mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

(Sreekala Mohandas)

സന്ധ്യക്കു വിരിയും സുഗന്ധം പൊഴിക്കും,
പുലരിയിൽ കൂമ്പും ധ്യാനം തുടരും,
ഋതുസംക്രമം പോൽ വീണ്ടും വിടരും
വിവിധ വർണ്ണങ്ങളിൽ ഈ പുഷ്പ ജാലം

ചെറുകാറ്റിലിളകുന്നു മന്ദമായ് ഉലയുന്നു
നറുമണം തൂകുമീ മധുമാസ മലർനിരകൾ
മാനത്തു താരകൾ പൂക്കളമിട്ട പോൽ
താഴത്തണി നിരക്കുന്നു പൂക്കൾ

ആരിലും ഹർഷം വിതയ്ക്കുന്ന മാതിരി
ആനന്ദദായകമത്രേ പൂക്കൾ
അഭിരാമമീ കൊച്ചു പൂവാടികയി-
ന്നൊളി ചിന്നിയങ്ങനെ മിന്നി നിൽക്കുന്നു

മുല്ല മലരിട്ടു പാരിജാതം വിരിഞ്ഞു
മഞ്ഞക്കണിക്കൊന്ന പൂത്തുലഞ്ഞു
ചന്തത്തിലങ്ങനെ ചാഞ്ചാടി നിൽക്കുന്നു
ചൊക ചൊകന്നിട്ടൊരു ചെന്തെച്ചിപ്പൂങ്കുല

കമനീയമാമോരീ കുഞ്ഞു റോസാച്ചെടി
കരളിലും പൂമണം വിതറിടുന്നു
കാറ്റത്തുലയുന്നു മന്ദാര ശാഖയും
വെള്ളയും നീലയും ശംഖു പുഷ്പങ്ങളും

എങ്ങും സുഗന്ധം പരന്നൊഴുകുന്നു
തുമ്പിക്കിടാങ്ങളോ പാറിക്കളിക്കുന്നു
കതിരവൻ വന്നു പുണരുന്നു മെല്ലവേ
തുടികൊട്ടിയുണരുന്നെൻനെഞ്ചകവും

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ