(Bindu Dinesh
കുഞ്ഞുങ്ങൾക്ക്
ഉടുപ്പ് തുന്നുന്നവരുടെ
ഒരു ഗ്രാമമുണ്ട്.
സൂര്യകാന്തിപാടത്തേക്ക് തുറക്കുന്ന ജാലകങ്ങളാണ് അവിടുത്തെ വീടുകൾക്ക്.
വിരൽത്തുമ്പുകൾ
വെണ്ണപുരട്ടി മൃദുവാക്കിയാണ്
അവർ നെയ്തു തുടങ്ങുന്നത്.
നെയ്ത്തു കഴിയുമ്പോളോ
പട്ടുപോലെ മിനുസമുള്ള ചുണ്ടുകളുള്ള
പെൺകുട്ടികൾ തങ്ങളുടെ
നനുത്ത ചുണ്ടുകൾകൊണ്ടവ ഉരുമ്മിനോക്കും
നൂലറ്റങ്ങളേതെങ്കിലും ഉയർന്നുനിൽപ്പുണ്ടോന്നറിയാനാണ് !
കുഞ്ഞുടലുകളാണ്,
ഒരു നൂലുകൊണ്ടുപോലും മുറിപ്പെട്ടേക്കാം...
പൂമ്പാറ്റകളുടെ രൂപത്തിലുള്ള
കുഞ്ഞു കത്രികകൾ കൊണ്ടു
മെല്ലെ മുറിച്ചെടുത്താണവ
തുന്നിയെടുക്കുന്നത്.
ഇളം തൂവലുകൾ കൊണ്ടുണ്ടാക്കിയ
വില്ലീസു വണ്ടികളിൽ
അവ ചന്തകളിലെത്തും...
നോക്കൂ
ലോകത്തുള്ള കുഞ്ഞുങ്ങൾക്കെല്ലാം
അച്ഛനോ അമ്മയോ ആകാൻ നമുക്കായെന്നുവരില്ല.
എന്നാൽ പരുക്കരെങ്കിലും അവർ,
ആ ഉടുപ്പു തുന്നുന്നവർ,
കാണിക്കുന്ന കരുതലെങ്കിലും
ആ കുഞ്ഞുടലുകളോട് കാണിക്കണം....