ഒരു പൊട്ടിത്തെറിയിൽ,
ചെമ്പിനടിയിലെ പാറ്റ മുതൽ
കോലായിലെ ഗ്ലാസിനടിയിൽ
കെട്ടിക്കിടന്ന ചായപ്പൊടി വരെ
പറമ്പിലെത്തി.
ഒരു പൊട്ടിത്തെറിയിൽ,
അച്ഛന്റെ കണക്കുപുസ്തകം
മലർക്കെ തുറക്കപ്പെട്ടു.
ചെലവുകളുടെ ആകെത്തുകയിൽ
കഴുക്കോലൊടിഞ്ഞു.
ഒരു പൊട്ടിത്തെറിയിൽ,
വെച്ചു വിളമ്പിയേന്റേം
വാരിക്കളഞ്ഞ ചമ്മലിന്റേം
തുടച്ച് മിനുക്കിയേന്റേം
അമ്മക്കണ്ണീരിൽ
ഇഷ്ടികയടർന്നു വീണു.
ഒരു പൊട്ടിത്തെറിയിൽ,
രഹസ്യക്കൂട്ടം നിലത്തുരുണ്ട്
കാറിക്കൂവി തലതല്ലിക്കരഞ്ഞ്
ജനാലക്കമ്പി വളച്ച്
അയലത്തേക്കോടി.
ഇനിയൊരു പൊട്ടിത്തെറിയിൽ,
ഭൂതം വർത്തമാനത്തിന്റെ
കയ്യും പിടിച്ച് ഭാവിയിലേക്ക്
ഒരു ഓട്ടപ്പാച്ചിൽ നടത്തും.
പഴകിയതും പുളിച്ചതും
ദ്രവിച്ചതും തുപ്പിത്തുപ്പി
കൂട്ടിച്ചേർക്കാനാവാത്ത വിധം
കൈ കാലുകളോരൊന്നും
ചിന്നിച്ചിതറും..........