mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

Darsana Kalarikkal

ഇക്കഴിഞ്ഞ ഞായറാഴ്ചയായിരുന്നു.  കടുപ്പത്തിൽ ഒരു കട്ടനും കുടിച്ചേച്ച് ഉമ്മറത്തിണ്ണേൽ ഇരിപ്പായിരുന്നു. മുഖ്യധാരാപത്രമാസികകൾ ചുറ്റും  ചിതറിക്കിടന്നു. 

"വെളിച്ചം ദുഃഖമാണുണ്ണീ
തമസ്സല്ലോ സുഖപ്രദം." ന്ന്  ആത്മഗതം ഉച്ചസ്ഥായിയിൽ,

"വെളിച്ചപ്പെടുന്നേനൊന്നും തെളിച്ചമില്ലല്ലോയെൻ്റെ കർത്താവേ" ന്ന് മറുമൊഴി. അങ്ങേലേയമ്മച്ചിയാണ്. അമ്മച്ചി ഇത്ര നേരത്തെ പത്രവായന കഴിഞ്ഞോ? 

"എന്തോന്നമ്മച്ചീ ദണ്ണം പറച്ചില്. അമ്മച്ചി പത്രൊക്കെ നേർത്തെ വായിച്ചാർന്നോ?" ഞാൻ അതിശയം കൂറി.

"എന്തോന്ന് കൊച്ചെ നീയിപ്പറേന്ന് . പത്രം വായിക്കാനേക്കൊണ്ട് ആർക്ക് നേരം.? ഇതുകണ്ടാ."

"എന്നതാ"

ഞാനെത്തിനോക്കി. മൂടുചീഞ്ഞ തക്കാളിച്ചെടിയിലാണ് ഗവേഷണം.

"കണ്ടില്ല്യോ. മൊത്തം പോയി. ഈ നശിച്ച മഴ" പൂവിട്ടു തുടങ്ങിയ തക്കാളിച്ചെടിയാണ് വേരും തണ്ടും പാതി ചീഞ്ഞു ഗ്രോബാഗിൽ തളർന്നു കിടക്കുന്നത്. പിഴുതു മാറ്റിയ തൈകൾ തലങ്ങും വിലങ്ങും  പ്രളയത്തിൽ വീണടിഞ്ഞ മരങ്ങൾ പോലെ മുറ്റത്തെമ്പാടും ചിതറിക്കിടക്കുന്നു. 

"മഴയാവില്ലമ്മച്ചീ, വേരുചീച്ചലിന് ട്രൈക്കൊഡെർമ്മ നല്ലതാ." ഞാനെൻ്റെ അൽപ്പജ്ഞാനം വെളിപ്പെടുത്തി. 

"തന്നെ കൊച്ചെ, ഞാനീ കുന്ത്രാണ്ടത്തിൻ്റെ പേര് മറന്നുപോയി. ആ ഭാസിയോടു പറഞ്ഞാ അവൻ കൊണ്ടെതന്നേനെ. പാലായിലെ വീട്ടിൽ ഉണ്ടെന്നെ. ഇവിടൊരുത്തിയോട് രണ്ടു ദിവസമായി പറയുന്നു. മഴമാറട്ടെ. പുറത്തേക്കിറങ്ങുമ്പോ വാങ്ങാന്ന്. പാലായിലെ വീട്ടിലെ ചെടികളൊക്കെ എന്തായോ എന്തോ. അന്നാമ്മ നോക്കുവായിരിക്കും. മീനൂൻ്റപ്പച്ചൻ റിട്ടയറായ ശേഷം ഞാനും ഇച്ചായനും കൂടെയാ എല്ലാം നോക്കാറ്."

അമ്മച്ചിയുടെ സ്വരം നേർത്തു. ജെറോമിച്ചായൻ്റെ ഓർമ്മകളിൽ വിലയം പ്രാപിച്ചു. 

ഗ്രേസമ്മച്ചി മീനൂൻ്റെ അമ്മച്ചിയാണ്. മീനു ഞങ്ങടെ ഗോകുലിൻ്റെ ഭാര്യയും. മീനൂൻ്റെ അപ്പച്ചൻ ആറുമാസം മുമ്പാണ് മരിച്ചത്. ഒരു വണ്ടിയപകടം. മൂന്നുമാസത്തോളം മീനു അമ്മച്ചിയ്ക്ക് കൂട്ടിരുന്നു. പിന്നെ ഗോകുലാണ് പറഞ്ഞത് അമ്മച്ചിയേം കൂട്ടിയിങ്ങോട്ട് പോരേന്ന്. ഒരനിയൻ കൊച്ചൊള്ളേന് അമേരിക്കേലു ജോലി കിട്ടീട്ട് അഞ്ചാറു മാസേ ആയിട്ടുണ്ടായിരുന്നുള്ളൂ. അവനു നാട്ടിൽ വരാനൊത്തില്ല. 

"ഞങ്ങൾടെ വീട്ടിൽ മഴമറേണ്ടാർന്നു . ഇഷ്ടം പോലെ പറമ്പല്ലായിരുന്നോ. പണിക്കാരുടെ ഒപ്പം ഞാനും ചെന്ന് നിക്കും. കൊച്ചിലേ മുതലുള്ള ശീലമാ. എന്തൊരു ചന്തമാ ഓരോന്നുംങ്ങനെ മുളപൊട്ടി ആർത്തുവരുന്നത് കാണാൻ. 

ഇച്ചായന് ജോലിത്തെരക്കല്യോ. കൊച്ചീലെ വീട്ടില് ശ്വാസംമുട്ട്യാ നിക്കാ ഞാൻ. രണ്ടാം ശനിയാകാൻ കാത്തിരിക്കും. വെള്ളിയാഴ്ച വൈകുന്നേരം തന്നെ പാലായിലോട്ട് തിരിക്കും. എത്ര പാതിരയായാലും വീട്ടിലെത്ത്യാ എന്നാ സുഖമാ." 

അമ്മച്ചി വീണ്ടും ഓർമ്മകളിലേയ്ക്കിറ ങ്ങിപ്പോയി.

 ഗ്രേസമ്മച്ചിയുടെ സംസാരം കേൾക്കാൻ നല്ല രസമാണ്. മീനൂൻ്റെ അപ്പച്ചൻ തഹ്സിൽദാരായിരുന്നു. സ്ഥലംമാറ്റങ്ങൾക്കൊപ്പം സഞ്ചരിച്ചു സഞ്ചരിച്ച് സങ്കരമായിപ്പോയ ഭാഷാചാരുത. ഇപ്പൊ അമ്മച്ചിയുടെ കൂടെക്കൂടി ഞാനും ഭാഷാസങ്കരിയായിരിക്കുന്നുവെന്ന് ചിരിയോടെ ഓർത്തുപോയി. 

"പൂർണ്ണിമെ, ഇന്ന് മൊടക്കമാ അല്ല്യോ. കുട്ട്യോള് ട്യൂഷന് പോയോ?"

" ട്യൂഷൻ കഴിഞ്ഞു വരാറായി സുഭദ്രേച്ചീ"

"ഗ്രേസമ്മോ. ഗവേഷണം കഴിഞ്ഞില്യോ. ഇത്തിരി കട്ടൻ കുടിയ്ക്കാം." ഇരുകയ്യിലും കപ്പുകളുമായാണ് സുഭദ്രേച്ചിയുടെ നിൽപ്പ്. 

"എടീ കാന്താരീ നിനക്ക് വേണോ കട്ടൻ ചായ." അന്നേരത്തുമാത്രം എണീറ്റുവന്ന് കണ്ണുതിരുമ്മി ഉമ്മറത്തിരുന്ന ഗീതുമോളോടാണ്. 

"മോളിന്ന് ട്യൂഷന് പോയില്ലേ?"

"മടിച്ചിക്കോത. പനി വരുന്നുണ്ടത്രെ. അതുകൊണ്ട് പോയില്ല. കാലാവസ്ഥാ പ്രവചനം പോലെയാണ് ഈ പെണ്ണിൻ്റെ കാര്യം."

അമ്മാമ്മയുടെ കളിയാക്കൽ പാടെ അവഗണിച്ച് അവൾ എൻ്റെ നേരെ തിരിഞ്ഞു. 

"ടീച്ചറേ, ങ്ങളെന്തിനാ അപ്പൂനേം ആര്യനേം ട്യൂഷന് വിടുന്നു. ഇങ്ങക്കന്നെ പറഞ്ഞു കൊടുത്തൂടെ."

"ഞാനോ, അസ്സലായി. എൻ്റടുത്ത് വല്ലാണ്ട് കളി കൂടിയപ്പോഴാ വിട്ടേ. അമ്മാ പ്ലീസ് ന്ന് പറഞ്ഞു സോപ്പിട്ടു നിക്കാൻ രണ്ടാളും മിടുക്കരാ. "

"ടീച്ചറുടെ സ്കൂളില് എന്നാ കള്ള് കൊടുത്ത് തൊടങ്ങണെ? മന്ത്രി പറഞ്ഞായിരുന്നല്ലോ ഇളം കള്ള് അസ്സലാണ്. പോഷകം കൂടുതലാണ് ന്ന്."

ഓ. സർക്കാരുസ്കൂളിലെ ടീച്ചറായ എനിക്കിട്ടാണ് പണി. 

"ഇന്നാളു പുള്ളിൽക്ക് നമ്മള് പോയില്ല്യെ. നീതു ആൻ്റീടെ വീട്ടില് പോയപ്പോ. അന്നേരത്ത് വഴീല് ഒരു ഷാപ്പ് കണ്ടല്ലോ. അച്ഛൻ ചോദിച്ചതാ. കള്ള് കുടിക്കണോന്ന്. അവിടെ ഇഷ്ടംപോലെ പെണ്ണുങ്ങളേം കണ്ടു. എനിക്കിഷ്ടണ്ടാർന്നു. . അത് കലക്കു കള്ളാകും ന്ന് പറഞ്ഞ് അമ്മച്ചി സമ്മതിച്ചില്ല. "

"അതുനെൻ്റമ്മച്ചിയ്ക്ക് വിവരംള്ളൊണ്ടാ. " ഗ്രേസമ്മച്ചി ഉഷാറായി. 

"ഇന്നൊന്നും നല്ല കള്ള് കിട്ടുകേല. പണ്ട് ഞങ്ങടെ കുട്ടിക്കാലത്ത് അന്തിക്കാട്ട് എൻ്റപ്പച്ചൻ്റെ വീട്ടില് തെങ്ങു ചെത്താൻ കൊടുത്തിരുന്നു. പൊറ്റെക്കാട്ടെ രഘു തെങ്ങുമ്മന്ന് ഇറങ്ങുമ്പോഴെയ്ക്ക് അച്ചാച്ചനും ഞങ്ങള് പിള്ളേരും വല്യെ കപ്പ് പിടിച്ചു നിക്കും. നല്ല ഇളം കള്ള് . എന്തൊരു മണവും രുചിയുമാണെന്നോ. അതില് വീണു കിടക്കണ ഈച്ചകളേം പ്രാണികളേം തോണ്ടിക്കളഞ്ഞ് ഓരോ കവിൾ ഞങ്ങൾക്ക് തരും. ബാക്കിയോണ്ട് അമ്മച്ചി കള്ളപ്പം ഉണ്ടാക്കും. "

" എന്താ ഒരു കള്ള് പുരാണം . ഗീതുമോളെ, , പോയി മുഖം കഴുക് . എണീറ്റപാടേ വന്നിരിക്കുന്നു. പൂർണ്ണിമേച്ചീ, ഇന്നെന്താ സ്പെഷ്യല്. ? 

"ഒരു സ്പെഷ്യലും ഇല്ല. മീനൂട്ടീ. അവന്മാർക്ക് ഇന്ന് പുട്ട് മതീന്നാ. കടലക്കറി ആയി. വന്നിട്ട് ഉണ്ടാക്കാമെന്ന് വച്ച് പുട്ടിനു പൊടി നനച്ചു വച്ചിരിക്കുന്നു. "

"രാജുവേട്ടൻ എന്നാ എത്താ"

"ഒരാഴ്ച കഴിയും മോളെ. "

"ഇവിടെ ഒരാള് വർക്ക് ഫ്രം ഹോം എടുത്ത് ദാണ്ടെ സുഖമായി കിടന്നുറങ്ങുന്നു. എന്നെ സഹായിക്കാനായി ചെയ്ത പണിയാ. ഇപ്പൊ ശ്വാസംവിടാൻ നേരല്യാ. മീനു ചായ, മീനു വെള്ളം . നാഴികയ്ക്ക് നാൽപ്പതു വട്ടം നാമജപം. എൻ്റെ ഓഫീസിൽ നിന്നും വിളിക്കണ് ണ്ട്. ഗോകുലിൻ്റെ വാക്കുകേട്ട് ഞാനും വർക്ക് ഫ്രം ഹോം എടുത്തത് മണ്ടത്തരമായിപ്പോയി. "

പെണ്ണ് അമ്മേപ്പോലെത്തന്നെ. പറയാൻ തുടങ്ങ്യാ പിന്നെ നിർത്തില്ല. 

"എൻ്റെ കൊച്ചെ, കെട്ടിയോനൊള്ളപ്പോ അതിൻ്റെ വെല അറിയില്ല. പോയിക്കഴിഞ്ഞാലാ ജീവിച്ചു തീർക്കാനുള്ള പാട്. " ഗ്രേസമ്മച്ചി ദീർഘമായി നിശ്വസിച്ചു. 

"അങ്ങനെ പറഞ്ഞു കൊട്. ഗ്രേസമ്മോ. ഇവൾക്ക് എൻ്റെ കൊച്ചനെ ഒരു വെലയുമില്ല."

"ഓ പിന്നെ, എന്നാ അമ്മ ചെന്ന് പുന്നാര മോനെ വിളിക്ക്. കാപ്പി കുടിക്കണ്ടായോ, അമ്മച്ചി എന്നതാ നോക്കി നിക്കണെ. അകത്തോട്ടു വരുന്നില്ലേ. 

"ആഹാ, തലങ്ങും വിലങ്ങും പറിച്ചെറിഞ്ഞിട്ടുണ്ടല്ലോ. കൃഷി നിർത്തിയോ "

"മണ്ണു തൊടാത്ത വർഗ്ഗത്തിനോട് പറഞ്ഞിട്ട് കാര്യമില്ല. പച്ചക്കറിയ്ക്ക് തീ വെല്യാന്ന് തൊണ്ട കീറണ് ണ്ടാർന്നൂലോ. അവനോൻ നട്ട്ണ്ടാക്ക്യാ. നല്ലത് കഴിയ്ക്കാം. "

 അമ്മച്ചി കെറുവിച്ചു. 

"എൻ്റമ്മച്ചീ, എന്തോന്നീ കാണിച്ചേക്കുന്നെ, ഗോകുലിൻ്റെ പുത്തൻ ഷർട്ടാ."

നോക്കുമ്പോൾ, 

വേരുചീഞ്ഞ തക്കാളിച്ചെടിയിലെ ഇളം മഞ്ഞപ്പൂക്കൾ ഷർട്ടിൻ്റെ പോക്കറ്റിലിരുന്ന് ചിരിക്കുന്നു.. 

ഇനിയും ദീർഘിപ്പിച്ചാൽ ക്രമസമാധാനപാലനം ദുഷ്‌ക്കരമാകുമെന്നോർത്ത് സഭ തൽക്കാലം പിരിഞ്ഞു. 

മൊബൈൽ ശബ്ദിക്കുന്നതുകേട്ട് വേഗം മതിലരികിൽ നിന്നും പിൻവാങ്ങി. 

അജയ് മാഷാണ്. കഥാതൽപം എന്ന വാട്ട്സ്ആപ്പ് കൂട്ടായ്മയിലെ എൻ്റെ സുഹൃത്താണ്.  

"പൂർണ്ണിമെ, വല്ലാത്ത സങ്കട ണ്ട് ട്ടോ. ചൂടാറാണ്ട് ഞാൻ ഓരോ വിഷയങ്ങളെ കുറിച്ച് കഥോള് എഴുതിയിടാ. ഒരാള് പോലും നോക്കണില്ല്യാന്നെ. "

"മാഷേ , ഞാനത് വായിച്ചായിരുന്നു. പോഷകാഹാരത്തെ കുറിച്ചല്ലേ "

"അതേ, ആഫ്രിക്കേല് പിന്നെ ഇങ്ങനത്തെ പാനീയങ്ങള് അവിടുത്തെ ആചാരത്തിൻ്റെ ഭാഗമാണ്. "

"ഇവടേം ആചാരങ്ങൾക്ക് കൊറവില്യ മാഷേ, ചാത്തനും കരിങ്കുട്ടിയ്ക്കും കാർന്നോമാർക്കും കള്ളന്ന്യാ പ്രിയം. "

"എന്നാലും തൽപ്പത്തില് ഇടണത് ആരും നോക്കേണ്ടായില്യ. മനപ്രയാസായി . "

" ഇന്ന് ഞാൻ ഫ്രീയാ മാഷേ, തീർച്ചയായും മാഷുടെ കഥ വായിച്ച് അഭിപ്രായം രേഖപ്പെടുത്തും."

 മാഷ് ഫോൺ വെയ്ക്കേണ്ട താമസം അടുത്ത കാൾ വന്നു. 

"എന്തെ സീന്വോ?"

"പൂർണ്ണിമേച്ചീ , കള്ളിൻ്റെ കാര്യം തീരുമാനായോ?

ഇനിയിപ്പോ അതും കൂടി ആയാല്, ഇപ്പൊ തന്നെ മൂന്ന് നേരത്തെ ഭക്ഷണം കഴിഞ്ഞാ പഠിപ്പിക്കാൻ സമയം ഇല്യാന്നെ. അയിൻ്റെ എടേലാ പി ടി എ ക്കാരുടെ വക ഒരു പ്രവൃത്തിപുസ്തകം കൂടി പഠിപ്പിക്കണം ന്ന്. സർക്കാരിൻ്റെ വക നല്ലൊന്നാന്തരം പുസ്തകം ണ്ട്. ഇതാ മേഴ്സി ടീച്ചറിൻ്റെ ഏതോ ബന്ധുവിൻ്റെയാ. മൂന്ന് ടേമിലു മൂന്ന് പുസ്തകം. എ ഇ ഒ വരെ കണ്ണടയ്ക്കാ . ചേച്ചി അറിഞ്ഞാ പറയണംട്ടാ "

ഫോൺ വെയ്ക്കുമ്പോൾ അവളുടെ ആശങ്ക എന്നിലേയ്ക്ക് പകർന്നതേ യില്ല. കുട്ടികൾക്ക് നല്ല പോഷകം കിട്ടണം. അമ്മമാരുടെ ജോലിത്തിരക്കിനിടയിൽ കുട്ടികളെ ശ്രദ്ധിക്കാൻ നേരമെവിടെ. പല കുട്ടികൾക്കും വിളർച്ചയാണ്. ആരോഗ്യവും കുറവാണ്.  

പിന്നെ ഗൈഡിൻ്റെ കാര്യം. ഞാനിവിടെ മാസങ്ങളായി പി ടി എ യുമായി യുദ്ധത്തിലാണെന്ന് ആരറിയുന്നു. 

കുട്ട്യോള് എത്താറായിട്ടുണ്ട്. പുട്ടുണ്ടാക്കട്ടെ. വിശപ്പ് കേറിയാ അവന്മാർ ഈ വീട് രണ്ടാക്കും. ഞാൻ പതിയെ അടുക്കളയിലേക്ക്. നടന്നു.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ