ഈ ലോകത്ത് മനുഷ്യൻ ഒരു പരിധി കഴഞ്ഞാൽ ' മതി' എന്ന് പറയുന്ന ഒരേ ഒരു കാര്യം ഭക്ഷണമാകും. വിശപ്പിന്റെ വില
പട്ടിണി കിടക്കുന്നവനേ അറിയൂ എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. എന്നാൽ അതങ്ങനെയല്ല എന്ന് അനുഭവം പഠിപ്പിച്ചിട്ടുണ്ട്. പിസയും ബർഗറുമൊക്കെ നമ്മളുടെ ജീവിതത്തിന്റെ ഭാഗമായി തീർന്നിരിക്കുന്നു. ഒരു വാഴയിലയിൽ ചോറും പിന്നെ നല്ല നാടൻ വിഭവങ്ങളും അച്ചാറും പപ്പടവും ഒക്കെ കൂട്ടി ഒരൂണ് ഇന്ന് പലരും കൊതിക്കുന്നുവെങ്കിലും ഫാസ്റ്റഫുഡ് സംസ്കാരത്തിന്റെ അടിമകളായി മാറിയിരിക്കുന്നു നമ്മൾ പലരും.
ഭക്ഷണം മനുഷ്യന്റെ ആവിശ്യമാണ്. വിശക്കുന്ന വയറിനു ഒരു നേരം ഭക്ഷണം നൽകാൻ കഴിഞ്ഞാൽ അതിലും വലിയ പുണ്യം ഇല്ല എന്ന് മുതിർന്നവർ പറഞ്ഞിട്ടുണ്ട്. അർഹിക്കുന്ന ആളുകൾക്ക് അന്നം നൽകണം. അന്നദാനങ്ങൾ നടക്കണം. പക്ഷെ അത് അർഹിക്കുന്നവനുള്ള അന്നദാനമാകണം. അല്ലാതെ അന്നദാനം എന്ന് കേട്ടാൽ വീട്ടിലെ അടുക്കള പൂട്ടി ഉണ്ണാൻ മാത്രം വരുന്നവർക്കാകരുത്. അമ്പലങ്ങളിൽ ഇന്നിത് ഒരു നിത്യ കാഴ്ച്ചയാണ്. സഹതാപം തോന്നും അവരെയൊക്കെ കാണുമ്പോൾ. നിങ്ങൾ വിശക്കുന്ന, ഒരു നേരം ഭക്ഷണം കഴിക്കാൻ പറ്റാത്ത വിധം ദാരിദ്ര്യം അനുഭവിക്കുന്നവന്റെ അന്നമാണ് നിഷേധിക്കുന്നത്. ഭക്ഷണം ഉണ്ടായിട്ടും തീർന്നു പോയി എന്ന് പറഞ്ഞ് അന്നം തേടി വന്നവരെ മടക്കി അയക്കുന്ന ദൈവത്തിന്റെ ഇടനിലക്കാരെയും കാണാം ചുറ്റിനും. എന്നിട്ട് പൊതികളിൽ പൊതിഞ്ഞ ഭക്ഷണം സ്വന്തം വീട്ടിലേക്ക് കൊണ്ടുപോകും. എന്തിനാണ് ഇ പ്രഹസനം. ഇപ്പോഴും ഇ ചോദ്യത്തിന് ഉത്തരമില്ല. അന്നദാനങ്ങൾ ഇനിയും നടക്കും അതുപോലെ തന്നെ ഇ പ്രഹസനങ്ങളും..
നമ്മൾ കഴിക്കുന്നതിൽ ഒരു പങ്ക് മാറ്റി വെച്ചാൽ, ഒരു നേരം ഒരാൾക്കെങ്കിലും വിശപ്പകറ്റാൻ പറ്റും എന്നാണ് കരുതുന്നത്. എന്തുകൊണ്ട് ഒരാളുടെ വിശപ്പടക്കാൻ നമുക്ക് ശ്രെമിച്ചുകൂടാ? ചുറ്റിനും ഒന്ന് കണ്ണോടിച്ചാൽ നമുക്ക് കാണാം, ആവശ്യക്കാർ നമ്മുടെ ചുറ്റിനുമുണ്ട്. കൺ തുറക്കുക എന്നതാണ് നമ്മൾ ചെയ്യേണ്ടത്. അമ്പലങ്ങളിൽ പോയി അഭയം തേടുന്നതിലുമുപരി സഹജീവികൾക്ക് താങ്ങാകുക എന്നതാണ് ഈശ്വരനിലേക്കുള്ള വഴി. പശുവിനും കാളക്കും മനുഷ്യ ജീവനേക്കാൾ വിലയുള്ള നാട്ടിൽ നമുക്ക് ഇത്രയെങ്കിലും ചെയ്തുകൂടെ? മാനവ സേവാ മാധവ സേവാ.