എത്ര മനോഹരമല്ലാത്ത ആചാരങ്ങൾ എന്ന് ആർക്കും തോന്നാവും വിധം വിവാഹത്തോടനുബന്ധിച്ചുള്ള കോപ്രായങ്ങൾ നിരന്തരം വാർത്താപ്രാധാന്യം നേടുന്നു.
പാലക്കാട് ഒരു വീട്ടിൽ കയറാൻ തുടങ്ങുകയാണ് വധൂവരന്മാർ. ഓർക്കാതിരിക്കെ പെട്ടെന്ന് ഒരുത്തൻ പെൺകുട്ടിയുടെയും ആൺകുട്ടിയുടെയും തലകൾ തമ്മിൽ കൂട്ടിയിടിപ്പിക്കുന്നു. അത്യാവശ്യം വലിയ ശബ്ദത്തോടെ തലകൾ തമ്മിൽ കൂട്ടിയിടിക്കുമ്പോൾത്തന്നെ പെൺകുട്ടിയുടെ തല ഒരു വശം ചുമരിലും ഇടിയ്ക്കുന്നുണ്ട്. ഇത് അവിടെയുള്ള ഒരാചാരമാണത്രെ. എന്തായാലും ഒരു തരത്തിലും വെച്ചുപൊറുപ്പിക്കരുത് ഇത്തരം ക്രൂരമായ തെണ്ടിത്തരങ്ങൾ എന്ന് ഇതു കാണുന്ന മനസ്സാക്ഷിയുള്ള ഏവരും സമ്മതിക്കുമെന്നുറപ്പാണ്.
ഭാഗം 2
ജനിച്ചു വളർന്ന ഇടം വിട്ട് മറ്റൊരു വീട്ടിലേക്ക് ചേക്കേറുന്ന ഓരോ പെൺകുട്ടിയുടെയും മനസ്സ് ഏറെ ആകുലമായിരിക്കും. വിവാഹം കഴിച്ചയക്കുന്ന ദിവസം മുതൽ തൻ്റേത് എന്നു കരുതിയിരുന്ന ഇടം അവൾക്ക് അന്യമാവുന്നു.ചെന്നു കയറുന്നിടത്ത് അത്ര പെട്ടെന്നൊന്നും വേരുപിടിക്കാൻ കഴിയണമെന്നില്ലല്ലോ. തികച്ചും അപരിചിതമായൊരു ചുറ്റുപാടിലേക്കുള്ള ഈ പറിച്ചു നടൽ തന്നെ തീർത്തും അപരിഷ്ക്കൃതവും വേദനാജനകവുമാണ്.
തന്നെ ആഭരണത്തിൽ മൂടി പറഞ്ഞയക്കാൻ പെടാപ്പാടുപെട്ട അച്ഛനമ്മമാരെക്കുറിച്ചുള്ള വേവലാതിയിലും ആ മനസ്സ് ഉരുകുന്നുണ്ടായിരിക്കും. അന്നുവരെ അനുഭവിച്ചാസ്വദിച്ച ജീവിതത്തോടു വിടപറഞ്ഞ് കൂടുതൽ അറിയപ്പെടാത്തതും അപരിചിതവുമായ ഉത്തരവാദിത്തത്തിലേക്കാണ് എത്തിപ്പെടുന്നതെന്നുമുള്ള മാനസിക സമ്മർദം മറുവശത്ത്.അതുവരെ തല്ലിയും തലോടിയും കരഞ്ഞും കരയിച്ചും കഴിച്ചുകൂട്ടിയ സഹോദരങ്ങളെ പിരിയുന്ന സങ്കടം വേറെയും.അത്തരമൊരവസ്ഥയിലൂടെ കടന്നുപോയവർക്കെ അതു ശരിക്കും മനസ്സിലാകൂ.
കരഞ്ഞു കൊണ്ടു വേണമത്രെ നവവധു പുതിയ വീട്ടിലേക്ക് പ്രവേശിക്കുന്നത്. ഉള്ളിൻ്റെയുള്ളിൽ അവൾ അത്ര മാത്രം കരയുന്നത് ആരും കാണുന്നില്ലെന്നേയുള്ളൂ. കാട്ടിക്കൂട്ടലുകൾക്കായി കാറിക്കൂവി കരഞ്ഞു ബഹളം വച്ച് മറ്റുള്ളവരെ ബോധ്യപ്പെടുത്തേണ്ട കാര്യവുമില്ല. തന്നെയുമല്ല തൻ്റെ കണ്ണു നിറയാൻ ഇഷ്ടപ്പെടാത്തവർക്കു വേണ്ടി നൊമ്പരം കടിച്ചമർത്താനും അത്ര മാത്രം അവൾ പാടുപെടുന്ന സന്ദർഭവുമാണത്. അതിനിട്ട് ഇത്തരം ഗോഷ്ടി കാട്ടിയതിൻ്റെ പിന്നിലുള്ള സാഡിസം തിരിച്ചറിഞ്ഞ് പ്രതികരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
ചെറുക്കൻ്റെ അമ്മയെ വിവാഹം ചെയ്തു കൊണ്ടുവന്നപ്പോഴും ഇത്തരം വിക്രിയകൾ അരങ്ങേറിയിരുന്നത്രെ. അതൊന്നും ഈ തെറ്റിനുള്ള ന്യായീകരണമാവുന്നില്ല. അന്നൊരു പക്ഷേ അവർക്ക് പ്രതികരിക്കാൻ കഴിഞ്ഞിട്ടുണ്ടാവില്ല.
ഈ കുട്ടി വിദ്യാഭ്യാസമുള്ളവളും സ്വന്തമായി ഒരു ജോലി ചെയ്ത് സമ്പാദിക്കുന്നവളുമാണ്. അതിനാൽത്തന്നെ വല്ലാത്തൊരാത്മവിശ്വാസത്തോടെത്തന്നെയാണവൾ സംസാരിക്കുന്നതും.
മിണ്ടാപ്രാണികളായി എല്ലാ തോന്ന്യാസങ്ങളും സഹിച്ചുകൊണ്ട് വേദനകൾ ഏറ്റുവാങ്ങേണ്ടതില്ല എന്നത് ഓരോരുത്തരുടേയും തീരുമാനമാവണം. അതു കൊണ്ടാണ് ആദ്യമൊരു ജോലിയാണ് അത്യാവശ്യമെന്നും പിന്നീടു മാത്രമേ വിവാഹത്തെപ്പറ്റി ചിന്തിക്കാവൂ എന്നും അറിവും അനുഭവവുമുള്ള മാതാപിതാക്കൾ നിശ്ചയിക്കുന്നതും.
എന്തായാലും ആ കുട്ടി മിടുക്കിയാണ്. അവൾ അതിനെതിരെ സധൈര്യം ശബ്ദമുയർത്തിയിരിക്കുന്നു. ഇങ്ങനെയൊരവസ്ഥ മറ്റൊരു പെൺകുട്ടിക്കും ഇനി ഉണ്ടാവരുത് എന്ന ചിന്താഗതി അഭിനന്ദനീയം തന്നെ.