mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

Funeral

Shyju Neelakandan

പത്തിരുപത്തിനാല് മാസങ്ങള്‍ക്ക് മുമ്പാണ് ഒരു വര്‍ത്തമാനം കുടുംബത്ത് തീവ്ര വൈകാരിക ചുവയോടെ കേള്‍ക്കുന്നത്. ചങ്കരന് കാന്‍സറിന്റെ ഒന്നാം ഘട്ടം ആണെന്ന്. ആവശ്യത്തിന് ആരോഗ്യമോ ശരീര ഭാരമോ ഇല്ലാത്തത് കൊണ്ട് കീമോ ചെയ്യാനാവില്ല. ആശ്വാസ ചികിത്സയൊക്കെയായി  പോവുന്നിടത്തോളം പോവും.

മധ്യാഹ്ന സീരിയലിന് മുമ്പ് അമ്മൂട്ടിയേട്ടത്തിയും മൂന്ന് മരുമക്കളും ന്യൂസ് റീല്‍ പോലെ അയല്‍പക്ക വാര്‍ത്തകള്‍ പങ്കുവെച്ച് കനകാമൃതം സീരിയലിന്റെ നാനൂറാം എപ്പിസോഡിലേക്ക് കടക്കുന്നതിനായി ചങ്കരനെ വിസ്മൃതമാക്കി.

ആശുപത്രിയില്‍ നിന്ന്, ഇടക്കിടെ വന്ന് ചെക്കപ്പ്  ചെയ്യണമെന്ന സ്ഥിരോപദേശവും പ്ലാസ്റ്റിക് സഞ്ചിയില്‍ മരുന്നും ചികിത്സാ രേഖകകളും  ഭദ്രമായി പൊതിഞ്ഞു കെട്ടി ചങ്കരനെ വീട്ടിലേക്ക് അയച്ചു. കാന്‍സര്‍ കലകള്‍ സൗകര്യംപോലെ വളരുകയോ തളരുകയോ ഒക്കെ ചെയ്‌തോളും  ചങ്കരനോ, ഡോക്ടര്‍മാര്‍ക്കോ അയല്‍വാസികള്‍ക്കോ പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ല. ചെയ്യാനുള്ളത് കാന്‍സര്‍ തന്നെ ചെയ്‌തോളും എന്ന ഉറപ്പില്‍ ഡിസ്ചാര്‍ജ്ജിന്റെ മൂന്നാം പകല്‍ മുതല്‍ ചങ്കരന്‍ അങ്ങാടിയിലിറങ്ങി പതിവ് കട്ടന്‍ചായയും ദൂക്ക് സിഗരറ്റും കുടിച്ചും വലിച്ചും മണിക്കൂറെണ്ണി. കനകാമൃതം സീരിയലില്‍ കണ്ണീര്‍ സീനുകള്‍ കുറയുന്ന മുറക്ക് അമ്മൂട്ടിയേട്ടത്തിയും മരുമക്കളും അയല്‍പക്കത്തുള്ള മറ്റ് ഏട്ടത്തിമാരും ചങ്കരന്റെ അവസ്ഥയെ  ആവോളം ആറ്റിക്കുറുക്കി സങ്കടം നിറച്ച് അഡ്ജസ്റ്റ് ചെയ്തു.

നല്ല തിരക്കുള്ള കിണറു പണിക്കാരനായിരുന്നു ചങ്കരന്‍. കിട്ടുന്ന കൂലിക്ക് അന്നന്നത്തേക്കുള്ള അരി, മീന്‍ പലവ്യഞ്ജനം ഒക്കെ വാങ്ങുകയും ബാക്കി കള്ള്ഷാപ്പിലോ വാറ്റുകാരി സൗമിനിയുടെ വീട്ടില്‍ എത്തിക്കുകയോ ചെയ്തു. ചങ്കരന്റെ പെണ്ണ് ശ്രീവള്ളി ഒരു കൊല്ലത്തേക്ക് ഒരു മാക്‌സി ഒരു സാരി എന്ന ക്രമത്തില്‍ വസ്ത്രശീലം വളര്‍ത്തിയെടുക്കുകയും, ചങ്കരനറിയാതെ വീടിനടുത്തുള്ള ചോയിക്കുട്ടിയുടെ ഹോട്ടല്‍  കം ടീ ഷാപ്പില്‍ അരക്കാനും പാത്രം കഴുകാനും മറ്റും പോകാന്‍ തുടങ്ങുകയും കിട്ടുന്ന കൂലിയും ചോറും കൂട്ടാനും ഒക്കെ ചേര്‍ത്ത് വച്ച് കുടുംബം കരുപ്പിടിപ്പിക്കാനും തുടങ്ങി. എത്ര കുടിച്ചാലും ബോധം പോയാലും കുടുംബത്തിലേക്ക് വേണ്ട ഒരു കാര്യം ചങ്കരന്‍ ചെയ്യുകയും അതിന്റെ ഫലമായി മൂന്ന് ആണ്‍കുട്ടികളുടെ അച്ഛനാവാന്‍ സാധിക്കുകയും ചെയ്തു.

'ആങ്കുട്ട്യള് ള്ള തന്തമാര് ഭാഗ്യം ചെയ്‌തോരാ...  ഉസ്‌കൂള്‍ പടിപ്പ് കഴ്യട്ടെ....ന്റെ കൂടെ പണിക്ക് കൂട്ടണം.' 
വാക്ക് പാലിച്ചപോലെ  മൂത്ത രണ്ട് മക്കളും പത്തില്‍ തോല്‍ക്കകയും, ആദ്യമാദ്യം ഇഷ്ടിക കമ്പനിയിലും പിന്നെ പിന്നെ ഹെല്‍പ്പര്‍ പണിക്കും പോയിത്തുടങ്ങുകയും, കിട്ടുന്ന കൂലി മുഴുവനായി ചങ്കരനെ ഏല്പിക്കുകയും,  ചങ്കരന്‍ ഒരു കുടം മലര്‍പ്പൊടി വാങ്ങി സ്വപ്നം നെയ്തു തുടങ്ങുകയും ചെയ്തു.

ഓട് മേഞ്ഞ ഒറ്റമുറിപുര മൂന്ന് മുറികളും മുകളില്‍ ഗോവണിക്കൂടുമുള്ള  വാര്‍ക്കപ്പുരയായി പരിണമിച്ചു. ചങ്കരന്‍ ശ്രീവള്ളിയെ വേളിയാക്കിയത് ഇരുപത്തൊന്നാം വയസ്സിലാണ്.  അക്കണക്കില്‍ തന്നെ മൂത്തവന് ഇരുപത്തിമൂന്നും രണ്ടാമത്തവന്  ഇരുപത്തൊന്നും വയസ്സ് പൂര്‍ത്തിയാക്കിയമുറക്ക് രണ്ടാളെയും കല്യാണം കഴിപ്പിച്ചു. മൂന്നാമന്‍ പോണ്ടിച്ചേരി ദേശത്തേക്ക് ഉഴിച്ചില്‍ പഠിക്കാന്‍ വണ്ടികേറി. മക്കള്‍ വീട്ടുകാര്യങ്ങള്‍ നോക്കിത്തുടങ്ങിയതോടെ  ചങ്കരന് പണിക്ക്‌പോവാന്‍ മടിതുടങ്ങി. സുഹാസന്റെ തുന്നപ്പീടികയുടെ കോലായിലും ചോയിക്കുട്ടിയുടെ ചായപ്പീടികയുടെ കോലായിലുമിരുന്ന് എണ്ണമറ്റ ബീഡികള്‍ വലിച്ചൂതി.

മരുമക്കള്‍ മക്കള്‍ക്ക് കിടക്കപ്പായയില്‍ വച്ചു കൊടുക്കുന്ന ഓരോ മുത്തത്തിനുമൊപ്പം വേര്‍തിരിവിന്റെ തേനും ഊട്ടിക്കൊടുക്കുകയും അപ്രകാരം ആദ്യപ്രസവത്തിന് വീട്ടിലേക്ക് പോയ രണ്ട് മരുമക്കളും തിരിച്ചുവരാതിരിക്കുകയും ചങ്കരന്റെ മൂത്ത സന്താനങ്ങള്‍ ഭാര്യവീടുകളില്‍ സ്ഥിരപൊറുതിയലേക്ക്മാറുകയും ചെയ്തതോടെ ചങ്കരന്റെ കീശയില്‍ ബീഡിപ്പൊടി മാത്രമവശേഷിച്ചു.

'ചങ്കരേട്ടാ, ങ്ങള് എന്തെങ്കിലും  പണിണ്ടോ ന്ന് നോക്കി ട്ടോ... പലിശക്കാരെ കയ്യിന്നും  ഇനി കടം കിട്ടൂല ട്ടോ'
തിങ്കളാഴ്ചക്കാരന്‍ ചൊവ്വാഴ്ചക്കാരന്‍ എന്നിങ്ങനെ ആഴ്ചയുടെ പേരില്‍ അറിയപ്പെടുന്ന അണ്ണാച്ചി പലിശക്കാര്‍  ദിവസം തെറ്റാതെ വരുന്നു, മുക്കറയിടുന്നു തിരിച്ച് പോകുന്നു. ചോയിക്കുട്ടിയുടെ ചായക്കടയില്‍ ഉച്ചച്ചോറിന് ആളുകൂടിയപ്പോള്‍ ശ്രീവള്ളിക്ക് ചെറിയ ഒരു വരുമാന മെച്ചമുണ്ടായി.  എഴുപത് വയസ്സ് കഴിഞ്ഞ ചോയിക്കുട്ടി ശ്രീവള്ളിയോട് ചില തട്ടലും മുച്ചലും ഒക്കെ ആയി. എതിര്‍ക്കാതിരുന്നപ്പോള്‍ വൈകുന്നേരം കടയില്‍ മിച്ചം വരുന്ന പൊരിച്ച മീനുകള്‍ വീട്ടിലേക്ക് കൊണ്ടുപോകാന്‍ ശ്രീവള്ളിക്ക് അനുമതിയായി.
ചങ്കരന് പഞ്ചാരയുടെ അസുഖമാണ് ആദ്യം വന്നത്. അതിന്റെ ഫലമാണോ എന്തോ, രാത്രി ശ്രീവള്ളിയിലെ പെണ്ണ് ഉണരുമ്പോള്‍ ചങ്കരന്‍ നിസ്സഹായനായി.

"ഒന്നിനും കൊള്ളാത്തവന്‍" എന്ന സ്വരത്തോടെ ശ്രീവള്ളിയുടെ നിശ്വാസം വന്നു. ചങ്കരനില്‍ ഇടക്കൊക്കെ ഒരു യാചകന്‍ ഉണരും. നല്ല പരിചയമുള്ളവരുടെ മുന്നിലേക്ക് കൈ നീട്ടും. അതിനു ശേഷം ചിലരൊക്കെ ചിരിക്കാന്‍ പോലും മടികാണിച്ച് കൃത്രിമ തിരക്കോടെ മുഖം തിരിച്ചു നടന്നു.

ഉച്ചയൂണിന് ശേഷം ശൂന്യമാകുന്ന ചായക്കടയില്‍  പണമെണ്ണുന്ന ചോയിക്കുട്ടിയോടെ ശ്രീവള്ളി കടപ്പെടുകയും, ആ കടം വിഹിതമല്ലാത്ത രീതിയില്‍ ശ്രീവള്ളി വീട്ടിത്തുടങ്ങുകയും ചെയ്തു. 

ഒരു രാവിലെ ആരോടും പറയാതെ ചങ്കരന്‍ താലൂക്കാശുപത്രിയിലേക്ക് പോയി. ചൊമച്ച് തുപ്പുമ്പോ ചോര വരണ്ണ്ട്. തൊണ്ടയില്‍ പഴുപ്പുണ്ടെന്നും, കഫക്കെട്ടെന്നുമുള്ള പ്രാഥമിക വിലയിരുത്തലില്‍ ചില പതിവ് മരുന്നുകളുമായി മടങ്ങി വന്നെങ്കിലും  കുറച്ചധികം ചോര ഛര്‍ദ്ദിലായി വരികയും മൂന്നാല് ദിവസം ആസ്പത്രിവാസം നിര്‍ദ്ദേശിക്കപ്പെടുകയും ചെയ്തു. ആ യാത്രയുടെ നാട്ടു വിവരമാണ് അമ്മൂട്ടിയേട്ടത്തിയടക്കം പലരുടെയും സങ്കടപൂര്‍ണ്ണത ഇടക്കാലത്ത് വരുത്തിക്കൊടുക്കുന്നത്.

പണ്ടേ ദുര്‍ബല പോരാത്തതിന് ഗര്‍ഭിണി എന്ന്  പറഞ്ഞത്  പോലെ  ചങ്കരന്‍ മാറാരോഗിയായി. ശ്രീവള്ളിയില്‍ ഒരു ഭാര്യയുണ്ട്. കുറച്ചുകൂടി വരുമാനം കിട്ടാനായി  മൂന്ന് ഡോക്ടര്‍മാരുടെ വീടുകളില്‍ വീട്ട് വേല സംഘടിപ്പിച്ച്  ശ്രീവള്ളി മരുന്നും ആഹാരവും ക്രമപ്പെടുത്തിക്കൊടുത്തു. 

*ശ്രീവള്ളിക്കൊരു കമ്മല്‍*

അത് ഒന്നര വ്യാഴവട്ടമായുള്ള ആഗ്രഹമാണ് ശ്രീവള്ളിക്ക്. പൊന്നുകൊണ്ട് ഒരു കമ്മലും  മുക്കൂത്തിയും. കൂലി കിട്ടിയ കുറച്ച് പൈസ മുന്‍കൂര്‍ കൊടുത്ത് തങ്കമ്മുസ് ജ്വല്ലറിയില്‍ നിന്നും കാല്‍ പവന്‍ പൊന്നു കൊണ്ട് കമ്മലും രണ്ട് പണത്തൂക്കത്തിന്റെ മുക്കൂത്തിയും ശ്രീവള്ളി സ്വന്തമാക്കി.

ദ്രവിച്ച ഇരുമ്പലമാറയുടെ മങ്ങിയ കണ്ണാടിക്കു മുന്നില്‍ പൊന്‍വിഭൂഷിതയായി ശ്രീവള്ളി നിന്നു. വേലയെടുക്കുന്ന വീട്ടിലെ  ആഹാരശീലം ശ്രീവള്ളിയില്‍ അസ്തമിച്ചു തുടങ്ങിയ സൗന്ദര്യത്തെ തിരിച്ച് കൊണ്ട് വന്നു തുടങ്ങിയിരിക്കുന്നു. ഒട്ടിയ കവിളില്‍ ചുവപ്പോടുന്ന മാംസത്തുടിപ്പ്. അവിടെ പണ്ടെന്നോ മറന്നുവച്ച നുണക്കുഴി. ഇത്തിരി വെടിപ്പിലും വൃത്തിയിയും പണിക്ക് ചെല്ലാവൂ എന്ന് വീട്ടുടമസ്ഥര്‍ക്ക് നിര്‍ബന്ധമുണ്ട്.
അവിടെന്നും കിട്ടിയ തെറിച്ചു നില്‍ക്കുന്ന കോട്ടന്‍ സാരിയും പഴക്കമില്ലാത്ത  വാനിറ്റിബാഗും. 

പരിചയമില്ലാത്ത ആരു കണ്ടാലും ഏതോ പ്രധാനപ്പെട്ട ഓഫീസിലേക്ക് പോകുന്ന യൗവ്വനയുക്തയായി ശ്രീവള്ളി. പുറംമാറും അകമാറും താഴ്തിത്തുന്നിയ ബ്ലൗസും പൊക്കിള്‍ക്കുഴിയെ ഭയന്ന് താഴേക്ക് ഇറങ്ങിനില്‍ക്കുന്ന സാരിയും ഹൈഹീല്‍ വെക്കാതെ തന്നെ മദിച്ചു മറയുന്ന നിതംബഭംഗിയും...എല്ലാം  ചേര്‍ന്നപ്പോള്‍ താന്‍ മറ്റെവിടെയോ മറ്റാരുടെയോ കൂടെ ജീവിക്കേണ്ടിയിരുന്നവളാണെന്ന തോന്നല്‍ അല്പ നിരാശക്ക് കാരണമാവുകയും ആ നിരാശക്ക് പരിഹാരമെന്നോണം ഒരു ആക്റ്റിവ സ്‌കൂട്ടര്‍ പണി കഴിഞ്ഞ് മടങ്ങി വരികയായിരുന്ന  ശ്രീവള്ളിയുടെ അരികെ വന്ന് നില്‍ക്കുകയും ചെയ്തു.

'മനോജേട്ടനോ..... എവിടെന്ന് വരുന്നാ' 
മനോജ് എന്നാണ് പേരെങ്കിലും മനു എന്നും അത് ദീര്‍ഘിച്ച് മാനു എന്നും മാനൂട്ടന്‍ എന്നും പരിണമിച്ച് മനോജന് തന്നെ സ്വന്തം പേര് ഓര്‍മ്മയില്ലാതിരിക്കുമ്പോഴാണ് ശ്രീവള്ളി മൊഴിയുന്നത്. 
'ഞാന്‍ വിചാരിച്ച് ഏതോ ടീച്ചറാണെന്ന് ...ഇങ്ങളെ കണ്ടാ അങ്ങനെ തോന്നും. എവിടെ ആയിരുന്ന് ഈ സൗന്ദര്യൊക്കെ'
മനോജന്‍ അധികം ജാഡയില്ലാത്ത ആളാണ്. ഒരു പെണ്ണിനോട്  ശാരീരിക താല്പര്യം തോന്നിയാല്‍ അക്കാര്യം പച്ചക്ക് ബോധിപ്പിക്കുകയും, അനുകൂല സാഹചര്യമുണ്ടാക്കി  പ്രാവര്‍ത്തികമാക്കുകയും ചെയ്യും. എന്നിരുന്നാലും പലയിടത്തു നിന്നും ദേഹതാഡനം കിട്ടിയ ചരിത്രവും കുറവല്ല.
ചോറിലേക്ക് അറിയാതെ മറിഞ്ഞു ചിന്തിയ കൂട്ടാന്‍ പോലെ ശ്രീവള്ളിയും മനോജനും. കൂടിക്കാഴ്ച അധികം വേണ്ടി വന്നില്ല.  മരുന്നിന്റെ ആലസ്യത്തില്‍  ചങ്കരന്‍ ഒരു മുറിയിലും മനോജന്‍ ചുറ്റിപ്പുണര്‍ന്നതിന്റെ ആലസ്യത്തില്‍ ശ്രീവള്ളി രണ്ടാമത്തെ മുറയിലും ശുദ്ധമായുറങ്ങിയ രാത്രികളുടെ എണ്ണം കൂടിക്കൂടി വരിയകയും, മരുന്ന് കഴിക്കാത്ത ഒരു രാത്രി ശീല്‍ക്കാര ശബ്ദങ്ങളാലുണര്‍ത്തപ്പെട്ട ചങ്കരന്‍ ഭാര്യയെയും മനോജനെയും നാഗരതീദര്‍ശനം പോലെ കാണുകയും ചെയ്തു.

കൈയ്യില്‍ കിട്ടിയ വെട്ടുകത്തി, ശ്രീവള്ളിയുടെ നെറ്റിയില്‍ ഏഴ് തുന്നിക്കെട്ടുണ്ടാക്കി. 
'കൊണ്ട് തരുന്നത് നക്കി തിന്ന് ഒരിത്തില് കെടന്നോ....അതാ നല്ലത്' ഭാര്യയുടെ ശാസനം ചങ്കരന്‍ പാതിയില്‍ മരണപ്പെട്ടു. ശേഷിക്കുന്നത് ഉളുപ്പില്ലാത്ത ദേഹം മാത്രം.

തുന്നിക്കെട്ടിയ നെറ്റിയുമായി ശ്രീവള്ളി പിന്നെയും ജോലിക്ക് പോയി. ഭാര്യയുടെ  വിഹിതമല്ലാത്ത കാഴ്ച ഇപ്പോള്‍ ചങ്കരനെ അലട്ടുന്നില്ല. പക്ഷേ രഹസ്യം പുറത്തു പോവാതിരിക്കാന്‍ ഏത് നിമിഷവും  അവളും മനോജനും തന്നെ ഇല്ലാതാക്കുമെന്ന തോന്നല്‍ പല രൂപത്തിലുള്ള ഭയമായി പുനര്‍ജനിച്ചു.

ശ്രീവള്ളി കൊടുക്കുന്ന മരുന്നിനെ, ആഹാരത്തെ.. ശ്രീവള്ളിയുടെ സാന്നിധ്യത്തെ പോലും ചങ്കരന്‍ ഭയന്നു. കനകാമൃതം സീരിയലില്‍ ആവശ്യത്തിന് സങ്കടം കൃത്യമായി വരുന്നത് കൊണ്ട് ചങ്കരന്റെ കഥക്ക് പ്രാധാന്യം കുറഞ്ഞു. ചങ്കരന്‍ മരുന്ന് കഴിക്കുന്നില്ല. ചങ്കരന്‍ ഭക്ഷണം കഴിക്കുന്നില്ല

'മ്മടെ ചങ്കരന്‍ ഷുഗറ് കൊറഞ്ഞ് മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റാ ട്ടോ'
കനകാമൃതം സീരിയലിന്റെ ഇടപ്പരസ്യത്തിനിടയില്‍ അമ്മൂട്ടിയേട്ടത്തി പറഞ്ഞിട്ടു.
'അത് ഒര് ഗ്ലൂക്കോസ് കേറ്റിട്ട്  തിരിച്ച് പോരും'
എന്നാല്‍ ഡോക്ടര്‍മാര്‍ കൊടുത്ത ഒരു മരുന്നിനോടും ചങ്കരന്റെ ദേഹം അനുസരണ കാണിച്ചില്ല. ഭയമില്ലാത്ത ലോകത്തേക്ക് അന്ന് രാത്രി തന്നെ മടങ്ങിപ്പോയി.

*ചങ്കരാനന്തരം*
ഇത്രം ആള്‍ക്കാര്‍ താര്‍പ്പായ വലിച്ചിടാന്‍ ഇരുപതോളം പേര്‍. കോളനി  കമ്മറ്റി വഹയുള്ള ഫ്രീസര്‍, കുളിമറ, കുളിമേശ........ എന്തല്ലാം സന്നാഹങ്ങള്‍. ചങ്കരന്‍ എങ്ങനെയെങ്കിലും മരിച്ചു കിട്ടാന്‍ കാത്തിരുന്നപോലെ ജനസഞ്ചയം. 
മെഡിക്കല്‍ കോളേജിലെ  പതിനഞ്ചാം വാഡില്‍ കണ്ണടച്ച് ചിരിക്കുന്ന മുഖത്തോടെ ചങ്കരന്‍.
പന്തലില്‍ ചെറിയ നോട്ട് ബുക്കില്‍ ദഹന വസ്തുക്കളുടെ ചീട്ടെഴുതുന്ന കാര്‍മ്മികള്‍. ഒന്നാം തീയ്യതി ആവാഞ്ഞത് നന്നായെന്ന് ഒരു  പക്ഷം. അഥവാ ഒന്നാംതീയ്യതി ആണെങ്കിലും കുഴപ്പമില്ല, എക്‌സ് മലിട്ടറി രാജപ്പന്റെ കൈയ്യില്‍ സാധനം സ്റ്റോക്ക് കാണുമെന്ന് മറുപക്ഷം.
മുപ്പത് കൊല്ലം മുമ്പ് സ്വത്ത് തര്‍ക്കിച്ച് വാങ്ങി ചങ്കരനെ മൂന്ന് സെന്റ് കുടിലിലേക്ക് ഒതുക്കിയ നാല് പെങ്ങമ്മാരുടെ സങ്കട കരച്ചില്‍ താഴെ പറയും പ്രകാരം

'ന്റെ വെരലും പിടിച്ച് നടന്ന് പൊന്നുങ്കട്ടാണല്ലോ പടച്ചോനെ കെടക്കണത്....ഞാനും വരാണ് ന്റെ പോന്നുങ്കുട്ട്യേ....'
'ന്റെ കുട്ടി ആരെം ദ്രോഹിച്ചിട്ടില്ല്യല്ലോ...ഓനെ സൊര്‍ഗ്ഗത്തിലേക്ക് കൊണ്ടോണേ... അവടെ വെച്ച് ഇനിക്ക് ഓനെ കാണാലോ'

ഇത്രേം കാലം തിരിഞ്ഞ് നോക്കാതെ, ഒര് നേരത്തെ മരുന്ന് പോലും വാങ്ങികൊടുക്കാത്ത പെങ്ങമ്മാര്‍ എത്ര പെട്ടന്നാണ് മനസ്സ് മാറി വന്നിരിക്കുന്നത്.
സ്ഥിരമായി സീരിയലുകള്‍ കാണുന്ന പെണ്ണുങ്ങളുടെയും അമ്മായിപ്പുരുഷരുടെയും കരളും കണ്ണും അലിഞ്ഞുപോയി. പൊന്നും നീരും കൊടുക്കാന്‍ തിത്തിരക്ക്. മരവിച്ച് ഉറച്ച് മലച്ച് കിടക്കുന്ന ചുണ്ടിലേക്ക് ദര്‍ഭമുക്കിയ ഇളനീര് വികൃതമായി പലചാലുകളില്‍ ഒഴുകുന്നു. പെങ്ങമ്മാര്‍ക്ക് ഉമ്മ വച്ചേ തീരും. പ്രായശ്ചിത്തം പുണ്യം എന്ന് ചിലരെങ്കിലും സാക്ഷ്യംപറഞ്ഞു. എല്ലാര്‍ക്കും ഇളനീരില്‍ മുക്കിയ ദര്‍ഭ  കൊടുക്കുന്നത് മനോജനാണ്.
മനോജന്റെ വിരല്‍ തൊടാത്ത ഒരു തുള്ളി പോലും ചങ്കരന്റെ ചുണ്ടിലെത്തുന്നില്ല. പൊന്നും നീരും കൊടുക്കാന്‍ ശ്രീവള്ളിയുടെ ഊഴം.
ശ്രീവള്ളി ചങ്കരന്റെ പാദം പുണര്‍ന്ന് കരയുകയാണോ, എന്തെങ്കിലും പ്രായശ്ചിത്തം പറയുകയാണോ...
മനോജന്‍ എന്തെങ്കിലും ചെയ്‌തോട്ടെ...
ശ്രീവള്ളി എത്ര വേണമെങ്കിലും നടിച്ചോട്ടെ..
സ്‌ട്രെച്ചറില്‍ എടുത്തു വച്ച് മുഖം മുറുകെ കെട്ടാന്‍ നേരത്തും ചങ്കരന്റെ പുഞ്ചിരി വിടാഞ്ഞതെന്തിനെന്ന് ഒരെത്തും പിടിയും കിട്ടന്നില്ല.
ചുടലമെത്തയില്‍ നെഞ്ചിലെ ശേഷം മുറിച്ച് ചന്ദനവും നെയ്യും പുതപ്പിക്കുമ്പോള്‍ മക്കള്‍ എന്ത് ചിന്തിച്ചിരിക്കും എന്നും ഓര്‍ക്കുന്നില്ല.
പക്ഷേ ചങ്കരേട്ടാ... 
എനിക്ക് അഭിനയിക്കാന്‍ പറ്റാത്തത് കൊണ്ട് ഇതിങ്ങനെ എന്റെ എഴുത്ത് കൂട്ടത്തില്‍ കിടന്നോട്ടെ.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ