നഗരത്തിന്നിടത്തെരുവിന്‍
മതിലിലൊരു മനോഹരചിത്രം
അടിയൊഴുക്കുകള്‍ മറച്ച
മെലിഞ്ഞ തെളിനീര്‍ പുഴ
പ്രളയത്തിനു മുന്‍പുള്ള ശാന്തത
അജ്ഞാതനായ ചിത്രകാരന്‍
ഒരു ദുഃസ്വപ്നത്തില്‍
കരകവിഞ്ഞൊഴുകി
വയലും വഴിയും പുഴയും
നാടും വീടും ഒന്നാകുന്നു.
ഒരു കണ്ണാടി ഭരണി താഴെ വീഴുന്നു
തന്നിലൊളിപ്പിച്ച നിശ്ശബ്ദത
ശബ്ദതരംഗങ്ങളായ് മാറുന്നു.
ഉയര്‍ത്തിക്കെട്ടിയ നൂല്‍ക്കയറിലൂടെ
നീങ്ങുന്ന ബാലിക.
ഉയരുന്ന കരഘോഷങ്ങള്‍ക്കും
താളമേളങ്ങള്‍ക്കുമിടയിലും
കണ്ണിലൊളിപ്പിച്ച ദൈന്യത
ക്ളാസ്മുറിതന്‍ ബോര്‍ഡില്‍
ആരോ വരച്ചിട്ട ചിത്രശലഭം
ജാലകത്തിലൂടെ പാറിയെത്തും
കരിയിലകളുടെ ന്യത്തം
ശൂന്യമായ കളിക്കളം
ഗ്യാലറികളിന്‍ മുഴങ്ങുന്ന
ഓര്‍മ്മകളുടെ ആരവം
നിറചിരികള്‍ക്കുള്ളിലും
നിറയെ നൊമ്പരങ്ങള്‍ മോഹഭംഗങ്ങള്‍
കാണാത്ത മുഖംമൂടികള്‍ക്കുള്ളിലെ
ഗിരിഭാഷണം,മോഹനവാഗ്ദാനങ്ങള്‍
ചതിക്കുഴികളില്‍ വീണൊടുങ്ങുന്നവര്‍
നിഷ്ഫലം നിരര്‍ത്ഥകമീയരങ്ങ്
ഒന്നിച്ചൊരു യാത്രക്കൊടുവില്‍
എല്ലാം മറക്കാനുള്ള വിധി.
ബഹുവേഷങ്ങള്‍ പ്രഹസനങ്ങള്‍
ഒടുവില്‍ പരസ്‌പരം പോലും
തിരിച്ചറിയാനാകാതെ കേവലം
നിഴലുകളായ് പലവഴിക്ക് പിരിഞ്ഞകലുന്നവര്‍.