mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

തൃക്കരിക്കുന്ന് എന്ന ഗ്രാമം! ഈ കൊച്ചു ഗ്രാമത്തിൽ തൊള്ളായിരത്തി ഏഴുപത്തേഴു കാലത്തു നടന്ന ഒരു കഥയാണിത്. ടോമിച്ചന്റെ കഥ! 

തൃക്കരിക്കുന്നിലെ സർക്കാർ സ്കൂളിൽ പത്താം ക്ലാസ്സ്‌ വിദ്യാർത്ഥിയാണ് ടോമിച്ചൻ. ടോമിച്ചനെക്കുറിച്ചു പറഞ്ഞാൽ ആള് ചുവന്നു തുടുത്ത ഒരു സുന്ദരക്കുട്ടപ്പൻ. പിന്നെ സ്കൂളിലെത്തന്നെ ഏറ്റവും  ധനാഡ്യനായ  വിദ്യാർത്ഥിയും.

സംഗതി ഇങ്ങനെയൊക്കെയാണെങ്കിലും പഠനകാര്യത്തിൽ മാത്രം ഇപ്പറഞ്ഞ മേന്മയൊന്നും ഇയാൾക്കില്ലായിരുന്നു. എങ്ങനെ ഉണ്ടാവാനാണ്..!? കുടുംബത്തിലാണേൽ വേണ്ടത്ര സ്വത്ത്‌. ഡാഡി ഇൻകം ടാക്സ് ഓഫീസിലെ ഉയർന്ന ഉദ്ദ്യോഗസ്ഥൻ. ഡാഡിയുടെ ഷെൽഫിൽ  വിസ്ക്കിയും റോത്ത്മാൻസ് സിഗരറ്റും ആവിശ്യം പോലെ.

"ഗവണ്മെന്റ് ഓഫ് ഇന്ത്യ" എന്നെഴുതിയ അംബാസ്സഡർ കാർ ഓഫീസിൽ പോകാനും വരാനും ഡാഡിക്കുണ്ട്. പിന്നെ സ്വകാര്യ ആവശ്യങ്ങൾക്കായി രാജ്ദൂത് മോട്ടോർസൈക്കിളും. അപ്പോപ്പിന്നെ ലേശം തല്ലിപ്പൊളിയായില്ലെങ്കിലല്ലേ അത്ഭുതപ്പെടാനുള്ളൂ!

സ്കൂളിലും നാട്ടിലും ടോമിച്ചന് പ്രധാനമായും രണ്ടു കൂട്ടുകാരായിരുന്നു ഉള്ളത്. ഒന്ന് ഗിരി എന്ന് വിളിക്കുന്ന ഗിരിജൻ. നാട്ടിലെ പ്രധാന ഗുണ്ടയായ വെട്ടിസുരയുടെ അനുജൻ. ഒന്ന് പറഞ്ഞു രണ്ടിന് വെട്ടുക. അതാണ് വെട്ടി സുര! അതിന്റെ എല്ലാ അഹങ്കാരവും ഗിരിക്കുണ്ട്. ഒപ്പം ഒരു പാതി ഗുണ്ടയുടെ എല്ലാ  ചെയ്തികളും ഗിരിയുടെ കയ്യിലുമുണ്ട്.

"ഞാൻ വെട്ടീടെ അനിയനാണെടാ"..!

എന്നു ഗിരി പറയുന്നത് രാജീവ്‌ ഗാന്ധിടെ അനുജൻ സഞ്ജയ്‌ ഗാന്ധിയാണെന്നു പറയുന്നതിനേക്കാൾ അഭിമാനത്തോടെയാണ്!

പത്ത് തോറ്റ് മറ്റൊരു വെട്ടിസുര യാവണം. അതാണ് ഗിരിയുടെ ജീവിതാഭിലാഷം. പക്ഷെ പത്ത് ജയിക്കുക എന്നത് പുള്ളിയുടെ വിദൂര സ്വപ്നത്തിൽ പോലുമില്ലായിരുന്നു. 

നെഞ്ചിലും കയ്യിലും നല്ല കട്ട മസ്സിലും കൂടിയുള്ള ആളായത് കൊണ്ട് ടോമിച്ചന് ഗിരിയോട് കുറച്ചൊക്കെ അസൂയയും ഉണ്ടായിരുന്നു എന്നത് മറ്റൊരു സത്യം.

അടുത്ത അളാണ് സുകു. സ്ഥലം ചെത്തുകാരൻ നാണപ്പന്റെ മോൻ. കക്ഷി ഏതു മരത്തിന്റെയും തുഞ്ചായം വരെ വലിഞ്ഞു കയറാൻ മിടുമിടുക്കൻ. അച്ഛന്റെയല്ലേ മോൻ! 

ലോകനടപ്പു പോലെ  ഇവർ അച്ഛനും മകനും തൊഴിലാളി വിപ്ലവപ്രസ്ഥാനത്തിൽ അടിയുറച്ചു വിശ്വസിച്ചു പ്രവർത്തിക്കുന്ന നല്ല ഒന്നാന്തരം സഖാക്കളായിരുന്നു.

സുകുവിന്റെ ചിലപ്പോളത്തെ വർത്താനം കേട്ടാൽ തോന്നും ലെനിനും ചെഗുവേരയൊക്കെ ഇവന്റെ കൊച്ചച്ചന്റെ മക്കളാണെന്ന്!

ഒരിക്കൽ എം വീ രാഘവന്റെ പ്രസംഗം കേൾക്കാൻ അങ്ങ് ടൗണിൽ കോളേജ് മൈതാനം വരെ നടന്നു പോയതറിഞ്ഞു പിതാവ് നാണപ്പൻ സഖാവ് പുളകിതഗാത്രനായിപ്പോയത്രേ!

പിന്നെ സുകു ആളൊരു കറകളഞ്ഞ നിരീശ്വരവാദി കൂടിയാണ്. കമ്മ്യൂണിസ്റ്റ് ആയാൽ അങ്ങനെ വേണമല്ലോ! നാട്ടുനടപ്പനുസരിച്ചു ഒരു സഖാവായാൽ അമ്പലം, പള്ളി എന്നൊക്കെ കേൾക്കുന്ന നിമിഷം കലിതുള്ളിക്കൊണ്ട്... "ഛായ്.. കടക്കൂ പുറത്ത്.." എന്നലറണമല്ലോ!

സ്കൂളിൽ ഈ മൂവർസംഘത്തിന്റെ സകലമാന തരികിടകളും ആസ്മാദികളും കാരണം ഹെഡ്മാസ്റ്റർ ഉലഹന്നാൻ സാറിന് ഇവരുടെ പ്രശ്നങ്ങൾ തീർക്കാൻ തന്നെ സമയം പോരായിരുന്നു.

ഹെഡ്മാഷിന് ഇവർ കല്പ്പിച്ചു കൊടുത്ത ഇരട്ടപ്പേരു തന്നെ വളരെ രസകരമായിരുന്നു. 

സെവൻ പൂട..!

ഇങ്ങോരുടെ കഷണ്ടിത്തലയിൽ  കഷ്ട്ടിച്ചു ആറേഴു  രോമങ്ങൾ മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളത്രേ! 

ഈ ഗ്രാമത്തിൽ ഒരു ക്ഷേത്രമുണ്ട്. തൃക്കരിക്കുന്ന് മഹാശിവക്ഷേത്രം. അമ്പലക്കുളവും, ഉത്സവമൈതാനവും അരയാൽത്തറയും ഒക്കെയുള്ള ശാലീന സുന്ദരമായ ഒരു ക്ഷേത്രം. മുക്കണ്ണനായ കൈലാസനാഥനാണ് ഇവിടെ പ്രതിഷ്ഠ. ടിയാൻ ക്ഷിപ്രകോപിയാണെന്ന് പ്രത്യേകിച്ചു പറയേണ്ടതില്ലല്ലോ!

കോപാകുലനായി ത്രിക്കണ്ണെങ്ങാൻ തുറന്നുപോയാൽ ആള്ടെ പിന്നത്തെ അവസ്ഥ അടിയന്തിരാവസ്ഥക്കാലത്തെ ഇന്ദിരാജീയേക്കാൾ ഭയാനകമാവുമെന്നേ പറയേണ്ടു!

നമുക്ക് കഥയിലേക്ക് വരാം. അമ്പലത്തിനരികിലുള്ള  അരയാൽത്തറയാണ് വൈകീട്ട് ഈ മൂവർസംഘത്തിന്റെ ആസ്ഥാനം. ഇവരുടെ സകലമാന കുരുത്തക്കേടുകളുടെയും പ്രഭവകേന്ദ്രം. 

അങ്ങിനെയങ്ങിനെ അക്കൊല്ലത്തെ ഉത്സവവും സമാഗതമായി. കഴിഞ്ഞ രണ്ടു കൊല്ലങ്ങളിൽ അടിയന്തിരാവസ്ഥയായതു കൊണ്ട് ഉത്സവമൊക്കെ ഒരു 'സാ' മട്ടിലാണ് നടത്തിയത്. രാത്രിയിലുള്ള കലാപരിപാടികളൊന്നും ഉണ്ടായിരുന്നില്ല. ക്ഷേത്രച്ചടങ്ങുകൾ മാത്രം ഉപായത്തിൽ നടത്തി. അതിൽ ഏറ്റവും കൂടുതൽ മനോവിഷമം ഇവർ മൂന്നു പേർക്കുമായിരുന്നു.

കാരണം ഉത്സവകാലത്ത് പത്തു ദിവസവും ഇവർക്ക് സ്വാതന്ത്ര്യത്തിന്റെ രാവുകളായിരുന്നു. കങ്ങരപ്പടി സോണി ടാക്കീസിൽ സെക്കന്റ്‌ഷോ കാണാം. അഞ്ചു പൈസക്ക് കിട്ടുന്ന കൂൾ സിഗരറ്റ് വാങ്ങി യഥേഷ്ട്ടം വലിക്കാം. പെമ്പിള്ളാരുടെ വായ്നോക്കാം. കിലുക്കികുത്തു കളിക്കാം. സർവ്വോപരി കൊച്ചുനീലാണ്ടന്റെ ഓരോ പൊടിയടിക്കാം.

ഈ പൊടിയെന്ന പേരുകേട്ട് തെറ്റിധാരണ വേണ്ട. കാൽ കുപ്പി ചാരയത്തിന്റെ പകുതിയുടെ പേരാണ് പൊടി. പൊടി ,കാല്, അര, ഫുള്ള്. ഇങ്ങിനെയാണ് നാട്ടിൽ ചാരായഷാപ്പിലെ ഒരു കണക്ക്. 

 

വല്യ നീലാണ്ടനും കൊച്ചു   നീലാണ്ടനും. രണ്ടു പേരും തൃക്കരിക്കുന്നു മുക്കിലെ രണ്ടു വ്യവസായപ്രമുഖരാണ്. വല്യ നീലാണ്ടന്റെ ചായക്കട പ്രസിദ്ധമാണ്. അവിടെ നിന്നും ചായകുടിക്കാത്ത ഒരു നാട്ടുകാരൻ പോലും കാണില്ല. 

കൊച്ചു നീലാണ്ടൻ വലിയ നീലാണ്ടന്റെ അനിയനാണ്.  ടിയാൻ മുക്കിൽ നിന്നും അൽപ്പം ഉള്ളിലോട്ടു മാറി ഒരു ഉഷ നടത്തുന്നു. ഉഷ എന്നാൽ  ഉപചാരായ ഷാപ്പ്! ചിലർ ഇദ്ദേഹത്തെ ആദരപൂർവ്വം 'വൈദ്യരേ'  എന്ന് കൂടി വിളിക്കും. പണ്ട് ഇദ്ദേഹമൊരു ആര്യ വൈദ്യശാല നടത്തിയിരുന്നത്രേ.

ആളുകൾ കഷായവും ലേഹ്യവുമൊക്കെ മാറ്റി ടോണിക്കും ഓയിൽമെന്റുമൊക്കെ ശീലമാക്കിയപ്പോൾ കൊച്ചു നീലാണ്ടന്റെ കച്ചവടം ഗതിമുട്ടി.

അരിഷ്ട്ടത്തിൽ മുക്കാൽ ഭാഗം വാറ്റു ചാരായം ചേർത്ത് വിപ്ലവാരിഷ്ട്ടം, നീലാണ്ടരസായനം എന്നീ പേരുകളിൽ വിറ്റ് വൈദ്യശാല ഒന്ന് പച്ച പിടിച്ചു വരികയായിരുന്നു. ഏതോ തെണ്ടി കയറി ഒറ്റിക്കൊടുത്തു. എക്സൈസുകാർ തൊണ്ടി സഹിതമാണ് ഇഷ്ട്ടനെ പൊക്കിയത്! തൊണ്ടി സഹിതം പൊക്കിയപ്പോൾ കൊച്ചുനീലാണ്ടന് ഉറപ്പായിരുന്നു ഒറ്റിയ തെണ്ടി ബഹുമാന്യനായ ജേഷ്ഠൻ അല്ലാതെ മറ്റാരുമല്ലെന്ന്! പുറത്തിറങ്ങിയ ഇദ്ദേഹം ആദ്യം ചെയ്തത് ഉപഷാപ്പ് നടത്താനുള്ള ഒരു ലൈസെൻസ് ഒപ്പിച്ചെടുക്കലായിരുന്നു. എക്കാലത്തും ചായയെക്കാൾ അത്യാവശ്യം ചാരായത്തിനാണല്ലോ. ഏതായാലും നനഞ്ഞു.. എന്നാപ്പിന്നെ കുളിച്ചേക്കാം എന്ന് കൊച്ചുനീലാണ്ടനും കരുതിക്കാണും. അങ്ങിനെ കക്ഷി ഒരു ഉഷക്ക് തുടക്കം കുറിച്ചു.

ഉഷയിൽ ഒന്ന് സന്ദർശിച്ചാൽ ആരും ഒന്ന് ഉഷാറാകും. അങ്ങിനെ അക്കൊല്ലത്തെ ഉത്സവവും വന്നെത്തി!

കമ്മിറ്റിയിൽ സുകുവിന്റെ അച്ഛൻ നാണപ്പൻ സഖാവിനെപ്പോലെ പലരും  കേപീഏസിയുടെ നാടകവും  സാമ്പശിവന്റെ കഥാപ്രസംഗവും വേണമെന്ന അഭിപ്രായക്കാരായിരുന്നു. കമ്മ്യൂണിസ്റ്റാക്കിയും ഇരുപതാം നൂറ്റാണ്ടും.

പക്ഷെ കമ്മിറ്റിക്കാരിൽ ഭൂരിപക്ഷവും സമ്പന്നരായ സവർണ്ണ വെണ്ണപ്പാളി വിഭാഗക്കാരായതിനാൽ അവസാന രണ്ടു നാളിൽ ഉണിച്ചിറ വാസുവിന്റ അത്തം പത്തിന് പോന്നോണം എന്ന സാമൂഹ്യ കഥാപ്രസംഗവും മാപ്രാണം മാനിഷാദ തീയറ്റേഴ്‌സിന്റെ ശ്രീരാമജയം എന്ന പുരാണ ബാലെയും മതിയെന്നു വാദിച്ചു. അതങ്ങിനെത്തന്നെ എന്ന തീരുമാനവുമായി. തിരുവായ്ക്ക് എതിർവാ ഇല്ല എന്നാണല്ലൊ പ്രമാണം. ബാക്കി ദിവസങ്ങളിൽ ചെറുകിട കലാപരിപാടികളും. 

ചെറിയ വരുമാനമുള്ള അമ്പലമല്ലേ. വലിയ ചെലവുള്ള പരിപാടികൾ കമ്മിറ്റിക്കാർക്ക് വഹിക്കാൻ പറ്റില്ലല്ലോ. പിന്നെ കമ്മിറ്റിക്കാർക്കും ലേശം ചില്ലറ 'വഹിക്കണ'മല്ലോ. 

എന്തായാലും ആദ്യത്തെ രണ്ടു ദിവസം കഥകളി തന്നെ. ദുശ്ശാസനവധം കഥകളി. ഒന്നാം ദിവസവും രണ്ടാം ദിവസവും. അതങ്ങു ഉറപ്പിച്ചു. നോട്ടീസടിച്ചു.

അക്കൊല്ലം സ്കൂളിൽ മറ്റൊരു പ്രധാനസംഭവമുണ്ടായി. ഒൻപതു സീയിൽ  പുതിയൊരു അഡ്മിഷൻ വന്നു. സുന്ദരിയായ ഒരു പെൺകുട്ടി! ലതാ എസ്സ് നായർ. ടൗണിലെ കോൺവെന്റ് സ്കൂളിൽ ആയിരുന്നു എട്ടു വരെ അവൾ. ചെന്താമര വദനം. പരൽമീൻ കണ്ണുകൾ. ചെന്തൊണ്ടിപ്പഴമൊക്കുമധരം. ഇങ്ങനെയൊക്കെയായിരുന്നു നമ്മുടെ ലതാ എസ് നായർ!

സ്കൂളിൽ വന്ന് ആദ്യദിവസങ്ങളിൽത്തന്നെ ഈ കുട്ടിക്ക് ഒരു വിളിപ്പേരു വീണു. മിൻമിനി ലത

അക്കാലത്ത് പെൺകുട്ടികൾ  ദാവണിയും കാൽപ്പാദം വരെ മൂടുന്ന പാവാടയുമൊക്കെ ഉപേക്ഷിച്ചു  മിനി സ്കെർട്ടിലേക്ക് മാറിയിരുന്നു. അതായിരുന്നല്ലോ അന്നത്തെയൊരു ഫാഷൻ..!

നസീറിനോടൊപ്പം മരം ചുറ്റുമ്പോൾ ഇത്തരം മിനി ആയിരുന്നു ജയഭാരതിയും ഉണ്ണിമേരിയുമൊക്കെ പതിവായി ഇട്ടിരുന്നത്. മിനിയേക്കാൾ ഇറക്കം കുറഞ്ഞ മിനിപ്പാവാടയണിഞ്ഞാണ്‌ നമ്മുടെ കഥാനായിക സ്കൂളിൽ വരിക. പോരെ പൂരം..

ചെറുകാറ്റൊന്നു വീശുമ്പോൾ. ഗോവണിപ്പടികൾ മെല്ലെ മെല്ലെ കയറുമ്പോൾ. ഹൈസ്കൂളിലെ ആൺകുട്ടികൾക്ക് ആകപ്പാടെ ഒരുന്മാദം! കണ്ണിൽ നിറഭേദങ്ങളുടെ പുത്തൻ കാഴ്ച്ചകൾ! വെളുപ്പും ചുവപ്പും പച്ചയും നീലയുമായുള്ള നിറവിന്യസങ്ങൾ.

എന്തായാലും മിൻമിനിലത ആ സ്കൂളിന് ഒരു പുതുജീവൻ കൊടുത്തു. ആൺകുട്ടികൾക്ക് സ്കൂളിൽ വരാൻ ഒരാവേശം കൊടുത്തു. ഏറ്റവും കൂടുതൽ ആവേശിക്കപ്പെട്ടത് ടോമിച്ചൻ തന്നെയായിരുന്നു. 

അത്തരം ആവേശം പതിവായി വഴി മാറുന്നത് പ്രണയത്തിലേക്കാണല്ലോ. അതാണല്ലോ അതിന്റെയൊരു ഇത്. ദേവാനന്ദിനെപ്പോലെ സുന്ദരനായ ഞാനിവിടെയുള്ളപ്പോൾ ഇവളെ പ്രണയിക്കാൻ വേറെയാര് എന്നായിരുന്നു ടോമിച്ചന്റെ ചിന്ത. 

മസ്സിൽമാന്മാരെ പെൺകുട്ടികൾക്കിഷ്ട്ടമാവുമെന്നും പാർട്ടിക്കാരി ആണേൽ തനിക്കും ശ്രമിക്കാമെന്നും സുഹൃത്തുക്കളായ ഗിരിയും സുകുവും  സ്വപ്നം കണ്ടിരുന്നുവെന്നത് മറ്റൊരു രഹസ്യം.

കനകം മൂലവും കാമിനി മൂലവുമാണല്ലോ  കലഹങ്ങൾ തുടങ്ങുക. ടോമിച്ചൻ ഇതിനിടയിൽ ഒരു കടന്ന കൈ കൂടി ചെയ്തു. ഒരു കത്തെഴുതി ആരും കാണാതെ ലതയുടെ പുസ്തകത്തിനുള്ളിൽ വെച്ചു.

ഒരു പ്രണയലിഖിതം..

കത്തിന്റ രത്നച്ചുരുക്കം ഇങ്ങിനെയിരുന്നു...

"എനിക്ക് തന്നെ ഒരുപാടിഷ്ട്ടമാണ്. തിരിച്ചും ഇഷ്ട്ടമാണെങ്കിൽ ഉത്സവത്തിന്റെ കോടിയേറ്റത്തിന് അമ്പലത്തിൽ വരുമ്പോൾ ഒരു ചുവന്ന നക്ഷത്രപ്പൊട്ടു തൊട്ടു വേണം വരാനെന്ന്.

അന്നൊക്കെ ടോമിച്ചൻ മാത്രമല്ല. ഒരുവിധം സകലമാന ആമ്പിള്ളേരും ലതയുടെ പൊട്ട് മുതൽ സകലതും നക്ഷത്രമാണോ വട്ടമാണോ നീളമാണോ എന്നൊക്ക നിത്യേന കണ്ണിലെണ്ണയൊഴിച്ചു ശ്രദ്ധിക്കുമായിരുന്നു.

രാവിലെ ആറു മണിക്കാണ് കൊടിയേറ്റം. മൂന്നു പേരും രാവിലെ അഞ്ചു മണിക്ക് തന്നെ അമ്പലത്തിൽ ഹാജരായിരുന്നു. ചെണ്ടമേളം മുറുകുമ്പോൾ മാലപ്പടക്കങ്ങൾ പൊട്ടുമ്പോൾ അവനവളെക്കണ്ടു. പട്ടുപാവാടയുടുത്തു ചന്ദനക്കുറി യണിഞ്ഞു ശാലീന സുന്ദരിയായ ലത. നെറ്റിയിൽ ചുവന്ന കളറിൽ ഒരു നക്ഷത്രപ്പൊട്ട്!

ടോമിച്ചന് സന്തോഷം കൊണ്ട് ഒന്ന് ചത്താൽ മതീന്ന് തോന്നി! ഈ സന്തോഷം അയാൾ കൂട്ടുകാരുമായും പങ്കിട്ടു. ഇത്തിരി  മനശ്ചാഞ്ജല്യത്തോടെയാണെങ്കിലും ഗിരിയും സുകുവിനും ഒറ്റ നിർബന്ധം. ഇന്ന് രാത്രി കഥകളി സമയം ഈ സന്തോഷം ആഘോഷമാക്കിയേ പറ്റൂ. ചെലവ് സോണീ ടാക്കീസിൽ ഒരു സിനിമ..

പോരാ.

വല്യ നീലാണ്ടന്റെ ചായക്കടയിൽ നിന്നും പൊറോട്ടയും പോത്തിറച്ചിയും.

അതും പോരാ.

ഓരോരുത്തർക്കും ഈ രണ്ടു വീതം പൊടിക്കുപ്പി. പിന്നെ ഒന്നോ രണ്ടോ പുഴുങ്ങിയ താറാമുട്ടയും. അപ്പോഴും കച്ചവടം കിട്ടുക കൊച്ചു നീലാണ്ടനു തന്നെ. അതു കാര്യം വേറെ!

അങ്ങിനെ അന്നും പതിവുപോലെ സന്ധ്യ മയങ്ങി. സന്ധ്യക്ക് മയങ്ങാൻ അങ്ങിനെ പ്രത്യേക കാരണമൊന്നും വേണ്ടല്ലോ. അമ്പലപ്പറമ്പ് ആകെ വിദ്യുത്ദീപങ്ങളാൽ പ്രകാശപൂരിതമായി. ഏകദേശം ഒൻപതു മണി കഴിഞ്ഞപ്പോഴേക്കും അത്താഴമൊക്കെ കഴിഞ്ഞു ജനം ക്ഷേത്രത്തിലേക്ക് ഒഴുകിത്തുടങ്ങി.

കഴിഞ്ഞ രണ്ടു കൊല്ലങ്ങളായി ഇതുപോലുള്ള പരിപാടികളും  രാത്രികാലയാത്രകളും പാടില്ലായിരുന്നല്ലോ. കൃത്യം പത്തു മണിക്കാണ് കഥകളി ആരംഭിക്കുക.

കഥ ദുശ്ശാസനവധം ഒന്നാം ദിവസം. ആറ് പൊടിക്കുപ്പിയും ആറ് കല്ല് ഷോഡായും വാങ്ങാനുള്ള പണം ടോമിച്ചൻ ഗിരിക്ക് കൊടുത്തു. 

അപ്പോഴാണ് ഗിരി ഒരു പ്രത്യേക കാര്യം പറഞ്ഞത്.

ചാരയത്തിന് ലഹരി കൂടുതൽ കിട്ടാൻ ഷോഡായെക്കാൾ നല്ലത് കരിക്കിൻ വെള്ളമാണെന്ന്! പതിനെട്ടാംപട്ടയും ടീഇൻഡുഡീയുമൊന്നും പോരാ.  നല്ല നാടൻ തെങ്ങിന്റെ കരിക്കു തന്നെ വേണം. ഗിരിയുടെ ഏട്ടൻ സാക്ഷാൽ വെട്ടിസുര പറഞ്ഞു കൊടുത്ത അറിവാണ് പോലും!

അമ്പലപ്പറമ്പിന്റെ അപ്പുറം ഒരു മൺറോഡാണ്. അതിനപ്പുറം വലിയൊരു  തെങ്ങിൻപറമ്പ്. അസ്സല് നാടൻ തെങ്ങുകൾ നിറഞ്ഞ പറമ്പ്. അങ്ങോട്ട്‌ ലൈറ്റുകളൊന്നുമില്ലാത്തതുകൊണ്ട് ആരും ഒന്നും കാണില്ല. 

സമയം പത്തു മണി കഴിഞ്ഞു. കേളികൊട്ടു കഴിഞ്ഞു തിരനോട്ടവും കഴിഞ്ഞു രംഗങ്ങൾ തുടങ്ങി. കൃഷ്ണനും ദ്രൗപദിയുമാണ് അരങ്ങിൽ. കൊട്ടി മുറുകുന്ന താളമേളങ്ങൾ..

കരിക്കിടാൻ കയറിയ സുകു മൂന്ന് സ്വയമ്പൻ കരിക്കുകൾ അരയിൽ കെട്ടിവെച്ചു താഴേക്ക് ഇറങ്ങാൻ തുടങ്ങി.

താഴെ മൺറോഡിൽ തെക്കോട്ടു നോക്കി ടോമിച്ചനും വടക്കോട്ട് നോക്കി ഗിരിയും നിന്നു. ആരെങ്കിലും വന്നാൽ സിഗ്നൽ കൊടുക്കാൻ. 

നാടൻതെങ്ങാണ്. മോശമില്ലാത്ത ഉയരമുണ്ട്. പക്ഷെ സുകുവിന് ഇതും ഇതിലപ്പുറവുമൊക്കെ കരതലാമലകം പോലെയാണ്. ചെത്തുകാരൻ നാണപ്പന്റെയല്ലേ മോന്!

സംഗതികളെല്ലാം ഭംഗിയായി നടക്കവേ മറ്റൊരു കാര്യം സംഭവിച്ചു. കഥകളി സംഘത്തിൽ മനക്കപ്പടി പുഷ്‌പ്പനാണ് ദുശ്ശാസനൻ. കത്തി വേഷമാണ് പുഷ്‌പ്പന്. ഇഷ്ട്ടൻ പതിവുപോലെ അരക്കുപ്പി ത്രിഗുണൻ വെള്ളം ചേർക്കാതെ അടിച്ചു മലർന്നു കിടന്നു കൊടുത്തിട്ട് മുക്കാൽ മണിക്കൂറോളമായി. ചുട്ടികുത്താൻ. പോരെങ്കിൽ കത്തിവേഷം കൂടിയാണ്. സമയം കുറെ പിടിക്കും. 

നോക്കണേ ഗതികേട്! ഈ സമയത്താണ് പുഷ്‌പ്പന് മൂത്രശങ്ക തോന്നിയത്. അരക്കുപ്പിയല്ലേ അകത്തു കിടക്കുന്നത്. ദുശ്ശാസനനായാലും ഭീമസേനനായാലും സംഗതി നിറഞ്ഞാൽ ഒഴിച്ചല്ലേ പറ്റൂ. ഇരുട്ടല്ലേ.. ആരും കാണില്ല.

അതുകൊണ്ട് ആ വേഷത്തിൽത്തന്നെ പുഷ്‌പ്പൻ റോഡുകടന്നു ഒരു തെങ്ങിന്റെ മൂട്ടിലിരുന്നു ഒരു ബീഡി കത്തിച്ചു പതുക്കെ കർമ്മം ആരംഭിച്ചു.

തെങ്ങിൽ നിന്നും ഇറങ്ങവേ സുകു ഒരു നിമിഷം താഴേക്ക് നോക്കി.

താഴെ കണ്ട കാഴ്ച!

ക്ഷേത്രഗോപുരത്തിൽ ഇട്ട ചുവപ്പ് മഞ്ഞ പച്ച നിറത്തിലുള്ള കളർ ബൾബുകൾ ദുശ്ശാസനന്റെ കിരീടത്തിലും മുഖത്തും ഒട്ടിച്ച സ്വർണ്ണവർണ്ണ തങ്കക്കടലാസ്സിൽ പ്രതിഫലിക്കുന്നുണ്ടായിരുന്നു. ഒപ്പം കാജാ ബീഡിയുടെ തീ നിറവും. 

ആ നിമിഷം സുകു താഴെ കണ്ടത്. കോപാകുലനായി അഗ്നി രൂപത്തിൽ താഴെ നിൽക്കുന്ന സാക്ഷാൽ ശിവശങ്കരനെയാണ്!  

കൈലാസനാഥൻ തന്റെ ത്രിക്കണ്ണു തുറന്നിരിക്കുന്നു! അടുത്ത നിമിഷം താനെന്ന അശു ഒരുപിടി ചാരം! സുകുവിന്റെ ശരീരമാസകലം ഒരു നിമിഷം വെട്ടിവിറച്ചു. കൈകൾ ബലഹീനമാകുന്നത് പോലെ. 

ആകാശത്തുനിന്നും ശരവേഗത്തിൽ "എന്റെ ഭാഗവാനേ.. കാത്തോളണേ.." എന്ന അലർച്ചയോടെ ഇഴുകി ശുർ.. ന്ന് താഴോട്ടു പോന്നു.

ദുശ്ശാസനൻ  അലർച്ച കേട്ട് പകുതിയൊഴിച്ച മൂത്രവുമായി ഒരുനിമിഷം മുകളിലോട്ട് നോക്കി. മൂന്നു തലയുള്ള ഒരു ഭീകര രൂപം തന്നെ വിഴുങ്ങാൻ അലറിക്കൊണ്ട് മാനത്തു നിന്നും താഴേക്ക് വരുന്നു! പുഷ്‌പ്പൻ വെട്ടിയിട്ട പഴപ്ലാച്ചക്കപോലെ ഒറ്റ വീഴ്ചയായിരുന്നു! പിന്നെ എപ്പോഴോ എഴുന്നേറ്റു കാണും..

അന്നേരം പാതിക്ക് നിന്ന പുഷ്പ്പന്റെ മൂത്രം പോകാൻ കർപ്പസ്ത്യാദി തൈലമിട്ട് ഒരു മാസം ഉഴിയേണ്ടി വന്നത്രെ! ഭീമന്റെ ഗദാപ്രഹരത്താൽ തകർന്ന ദുശ്ശാസനന്റെ തുടകൾ പോലെയായി സുകുവിന്റേതും!

ഇതൊന്നുമറിയാതെ കഥകളി കാണാനെത്തിയ പൊതുജനം കോളാമ്പി മൈക്കിലൂടെ കേട്ടത് ഇങ്ങനെയാണ്..

"കഥകളി സംഘത്തിലെ ശ്രീ മനക്കപ്പടി പുഷ്‌പ്പൻ പരിസരത്തെവിടെയെങ്കിലുമുണ്ടെങ്കിൽ സ്റ്റേജിലേക്ക് വരാനപേക്ഷ..!!"

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ