mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

(Sreehari Karthikapuram)

"ഹലോ നോർത്ത് റയിൽവേ സ്‌റ്റേഷന് സമീപം ഒരു മൃതദേഹം കിടപ്പുണ്ട്. ഒന്നു ശ്രദ്ധിക്കുക."  വയർലസ് ഫോണിലൂടെയുള്ള ശബ്ദ സന്ദേശം കേട്ട് കൊണ്ടാണ് കോൺസ്റ്റബിൾ സതീഷ് വാഹനത്തിനടുത്തേക്ക് എത്തിയത്.


നൈറ്റ് പെട്രോളിംഗിന്റെ ക്ഷീണം തീർക്കാൻ വാസുവേട്ടന്റെ തട്ടുകടയിലെ തട്ട് ദോശയും കട്ടനും കഴിക്കാൻ നിർത്തിയതാണ്.

" സാറേ.. ഒരു അർജന്റ് മെസേജ് ഉണ്ട്." എന്താടോ, ഇതൊന്ന് തീർക്കട്ടെ, ഇപ്പം വരാം.

സി.ഐ ജോസഫ് ജോർജ് വാസുവേട്ടന്റെ തട്ട് ദോശ തട്ടുന്ന തിരക്കിലാണ്.
സതീഷ് സിഐ യുടെ അടുത്തേക്ക് വന്നു. " നോർത്തിൽ ഒരു ഡെഡ് ബോഡി കിടക്കുന്നുവെന്ന് ".

അത് ചാകാൻ വേണ്ടി തന്നെ വന്ന ഏതേലും നാറിയായിരിക്കും. ജോസഫ് ജോർജിന്റെ മറുപടി പരുക്കനായിരുന്നു.


"അല്ല സാറേ.. മൃതദേഹത്തിന് സമീപം ഒരു ലെറ്റർ കണ്ടെന്നാ പറയുന്നേ.. സംഭവം ആത്മഹത്യ കുറിപ്പാണ്. പക്ഷെ വേറെന്തിന്റെ യോ സൂചന പോലെയുണ്ടാന്നാണ് മെസേജ്."
ആത്മ ഹത്യ കുറിപ്പിൽ എന്ത് സൂചനയെന്നാടോ.. ആകെയുളള സൂചന അയാൾ ചാകാൻ പോകുവാന്നുള്ളത.. എന്നതായാലും വണ്ടിയെടുക്ക്. ഒന്ന് പോയ് നോക്കിയേക്കാം..
സതീഷീന്റെ കാൽ ആക്സിലേറ്ററിൽ അമർന്നതും നോർത്ത് റയിൽവേ സ്റ്റേഷൻ ലക്ഷ്യമാക്കി പോലീസ് വാഹനം പാഞ്ഞ് പോയി.

സ്റ്റേഷനും പരിസരവും ജനങ്ങളെ കൊണ്ട് തിങ്ങി നിറഞ്ഞിരുന്നു. സി ഐ ജോസഫ് ജോർജും സതീഷും വാഹനത്തിൽ നിന്നിറങ്ങി.
" ഇവന്മാരെയൊക്കെ ഒന്ന് ഒഴിപ്പിക്കണമല്ലോടോ,,,, "
ഇപ്പം ശരിയാക്കാം സാർ... എല്ലാവരും ഇങ്ങോട്ട് മാറി നിന്നേ.. ഹാ... മാറാൻ....
സതീഷ് കുടി നിന്നവരുടെ മുന്നിലേക്ക് നീങ്ങി. ഒന്നാമത്തെ പ്ലാറ്റ്ഫോമിലാണ് ബോഡി കിടക്കുന്നത്. അതും കസേരയിൽ ഇരിക്കുന്ന അവസ്ഥയിൽ. ജോസഫ് ജോർജ് അങ്ങോട്ട് നടന്നു. റയിൽവേ ജീവനക്കാർ ചുറ്റിനും നില്ക്കുന്നു. ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് പോലീസുകാർ കാവൽ നിൽപ്പുണ്ട്.

"ഇവരെയൊന്നും ഇത് വരെ മാറ്റിയില്ലേടോ.." സി ഐ യുടെ ശബ്ദം കേട്ട മാത്രയിൽ കോൺസ്റ്റബിൾസ് പ്രവർത്തനക്ഷമരായ്.
ചാരിയിരിക്കുന്ന അവസ്ഥയിലാണ് മൃതശരീരം. തല കുമ്പിട്ടിരിക്കുന്നു. വേഷം അയാളെ ഒരു സെക്യൂരിറ്റി ജീവനക്കാരനെ പോലെ തോന്നിപ്പിച്ചു.
"സർ.. ഇയാളുടെ ശരീരത്തിൽ നിന്ന് ആകെ കിട്ടിയത് ഇതാണ്.. "
കോൺസ്റ്റബിൾ നീട്ടിപ്പിടിച്ച പേപ്പർ തുണ്ട് ജോസഫ് ജോർജ് വാങ്ങിച്ചു. അതിലെ കറുത്തുരുണ്ട വടിവൊത്ത അക്ഷരങ്ങൾ ജോസഫിന് ഭ്രാന്ത് പിടിപ്പിക്കുന്നതായിരുന്നു.

" എന്റെ ആത്മഹത്യ കുറിപ്പ്.
ഇത് സി ഐ ജോസഫ് ജോർജിന് വേണ്ടി റിട്ടയേർഡ് പട്ടാളക്കാരൻ കൃഷ്ണമേനോൻ എഴുതുന്നത്. നിങ്ങൾ ഇവിടെ വരും എന്ന് എനിക്കുറപ്പായിരുന്നു. ആയതിനാലാണ് എന്റെ അവസാന നിമിഷം ഇവിടെ ചിലവഴിക്കാം എന്ന് ഞാൻ തീരുമാനിച്ചത്. ഇവിടം ഒത്തിരി ആൾക്കാർ ഉണ്ടായിരുന്നു. ഒരു സ്ഥലത്ത് നിന്നും മറ്റൊരു സ്ഥലത്തേക്ക് യാത്രയുമായ് എത്തിയവർ. ഞാനും ഒരു യാത്രയുമായാണ് വന്നത്. പക്ഷെ.... ആ യാത്ര പുതിയതായിരുന്നു. ജീവിതത്തിൽ ആദ്യമായ് പോകുന്ന ആ യാത്രക്ക് സാക്ഷ്യം വഹിക്കാൻ നിങ്ങൾ ഉണ്ടാവണം എന്ന് എനിക്ക് നിർബന്ധം ഉണ്ടായിരുന്നു. അത് കൊണ്ട് മാത്രമാണ് ഈ സ്ഥലം ഞാൻ തിരഞ്ഞെടുത്തത്. ഇന്ന് വരെ KNB ബാങ്കിന്റെ സെക്യൂരിറ്റി ഓഫീസറായ് ഞാൻ ജോലി നോക്കി. അവിടെയുള്ളവരുടെ സംരക്ഷണം എന്റെ ഉത്തരവാദിത്വമായിരുന്നു. എന്റെ ജീവിതം അത്രയും മറ്റുള്ളവരുടെ ജീവൻ സംരക്ഷിക്കുന്നതിനായിരുന്നു. ഈ മരണവും അതിന് വേണ്ടിയാണ്. നിങ്ങൾ ബുദ്ധിശാലിയായ ഓഫീസർ ആണ് എന്നെനിക്കറിയാം. അത് കൊണ്ട് തന്നെ ഈ കത്തിന്റെ സൂചനകൾ നിങ്ങൾ തേടുമെന്നും. എന്റെ മരണം എന്റെ മാത്രം താല്പര്യമായിരുന്നു. ഇതൊരിക്കലും ഒരു ഇല്ലാതാക്കലല്ല, ഒരു തുടക്കമാണ്.
ഇന്ന് ഞാൻ. – നാളെ നീ."

ജോസഫ് ജോർജിന് ചുറ്റും ഇരുട്ട് കയറുന്നതായ് തോന്നി. തന്നെ ടാർജറ്റ് ചെയ്തൊരു ആത്മഹത്യ. എന്തിന്..?, ആരാണയാൾ..?, ഞാനും തമ്മിലുള്ള ബന്ധമെന്ത്..,? എവിടെയും തൊടാതെ ഒരു സൂചനയും നൽകാത്തൊരു ആത്മഹത്യ കുറിപ്പ്.

"സതീഷ്... എല്ലാവരെയും ചോദ്യം ചെയ്യണം.. ബോഡി എത്രയും പെട്ടന്ന് മോർച്ചറിയിലേക്ക് മാറ്റണം. അസാധാരണമായി എന്ത് കണ്ടാലും വിട്ടുകളയരുത്. വിവരങ്ങൾ അപ്പപ്പോൾ അറിയിച്ചിരിക്കണം."

"സർ.'' സതീഷ് ബോഡിക്കരുകിലേക്ക് നീങ്ങി.
ജോസഫ് ജോർജ് പുറത്തേക്കും. അല്ലെങ്കിലും എന്തായിരിക്കാം അയാളുടെ മോട്ടീവ്.. ചുണ്ടിൽ എരിഞ്ഞമർന്ന സിഗരറ്റ് കുറ്റിയിൽ ഉയർന്ന പുക പോലെ മനസും പുകഞ്ഞു കൊണ്ടിരുന്നു.

രാവിലെ തന്നെ KNB ബാങ്കിന്റെ മുന്നിലേക്ക് പോലീസ് വാഹനം പാഞ്ഞ് വന്നു. രണ്ടാം നിലയിലാണ് ബാങ്കിന്റെ പ്രവർത്തനം. ബാങ്കിന് മുന്നിൽ തന്നെ കൃഷ്ണമേനോന് അനുസ്മരണം അറിയിച്ചു കൊണ്ട് പോസ്റ്ററുകൾ പതിച്ചിരിക്കുന്നു.

സി ഐ യും കോൺസ്റ്റബിൾ സതീഷും മുകളിലേക്ക് കയറി. ജീവനക്കാർ വന്നു തുടങ്ങിയതേയുള്ളു. മൂളിപ്പാട്ടും പാടി ഒരു മധ്യവയസ്കയായ സ്ത്രീ നിലം തുടയ്ക്കുന്നുണ്ട്. ഫയലുകൾ അടുക്കി ക്യാമ്പിനിലേക്ക് മാറ്റുന്ന ഒന്നു രണ്ട് സ്റ്റാഫുകളും ഉണ്ട്.
പോലീസുകാരെ കണ്ടപ്പോൾ തന്നെ ആ സ്ത്രീ നിലം തുടയ്ക്കൽ നിർത്തി ഒതുങ്ങി നിന്നു. "മാനേജരെത്തിയില്ലേ.. " സതീഷാണ് ചോദിച്ചത്..
"സാറ് വരുന്നേയുള്ളു... സാറന്മാര് ഇരിക്ക്."
ജോസഫ് ജോർജ് അവിടെയാകമാനം വീക്ഷിക്കുകയായിരുന്നു. "എവിട സെക്യൂരിറ്റി ക്യാബിൻ.."
അങ്ങനെ ക്യാബിനൊന്നും ഇല്ല സാറേ.. അദ്ദേഹം ഇവിടെയായിരുന്നു ഇരിക്കാറ്. മുൻ വശത്തെ കസേരയിലേക്ക് ചൂണ്ടി ആ സ്ത്രീ മറുപടി പറഞ്ഞു.
"എന്താ നിങ്ങളുടെ പേര്.. "
"റോസമ്മ.".
"റോസമ്മക്ക് കൃഷ്ണമേനോനെ എത്രകാലമായി അറിയാം?"
"ഞാൻ അഞ്ചാറ് കൊല്ലമായി സാറേ ഇവിടെ പണി തുടങ്ങിയിട്ട്.. അന്നു മുതല് എനിക്ക് അദ്ദേഹത്തെ അറിയാം. ഒരു പാവം മനുഷ്യനായിരുന്നു. ആരോടും മുഷിഞ്ഞ് വർത്തമാനം പറയുന്നത് ഞാനിത് വരെ കണ്ടിട്ടില്ല. എല്ലാവർക്കും പുള്ളിയെ വല്യ കാര്യമായിരുന്നു."
"റോസമ്മക്കോ..?"
ജോസഫിന്റെ ചോദ്യത്തിന് അവർ ഒന്ന് ചിരിക്കുക മാത്രമാണ് ചെയ്തത്.
അയാളുടെ കുടുംബമൊക്കെ എങ്ങനാ..?
സതീഷ് അവർക്കരുകിലേക്ക് നീങ്ങി നിന്ന് ചോദിച്ചു.
''പുള്ളി ഒറ്റത്തടിയായിരുന്നു സാറേ.. നേരത്തെ പട്ടാളത്തിലായിരുന്നു. റിട്ടയർഡ് ആയപ്പോൾ ഇവിടെ സെക്യൂരിറ്റി ആയിട്ട് വന്നതാണ്. പിന്നെ അടുത്ത ആഴ്ച കൃഷ്ണന്റെ കല്യാണം നടക്കേണ്ടതായിരുന്നു."
"കല്യാണമോ.. ഈ പ്രായത്തിലോ..?" ചോദിച്ചത് ജോർജ് ജോസഫാണ്.
"അതേ സാറേ.. പ്രായമായപ്പോ ഒരു കൂട്ട് വേണമെന്ന് തോന്നിക്കാണും.. വസുന്ധര എന്ന അവരുടെ പേര്. കഴിഞ്ഞ കുറച്ച് കാലമായ് അവരെക്കുറിച്ച് മാത്രമായിരുന്നു കൃഷ്ണൻ സംസാരിച്ചിരുന്നത്. അവരുടെ ഭർത്താവ് മരിച്ചു പോയതാത്രേ.. രണ്ട് കുട്ടികളുമുണ്ട്."
ഈ.. വസുന്ധരയുടെ വീടെവിട..?
"നോർത്ത് റെയിൽവേ സ്റ്റേഷന്റെ അടുത്താണന്നാ പറഞ്ഞത്.. "

"ഉം.. വാടോ..." ജോസഫ് ജോർജ് ബാങ്കിൽ നിന്ന് പുറത്തേക്കിറങ്ങി. പുറകേ സതീഷും. "നോർത്തിൽ പോയി അവരെ കുറിച്ച് അന്യോഷിക്കണം. അവരുടെ മൊഴി എത്രയും പെട്ടന്ന് രേഖപ്പെടുത്തണം."
"ശരി സർ." സതീഷ് മറുപടി നൽകി.
അന്നത്തെ ദിവസത്തിന് നീളം കൂടുതലായ് ജോസഫ് ജോർജിന് തോന്നി. ഓഫീസിലെ ചുവരിൽ തൂക്കിയ ക്ലോക്കിന് വേഗത പോരെന്ന് അയാൾക്ക് തോന്നി. വസുന്ധരയെ പറ്റി അന്യോഷിക്കാൻ പോയ സതീഷ് മടങ്ങി വന്നത് ഉച്ചക്ക് ശേഷമാണ്. ജോസഫ് ആകാംക്ഷയോടെ സതീഷിന്റെ മുഖത്തേക്ക് നോക്കി.

"സർ, അവിടെയിനി അന്യോഷിക്കാനൊരു ഇടവുമില്ല. രണ്ട് കുട്ടികളുള്ള വസുന്ധര എന്ന സ്ത്രി അവിടെ എവിടെയും താമസമില്ല. അതൊരു ഡെഡ് എൻഡ് ആണ് സർ."

ജോസഫ് ജോർജിന് തല പെരുത്തു കയറി. കൃഷ്ണമേനോൻ - വസുന്ധര - നോർത്ത് റെയിൽവേ സ്റ്റേഷൻ - KNB ബാങ്ക് – ആത്മ ഹത്യ കുറിപ്പ്, ഒന്നും... ഒന്നും തമ്മിൽ യോജിപ്പിക്കാൻ അയാൾക്ക് കഴിഞ്ഞില്ല.
അന്ന് ഓഫീസിൽ നിന്ന് മടങ്ങുമ്പോഴും രാത്രി ഉറങ്ങാൻ കിടക്കുമ്പോഴുമെല്ലാം അയാളുടെ മനസിൽ ആ ആത്മഹത്യക്കുറിപ്പ് ആയിരുന്നു, അതിലെ അവസാന വാചകമായിരുന്നു.
''ഇന്നു ഞാൻ...... നാളെ.... നീ."

രാവിലെ സതീഷ് സ്റ്റേഷനിൽ എത്തിയത് മറ്റൊരു വാർത്തയുമായാണ്. സി ഐ ജോസഫ് ജോർജ് ആത്മഹത്യ ചെയ്തിരിക്കുന്നു. ആ വാർത്ത അവിടുള്ള മുഴുവൻ പോലീസുകാരെയും സ്തബ്ദരാക്കി. സ്വന്തം കട്ടിലിൽ വിഷം ഉള്ളിൽ ചെന്ന രീതിയിലാണ് ജോസഫ് ജോർജിന്റെ ബോഡി കാണപ്പെട്ടത്. അടുത്ത്തന്നെ കാണപ്പെട്ട വിഷത്തിന്റേതെന്ന് തോന്നിപ്പിച്ച ചെറിയ ഒരു കുപ്പിയാണ് ആ ഒരു അനുമാനത്തിന് കാരണം. അസാധാരണമായ് ഒരു ആത്മഹത്യ കുറിപ്പ് മാത്രമാണ് അവിടെ അവശേഷിച്ചത്. കൃഷ്ണമേനോന്റെ സമാനതകൾ എല്ലാം നിറഞ്ഞൊരു കുറിപ്പ്.

സി.ഐയുടെയും കൃഷ്ണമേനോന്റെയും കൊലപാതകം ന്യൂസ് ചാനലുകൾ ചാകരയാക്കി. മണ്ണിക്കൂറുകൾ നീണ്ട ചർച്ചകളിൽ അവർ ആ മൃതദേഹങ്ങൾ വീണ്ടും വീണ്ടും കീറി മുറിച്ചു. കൃഷ്ണമേനോന്റെ ശരീരം ഏറ്റുവാങ്ങുവാൻ ആരും വരാത്തത് കൊണ്ട് പോലീസ് എസ്കോർട്ടോട് കൂടി പൊതു ശ്മശാനത്തിൽ സംസ്കരിച്ചു. ജോസഫ് ജോർജിന്റെ മൃതദേഹം പൊതുദർശനങ്ങൾക്കൾക്ക് ശേഷം ഔദ്യോദിക ബഹുമതികളോട് കൂടി തിരുവനന്ദപുരത്തുള്ള തറവാട്ട് വീട്ടിൽ സംസ്കരിച്ചു.

ഒരു സെക്യൂരിറ്റി ഓഫീസറെക്കാളും ഒരു പോലീസുകാരന്റെ കൊലപാതകം പോലീസ് സേനയെ മുഴുവൻ ജാഗരൂഗരാക്കി. ഇൻവസ്റ്റിഗേഷന് വേണ്ടി പ്രത്യേകം ടീമിനെ നിയോഗിച്ചു. അവർ ഓരോ മുടിയിഴ പോലും കീറി മുറിച്ച് പരിശോദിച്ചുകൊണ്ടിരിന്നു. അവർക്ക് മുമ്പിൽ ആകെയുണ്ടായിരുന്ന തെളിവ് രണ്ട് ആത്മഹത്യ കുറിപ്പുകൾ മാത്രമാണ്. ടീം ലീഡർ റഷീദ് റഹ്മാൻ മലപ്പുറം സ്വദേശിയായ ഒരു ഡി വൈ എസ് പിയാണ്.
പോസ്റ്റ്മാർട്ടം റിപ്പോർട്ട് സ്വഭാവിക മരണമെന്ന് വിധിയെഴുതി. ആത്മഹത്യ എങ്കിൽ എങ്ങനെ, ഒരു വിഷത്തിന്റെ അംശം പോലും ശരീരത്തിൽ ഇല്ലന്നാണ് ഡോക്ടർമാരുടെ പക്ഷം. അപ്പോൾ സി ഐയുടെ റൂമിൽ നിന്ന് കിട്ടിയ വിഷക്കുപ്പി എന്ത് എന്ന് അവർക്ക് ആലോചിച്ചിട്ട് ഒരു പിടുത്തവും ഇല്ലായിരുന്നു.

റഷീദ് റഹ്മാൻ അടിയന്തിര മീറ്റിംഗ് ടീമംഗങ്ങളെ അറിയിച്ചു. നാല് കോൺസ്റ്റബിളും ഒരു എസ്ഐയും ജോസഫ് ജോർജിന്റെ ഒപ്പമുണ്ടായിരുന്ന സതീഷും ഉൾപ്പെട ഏഴു പേരാണ് ടീമിലുണ്ടായിരുന്നത്. എല്ലാവരും കൃത്യസമയത്ത് തന്നെ എത്തിചേർന്നു. സഹപ്രവർത്തകന്റെ മരണത്തിലെ സങ്കടവും അതിന് കാരണക്കാരനായവരോടുള്ള ദേഷ്യവും എല്ലാവരുടെയും മുഖത്ത് പ്രകടമാണ്. റഷീദ് റഹ്മാൻ സംസാരിച്ചു തുടങ്ങി.

"സുഹൃത്തുക്കളെ, നമ്മുക്ക് മുമ്പിലുള്ളത് രണ്ട് ആത്മഹത്യ കുറിപ്പുകൾ മാത്രമാണ്.കൂടാതെ ഒരു വിഷ കുപ്പിയും. എന്നാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പ്രകാരം രണ്ട് പേരുടെയും ഉളളിൽ വിഷം ഇല്ല എന്നതാണ്. അങ്ങനെയെങ്കിൽ പ്രതി നമ്മളെ വഴി തിരിക്കാൻ ശ്രമിച്ചതാവണം. അപ്പോൾ എന്തായിരിക്കാം ഇവരുടെ മരണകാരണം.? രണ്ടു പേരും മരിക്കുന്നതിന് മുമ്പ് അവശനിലയിലായിരുന്നു. ആന്തരിക അവയവങ്ങൾ സാവധാനം നിലച്ചതാണ് മരണകാരണം. ക്രൈം സീനിൽ രണ്ട് പേരും ഒമിറ്റ് ചെയ്തത് ഇതിന്റെ കാരണമാവാം. ശരീരത്തിന് ക്ഷതമൊന്നും സംഭവിക്കാതെ നടത്തിയ ഒരു നിശബ്ദ കൊലപാതകമായോ, അതോ രണ്ടും സ്വഭാവികമായ മരണമായോ, എന്താണ് നിങ്ങൾക്ക് തോന്നുന്നത്..?"

"സർ...." സതീഷാണ് വിളിച്ചത്. "ഉം.. പറയൂ.. " റഷീദ് മറുപടി നൽകി.
"അങ്ങനൊരു അവശത ജോസഫ് സാറിന്റെ കാര്യത്തിൽ ഉണ്ടായിരുന്നില്ല. കാരണം അന്ന് ഞങ്ങൾ പിരിയുമ്പോൾ അത്തരത്തിലുള്ള ലക്ഷണങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ മനസിൽ മുഴുവൻ ആ സെക്യൂരിറ്റി ജീവനക്കാരന്റെ മരണം മാത്രമായിരുന്നു. കാരണം ആ കത്തിൽ സാറിന്റെ പേര് പറഞ്ഞിരുന്നത് കൊണ്ട് അതിന്റെ സത്യം കണ്ടെത്തുവാൻ കുറേ കഷ്ടപ്പെട്ടിരുന്നു."
"സതീഷ്.. ഈ ജോസഫ് ജോർജിന് ഭാര്യ, മക്കൾ ഒന്നുമില്ലേ..?"
"ഇല്ല സർ.. അദ്ദേഹം കല്യാണം കഴിച്ചിട്ടില്ല. പക്ഷെ അദ്ദേഹത്തിന് ഒരു കാമുകിയുണ്ടായിരുന്നു. അവരെ എനിക്കറിയില്ലെങ്കിലും ജോസഫ് സാർ ഇടയ്ക്കിടക്ക് അവരെ വിളിക്കുന്നത് കാണാമായിരുന്നു.. "
"അവരുടെ പേര്...?"
"അറിയില്ല സർ.. അത്തരം കാര്യങ്ങൾ ചോദിക്കുന്നത് സാറിന് ഇഷ്ടമല്ലായിരുന്നു."

"OK ഗയിസ്... എല്ലാവരും ശ്രദ്ധിക്കുക.. കൃഷ്ണമേനോന്റെയും സിഐ ജോസഫ് ജോർജിന്റെയും കാൾ ഡീറ്റയിൽസ് എത്രയും പെട്ടന്ന് കളക്റ്റ് ചെയ്യണം. സിഐ യുടെ വീട്ടിൽ നിന്ന് കിട്ടിയ വിഷ കുപ്പി ഫോറൻസിക് പരിശോധനക്ക് വിധേയമാക്കണം. രണ്ട് പേരും തമ്മിലുള്ള സിമിലാരിറ്റികൾ പഠിക്കണം. പ്രണയം, ജീവിതം, കഴിഞ്ഞ കാലം അങ്ങനെ എല്ലാം.. OK. നമ്മൾ കണ്ടെത്തിയിരിക്കും.. ഇതിന്റെ പുറകിൽ ഒരു ശക്തിയുണ്ടെങ്കിൽ തീർച്ചയായും കണ്ടെത്തിയിരിക്കും."

രാത്രി ഏറെയായിട്ടും റഷീദ് റഹ്മാന് ഉറക്കം വന്നിരുന്നില്ല. ടേബിൾ ലൈറ്റിന്റെ അരണ്ട വെളിച്ചത്തിൽ അയാൾ ആ ക്രൈം സീനുകൾ പഠിക്കുകയായിരുന്നു. ഫയലിൽ ആദ്യം തന്നെ രണ്ട് ആത്മഹത്യ കുറിപ്പുകളും സ്ഥാനം പിടിച്ചിട്ടുണ്ട്. അതിൽ സിഐ ജോസഫ് ജോർജിന്റെത് റഷീദ്‌ കൈയ്യിലെടുത്തു. രണ്ട് പേരുടെയും കുറുപ്പുകൾ ഒരാളാണ് എഴുതിയതെന്ന് കൈയ്യക്ഷരം വ്യക്തമാക്കുന്നു. അയാൾ അതീവ ശ്രദ്ധയോടെ ആ വരികളിലൂടെ കണ്ണുകൾ പായിച്ചു.

"ഞാൻ ജോസഫ് ജോർജ്, ഒരു പോലീസുകാരൻ. ജനങ്ങെളെ സംരക്ഷിക്കുന്നതിനാണ് ഞാൻ ഈ ജോലി തിരഞ്ഞെടുത്തത്. ചെറുപ്പം മുതലെ പോലീസ് സ്റ്റോറികളുളള സിനിമകളായിരുന്നു എനിക്ക് പ്രിയം. ക്രൈം സീനുകളിൽ രക്ഷകനായി എത്തുന്ന ഓഫീസർ. അങ്ങനൊരു ഓഫീസറാകാനാണ് ഞാനും ഈ കുപ്പായം തുന്നിയത്. പക്ഷെ ഞാനങ്ങനെയായിരുന്നില്ല. പല പ്രമാണിമാർക്കും സംരക്ഷണം നൽകേണ്ടുന്ന ഒരു കൂലിക്കാരൻ മാത്രമായി ഞാൻ. ആരുടെയൊക്കെയോ ആഞ്ജകൾ മാത്രം അനുസരിക്കേണ്ടവൻ. ഇനിയുള്ള കാലം ഞാൻ ഞാനായ് ജീവിക്കും, അങ്ങ് സ്വർഗത്തിന്റെ വാതിൽക്കൽ എനിക്കായ് ഒരുക്കുന്ന വരവേൽപ് ഞാനറിയുന്നു. നിനക്ക് മുമ്പേ സഞ്ചരിക്കാൻ ഞാൻ ഒരുങ്ങി കഴിഞ്ഞു, നിനക്ക് വഴിയൊരുക്കി ഒരുപടി മുന്നേ... ഇന്ന് ഞാൻ. .. . നാളെ നീ."

എന്താണ് ഇങ്ങനൊരു കത്ത്...റഷീദ് റഹ്മാന്റെ മുഖത്ത് ഒരു പുഞ്ചിരി കാണാമായിരുന്നു.

രാവിലെ ഓഫീസിലെത്തിയപ്പോൾ തന്നെ അയാൾ ടീം മെമ്പേഴ്സിനെ വിളിച്ച് കൂട്ടി.
രണ്ട് കൊലപാതകങ്ങളുടെയും റിപ്പോർട്ട് എടുത്ത് മേശയിലേക്കിട്ടു. "സതീഷ്.. രണ്ട് സംഭവങ്ങളിലും ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങൾ എന്താണെന്ന് മനസിലായോ..?"
സർ... രണ്ടും നോർത്ത് സ്റ്റേഷൻഭാഗം ബെയ്സ് ചെയ്താണ്. മാത്രവുമല്ല രണ്ട് പേരുടെയും അവസാന നാളുകളിൽ ഒരു സ്ത്രീ കടന്നു വരുന്നുണ്ട്. കാൾ ഡീറ്റയിൽസ് പരിശോധിച്ചത് പ്രകാരം അവസാനം രണ്ട് പേരെയും വിളിച്ചിരിക്കുന്നത് ഒറ്റ നമ്പറിൽ നിന്നാണ്. അതൊരു മരിച്ച് പോയ സ്ത്രീയുടെ പേരിലുള്ളതാണ്. ഒരു വസുന്ധര. അവരുടെ ലൊക്കേഷൻ ട്രെയ്സ് ചെയ്യാൻ കഴിയുന്നില്ല. അവര് ഉപയോഗിക്കുന്നത് കാൾ ഫെസിലിറ്റി മാത്രമുള്ള സാദാരണ ലോക്കൽ ഫോണായിരിക്കണം. ലാസ്റ്റ് ടവർ ലൊക്കേഷനും നോർത്ത് സ്റ്റേഷൻ പരിധിയിലാണ് സർ.. "

"അപ്പോ.... അവനോ, അവളോ ഇവിടെ തന്നെയുണ്ട്. ഗയിസ്... അവരുടെ ആദ്യത്തെ കത്തിൽ ജോസഫ് ജോർജ് എന്ന പോലീസ് കാരനാണ് അടുത്ത ഇര എന്ന് സൂചിപ്പിരുന്നു.. അല്ലേ.. "
"അതെ സർ.. "
''അപ്പോ രണ്ടാമത്തെ കത്തിൽ.. "
"സർ...."
"യെസ്. ആരാണേലും അവൻ ടാർജറ്റ് ചെയ്യുന്ന അടുത്ത ഇര ഞാനാണ്. ഓരോരുത്തരെയായ് അവന്റെ മുന്നിലെത്തിക്കുന്ന കളിയാണ് അവൻ കളിച്ചു കൊണ്ടിരുന്നത്. ഇനിയുള്ള കളി നമ്മൾക്ക് കളിക്കാം.. "
"സർ... ഫോറൻസികിന് അയച്ച വിഷ കുപ്പിയുടെ റിപ്പോർട്ട് വന്നിട്ടുണ്ട്. " ടീമിലെ കോൺസ്റ്റബിൾ സുകുമാരൻ പറഞ്ഞു.
"എന്താ സുകുമാരാ... പ്രതീക്ഷക്ക് വല്ല വകയുമുണ്ടോ.."
"സർ... അക്കൊണൈറ്റ് എന്ന വിഷത്തിന്റെ സാന്നിദ്ധ്യമാണ് കുപ്പിയിലുള്ളത് എന്നാണ് പറയുന്നത്. "
"വുൾഫ്സ് ബേൻ" റഷീദ് റഹ്മാൻ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു.
"എന്താണ് സർ ഈ വുൾഫ്സ് ബേൻ.."
"വിഷവീര്യമുള്ള ഒരു ആൽക്കലോയ്ഡ്. അതിവിടയം, വത്സനാഭിഎന്നും മറ്റും പേരുള്ള അക്കൊണൈറ്റ് പൂച്ചെടികളിൽനിന്നു പ്രകൃത്യാ കിട്ടുന്ന ഒന്ന്. നിങ്ങൾ ഹാരീ പോട്ടർ കഥകൾ ഒക്കെ വായിച്ചിട്ടില്ലേ... അതിൽ കൊലപ്പെടുത്തുന്നതിനായ് ഉപയോഗിക്കുന്ന വിഷമാണ് ഇത്. അതിൽ നൽകിയിരുന്ന പേരാണ് വൂൾഫ്സ് ബേൻ.
ഉണങ്ങിയ ഇലകളും വേരുകളും സംസ്കരിച്ചാണ് അക്കൊണൈറ്റ് നിര്‍മ്മിക്കുന്നത്.

സ്വാഭാവികമരണമാണെന്ന് തോന്നും വിധത്തില്‍ കൊല നടത്താന്‍ അക്കൊണൈറ്റ് ഉപയോഗിച്ചാല്‍ മതി.
ഇരയുടെ ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനം സാവധാനത്തില്‍ നിലയ്ക്കുന്ന തരത്തിലാണ് ഈ വിഷം ശരീരത്തില്‍ പ്രവര്‍ത്തിക്കുന്നത്. അക്കൊണൈറ്റിന്റെ സാന്നിദ്ധ്യം പോസ്റ് മോര്‍ട്ടത്തില്‍ തെളിയില്ല എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.
ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനം പതിയെ നിലച്ച് ഒടുവില്‍ ശ്വാസം കിട്ടാതെ ഇര പിടഞ്ഞു മരിക്കും. ആകെ 30 മിനിട്ടിനുളളില്‍ മരണം സംഭവിക്കും.

അത് കൊണ്ട് തന്നെ അക്കൊണൈറ്റ് ഉപയോഗിച്ച് നടത്തുന്നത് ഏറ്റവും ക്രൂരമായ കൊലപാതകങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു. 1963ല്‍ ലബനീസ് ഹോട്ടലില്‍ മരിച്ച നിലയില്‍ കാണപ്പെട്ട പാക് മുന്‍ പ്രധാനമന്ത്രി ഹുസൈന്‍ ഷഹീദ് സുഹ്രവാര്‍ഡി, മുഹമ്മദാലി ജിന്നയുടെ സഹോദരി ഫാത്തിമ, എന്നിവരും ഈ വിഷം ഉല്‍പാദിപ്പിക്കുന്ന ചെടിയുടെ ഇല അബദ്ധത്തില്‍ കഴിച്ച് 2004ല്‍ കനേഡിയയിലെ നടി ആന്ദ്രേ നോബിള്‍ എന്നിവരും കൊല്ലപ്പെട്ടിട്ടുണ്ട്. "

"അവൻ ആള് ചില്ലറക്കാരനായിരിക്കില്ലല്ലോ സാർ.."
"നമ്മളും ചില്ലറക്കാരല്ലല്ലോ.. എനിക്ക് തോന്നുന്നത് ഇതെല്ലാം അവന്റെ വഴി തിരിക്കലായിരിക്കാം എന്നതാണ്. അവന്റെ ലക്ഷ്യം വേറെ എന്തോ ഒന്നാണ് "

സർ... എന്താണ് ഉദ്ദേശിക്കുന്നത്..?
"നമ്മൾ ഈ ഫയൽ ഇവിടെ ക്ലോസ് ചെയ്യുന്നു."
സർ... അതെങ്ങനെ....?
"അങ്ങനെ വേണം പുറത്തറിയാൻ. അവന്റെ അടുത്ത ഇര ഞാനാണെങ്കിൽ അധികം വൈകാതെ അവനെന്നെ തേടി വരും. വരട്ടെ നമുക്ക് അവനായ് കാത്തിരിക്കാം. "

സതീഷും രണ്ട് കോൺസ്റ്റബിളുമാരും റഷീദ് റഹ്മാന്റെ വീടിന് കാവൽ നിൽക്കാൻ തീരുമാനിച്ചു. റഷീദിന്റെ ഫോണിലേക്ക് വരുന്ന കോളുകൾ ട്രയിസ് ചെയ്യാൻ സംവിദാനമൊരുക്കി. അവർ കാത്തിരുന്നു.. ആ ക്രൂരനായ കൊലയാളി വരുന്നതും കാത്ത്..

മണിക്കൂറുകളും ദിവസങ്ങളും കഴിഞ്ഞു.. അങ്ങനൊരാൾ അവരെ തേടി വന്നില്ല. വസുദ്ധര എന്ന സ്ത്രീ 15 വർഷങ്ങൾക്ക് മുമ്പ് നോർത്ത് റെയിൽവേ സ്റ്റേഷനിൽ വച്ച് മരിച്ചതായ് കാണപ്പെട്ടതാണെന്നും അവരെക്കുറിച്ച് മറ്റൊരു വിവരങ്ങളും ലഭ്യമല്ല എന്നും സതീഷിന്റെ റിപ്പോർട്ട് എത്തി. ഏതൊരു കേസിലും കാണപ്പെടുന്ന ദൈവത്തിന്റെ കയ്യൊപ്പ് എന്ന് വിശേഷിക്കാവുന്ന ഒരു തെളിവും ലഭിക്കാത്തത് പോലീസ് ടീമിനെ മുഴുവൻ നിരാശരാക്കി.

അന്വേഷണം ശരിക്കും വഴിമുട്ടിയിരിക്കുന്നു. ഇന്നേക്ക് ജോസഫ് ജോർജ് മരിച്ചിട്ട് ഒരു മാസം തികയുകയാണ്. ചാനലുകളും പൊതു പ്രവർത്തകരും രണ്ടു കൊലപാതകങ്ങളും മറന്ന് തുടങ്ങി. റഷീദ് റഹ്മാനൊഴിച്ച് ബാക്കി എല്ലാവരും മറ്റു കേസുകളിൽ വ്യാപൃതരായി.

അന്നത്തെ ദിവസത്തിന് അദ്ദേഹത്തിന്റെ ജീവിതത്തിൽ വളരെയധികം പ്രാധാന്യമുള്ളതായിരുന്നു. റഷീദിന്റെ ഉമ്മ ആഷാ ബീവി മരണപ്പെട്ട ദിവസം. അത് കൊണ്ട് തന്നെ അയാൾ അന്ന് ലീവ് എടുക്കാൻ തീരുമാനിച്ചു. രാവിലെ പള്ളിയിലേക്ക് പോകുന്നതിന് മുമ്പ് കുളിക്കാനുള്ള തയാറെടുപ്പായിരുന്നു റഷീദ്. അസാദാരണമായ് വന്ന ഒരു കോളാണ് അയാളുടെ ശ്രദ്ധ മൊബൈലിലേക്ക് തിരിച്ചത്. ഒരു പ്രൈവറ്റ് നമ്പർ.. റഷീദ് കാൾ അറ്റൻഡ് ചെയ്തു.
"ഹലോ റഷീദ് റഹ്മാൻ ".... മറുതലയ്ക്കൽ നിശ്ബ്ദത മാത്രമായിരുന്നു മറുപടി.
"ഹലോ... ആരാണ്.."
"ഹലോ.... " ഇത്തവണ ഒരു സ്ത്രീ ശബ്ദം അയാളുടെ ചെവിയിലെത്തി.
"സർ..... ഞാൻ വസുന്ധരയാണ്.. "റഷീദ് റഹ്മാന് ഭൂമി പിളർന്ന് താഴേക്ക് പോവുന്നതായ് തോന്നി.
"ഫ.... ചുലേ നീയാരാന്നാടി വിചാരിച്ചേ... പോലീസുകാരനടക്കം രണ്ട് പേരെ കൊന്ന് തള്ളിയിട്ട് സുഖമായ് ജീവിക്കാമെന്നോ..? അടുത്ത ഇര ആരാടി ഞാനോ.. നീ തീർന്നെടീ... ഈ റഷീദ് റഹ്മാനാരാണെന്ന് നിനക്കറിയില്ല." അയാൾ പൊട്ടിത്തെറിച്ചു.
"സർ... ക്ഷമിക്കണം, ഞാൻ സാറിനെ ഉപദ്രവിക്കാൻ വിളിച്ചതല്ല.. എനിക്ക് സാറിനെ ഒന്ന് കാണണം.. പോലീസ് ഫോഴ്സിന്റെ സാന്നിദ്യമില്ലാതെ ഒറ്റക്ക്.. സാറിനെ ഞാൻ ഉപദ്രവിക്കില്ല, ഞാൻ വാക്ക് തരുന്നു.. ''
"നീയെവിടെയാണ് ഉള്ളത്.." റഷീദ് സംയമനം വീണ്ടെടുത്ത് ചോദിച്ചു.
"10 മണിക്ക് നോർത്തിലുള്ള റോയൽ പാരഡൈസ് റെസ്റ്റോറന്റിൽ വന്നാൽ മതി, ഞാനവിടെ ഉണ്ടാവും.." പറഞ്ഞു തീർന്നതും കാൾ കട്ടായ്.
റഷീദ് പെട്ടന്ന് തന്നെ നോർത്ത് എസ് ഐ ഷൺമുഖനെയും കോൺസ്റ്റബിൾ സുകുമാരനെയും വിളിച്ചു..
"എത്രയും പെട്ടന്ന് റോയൽ പാരഡൈസ് റെസ്റ്റോറന്റിന് പരിസരത്ത് മഫ്തിയിൽ ആളെ ഇടണം. സതീഷിനോട് എത്രയും പെട്ടന്ന് എന്റെ വീട്ടിലേക്ക് എത്താൻ പറയുക.. നമ്മൾ ആ ക്രൂരനായ കൊലയാളിയെ പിടിക്കാൻ പോവുന്നു.. "

പറഞ്ഞു തീർന്നപ്പോഴേക്കും റഷീദ് വിറക്കുകയായിരുന്നു. ഇൻവസ്റ്റിഗേഷൻ ടീമിലെ പോലീസ്കാരെല്ലാം ആവേശത്തിലായി. ഒരു മാസത്തോളമായ് തങ്ങളെ ചുറ്റിച്ച ക്രിമിനലിലെ പൂട്ടാൻ പോവുന്നതിലുള്ള സന്തോഷം.

രാവിലെ 09:30 , ഗെയ്റ്റ് കടന്ന് പോലീസ് വാഹനം പോർച്ചിലേക്ക് കയറി. റഷീദ് റഹ്മാൻ വാതിൽക്കൽ തന്നെ കാത്ത് നില്പുണ്ടായിരുന്നു. അയാൾ കയറിയതും സതീഷ് വണ്ടി തിരിച്ച് റോഡിലേക്ക് ഇറക്കി. അത് റോയൽ പാരഡൈസ് ലക്ഷ്യമാക്കി പാഞ്ഞു. "എന്റെ ലീവ് അവൾ കാത്തിരുന്നത് പോലെ.. " സതീഷ് പെട്ടന്ന് മുഖം തിരിച്ചു. "അവളോ.."

''ഉം. അതൊരു സ്ത്രീയാണ് സതീഷ്.. അവളുടെ ലക്ഷ്യം ഞാൻ തന്നെയായിരുന്നിരിക്കാം, അല്ലെങ്കിൽ അവൾക്ക് എന്നോട് എന്തെങ്കിലും പറയാനുണ്ടാവാം.."
പാരഡൈസ് റെസ്റ്റോറന്റിന്റെ നൂറ് മീറ്റർ പുറകിലായ് വാഹനം വന്ന് നിന്നു. റൈഫിൾ എടുത്ത് അരയിൽ തിരുകി റഷീദ് റസ്റ്റോറന്റ് ലക്ഷ്യമാക്കി നടന്നു. സതീഷ് സാവധാനം പുറകെ വണ്ടിയെടുത്തു. റഷീദിനെ കണ്ടപ്പോൾ തന്നെ മഫ്തിയിലുണ്ടായിരുന്ന പോലീസുകാരെല്ലാം ജാഗരൂഗരായി. എല്ലാം ക്ലീയറാണെന്ന് അവർ കണ്ണുകൾ കൊണ്ട് അറിയിച്ചു.

റഷീദ് ഡോർ തള്ളി തുറന്ന് റസ്റ്റോറന്റിനുള്ളിലേക്ക് കയറി. മൂന്നു നാല് റിക്ഷാ തൊഴിലാളികൾ ചായ കുടിക്കുന്നതൊഴിച്ചാൽ അവിടെ ആരുമില്ല. അയാൾ സൈഡ് ചേർത്തിട്ടിരുന്ന ഒരു ടേബിളിനടുത്തേക്ക് നീങ്ങി. എസ് ഐ ഷൺമുഖൻ മറ്റൊരു വശത്ത് വന്നിരുന്ന് ഒരു ചായക്ക് ഓർഡർ ചെയ്തു.
"സർ, എന്താണ് വേണ്ടത്..?" അവിടുത്തെ ജീവനക്കാരനാണ്.
"പറയാം.. ഒരാളും കൂടി വരാനുണ്ട്.. "
"ശരി സർ.'' റഷീദ് റഹ്മാന്റെ മറുപടി കേട്ട് അയാൾ മടങ്ങി.
സമയം പതിയെ നീങ്ങിക്കൊണ്ടിരുന്നു.ഇത് വരെ അവർ എത്തിയിട്ടില്ല. പത്ത് മണിയാകാൻ ഇനിയും മിനിറ്റുകൾ ബാക്കിയുണ്ട്. റഷീദിന് നെഞ്ചിടിപ്പ് കൂടുതലായ് തോന്നി. കുറച്ച് കഴിഞ്ഞപ്പോൾ ആ ജീവനക്കാരൻ വീണ്ടും റഷീദിനരുകിലെത്തി.
"സാറിന്റെ പേര് റഷീദ് എന്നാണോ.. " അയാൾ ആശ്ചര്യത്തോടെ അവന്റെ മുഖത്ത് നോക്കി അതെയെന്ന് സമ്മതിച്ചു.
"ഇതാ... സാറ് വന്നാൽ ഒരാൾ തരാനേല്പിച്ചത.. "
റഷീദ് അയാൾ നീട്ടിയ പേപ്പർ തുറന്ന് നോക്കി.

- സർ.. ഞാൻ വസുന്ധര. നിങ്ങൾ ഈ കോഫീ ഷോപ്പിന്റെ മുകളിലത്തെ നിലയിലേക്ക് കയറി വരിക. അവിടെ ചായ കുടിക്കുന്ന ഷൺമുഖൻ സാറോ മഫ്തിയിലുള്ള പോലീസുകാരോ കയറി വരരുത്. അങ്ങനെ സംഭവിച്ചാൽ താങ്കൾക്ക് എന്നെ ഒരിക്കലും കാണാൻ കഴിയില്ല.

റഷീദ് മുഖമുയർത്തി ചുറ്റും നോക്കി, എന്ത് എന്ന അർത്ഥത്തിൽ ഷൺമുഖൻ നോക്കുന്നത് അയാൾക്ക് കാണാമായിരുന്നു. അയാൾ അവരോട് പുറത്തേക്ക് പോകുവാൻ കൈ കാണിച്ചു. ശേഷം പതിയെ സ്റ്റെയർ കയറി മുകളിലത്തേ നിലയിലേക്ക് കടന്നു. അരയിലുള്ള റിവോൾവറിൽ കൈ അമർത്തി പിടിച്ചിരുന്നു.
രണ്ടാം നില വിശാലമായ ഒരു കൺവെൻഷൻ സെന്റർ പോലെ തോന്നിപ്പിച്ചു. ചിട്ടയായ രീതിയിൽ കസേരകൾ നിരത്തിയിട്ടിരിക്കുന്നു. റഷീദ് ഉളളിലേക്ക് കടന്നു. അരയിൽ നിന്നും റിവോൾവർ കൈയ്യിലെടുത്തു ട്രിഗറിൽ വിരൽ ചേർത്ത് അയാൾ പതിയെ മുന്നോട്ട് നീങ്ങി..

"ഹലോ ഓഫീസർ....."
പുറകിൽ നിന്നും കേട്ട ആ സ്ത്രീ ശബ്ദം.. അയാൾ വെട്ടിത്തിരിഞ്ഞു. കാഴ്ചയിൽ സുന്ദരിയായ ഒരു പെൺകുട്ടി. ഇരുപത്തിയഞ്ചിൽ താഴെ മാത്രം പ്രായം എന്ന് തോന്നുന്ന പ്രകൃതം. ഈ പെൺകുട്ടിയാണോ രണ്ട് പേരെ ക്രൂരമായ് കൊന്നത്. റഷീദിന് വിശ്വസിക്കാനായില്ല. അപ്പോഴും അയാളുടെ കൈകൾ നീട്ടിപ്പിടിച്ച റിവോൾവറിലായിരുന്നു.

"ഹേയ്, സർ . ഞാൻ പറഞ്ഞില്ലേ.. ഞാൻ സാറിനെ ഉപദ്രവിക്കാൻ വന്നതല്ല. എനിക്ക് സാറിനോട് മാത്രം ചില കാര്യങ്ങൾ പറയാനുണ്ട്. പുറത്ത് നിൽക്കുന്ന പോലീസുകാർ പോലും അറിയാൻ പാടില്ലാത്ത കാര്യം. താങ്കൾ തോക്ക് താഴ്ത്തു.. "
അവളുടെ സൗമ്യമായ സംസാരത്തിൽ അയാൾ അറിയാതെ റിവോൾവർ താഴ്ത്തി അരയിലേക്ക് തിരിച്ചു വച്ചു.

"സാർ ഇരിക്കൂ.. " അവൾ മുന്നിലുള്ള കസേരയിലേക്ക് വിരൽ ചൂണ്ടി. അയാൾക്കഭിമുഖമായ് അവളും ഇരുന്നു.
"ഉം.. എന്താണ് തനിക്ക് പറയാനുള്ളത്..?"

"സർ, എന്റെ പേര് മായ എന്നാണ്. മായ രഘുനാഥ്. അച്ഛൻ ഒരു പട്ടാളക്കാരനായിരുന്നു. അതു കൊണ്ട് തന്നെ അച്ഛന്റെ ഫോട്ടോയും വല്ലപ്പോഴും എത്തുന്ന കത്തുകളിലെ വാക്കുകളും മാത്രമായിരുന്നു എനിക്ക് അച്ഛൻ.
ഫോട്ടോയിലല്ലാതെ തിരിച്ചറിവോടെ അച്ഛന്റെ മുഖം ഞാൻ കാണുന്നത് വെടിയേറ്റ് വീണ ബോഡി വീട്ടിലെത്തിയപ്പോഴാണ്. പോലീസും സൈന്യവുമെല്ലാം മരണ അനന്തരചടങ്ങുകൾക്കെല്ലാം ഔദ്യോദിക ബഹുമതികളോട് കൂടി ഒപ്പമുണ്ടായിരുന്നു. പല നേതാക്കളും വന്ന് വാനോളം പ്രതീക്ഷകൾ നൽകിയാണ് മടങ്ങിയത്. പക്ഷെ ആ പ്രതീക്ഷകൾ ഒന്നും യാഥാർത്യമാവില്ല എന്ന് അന്നറിയില്ലായിരുന്നു. സാറിനെ നേരത്തെ വിളിച്ചതും മരണപ്പെട്ട രണ്ട് പേരുടെയും അവസാന നാളിൽ കേട്ടതുമായ ഒരു പേരില്ലേ.. വസുന്ധര.. എന്റെ അമ്മയായിരുന്നു. പാവമായിരുന്നു.. അമ്മക്ക് എല്ലാവരെയും വിശ്വാസമായിരുന്നു. പക്ഷെ എന്റെ അമ്മ..
അച്ഛൻ മരിച്ചപ്പോൾ ശരിക്കും ഞങ്ങൾ ഒറ്റപ്പെട്ടിരുന്നു. അമ്മ ഏട്ടനെയും എന്നെയും വളർത്താൻ പാടുപെടുകയായിരുന്നു. അങ്ങനെയാണ് ഞങ്ങൾ ഈ നാട്ടിലേക്ക് എത്തുന്നത്. ഏട്ടൻ റയിൽവേ സ്റ്റേഷനിൽ ന്യൂസ് പേപ്പറും കടലയും വിറ്റ് കിട്ടുന്ന പൈസയുമായ് സ്റ്റേഷന്റെ പരിസരത്ത് കാത്ത് നില്ക്കും. ഞാൻ പെൺകുട്ടി ആയതിനാലാവാം അമ്മ പോവുന്നിടത്തെല്ലാം എന്നെയും കൊണ്ട് പോയി. വീട് വൃത്തിയാക്കാനും തുണി കഴുകാനും പിള്ളേരെ നോക്കാനും എല്ലാം ഞാൻ ചെറുപ്പത്തിലെ അത് കൊണ്ട് പഠിച്ചു. വൈകുന്നേരം ഏട്ടനെയും കൂട്ടി ഓല മേഞ്ഞ ഒറ്റമുറി വീട്ടിലേക്ക് നടക്കുമ്പോൾ അമ്മ എന്നും കരയുന്നത് എനിക്കിന്നും ഓർമയുണ്ട്. അന്നും തിരക്കിട്ട് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് മധ്യത്തിൽ ലക്ക് കെട്ടവന്റെ വാഹനം എന്റെ അമ്മേനേം കൊണ്ട് പോയത്."

അവൾ പറഞ്ഞ് നിർത്തി. അവളുടെ തല കുനിഞ്ഞിരുന്നു.. കുറച്ച് സമയം രണ്ട് പേരും ഒന്നും ശബ്ദിച്ചില്ല.
"കഴിഞ്ഞോ... നിന്റെ കഥ... " റഷീദ് റഹ്മാന്റെ ചോദ്യം കേട്ട് അവൾ തലയുയർത്തി. അവളുടെ കണ്ണുകൾ ചുവന്നിരുന്നു. ചുണ്ടുകൾ വിറച്ചു.
" കഴിയാൻ പോകുന്നത് എന്റെ കഥയല്ല, നിന്റെ കഥയല്ലെ..?" അവളിൽ പെട്ടന്നുണ്ടായ ഭാവ വിത്യാസം റഷീദ് റഹ്മാനെ അമ്പരപ്പിച്ചു. അയാൾ പതിയെ തന്റെ കൈ റിവോൾവറിന്റെ മുകളിലേക്ക് നീക്കിവച്ചു.

"നിനക്കറിയാമോ.. റിട്ടയേർഡ് കൃഷ്ണമേനോൻ ആരായിരുന്നെന്ന്. കാമം തീർക്കാൻ സ്വന്തംപെങ്ങടെ കുട്ടിയെ പീഡിപ്പിച്ച് കൊന്നവൻ, സമൂഹത്തിലെ മാന്യരുടെ പട്ടികയിൽ കോട്ടം തട്ടാതിരിക്കുവാൻ ആ പെങ്ങളെയും അവൻ കാലപുരിക്കയച്ചു. പിന്നെ ജോസഫ് ജോർജ് എന്ന നരാധമൻ. കൈക്കൂലിയും പകൽക്കൊള്ളയും നടത്തി എത്ര പേരുടെ ജീവിതം നശിപ്പിച്ചു... പക്ഷെ ... പക്ഷെ എന്റെ ലക്ഷ്യം ഇവരാരും ആയിരുന്നില്ല... നീ,,,, നീയാണ് എന്റെ അവസാനത്തെ ഇര.. നിന്നെ എന്റെ മുന്നിൽ ഇങ്ങനെ വരുത്തുന്നതിന് വേണ്ടിയാണ് ഞാനീ കളികളെല്ലാം കളിച്ചത്. നിന്റെ അമ്മയുടെ ഓർമ ദിവസം തന്നെ നീയും ഓർമയാവുമാണല്ലോ റഷീദ്ദേ... " അവൾ ഒരു ഭ്രാന്തിയെ പോലെ ചിരിച്ചു.

"നിർത്തെടി ചൂലേ.. നീയാരാടീ... " റഷീദ് ചാടിയെഴുന്നേറ്റ് തോക്ക് ചൂണ്ടി ആക്രോശിച്ചു. അവൾ ചിരി പതിയെ പതിയെ നിർത്തി. പെട്ടന്നാണ് അവളുടെ വലത് കാൽ ഉയർന്ന് റഷീദിന്റെ മുഖമടച്ച് അടി വീണത്, അപ്പോഴേക്കും ഇടത് കൈ കൊണ്ട് അവൾ ആ തോക്ക് കൈക്കലാക്കിയിരുന്നു. അപ്രതീഷിതമായ പ്രഹരത്തിൽ അയാൾ നിലത്തേക്ക് കമിഴ്ന്ന് വീണു.

"റഷീദ്,,,, നിന്റെ കഥ ഞാൻ പറഞ്ഞ് തുടങ്ങിയതല്ലെ ഉള്ളു.. സമാധാനപ്പെട്..." മായ അയാൾക്ക് നേരെ തോക്ക് ചൂണ്ടി കസേരയിൽ ഇരുന്നു..

"നിനക്കോർമ്മയുണ്ടോ...? 15 വർഷം മുമ്പുള്ള ഒരു വൈകുന്നേരം...
അന്ന് ഞാനും ഏട്ടനും ചോര വാർന്ന് ജീവഞ്ചവമായ എൻറ അമ്മയെയും ഓർമ്മയില്ലേ.. വണ്ടിയിടിച്ച് ജീവന് വേണ്ടി നിലവിളിച്ച് കിടന്ന അമ്മയേയും കൊണ്ട് ഒരു പോലീസ് വാഹനത്തിന് കൈ കാണിച്ച പത്തും പതിമൂന്നും വയസുള്ള രണ്ട് പിള്ളേരെ ഓർമയില്ലേ.. പക്ഷെ എനിക്കോർമയുണ്ട്.
വണ്ടി നിർത്തി നിങ്ങളവരെ അതിൽ കയറ്റി. ആ കുരുന്നുകൾ വിചാരിച്ചു.. നീ രക്ഷകനാണെന്ന്.., പക്ഷെ,, നീ ചെയ്തത്..."

റഷീദ് റഹ്മാൻ എഴുന്നേൽക്കാൻ പാടുപെട്ടു. അവൾ അയാളുടെ കഴുത്തിന് ചവുട്ടി തോക്ക് ചൂണ്ടി.

"നീ എന്താണ് ചെയ്തേന്ന് നിനക്കോർമയുണ്ടോ..? ആളുകളും വീടുകളും ഇല്ലാത്ത സ്ഥലത്ത് നീ എന്റെ ഏട്ടനെ തളളി പുറത്തിട്ടു.. ഏട്ടൻ എത്ര ദൂരം കരഞ്ഞ് പുറകേ ഓടി വന്നു. ഞാനും കരഞ്ഞ് പറഞ്ഞതല്ലേ... നീ വണ്ടി നിർത്തിയോ... എന്നിട്ടോ... കുറേ ദൂരം പിന്നിട്ടപ്പോൾ നീ വണ്ടി നിർത്തി. എന്റെ അമ്മേ നെ നീ വലിച്ചെറിഞ്ഞു.. ആ വേസ്റ്റ് കൂനക്കരികിലേക്ക് നീയെന്നെ വലിച്ചിട്ട് നശിപ്പിച്ചു... ഞാനന്ന് ഒരു കുട്ടിയായിരുന്നില്ലേ.. ഏട്ടൻ ഓടിയെത്തിയപ്പോഴേക്കും എന്റെ അമ്മ പോയിരുന്നു... തളർന്ന് പോയ എന്നെ ഏട്ടൻ എടുത്തോണ്ടോടിയത് നീ മറന്ന് പോയോ...?"

പെട്ടന്നാണ് റഷീദ് അവളുടെ കയ്യിൽ നിന്ന് തോക്ക് തട്ടിത്തെറിപ്പിച്ചത്.. അവൾക്ക് അനങ്ങാൻ കഴിയുന്നതിന് മുമ്പേ ശരവേഗത്തിൽ അയാൾ ചാടിയെഴുന്നേറ്റു. അയാളുടെ വലതുകാൽ അവളെ കസേരയോടൊപ്പം പുറകോട്ട് തെറിപ്പിച്ചു. പുറകിലത്തെ ഭിത്തിയിൽ ചെന്നടിച്ച് അവൾ മറിഞ്ഞ് വീണു.

മുകളിൽ ശബ്ദം കേട്ടതോടെ മഫ്തിയിലുണ്ടായിരുന്ന പോലീസുകാരും സതീഷും മുകളിലേക്കോടി..

"ഓ അപ്പോൾ നീ ആ കഥയുമായ് വന്നവളാണല്ലേ.. നിന്നെയൊക്കെ അന്നേ തീർക്കണ്ടതായിരുന്നു. അത് എന്റെ തെറ്റ്. ആ തെറ്റ് ഞാനിപ്പോൾ തീർക്കാൻ പോവുകയാ.. " അയാൾ ആക്രോശിച്ചു കൊണ്ട് പാഞ്ഞടുത്തു.
റഷീദ് അടുത്തെത്തിയതും അടുത്തിരുന്ന കസേരയെടുത്ത് അവൾ തലയ്ക്കിട്ട് ആഞ്ഞടിച്ചതും ഒരുമിച്ചായിരുന്നു. അയാളുടെ തല പൊട്ടി ചോര പുറത്തേക്കൊഴുകി.
അപ്പോഴേക്കും പോലീസുകാർ അവരെ വളഞ്ഞിരുന്നു. അവളുടെ കൈകൾ കെട്ടി എസ് ഐ ഷൺമുഖൻ പുറത്തേക്ക് വലിച്ചെഴച്ചു. റഷീദിനെ സതീഷ് പുറത്തേക്ക് കൊണ്ടുവന്നു... "സാറിനെ ആശുപത്രിയിൽ എത്തിക്കൂ.. ഞങ്ങളിവളെ കൊണ്ട് പോകാം.. " ഷൺമുഖന്റെ ആഞ്ജ സതീഷ് ശിരസാവഹിച്ചു.

പുറത്തേക്കിറങ്ങുമ്പോഴും അവൾ അലറി വിളിക്കുന്നത് റഷീദ് കേൾക്കുന്നുണ്ടായിരുന്നു.. "ഇപ്പോഴും നിങ്ങൾ എന്റെ ഏട്ടന്റെ കൈകളിൽ തന്നെയാണ്, മരണം നിന്റെ കൂടെയുണ്ട്.. "

സതീഷ് വണ്ടി ആശുപത്രിയുടെ പോർച്ചിലേക്ക് ഓടിച്ച് കയറ്റി."സർ ഹോസ്പിറ്റൽ എത്തി, ഇറങ്ങ്.." റഷീദ് വാഹനത്തിൽ നിന്ന് വെളിയിലിറങ്ങി. ക്വാഷ്യൽറ്റിയിലേക്ക് കയറിയതും ഡോക്ടറും സിസ്റ്റേഴ്സും ഓടി വന്നു.
മുറിവ് വെച്ച് കെട്ടി ഒരു മണിക്കൂർ നേരത്തെക്ക് റഷീദിനെ ഒബ്സർവേഷൻ വാർഡിലേക്ക് മാറ്റി.
സതീഷ് കയറി വരുന്ന കണ്ടപ്പോഴാണ് റഷീദ് എഴുന്നേറ്റത്. സർ.. കിടന്നോളൂ.. എഴുന്നേൽക്കണ്ട...
"സാരമില്ലടോ.. അവളെ എങ്ങട്ടാ കൊണ്ട് പോയത് "
"അവളെ മജിസ്ട്രേറ്റിന്റെ മുന്നിൽ ഹാജരാക്കി. കൃത്യ നിർവഹണം തടസ്സപ്പെടുത്തിയതിനാണ് കേസ്. അല്ലാതെ അവൾക്കെതിരെ നമ്മുടെ കയ്യിൽ തെളിവുകൾ ഒന്നും ഇല്ലല്ലോ..." സതീഷ് കയ്യിലിരുന്ന വെള്ളക്കുപ്പി റഷീദിന് നൽകി.
"അപ്പോ അവൾ ഉടനെ തന്നെയിറങ്ങും... അല്ലേ " അയാൾ വെള്ളം കുടിക്കുന്നതിനിടയിൽ ചോദിച്ചു..
"അതേ... സർ,, "

"എടോ അവളെ വെറുതേ വിടരുത്. പിന്നെ അവളുടെ ഒരു ആങ്ങള, ഒരു പീറ പയ്യൻ... അവനെ കണ്ടെത്തണം..."

സതീഷ് ഒന്നും മിണ്ടിയില്ല..
അയാളുടെ കയ്യിലെ പേപ്പറും പേനയും റഷീദ് അപ്പോഴാണ് ശ്രദ്ധിച്ചത്.

"എന്താടോ സതീഷേ, താനെന്റെ മൊഴി രേഖപ്പെടുത്താൻ പോകുവാണോ...?"

''അതല്ല സാറേ... അവളെ ഇനി സാറ് കാണില്ല, സാറ് ഇപ്പം പറഞ്ഞ ആ പീറ പയ്യനെയും.. കാരണം താനിവിടെ തീരാൻ പോകുവാടോ..."

"എടാ,,,,, " റഷീദ് ചാടി എഴുന്നേൽക്കാൻ ശ്രമിച്ചു.. പക്ഷെ കൈകൾ ചലിച്ചില്ല.. പകരം വെള്ളം നിറച്ച കുപ്പി താഴേക്ക് വഴുതി വീണു..

"അതേടോ.. താൻ ചോദിച്ചില്ലേ ഈ പേപ്പർ മൊഴി രേഖപ്പെടുത്താനാണോ എന്ന്.. അല്ലടോ ആ പീറ ചെറുക്കൻ തന്റെ ആത്മഹത്യ കുറിപ്പ് എഴുതാൻ പോവുകയാണ്.. "
സതീഷിന്റെ ചുണ്ടിൽ ഒരു വശ്യമായ ചിരിയുണ്ടായിരുന്നു.. റഷീദിന്റെ ഹൃദയതാളത്തിനൊപ്പം അതും പതിയെ നേർത്ത് നേർത്ത് ഇല്ലാതെയായി..

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ