കടലിനടിയിൽ നിന്നും കണ്ടെത്തിയ
പുസ്തകത്തിൽ
ഈയിടെ ജീവിച്ചിരുന്ന
പുരാതന ശിലായുഗത്തിലെ
ഒരു ഗുഹാ മനുഷ്യനെക്കുറിച്ച് പറയുന്നുണ്ട്
അയാളെ എങ്ങനെ എവിടെ വെച്ച്
കാണാനിടയായെന്ന് പുസ്തകത്തിൽ വിവരിക്കുന്നില്ല
എന്തു കൊണ്ട് നഗര മധ്യത്തിലെത്തിച്ചുവെന്നും
വസ്ത്രങ്ങളോ, ഭാഷയോ
അംബരചുംബികളായ കെട്ടിടങ്ങളോ
ആഡംബര കാറുകളോ കാണുമ്പോൾ
ഗുഹാമനുഷ്യന്റെ പ്രതികരണം പഠിക്കാനായിരിക്കാം
ക്യാമറ തുറന്ന് വെച്ച്
കാത്തിരുന്നത് മാത്രം വെറുതെയായി
പരീക്ഷണങ്ങളത്രയും പാഴാക്കിയവൻ
രൂപരഹിതൻ
ജനിക്കാത്തവൻ
പഞ്ച നക്ഷത്ര ഹോട്ടലിലെ ജപ്പാനീസ് ബീഫും
കോപ്പി ലുവാക്കും കഴിച്ച ശേഷം
നഗ്നനായ അയാൾ
പതിനെട്ടാമത്തെ നിലയിൽ നിന്ന്
കടലിലേക്ക് നോക്കി
പൊട്ടിക്കരഞ്ഞ ശേഷമാണത്രെ
താഴേക്ക് ചാടിയത്.