ജുവൈരിയാ...
നിന്നോട് പറയാമെന്നേറ്റ കഥകൾ
നീല മഷി പുരണ്ടു മരിച്ചു കിടക്കുന്നു.
ചിതലരിച്ചു തുടങ്ങിയ കടലാസ്‌കൂമ്പാരത്തെ-
ചിതയായി കരുതി ഞാനുമിരിക്കുന്നു.
വായിച്ചവർക്കെല്ലാമവ പൈങ്കിളിയത്രെ..!!
വഴിയോരങ്ങളിൽ തേഞ്ഞുകിടന്ന-
കൽക്കഷണങ്ങളെടുത്താണ് ഞാൻ പണ്ട്-
കാറ്റു കയറാത്ത ഈ മുറിയെടുത്തത്.
മുനിഞ്ഞുകത്തുന്ന മെഴുകുതിരിയിൽ ഒരു-
മുറിവേറ്റ പ്രാണി ലയിച്ചു കിടന്നു.
ഓർമകൾക്കൊപ്പം മലകയറിതുടങ്ങിയപ്പോൾ
ഒന്നു കൂടി ഞാൻ തിരിഞ്ഞു നോക്കി.
പൈങ്കിളിയായ എന്റെ എഴുത്തുകൾക്കൊപ്പം,
ചിതലരിക്കുന്ന കടലാസുകൾക്കൊപ്പം,
കാറ്റു കയറാത്ത എന്റെ മുറിക്കുള്ളിൽ,
മരിച്ചുകൊണ്ടിരിക്കുന്ന പ്രാണിയെയും നോക്കി
കടലാസു ചിതയിൽ
ഞാൻ കൂനിക്കൂടിയിരിക്കുന്നു.
സൂക്ഷിച്ചു നോക്കിയാൽ-
നിനക്കു കാണാം ജുവൈരിയാ...
കടലാസുകളിൽ കഥകളില്ല,
നിന്റെ പേര് മാത്രം....