കണ്ണീരുണങ്ങിയ കുഞ്ഞിളം കവിളത്തു
പൊന്നുമ്മ നല്കുവാനാമ്മയില്ല
അകലേക്കു നീളുന്ന ഇടവഴിക്കറ്റത്തു
നിഴലിളക്കം കാത്തു തേങ്ങിടുന്നു.
തുരുതുരെ മുത്തി തണർത്തൊരാനെറ്റിയിൽ
കാത്തിരുപ്പിന്റെ തളർച്ചപൊങ്ങി
വിടരാൻ മറന്നൊരാ നയനപുഷ്പങ്ങളിൽ
അശ്രുബാഷ്പം തളം കെട്ടിനിന്നു.
വിറപൂണ്ട കാലുകൾ പതിയെ പെറുക്കിവെ-
ച്ചുമ്മറതിണ്ണയിൽ പരതിടുന്നു
അന്നമ്മ കൊഞ്ചിച്ച കൈവണ്ടി ഉന്തുവാൻ
കൂടെ കളിക്കുവാനാരുമില്ല.
ഇറയത്തു മഴയത്തു കൈകൊട്ടിയാർത്തതും
ചേമ്പിലക്കുട ചൂടി തോട്ടിൽ കളിച്ചതും
കാറ്റത്തുവീണൊരാ കണ്ണിമാങ്ങപൊട്ടി-
ലുപ്പുതേച്ചുമ്മവെച്ചമ്മതന്നു.
കൂട്ടിലെ കിളിയിന്നു പാടിയില്ല
മാനത്തു പൂനിലാവെത്തിയില്ല
സങ്കടം നിഴലിച്ച വാനിന്റെ വക്കത്തു
ഒരു കുഞ്ഞു താരകം മാത്രമായി.
കേൾക്കാൻ തുടിക്കുന്ന താരാട്ടുപാട്ടിന്റെ
ഈണം നുണഞ്ഞവൻ മൂളിനോക്കി
ചങ്കിൽ ചിലമ്പിച്ച താളത്തിനൊപ്പമാ
കൺപീലി മെല്ലെ തളർന്നുറങ്ങി.
ഉദരത്തിലും പിന്നെ ഒക്കത്തുമേന്തിയ
പൈതലിൻ നോവറിഞ്ഞമ്മതേങ്ങി
പൂക്കാലമായൊരാ ജീവിതപ്പേജിലെ
നല്ല ചിത്രങ്ങളിൽ വീണുതേങ്ങി.
വാരിപ്പുണർന്നുമ്മ വെക്കുവാൻ കെഞ്ചുന്ന
കൈകളിൽ ബന്ധനം ബാക്കിയായി
കൊഞ്ചിപ്പറയുവാൻ മാറോടുചേർക്കുവാൻ
കഴിയാതെ ഹൃദയം മുറിഞ്ഞുപോയി..
ശാപം നിറച്ചൊരാ വിധിയെ പഴിച്ചവൾ
കൂർത്തചാപങ്ങളാൽ തറയുന്ന നോവിലും
കണ്ണീരുണങ്ങി കുതിർന്നൊരാ ശയ്യയിൽ
മോഹങ്ങൾ കൂട്ടിപിടിച്ചുറങ്ങി.
ഇരുളിന്റെ മറനീക്കി ഉണരുന്ന ദേവനെ
ഒരു നല്ല വെട്ടം പകുത്തു നൽകൂ
ഒന്നിച്ചിരിക്കുവാൻ നെഞ്ചോടു ചേർക്കുവാൻ
ഒരു നല്ല നേരം കനിഞ്ഞു നൽകൂ.