mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

വിജനതയിലെ ഒരു തെരുവ്
വനാന്തരങ്ങളിൽ
ഉപേക്ഷിക്കപ്പെട്ട കുട്ടിയെപ്പോലെ..
പകച്ചരണ്ട കണ്ണുകൾ -
കത്തിയെരിയുന്ന പന്തങ്ങൾ പോലെയും ..
ആർത്തിരമ്പുന്ന തിരമാലകൾപോലെ ..


അലറിയെത്തുന്ന
കുളമ്പടിയൊച്ചകൾ..
ആകാശം തുളച്ച് ,
ആഞ്ഞു പതിയുന്ന ചാട്ടവാറിന്റെ
കത്തിമുനകൾ..
ആർദ്രതവറ്റിയ ക്രൗര്യത്തിന്റെ
കാഴ്ച്ചവിതാനങ്ങൾ..
നിരനിരയായി മലർക്കെ തുറന്നടയുന്ന
ഗോപുര വിതാനങ്ങൾ..
പലായനം ചെയ്യുന്ന അധികാര ദുഷ്പ്രഭുത്വം..
ശവഗന്ധമുതിരുന്ന ..
തെരുവുകളുടെ വിജനത..
അനാഥമാക്കപ്പെടുന്ന ജനത..
വീടകങ്ങളിൽ -
അടഞ്ഞ വാതിലിനു പിന്നിൽ ..
ഇമവെട്ടാതെ പെയ്യുന്ന കണ്ണുകൾ..
ചുണ്ടിലെത്താതെ വീണുടയുന്ന
പെൺചിരികൾ .
പിറക്കാതെ മരിക്കുന്ന
മൂളിപ്പാട്ടുകൾ..
ഞാനെന്റെ കണ്ണുകൾ..
മുറുകെയടയ്ക്കുന്നു..
അടഞ്ഞ മുറിയുടെ
അകത്തളങ്ങളിൽ ..
എന്റെ സുരക്ഷിതത്വം..
താഴിട്ടുറപ്പിക്കുന്നു..
എങ്കിലും..
മരണ ഗന്ധമുള്ള കാറ്റ്
എന്റെ വരണ്ട ചുണ്ടുകളിൽ..
വന്യമായ് ചുംബിക്കുന്നു..
ഉമിനീർ ഗ്രന്ഥികളെ കീഴടക്കി
ശ്വാസനാളങ്ങളിലേക്കാഴ്ന്നിറങ്ങുന്നു..
ഞാനെന്റെ കണ്ണുകൾ..
മുറുകെയടയ്ക്കുന്നു..
നിസ്സഹായമൊരു
നെടുവീർപ്പ്-
നെഞ്ചിനുള്ളിൽ
ഉടഞ്ഞു വീഴുന്നു..
വിജനതയിലെ ഒരു തെരുവ് -
വനാന്തരങ്ങളിൽ ഉപേക്ഷിക്കപ്പെട്ട
വീട്ടിലേക്കുള്ള വഴിമറന്ന
കുട്ടിയുടെ  
പിടയുന്ന ഹൃദയം പോലെ ..
 

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ