുന്ന  ഒരു സമരമാർഗ്ഗമാണ് പണിമുടക്ക്.

ഇതിന്  സൂചനാപണിമുടക്ക്, നിശ്ചിത കാല പണിമുടക്ക് ,അനിശ്ചിതകാല പണിമുടക്ക്, എന്നിങ്ങനെ  വിവിധ വിഭാഗങ്ങളുണ്ട്. മുതലാളിമാർക്ക് നഷ്ടം വരുത്തുന്ന ഏർപ്പാടാകയാൽ പണിമുടക്ക് മറ്റൊരർത്ഥത്തിൽ പണികൊടുപ്പ് തന്നെയാണ്.

ബന്ദിനു പകരക്കാരനായി വന്ന ഹർത്താൽ ആണ് മറ്റൊരു സമാരണൻ.പരസ്യമായ ദുഃഖ പ്രകടനം, പ്രതിഷേധാചരണം, എന്നൊക്കെയാണ് ഹർത്താലിൻ്റെ അർത്ഥം. പക്ഷേ ജനങ്ങളുടെ അനുഭവം അങ്ങനെയല്ല. നിർബന്ധിച്ച് കടകൾ അടപ്പിക്കുക, വാഹനങ്ങളെ കല്ലെറിയുക, വീട്ടിൽ തന്നെ അടച്ചിരിക്കാൻ നിർബന്ധിക്കുക, തുടങ്ങിയവയാണ് ഹർത്താൽ നൽകുന്ന അനുഭവപാഠം. എല്ലാ രാഷ്ട്രീയകക്ഷികളും ഇക്കാര്യത്തിൽ ഒറ്റക്കെട്ടാണെന്ന് അറിയാവുന്ന ജനം ഇപ്പോൾ ഹർത്താലിനെ ആഘോഷമാക്കാനും നിശ്ചിത കാലയളവിൽ ആവർത്തിക്കുന്ന ഒരു ആചാരമായി കണക്കാക്കാനും ഹർത്താൽ ദിന ആശംസകൾ അറിയിക്കാനും ഒക്കെ പഠിച്ചു കഴിഞ്ഞു.

മറ്റൊരു സമരമാർഗ്ഗം ആണ് ടൂൾ ഡൗൺ അല്ലെങ്കിൽ പെൻ ഡൗൺ സമരം. ജീവനക്കാർ തങ്ങളുടെ ആയുധങ്ങൾ താഴെവച്ച് ജോലി ചെയ്യാതിരിക്കുക എന്നതാണ് രീതി. അപ്പോഴും സ്വന്തം സീറ്റിൽ തന്നെ ഇരിക്കാൻ അവർ പ്രത്യേകം ശ്രദ്ധിക്കണം. അല്ലെങ്കിൽ അവിടെ മറ്റാരെങ്കിലും കയറിയിരുന്ന് ജോലി ചെയ്തുകൂടെന്നില്ല. സാധാരണ രാവിലെ ഓഫീസിൽ വൈകിയെത്തുകയും വൈകുന്നേരം നേരത്തെ പോവുകയും ചെയ്യുന്ന ചില മുങ്ങൽ വിദഗ്ധൻമാർ സമര ദിവസം കൃത്യ സമയത്തു തന്നെ ഓഫീസിലെത്തുന്ന കാഴ്ച മറ്റുള്ളവരിൽ കൗതുകമുണർത്തും.

കരിഓയിൽ ഒഴിച്ച് ആളിനെ അപമാനിക്കുക എന്നത് പ്രാകൃതമായ ഒരു സമര മാർഗമാണ്.അതിനോടൊപ്പം നിൽക്കുന്ന മറ്റൊരു മാർഗമാണ് എതിരാളികളെ ചാണകവെള്ളം തളിച്ച് ശുദ്ധീകരിക്കുക എന്നത്. 

ഘെരാവോ യാണ്  മറ്റൊരു അംഗീകൃത സമര ശ്രേഷ്ഠൻ.  സ്ഥാപനത്തിൻറെ മേധാവിയെ പുറത്തു പോകാൻ അനുവദിക്കാതെ അദ്ദേഹത്തിൻ്റെ മുറിയിൽ കയറി വളഞ്ഞിരിക്കുന്ന സമര രീതിയാണിത്. ഒരിക്കൽ ഒരു മേധാവിയെ ഘെരാവോ ചെയ്തപ്പോൾ അദ്ദേഹം പറഞ്ഞത് - ഞാൻ ഇന്ന് വീട്ടിൽ പോകുന്നില്ല, നമുക്കിവിടെ വളഞ്ഞിരിക്കാം - എന്നാണ് .കാരണം വീട്ടിൽ പോയാൽ ഇതിനെക്കാൾ പ്രശ്നമാണ്. ഇവരുടെ ആവശ്യങ്ങൾ അംഗീകരിച്ചിട്ട് വീട്ടിൽ ചെന്നാൽ ഭാര്യ ,വീട്ടിൽ കയറ്റുകയില്ല. ഇദ്ദേഹം എംഡിയും ഭാര്യ ചെയർ പേഴ്സണുമാണ് .

മറ്റൊന്ന് മിന്നൽ പണിമുടക്കാണ്. യാതൊരു അറിയിപ്പും കൂടാതെ പെട്ടെന്നായിരിക്കും ഈ പണിമുടക്ക്.അതുകൊണ്ടുതന്നെ മിന്നൽ കഴിഞ്ഞു ചിലയിടത്തൊക്കെ ഇടിയും ഉണ്ടാകാറുണ്ട്.

മന്ത്രിയുടെ കോലം കത്തിക്കുക എന്നൊരു അഗ്നി സമരമുണ്ട്. ഒരിക്കൽ, സമരക്കാർ മന്ത്രിയുടെ കോലവുമായി സെക്രട്ടറിയേറ്റ് നടയിലേക്ക് മാർച്ച് നടത്തിയപ്പോൾ സമരക്കാരെ പിരിച്ചുവിടാനായി പോലീസ്, ജലപീരങ്കി പ്രയോഗിച്ചു. വെള്ളമടിയേറ്റ സമരക്കാർ പിരിഞ്ഞു പോകാതെ പിടിച്ചു നിന്നുവെങ്കിലും സമരക്കാരും കൊണ്ടുവന്നകോലവും ഒക്കെ നനഞ്ഞുകുതിർന്നു പോയി. പിന്നെ നിവൃത്തിയില്ലാതെ നേതാവ് പ്രസംഗത്തിലൂടെയാണ് കോലം കത്തിച്ചത്.

" ഇതാ - ഞാൻ ഈ കോലം കത്തിക്കുന്നതായി പ്രഖ്യാപിക്കുന്നു. ഫിസിക്കൽ ആയി കോലത്തിനെ ഇപ്പോൾ കത്തിക്കാൻ കഴിയാത്തതിൽ ഖേദം ഉണ്ട്. കോലം ഉണങ്ങിയതിനുശേഷം പ്രവർത്തകർ ഇവിടെയെത്തി ഇതിനെ കത്തിക്കുന്നതാണ് എന്ന് അറിയിക്കുകയും ചെയ്യുന്നു." 

സെക്രട്ടറിയേറ്റിൻ്റെ കമ്പിവേലിയിൽ മിസ്റ്റർ കോലത്തിനെ ചാരി വച്ച് എല്ലാവരും പിരിഞ്ഞു പോയി. 

പിറ്റേദിവസം കോർപ്പറേഷനിലെ തൂപ്പുകാരി ചവറുകൾക്കൊപ്പമാണ് പ്രസ്തുത കോലത്തെ കത്തിച്ചത്. എന്നാൽ താൻ മഹത്തായ ഒരു സമരത്തിൽ പങ്കെടുത്ത് പ്രവർത്തിക്കുകയാണെന്ന് പാവം തൂപ്പുകാരി അറിഞ്ഞതുമില്ല.

പന്തംകൊളുത്തി പ്രകടനം ആണ് മറ്റൊരു തീക്കളി . മഴ പെയ്യുകയാണെങ്കിൽ പന്തം കൊളുത്തി പ്രകടനം, പന്തം കെടുത്തി പ്രകടനം ആകുമെന്ന ഒരു പോരായ്മ ഇതിനുണ്ട്.

മന്ത്രിയെ കരിങ്കൊടി കാണിക്കുക എന്നതാണ് മറ്റൊരു പ്രതിഷേധ രീതി. തങ്ങളുടെ കൊടി മന്ത്രിയെ കാണിക്കുക എന്നത് മാത്രമാണ് ഉദ്ദേശം എങ്കിൽ - ആ കൊള്ളാം, നല്ല കൊടി-എന്നുപറഞ്ഞ് മന്ത്രി പാഞ്ഞു പോകുമായിരുന്നു. പക്ഷേ കരിങ്കൊടി കാണിക്കുന്നതോടൊപ്പം വാഹനം തടയുകയും ചെയ്യും. അതുകൊണ്ടാണ് പലപ്പോഴും സംഘർഷം ഉണ്ടാകുന്നത്.

 കൗതുകകരങ്ങളായ മറ്റു ചില സമരമാർഗങ്ങൾ ഉണ്ട്. 

മുഖ്യമന്ത്രിക്ക് വാഴപ്പിണ്ടി അയച്ചുകൊടുക്കുന്ന ഒരു സമരമാർഗ്ഗം ഈയിടെ കാണുകയുണ്ടായി. അത് ഒരു ആരോഗ്യകരമായ പ്രതിഷേധം ആയാണ് തോന്നിയത്. കാരണം വാഴയിൽ പല വൈറ്റമിനുകളും അടങ്ങിയിട്ടുണ്ടല്ലോ. ഈ മാർഗ്ഗം മാതൃകയാക്കി തുടർന്നുള്ള പ്രതിഷേധങ്ങളിൽ വാഴയ്ക്കയും വാഴക്കൂമ്പും  വാഴപ്പഴവും പഴത്തൊലിയും വേണ്ടിവന്നാൽ കാളാമുണ്ടം പോലും അയച്ചു കൊടുക്കാവുന്നതാണ് .

ശവപ്പെട്ടിയിൽ കിടന്നുള്ള സമരമാണ് മറ്റൊന്ന്. സമരം തുടങ്ങി രണ്ടു ദിവസം കഴിഞ്ഞപ്പോൾ അടുത്തുള്ള മരത്തിൽ ഒരു ബാനർ പ്രത്യക്ഷപ്പെട്ടു: 

"നല്ലയിനം ശവപ്പെട്ടികൾക്ക് സമീപിക്കുക -പൊറിഞ്ചു കോഫിൻസ്, തൊടുപുഴ." 

ആ സമരത്തിനിടയിൽ മറ്റൊരുത്തൻ ഒരു കച്ചവട സാധ്യത മുതലെടുത്തതാണ് .

ആത്മഹത്യാ ഭീഷണി മുഴക്കി കയറുമായി മരത്തിനു മുകളിൽ കയറുന്ന ചില സമരക്കാർ ഉണ്ട്. അനു നയത്തിലൂടെ വേണം അവരെ താഴെയിറക്കാൻ. ആരു പറഞ്ഞിട്ടും അനുസരിക്കാത്ത സമരക്കാരനെ ഇറക്കാൻ ഒടുവിൽ സ്ഥലം എം.എൽ.എ. തന്നെ എത്തി,തൻറെ വാചകക്കസർത്തിൽ അനുനയിപ്പിച്ച് അയാളെ താഴെയിറക്കി. പിന്നീട് ഇത്തരം സമരം എവിടെ നടന്നാലും അവരെ താഴെയിറക്കാൻ ഈ എം.എൽ.എ.യെ അന്വേഷിച്ചു പോകുമായിരുന്നു. കാരണം അദ്ദേഹം ഒരു " ഇറക്കൽ സ്പെഷ്യലിസ്റ്റ് "ആണെന്ന് എല്ലാവരും അറിഞ്ഞു കഴിഞ്ഞു.

പ്രതീകാത്മകമായ സഞ്ചയനം, പതിനാറ് അടിയന്തരം ,എന്നിവയും സമരമാർഗങ്ങൾ ആക്കുന്നവരുണ്ട്. പലപ്പോഴും അടിയന്തരവും അതിൻറെ സദ്യയും കഴിഞ്ഞാണ് എല്ലാവരും പിരിഞ്ഞു പോകുന്നത്. 

കൈക്കൂലി വാങ്ങിയ മന്ത്രിക്കും കിട്ടി, ഒരു വ്യത്യസ്ത പ്രതിഷേധം. പ്രതിപക്ഷ പ്പാർട്ടി അംഗങ്ങൾ ആ മന്ത്രിക്ക് കൈക്കൂലിയായി ഒരു രൂപ വീതം  മണിയോർഡർ അയച്ചുകൊടുത്താണ് പ്രതിഷേധിച്ചത്. ചുരുക്കത്തിൽ പ്രതിഷേധത്തിലും മന്ത്രിക്ക് സാമ്പത്തികലാഭം തന്നെ.

അപ്പോഴാണ് സ്ത്രീ പീഡനത്തിൽ ആരോപണവിധേയനായ ഒരു മന്ത്രി -തനിക്ക് ഇവന്മാർ എന്താണാവോ അയയ്ക്കാൻ പോകുന്നത് - എന്നാലോചിച്ച് ഉറക്കം കളഞ്ഞത്. 

കൂടുതൽ സമയം ജോലി ചെയ്യുക എന്നൊരു സമരമാർഗ്ഗം ഉണ്ട്. ഈ സമരമാർഗ്ഗം അനുസരിച്ച് ട്രാൻസ്പോർട്ട് കോർപ്പറേഷനിലെ ജീവനക്കാർക്ക് ഓടിച്ചു കൊണ്ടിരിക്കുന്ന ബസ്സ്, ഗ്യാരേജിൽ എത്തിക്കാതെ അധിക സമയം റോഡിൽ തന്നെ ഓടിച്ചു കൊണ്ടേയിരിക്കാം.പത്രം ഓഫീസിലെ ജീവനക്കാർക്ക് ആവശ്യം കഴിഞ്ഞും പത്രം അടിച്ചു കൊണ്ടേയിരിക്കാം.

കോർപ്പറേഷൻ വൃത്തിയാക്കാത്തതിൽ പ്രതിഷേധിച്ച് കോർപ്പറേഷൻ ഓഫീസിലേക്ക് ചൂലുകളുമായി ഒരു സംഘം പ്രകടനം നടത്തി. പിറ്റേദിവസം നോക്കിയപ്പോൾ ഓഫീസിന് ചുറ്റും ചൂലുകളുടെ ബഹളം.പിന്നെ ആ വൃത്തികേട് മാറ്റുന്നതായി അടുത്ത ജോലി.

ഒരു സന്നദ്ധ സംഘടന, സർക്കാരാപ്പീസിൽ വൈകി വരുന്ന ജീവനക്കാർക്ക് ഹാരവും പൂച്ചെണ്ടും നൽകാൻ തീരുമാനിച്ചു .ജീവനക്കാർ അങ്ങനെ നന്നാവുന്നെങ്കിൽ നന്നാവട്ടെ എന്നു കരുതിയാണ്.അവർ ഓഫീസിനു മുൻപിൽ പോയി നിൽക്കും. പതിനൊന്നു കഴിഞ്ഞുവരുന്ന ജീവനക്കാർക്ക് ഹാരവും പൂച്ചെണ്ടും   നല്കും. പക്ഷേ ഉച്ചവരെ നിന്നാലും ചിലരെ കണ്ടു കിട്ടുകയില്ല. പിന്നെ നിവൃത്തിയില്ലാതെ  അവരുടെ സീറ്റിൽ ഹാരമണിയിച്ച് പൂച്ചെണ്ട് മേശപ്പുറത്തു വച്ച് മടങ്ങുകയാണ് ചെയ്യുന്നത്. 

സമരാവലോകനത്തിനിടയിൽ പത്രവാർത്തയിലെ ചില രസകരങ്ങളായ ഹെഡിംഗുകൾ ശ്രദ്ധയിൽപ്പെട്ടു. 

"കളക്ടറേറ്റ് വളയുന്നു " 

ഇതു വായിക്കുമ്പോൾ കളക്ടറേറ്റ് നിർമ്മിച്ച കോൺട്രാക്ടറുടെ കുഴപ്പമാണ് എന്ന് ചിലർക്ക് തോന്നിയേക്കാം. നേരെ നിന്ന കളക്ടറേറ്റ് അല്ലെങ്കിൽ വളയില്ലല്ലോ. കളക്ടറേറ്റിനെ വളഞ്ഞിട്ടു പിടിക്കുക എന്നത് ഒരു സമരമാണെന്ന് അറിയാത്തവരുമുണ്ടല്ലോ. 

മറ്റൊരു ഹെഡിങ് ഇങ്ങനെയാണ്: "മാർച്ച്-ഏപ്രിലിൽ "

ഇത് വായിക്കുമ്പോൾ മാസങ്ങളെ അങ്ങോട്ടുമിങ്ങോട്ടും മാറ്റിയതാണെന്ന് ചിലർക്ക് സംശയം തോന്നാം. വാർത്ത സെക്രട്ടറിയേറ്റ് മാർച്ചിൻ്റെ കാര്യമാണ്.

മേൽ വിവരിച്ച പരിശോധനാ വലോകനങ്ങളുടെ വെളിച്ചത്തിൽ ലേഖകൻ്റെ പോതം രണ്ടു തീരുമാനങ്ങളെടുക്കുന്നു.

ഒന്ന് -ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന അനാവശ്യ സമരങ്ങൾ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഒരുദിവസത്തെ ഹർത്താലിന് ആഹ്വാനം ചെയ്യുന്നു. 

രണ്ട് - ഈ പഴഞ്ചൻ സമരങ്ങൾക്കു പകരം നൂതന സമരമാർഗങ്ങൾ സർക്കാർ തലത്തിൽ തന്നെ കണ്ടെത്തണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് മുഖ്യമന്ത്രിയുടെ വസതിയിലേക്ക് പതിനായിരങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് ഒരു ലോങ്ങ് മാർച്ച് നടത്തുന്നതാണ്.

ഒന്നിനും രണ്ടിനും നിങ്ങളുടെ എല്ലാ വിധ സഹായ സഹകരണങ്ങളും ഉണ്ടാകുമെന്ന പ്രതീക്ഷയോടെ, ലേഖകൻ്റെ പോതം വീണ്ടും മയക്കത്തിലേക്ക്  മടങ്ങുകയാണ് . ആവശ്യം വന്നാൽ ഇനിയും സട കുടഞ്ഞെണീക്കും എന്നു  നിങ്ങൾക്ക് ഉറപ്പു തരുകയും ചെയ്യുന്നു. അതിനു മുമ്പ് ആരും തട്ടി വിളിക്കരുതേ - എന്നൊരു അപേക്ഷ മാത്രം...

 

Add comment

Submit