നിറത്തിലൊക്കെ എന്ത് കാര്യം
എന്നു ചോദിക്കുന്ന നാട്ടിൽ
"ഒന്ന് ചിരിച്ചേ നിന്നെ കാണാനാ"
എന്ന് കറുത്തവരെ കളിയാക്കുന്ന നാട്ടിൽ
അവളൊരു വിസ്മയമായിരുന്നു.
കറുപ്പിനെ കണ്ട് കൊതിവിടാൻ
കുട്ടനാടുകാർ തുടങ്ങിയതവളിലൂടെ
കൊതിപ്പിക്കുന്ന കറുപ്പിൽ
അലിഞ്ഞു ചേരാൻ
കറുപ്പിനെ കളിയാക്കിയവർ വരെ
ഊഴം കാത്തുനിന്നു.
യുവാക്കൾ വാതോരാതെ
കറുപ്പിനെ പുകഴ്ത്തി.
കവിതകൾ കറുപ്പായി
നോട്ടങ്ങൾ കറുപ്പായി
പോരാട്ടങ്ങൾ കറുപ്പായി
സൗന്ദര്യം കറുപ്പായി
അവളുടെ കറുപ്പ്
നാടിനെയും കറുപ്പാക്കി
കറുപ്പിന്റെ കവിത
കുതിക്കാൻ തുടങ്ങിയത്
അവളിൽ നിന്നാണ്
കറുത്ത കരുമിയിൽ നിന്ന്.